UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വപ്നം കണ്ടും സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചും ജീവിച്ച മനുഷ്യന്‍

അഴിമുഖം പ്രതിനിധി

ഇത്രയേറെ ജനകീയനായൊരു ശാസ്ത്രജ്ഞനും ഒരു രാഷ്ട്രപതിയും ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നു പറയുന്നിടത്തു തന്നെയാണ് എപിജെ അബ്ദുള്‍ കലാം എന്ന മനുഷ്യന്റെ മഹത്വം. 84 ാം വയസ്സില്‍ മരണം അപ്രതീക്ഷിതമായി കടന്നുവന്നു കൂട്ടിക്കൊണ്ടുപോകുമ്പോഴും വിശ്രമജീവിതത്തിന്റെ ആലസ്യത്തിലായിരുന്നില്ല അദ്ദേഹം. എന്നും പ്രസന്നമായാരുന്ന ആ മുഖവുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു; എന്നുമെന്നപോലെ. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കലാമിനോളം യുവാക്കളെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ച മറ്റൊരു വ്യക്തിത്വവും കാണില്ല. സ്വപ്‌നമെന്നത് ഉറക്കത്തില്‍ കാണേണ്ടതല്ലെന്നും നിങ്ങളെ ഉറങ്ങാന്‍ സമ്മതിക്കാത്തതാണെന്നുമായിരുന്നു അദ്ദേഹം വിദ്യാര്‍ത്ഥികളടങ്ങിയ യുവസമൂഹത്തിനോട് ആഹ്വാനം ചെയ്തത്. രാഷ്ട്രപതിയായിരുന്ന കാലത്ത് അദ്ദേഹം ലോകത്തിനു മുന്നില്‍ ഇന്ത്യയെ വിശേഷിപ്പിച്ചത് കൗമാര ഇന്ത്യയെന്നായിരുന്നു. വളര്‍ന്നുവരുന്ന, ചുറുചുറുക്കുള്ള ഒരു രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം ലോകത്തോട് പറഞ്ഞപ്പോള്‍ ആ വിശേഷണത്തിന് വലിയ അര്‍ത്ഥതലമായിരുന്നു ഉണ്ടായത്. കലാം രാജ്യത്തെ അത്തരത്തില്‍ വിശേഷിപ്പിച്ചതും ഈ നാട്ടിലെ യുവത്വത്തിലുള്ള വിശ്വാസത്തിന്റെ പുറത്തായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കില്‍ നിന്ന് മുക്തനായശേഷം കലാം ഏറ്റവും കൂടുതല്‍ ഇടപഴകിയതും സ്‌കൂള്‍ കൂട്ടികള്‍ അടക്കമുള്ളവരോടായിരുന്നു. രാഷ്ട്രപതിയായിരുന്നപ്പോള്‍ പ്രോട്ടോക്കോള്‍ പോലും നോക്കാതെ കുട്ടികള്‍ക്കിടയിലേക്കിറങ്ങി അവരെ ചിന്തിക്കാനും സ്വപ്‌നം കാണാനും പ്രേരിപ്പിച്ച് ഉയരങ്ങളിലേക്ക് സഞ്ചരിക്കാന്‍ പ്രചോദിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രായവ്യത്യാസമില്ലാതെ ആവര്‍ത്തിക്കപ്പെട്ടു. ഒരുപക്ഷേ ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യ നെഞ്ചേറ്റിയ മറ്റൊരു ജീവിതകഥ കലാമിന്റെ അഗ്നിച്ചിറകുകള്‍ തന്നെയായിരിക്കണം. കലാം കുറിച്ച ഓരോ വരികളും ഊര്‍ജ്ജവും പ്രചോദനവുമായിരുന്നു ഓരോരുത്തര്‍ക്കും.

തന്റെ ജീവിതാരംഭത്തിലെ കഷ്ടപ്പാടുകളെ കുറിച്ച് കലാം എഴുതിയത് നമ്മള്‍ എത്രയോ തവണ ആവര്‍ത്തിച്ചു വായിച്ചുകഴിഞ്ഞതാണ്. ആ കഷ്ടപ്പാടുകള്‍ താണ്ടി തന്റെ ലക്ഷ്യങ്ങളിലേക്ക് കുതിക്കാന്‍ തയ്യാറായപ്പോള്‍, കലാം അന്നുതൊട്ട് ഈ രാജ്യത്തിന്റെ സ്വന്തമാവുകയായിരുന്നു. കുടുംബമായി അദ്ദേഹം കരുതിയത് ഈ നാടിനെയായിരുന്നു. വിവാഹം, കുട്ടികള്‍ അതൊന്നിനെക്കുറിച്ചും അദ്ദേഹം ചിന്തിച്ചില്ല. കുതിച്ചുയരുന്നൊരു ഇന്ത്യയായിരുന്നു ലക്ഷ്യം. ടി ഇ ആര്‍ എല്‍ എസ്സിലെ (ഇന്ന് ഐ എസ് ആര്‍ ഒ) ജോലിക്കാരനില്‍ നിന്ന് ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്ന വിശേഷണത്തിലേക്ക് എത്തിയപ്പോഴും രാജ്യത്തെ ആദ്യത്തെ ശാസ്ത്രകാരനായ രാഷ്ട്രപതിയായപ്പോഴും കലാം മുന്നിലുള്ള കാലത്തെ കുറിച്ച് സ്വപ്‌നം കാണുകയായിരുന്നു ഒപ്പം മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്തു. വളര്‍ച്ചയുടെ വിത്ത് എറിയേണ്ടത് എവിടെയാണെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. ഊര്‍ജ്ജം നിറഞ്ഞുനില്‍ക്കുന്നൊരു തലമുറയെ ഈ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ പ്രാപ്തരാക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ആ ആവശ്യം അദ്ദേഹത്തെ പിന്തുടര്‍ന്നവര്‍ സ്വയമേറ്റെടുക്കയും ചെയ്യുന്നതാണ് ഇന്ത്യ എന്ന രാജ്യം ഒരു മഹാരാജ്യമായി മുന്നേറാന്‍ തുടങ്ങുന്നതിന് കാരണവും.

ജീവിതത്തിന്റെ സ്റ്റാര്‍ട്ടിംഗ് പോയിന്റ് എത്ര ദുര്‍ഘടമായാലും പാത കഠിനമായാലും ലക്ഷ്യത്തിലേക്കെത്താനുള്ള വാഞ്ജ ദൃഢമാണെങ്കില്‍ വിജയിക്കുമെന്നു തന്നെയാണ് സ്വന്തം ജീവിതം കൊണ്ട് അബ്ദുള്‍ കലാം തെളിയിച്ചത്. രാമേശ്വരത്തെ ബാല്യത്തില്‍ പത്രവിതരണക്കാരനായി ജീവിതത്തിലേക്ക് ചുവടുവച്ച് പിന്നീട് ആകാശത്ത് പൊങ്ങിപ്പറക്കുന്ന പറവകളില്‍ നിന്ന് പ്രചോദിതനായി വിമാനങ്ങളുടെയും റോക്കറ്റുകളുടെയും ലോകത്തെക്കുറിച്ച് ചിന്തിച്ച് ചെന്നൈ ഐ ഐ ടിയില്‍ എയറ്‌നോട്ടിക് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായി എത്തിയിടത്തു നിന്നാണ് കലാമിന്റെ ജീവിതം മാറുന്നത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ജോലിക്ക് കയറി. അവിടെ നിന്നാണ് റോക്കറ്റുകളുടെ ലോകത്തേക്ക് എത്തുന്നത്. അതോടെ സ്വന്തം ജീവിതം അദ്ദേഹം നാടിനായി ഉഴിഞ്ഞുവച്ചു. പിന്നീട് അവുല്‍ പക്കീര്‍ ജയ്‌നുലാബ്ധീന്‍ അബ്ദുള്‍ കലാം എന്ന എപിജെ അബ്ദുള്‍ കലാം ഇന്ത്യക്ക് ആരെല്ലാമായി തീര്‍ന്നെന്നത് ചരിത്രം. ശാസ്ത്രരംഗത്ത് ഇന്ത്യക്ക് കുതിച്ചു ചാട്ടം ഒരുക്കിയ ശാസ്ത്രകാരന്‍ പിന്നീട് അണിഞ്ഞ വേഷമാകട്ടെ ഇന്ത്യയുടെ രാഷ്ട്രപതിയുടെത്. അതുവരെയുള്ള രാഷ്ട്രപതിമാരില്‍ നിന്ന് തികച്ചും വിഭിന്നനായി അവിടെയും കലാം ഒരു അത്ഭുത പരിവര്‍ത്തനത്തനം നടത്തി. ജനകീയ രാഷ്ട്രപതി എന്ന് ഇനി മറ്റൊരാളെ വിശേഷിപ്പിക്കുകയാണെങ്കില്‍ അത് എപിജെ അബ്ദുള്‍ കലാമിന് പിന്നില്‍ മാത്രമെ സാധ്യമാകൂ എന്ന തരത്തിലേക്ക് അദ്ദേഹം ആ സ്ഥാനത്തെ മഹത്വവല്‍ക്കരിച്ചു. രാജ്യത്തിന്റെ കുതിപ്പ് മാത്രമായിരുന്നു അപ്പോഴും കലാമിന്റെ മനസ്സില്‍. അതിനുവേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. രാഷ്ട്രപതി സ്ഥാനത്ത് നിന്ന് മാറിയശേഷവും അധ്യപകനായും എഴുത്തുകാരനായും പ്രാസംഗികനായും കലാം തന്റെ മുഴുവന്‍ സമയവും രാജ്യത്തിനായി ചെലവഴിച്ചു. രാജ്യം അദ്ദേഹത്തിനായി കാതോര്‍ത്തിരുന്നു. 2020 ഓടുകൂടി ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള കര്‍മ്മപദ്ധതി അദ്ദേഹം തയ്യാറാക്കിയിരുന്നു.

അദ്ദേഹം കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ എത്ര കഷ്ടപ്പാടു സഹിച്ചാലും നമ്മള്‍ തയ്യാറാകണം എന്നതു തന്നെയാണ് ആ മനുഷ്യനോട് രാജ്യത്തെ ഓരോ പൗരനും ചെയ്യാനുള്ള കര്‍ത്തവ്യം. സ്വപ്‌നം കാണൂ,സ്വപ്നം കാണൂ.. ആ സ്വപ്നങ്ങള്‍ ചിന്തകളായി രൂപാന്തരപ്പെടും ചിന്തകള്‍ പ്രവര്‍ത്തികളായും എന്നു അദ്ദേഹം തന്നെ നമുക്ക് പറഞ്ഞു തന്നിട്ടുണ്ടല്ലോ…

എപിജെ അബ്ദുള്‍ കലാം- ജീവിതത്തിന്റെ നാള്‍വഴികള്‍

ഒക്ടോബര്‍ 15, 1931: തമിഴ്‌നാട്ടിലെ രാമേശ്വരം ജില്ലയിലെ ധനുഷ്‌കോടിയില്‍ ജനനം. രാമനാഥപുരത്തെ ഷ്വാര്‍ട്‌സ് ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. ബോട്ടുകള്‍ വാടകയ്ക്ക് കൊടുത്താണ് അദ്ദേഹത്തിന്റെ പിതാവ് മകന്റെ വിദ്യാഭ്യാസ ചിലവുകള്‍ കണ്ടെത്തിയത്.

1954-58: ട്രിച്ചിയിലെ സെന്റ് ജോസഫ് കോളേജില്‍ നിന്നും ശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയതിനു (1954) ശേഷം അദ്ദേഹം മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിംഗിനു ചേര്‍ന്നു.

1958: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡിആര്‍ഡിഒ)സീനിയര്‍ സയന്റിസ്റ്റ് അസിസ്റ്റന്റ് സ്ഥാനം വഹിച്ചു.ചെറിയ ഒരു ടീമിന്റെ മാത്രം ചുമതല ഉണ്ടായിരുന്ന ആ സമയത്താണ് ഹോവര്‍ക്രാഫ്ടിന്റെ ഒരു മാതൃക അദ്ദേഹം നിര്‍മ്മിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ ആ പ്രോജക്റ്റ് മുന്‍പോട്ടു പോകുകയുണ്ടായില്ല.

1962 : ഡിആര്‍ഡിഒയില്‍ ഹോവര്‍ക്രാഫ്റ്റ് പ്രോജക്റ്റിന് കാര്യമായ പിന്തുണകിട്ടാത്തതിനെ തുടര്‍ന്ന് അദ്ദേഹം ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലേക്ക് (ഐഎസ്ആര്‍ഒ ) മാറുകയുണ്ടായി.

1963-82 : തുമ്പയിലെ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍(എസ്എല്‍വി) ടീമിലേക്ക് മാറി , താമസിയാതെ തന്നെ എസ്എല്‍വി3 യുടെ പ്രോജക്റ്റ് ഡയറക്ടര്‍ ആവുകയും ചെയ്തു.

1980: ഉപഗ്രഹമായ രോഹിണി ജൂലൈയില്‍ ഭ്രമണപഥത്തിലെത്തിച്ചു.

1981: രാഷ്ട്രം പദ്മഭൂഷന്‍ നല്‍കി ആദരിച്ചു.

1982: ഡയറക്ടര്‍ ആയി ഡിആര്‍ഡിഒയില്‍ തിരിച്ചെത്തുന്നു.ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസ്സൈല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ചുമതല ഏറ്റെടുത്തതിനു ശേഷം അഞ്ചു മിസ്സൈലുകളുടെ വിക്ഷേപണം വിജയകരമാക്കി.

1992 : കേന്ദ്ര പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ആയി.

1997 :രാഷ്ട്രം ഭാരത് രത്‌ന നല്‍കി ആദരിച്ചു.

1998 മേയ് 11: രാജസ്ഥാനിലെ മരുഭൂമികളില്‍ ഇന്ത്യയുടെ ഭൂഗര്‍ഭ ആണവ പരീക്ഷണങ്ങള്‍ നടത്തി. വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം കണ്ട സ്വപ്നങ്ങളുടെ സാക്ഷാത്കാരം.

2002 : ഭാരതത്തിന്റെ രാഷ്ടപതിയായി സ്ഥാനാരോഹണം.

 2007: രാഷ്ട്രപതി സ്ഥാനത്തിന് നിന്ന് വിരമിച്ചു.

2015 ജൂലൈ 27: മരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍