UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡോ. ബൈജുവിന്റെ ജീവിതം; നമ്മള്‍ മറന്നു പോയ ഒന്‍പത് വര്‍ഷം

Avatar

കാര്യമായ സർക്കാർ സഹായമോ സമൂഹത്തിന്റെ പിന്തുണയോ ഇല്ലാതെയാണ് ഒൻപത് വർഷം ഡോ. ബൈജു തന്റെ ജീവിതം കിടക്കയിൽ തള്ളി നീക്കിയത്. ജോസഫ് വാഴക്കൻ എം എൽ എ ആയ കാലത്ത് മുഖ്യമന്ത്രിയുടെ പ്രത്യേക സഹായമായി ഒരു ലക്ഷം രൂപ അനുവദിപ്പിച്ചത് മാത്രമായിരുന്നു ഏക സഹായം. നിരവധിപേർ നോക്കി നിൽക്കെയാണ് ബൈസൺ വാലിയിലെ ക്ലിനിക്കിൽ ഡോ. ബൈജു മരുന്ന് കഴിച്ചതും കുഴഞ്ഞു വീണതും. ജോസഫ് വാഴക്കൻ എഴുതുന്നു.

ഡോ ബൈജുവിനെ കുറിച്ച് നേരത്തെ അറിയാമെങ്കിലും മുൻ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ പായിപ്ര കൃഷ്ണനാണ് ആ കുടുംബത്തെ സഹായിക്കുന്നതിനെക്കുറിച്ച് എന്നോടാവശ്യപ്പെടുന്നത്. ധനസഹായവുമായി പായിപ്ര പണ്ടിരിയിലെ പുത്തൻപുര വീട്ടിലേക്കു കയറിയപ്പോൾ ഉള്ളൊന്നു തേങ്ങിപ്പോയി. ഒരു കുടുംബത്തിന്റെ മാത്രമല്ല ഒരു നാടിന്റെ മൊത്തം അഭിമാനമായ ചെറുപ്പക്കാരനാണ് തളർന്നു കിടക്കുന്നത്. എഴുതിക്കൊടുത്ത മരുന്നിന്റെ വിശ്വാസ്യത തെളിയിക്കാന്‍ വേണ്ടിയായിരുന്നു ജനക്കൂട്ടത്തിന്റെ മുന്നിൽ വച്ച് ആ യുവ ഡോക്ടർ അത് കഴിച്ചു കാട്ടിയത്. രോഗിയായ ഭാര്യയെ കൊല്ലാൻ ഒരു ഭർത്താവ് തയാറാക്കിയ ചതിയുടെ ഇരയാകുന്നത് താൻ ആണെന്ന് ഡോ. ബൈജു അറിഞ്ഞിരുന്നില്ല.

2007 ജനുവരി 26-നാണ് രോഗി തിരികെ കൊണ്ടുവന്ന മരുന്ന് ബൈജു കഴിച്ചത്. അല്പസമയത്തിനകം കുഴഞ്ഞുവീണ ഡോക്ടറെ ആശുപത്രികളില്‍ മാറി മാറി ചികിൽസിച്ചെങ്കിലും ജീവന്റെ തുടിപ്പ് മാത്രം ബാക്കിയായി. വാർദ്ധക്യത്തിന്റെ അവശതയുള്ള അച്ഛൻ അയ്യപ്പനും അമ്മ ലീലയും സഹോദരൻ ബിജുവുമായിരുന്നു പിന്നീടുള്ള കൂട്ട്. ടൈൽസ് പണിക്കാരനായിരുന്ന ബിജുവിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.

നമ്മുടെ സമൂഹം ശ്രദ്ധിക്കപ്പെടാതെ പോയൊരു ജീവിതമായിരുന്നു ഡോ. ബൈജുവിന്റെത്. ആദ്യമൊക്കെ ഇത് വാര്‍ത്തയായെങ്കിലും, ഇപ്പോഴും കേസുനടക്കുന്ന വിഷയം വിസ്മൃതിയിലാവുകയായിരുന്നു. ഏറ്റവും ദാരിദ്രം നിറഞ്ഞ സാഹചര്യത്തിലും ഡോ. ബൈജുവിന്റെ അച്ഛനും അമ്മയും ഒരു കുഞ്ഞിനെ നോക്കുന്നതു പോലെയാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷവും അദ്ദേഹത്തെ പരിപാലിച്ചത്. അമ്മ ലീലയുടെ പരിചരണമാണ് ജീവന്റെ സ്പന്ദനം നീട്ടിക്കൊണ്ടുപോയത്.

ചികിത്സയ്ക്കെത്തിയ ശാന്ത എന്ന രോഗിക്ക്  സന്ധിവാതത്തിന് രസനപഞ്ചകം മരുന്നു നല്‍കിയതിനെ തുടർന്നുണ്ടായ തർക്കമാണ് കുഴപ്പങ്ങൾക്ക് തുടക്കമിട്ടത്. വീട്ടിലെത്തി മരുന്നു കഴിച്ചശേഷം ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ശാന്തയുടെ മകനും ബന്ധുക്കളും പരാതിയുമായി ആശുപത്രിയിൽ എത്തുകയായിരുന്നു. രോഗിയുടെ ബന്ധുകളുമായി വാക്കുതര്‍ക്കം നടക്കുകയും ഒടുവില്‍ മരുന്നിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ ഡോക്ടര്‍ മരുന്ന് സ്വയം കുടിച്ചുകാണിക്കുകയായിരുന്നു (ഡോക്ടര്‍ സ്വമേധയാല്‍ മരുന്ന് കുടിക്കുകയല്ലായിരുന്നുവെന്നും വാക്കുതര്‍ക്കത്തിനിടയില്‍ ഡോ. ബൈജുവിനോട് മരുന്ന് കുടിക്കാന്‍ ആവശ്യപ്പെട്ടെന്നും ഒരു ആരോപണമുണ്ട്).

മരുന്ന് കുടിച്ച് ബൈജു അവശനാകുകയും ശരീരം തളരുകയും ചെയ്തതിനെ തുടര്‍ന്ന് അടിമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈജുവിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു ഗുരുതരമാകാന്‍ തുടങ്ങിയപ്പോള്‍ പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സിച്ചെങ്കിലും ബൈജുവിന്റെ രോഗാവസ്ഥ തുടര്‍ന്നു. ശാന്തയെ കൊല്ലാന്‍ ഭര്‍ത്താവ് രാജപ്പൻ  മരുന്നില്‍ വിഷം കലര്‍ത്തിയിരുന്നതായി ആരോപണമുണ്ടായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഡോക്ടറുടെ ബന്ധുക്കള്‍ പരാതി നല്‍കി. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ശാന്തയെ കൊല്ലാനായി ആരോ മരുന്നില്‍ വിഷം ചേര്‍ത്തതായിരുന്നുവെന്ന് വ്യക്തമായി. തുടരന്വേഷണത്തിൽ രാജപ്പൻ അറസ്റ്റിലായി.

കേസ് ഇടുക്കി ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ കഴിഞ്ഞ് വിധി പറയാനിരിക്കെയാണ് ഡോ. ബൈജു മരണമടഞ്ഞത്. ദളിത് പീഡനങ്ങൾ വർദ്ധിക്കുകയും അതിനെതിരെ സമൂഹ മനഃസാക്ഷി ഉണരുകയും ചെയ്യുന്ന കാലത്താണ് ബൈജുവിന്റെ വേർപാട്. 

ഡോ. ബൈജുവിനുള്ള ആദരാഞ്ജലിയോടൊപ്പം ഒരു അഭ്യർത്ഥന കൂടി സർക്കാരിന്റെ മുന്നിലേക്ക് ഞാൻ വയ്ക്കുന്നു. ഡോ.ബൈജുവിന്റെ മാതാപിതാക്കള്‍ക്ക്  ഒരു ഭവനം നിര്‍മ്മിച്ചുകൊടുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കണം. മറ്റാരുടെയോ കൈപ്പിഴയിൽ താളം തെറ്റിയ കുടുംബത്തിന് അത്രയെങ്കിലും ചെയ്തു കൊടുക്കാൻ നാം ബാധ്യസ്ഥരാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍