UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുരളീഗാനമധുമാരി തോര്‍ന്നു

Avatar

ഡോ.സംപ്രീത കേശവന്‍

ചില മനുഷ്യര്‍ വെറും ഓര്‍മയാണ്. ചിലര്‍ ചിരിയോ, സങ്കടമോ, വിഷാദമോ, വെറുപ്പോ ആണ്. മറ്റു ചിലര്‍, പ്രിയരോ, അന്യരോ ആവട്ടെ, മനസ്സിലേക്ക് വരുമ്പോള്‍തന്നെ മധുരമായി വേദനിപ്പിക്കുന്ന സ്‌നേഹക്ഷതം പോലെയാണ്. ഡോ. എം. ബാലമുരളീകൃഷ്ണയും അതേപടി മധുരക്ഷതം തരുന്ന ഗാനമായി കാഴ്ചയില്‍നിന്നു മറഞ്ഞുപോയിരിക്കുന്നു. ആ കണ്‍മുന്നില്‍ ചെന്നുചിരിച്ച്, കൈകൂപ്പിയ ഒരു കാലത്തിന്റെ അഭിമാനസ്മരണയില്‍ നിന്നും എന്റെ ഹൃദയാഞ്ജലി.

വികാരങ്ങളുടെ ഭാരങ്ങളില്ലാതെ സദാ മുഖത്തുവിരിയുന്ന പുഞ്ചിരിയോടെയേ ഡോ. എം. ബാലമുരളീകൃഷ്ണയെ കണ്ടിട്ടുള്ളൂ. ചെന്നൈയിലെ കലാസാംസ്‌കാരികവേദികളില്‍ ചെറിയവലിയ സദസുകളെന്ന ഭേദചിന്തകളില്ലാതെ, പ്രായമേറുമ്പോഴും ആരോഗ്യഭയങ്ങളാല്‍ മടിക്കാതെ സജീവമായി ഇടപെട്ടിരുന്ന ഒരാള്‍കടന്നുപോകുന്നു. നവംബറിന്റെ നഷ്ടങ്ങളില്‍ ഒന്നുകൂടി എഴുതിച്ചേര്‍ക്കപ്പെടുന്നു.

1930 ലെ ഒരു ജൂലൈ മാസം ആറാം തീയതിയില്‍, അന്ന് മദിരാശി പ്രസിഡന്‍സിയുടെ ഭാഗമായിരുന്നതും ഇപ്പോള്‍ ആന്ധ്രാപ്രദേശില്‍ ഉള്‍പ്പെട്ടതുമായ കിഴക്കേ ഗോദാവരീ തീരത്തെ ശങ്കരഗുപ്തം എന്ന ഗ്രാമത്തിലാണ്, മങ്കലംപള്ളി മുരളീകൃഷ്ണ എന്ന ഡോ.എം. ബാലമുരളീകൃഷ്ണ ജനിച്ചത്. നന്നേ ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട മുരളീകൃഷ്ണയ്ക്ക് സംഗീതമായിരുന്നു മരണംവരേയ്ക്കും തുണ. അമ്മയുടെ വീണവാദനത്തിന്റെയും അച്ഛന്റെ സംഗീതാഭിരുചിയുടെയും കാമ്പ് മുരളീകൃഷ്ണയെ സംഗീതത്തിന്റെ ലോകത്തിലേക്ക് നയിച്ചു. മകന്റെ താല്പര്യം മനസ്സിലാക്കിയ അച്ഛന്‍, ത്യാഗരാജശിഷ്യപരമ്പരയിലുള്‍പ്പെട്ട പ്രശസ്ത സംഗീതജ്ഞനായ പാരുപ്പള്ളി ശ്രീ രാമകൃഷ്ണയ്യ പണ്ഡുലുവിന്റെ അടുത്ത് മകനെ കൊണ്ടുവിട്ടു. ആറാംവയസ്സുമുതല്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു തുടങ്ങിയ മുരളീകൃഷ്ണ എട്ടാംവയസ്സില്‍ വിജയവാഡയില്‍ വച്ചുനടന്ന ത്യാഗരാജാരാധനയില്‍ കച്ചേരി നടത്തിക്കൊണ്ട് സംഗീതലോകത്തെ അത്ഭുതപ്പെടുത്തി. പ്രശസ്ത ഹരികഥാകലാകാരനായ മുസുനുരി സൂര്യനാരായണമൂര്‍ത്തി ഭാഗവതര്‍ മുരളീകൃഷ്ണയുടെ സംഗീതത്തിലുള്ള കഴിവില്‍ സന്തോഷിച്ച് കൊച്ചുമുരളിയെ ‘ബാല’എന്നു കൂടിച്ചേര്‍ത്ത് ബാലമുരളീകൃഷ്ണ എന്നുവിളിച്ചു. സംഗീതരംഗത്തെ അമൂല്യസംഭാവനകളാല്‍ കാലം അദ്ദേഹത്തെ ഡോ.എം. ബാലമുരളീകൃഷ്ണയാക്കി ആദരിച്ചു.

കര്‍ണാടക സംഗീതജ്ഞന്‍, പിന്നണിഗായകന്‍, സംഗീതസംവിധായകന്‍, പക്കവാദകന്‍, ഉപകരണസംഗീതജ്ഞന്‍, നടന്‍ എന്നിങ്ങനെ കലയുടെ സമസ്തലോകവും കയ്യടക്കിയ പ്രതിഭയായിരുന്നു ഡോ. ബാലമുരളീകൃഷ്ണ. ശബ്ദസൗന്ദര്യംകൊണ്ടും വേറിട്ട ശബ്ദക്രമീകരണശൈലി കൊണ്ടും എന്തും ഉള്‍ക്കൊള്ളാനുള്ള മനസ്സുകൊണ്ടും കര്‍ണാടകസംഗീതരംഗം അന്നുവരെകേള്‍ക്കാത്ത വഴികളിലേക്ക് കച്ചേരികളെ അദ്ദേഹം പുതുക്കിവിട്ടു. നിരവധി ഭാഷകളില്‍ കര്‍ണാടകസംഗീതത്തിന്റെ നവസാധ്യതകളെ ഉപയോഗിക്കുകയും ജനകീയമാക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്. പാരമ്പര്യം പുതുവഴികളിലേക്കുള്ള സൂചനകളാണെന്ന് വിശ്വസിച്ച ഈ കലാകാരന്‍ ഏതു ഗാനരൂപങ്ങളും ഭാഷയും ഉള്‍ക്കൊള്ളുന്ന ശക്തി കര്‍ണാടകസംഗീതത്തിനുണ്ടെന്നു തെളിയിച്ചു. ഫ്രഞ്ചുഭാഷയിലും ജാസ് ഫ്യൂഷനിലും വരെ ഡോ.ബാലമുരളീകൃഷ്ണ നടത്തിയ പരീക്ഷണങ്ങള്‍ പുതുമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മനോഭാവം വ്യക്തമാക്കി. പതിനഞ്ചുവയസ്സിനുള്ളില്‍ തന്നെ മേളകര്‍ത്താരാഗങ്ങള്‍ എല്ലാം ഉപയോഗിച്ച് മനോഹരമായ കീര്‍ത്തനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തിയിരുന്നു. കച്ചേരിയില്‍ അന്നേവരെ വെളിച്ചം കാണാതിരുന്ന ശ്രീ. ഭദ്രാചല രാമദാസുവിന്റെയും ശ്രീ. അന്നമാചാര്യയുടെയും സാഹിത്യങ്ങള്‍ ബാലമുരളീകൃഷ്ണയുടെ സ്വരത്തിലൂടെ ജനങ്ങള്‍ കേട്ടു. അവഗണിക്കപ്പെട്ടുകിടന്ന നിരവധി സാഹിത്യകൃതികള്‍ ബാലമുരളീകൃഷ്ണയുടെ ശ്രമങ്ങളാല്‍ വെളിച്ചംകണ്ടു.

സംഗീതം രോഗശാന്തിക്കുള്ള മാര്‍ഗംകൂടിയാണെന്ന് മനസ്സിലാക്കിയ ഡോ. ബാലമുരളീകൃഷ്ണ മ്യൂസിക് തെറാപ്പിയുടെ സാധ്യതകളെക്കുറിച്ച് പഠിക്കുകയും അതിനുവേണ്ടി ദേശഭാഷാഭേദമെന്യേ സഞ്ചരിച്ച് മ്യൂസിക് തെറാപ്പിയുടെ വ്യത്യസ്തമാര്‍ഗങ്ങള്‍ പ്രചരിപ്പിക്കുകയും പണം വാങ്ങാതെ കച്ചേരികളും പ്രഭാഷണങ്ങളും നടത്തുകയും ചെയ്തു. എം.ബി. കെ. എന്നപേരില്‍ അദ്ദേഹം ആരംഭിച്ച ട്രസ്റ്റ് സംഗീതത്തെ മാത്രം പോഷിപ്പിക്കുന്നതായിരുന്നില്ല. ‘വിപഞ്ചി’ എന്ന നൃത്തസംഗീതവിദ്യാലയം ഈ ട്രസ്റ്റിന്റെ ഭാഗമായിരുന്നു. ചെന്നൈയിലെ മൈലാപ്പൂരില്‍ വിപഞ്ചിയുടെ നൃത്തോത്സവദിനങ്ങളില്‍ നര്‍ത്തകരുടെ വലിപ്പച്ചെറുപ്പം നോക്കാതെ ഡോ.ബാലമുരളീകൃഷ്ണ എത്താറുണ്ടായിരുന്നു. തന്റെ സഹചാരികളുടെയോ കൊച്ചുകുട്ടികളുടെയോ കൈപിടിച്ചുകൊണ്ട്, അത്ഭുതം നിറയുന്ന കണ്ണുകളോടെ. വിപഞ്ചിയുടെഇരിപ്പിടത്തോളം ആ കൈപിടിച്ചുനടന്ന ഒരാളാണ് ഞാന്‍ എന്ന ഓര്‍മ ഇപ്പോള്‍ കണ്ണുനനയ്ക്കുന്നു. കലയിലെ തുടക്കക്കാര്‍ക്ക് അത്തരം പരിഗണനകള്‍ അത്രയേറെ വലുതാണ്. അദ്ദേഹത്തിന്റെ എണ്‍പതാംപിറന്നാള്‍ ആഘോഷവേളയില്‍ ചെന്നൈയിലെ കാമരാജര്‍ അരങ്ങത്തു നടന്ന നൃത്തസംഗീതോത്സവത്തില്‍ നൃത്തം ചെയ്ത നിരവധിപേരില്‍ ഒരാളായിരുന്നു എന്ന സ്മരണയും ഇപ്പോഴും എനിക്ക് ഏറെ അഭിമാനം ഉണ്ടാക്കുന്നതാണ്. വിപഞ്ചിയുടെ അരങ്ങുകളിലും മറ്റു പുതുനൃത്തവേദികളിലും തന്റെ നിഷ്‌കളങ്കമായ ചിരിയോടെ, ഏകാന്തതയെ സംഗീതംകൊണ്ടു നേരിട്ട അനായാസതയുടെ അതേ ഹൃദയത്തോടെ ഈ അനുഗൃഹീതകലാകാരന്‍ നിന്നു. ഇ.പി.സുദേവ് വാര്യര്‍ അടക്കമുള്ള തന്റെ ശിഷ്യരില്‍ ഈ അനായാസതയും ശാന്തതയും അദ്ദേഹം പകര്‍ന്നുവച്ചിട്ടുണ്ട്. ബാലമുരളീശൈലി എന്നടയാളപ്പെടുത്തപ്പെട്ട ഒന്നിനെ അവഗണിക്കുക എളുപ്പമേയല്ല.

തെലുങ്ക്, സംസ്‌കൃതം, തമിഴ് ഭാഷകളില്‍ നിരവധി കൃതികള്‍ ഡോ.ബാലമുരളീകൃഷ്ണയുടെതായുണ്ട്. എഴുപത്തിരണ്ടു മേളകര്‍ത്താരാഗങ്ങളും സിനിമാഗാനങ്ങളില്‍ ഉപയോഗിച്ച ഏകസംഗീതസംവിധായകനായി അദ്ദേഹത്തെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. കൊടുങ്ങല്ലൂരമ്മ, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, സ്വാതിതിരുനാള്‍ എന്നീ മലയാളചിത്രങ്ങളിലും അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 1957 ല്‍ പുറത്തിറങ്ങിയ ഭക്തപ്രഹ്ലാദ എന്ന സിനിമയില്‍ നാരദന്റെ വേഷമിട്ടതും ഡോ.ബാലമുരളീകൃഷ്ണ തന്നെ. നിയമങ്ങളില്‍ തളയ്ക്കപ്പെടാത്ത ശൈലികൊണ്ടും പുതുരാഗങ്ങളും താളങ്ങളും കണ്ടെത്തി ജനകീയമാക്കാനുള്ള പ്രതിഭ കൊണ്ടും ഡോ.ബാലമുരളീകൃഷ്ണ വേറിട്ടുനിന്നു. ഗണപതി, സര്‍വശ്രീ, മഹതി, സുമുഖം, സിദ്ധി, ലവംഗി, എന്നിങ്ങനെയുള്ള നവരാഗങ്ങള്‍ അദ്ദേഹത്തിന്റെതാണ്. സംഗീതത്തില്‍താളക്രമങ്ങള്‍ക്ക് പുതിയ വഴിത്തിരിവുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ മറ്റൊരാള്‍ക്കും കയ്യടക്കാനാവാത്ത ജ്ഞാനലോകത്തിലേക്ക് അദ്ദേഹത്തെ എടുത്തുയര്‍ത്തി. പുതിയ താളവ്യവസ്ഥയ്ക്ക് ത്രിമുഖി, പഞ്ചമുഖി, സപ്തമുഖി, നവമുഖി എന്നിങ്ങനെയാണ് അദ്ദേഹം പേരുകള്‍ നല്‍കിയത്. ഓരോന്നിനും ഉള്‍പ്പിരിവുകളും വ്യവസ്ഥകളും അദ്ദേഹം തയാറാക്കിയിരുന്നു.

ലവംഗി രാഗത്തില്‍ ഡോ.ബാലമുരളീകൃഷ്ണ ചിട്ടപ്പെടുത്തിയ ഓംകാര കാരിണീ എന്നു തുടങ്ങുന്നകീര്‍ത്തനം മോഹിനിയാട്ടരൂപത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യന്റെ സ്വരത്തില്‍ കേട്ടുകൊണ്ട് ആടാന്‍ സാധിച്ചത് മറ്റൊരു ധന്യസ്മരണയാണ്.

പദ്മശ്രീയും, പദ്മവിഭൂഷനും, പദ്മഭൂഷനുമടക്കമുള്ള ബഹുമതികള്‍, ഫ്രഞ്ച് സര്‍ക്കാരിന്റെ പുരസ്‌കാരം, പിന്നണിഗായകനും സംഗീതസംവിധായകനുമുള്ള രാജ്യാന്തരപുരസ്‌കാരങ്ങള്‍, സംഗീതകലാനിധി, സംഗീതകലാശിഖാമണി എന്നിങ്ങനെ അസംഖ്യം പുരസ്‌കാരങ്ങളുടെ നടുവിലും പച്ചമനുഷ്യനായി എല്ലാവരെയും ഒരുപോലെ സ്‌നേഹിച്ച ഈ കലാകാരനെ ചരിത്രം ഏതു വിഭാഗത്തിലേക്കാണ് ഒതുക്കിനിര്‍ത്തുക? ഇരുപത്താറായിരത്തോളം വേദികളില്‍ ഡോ.ബാലമുരളീകൃഷ്ണ തന്റെ സംഗീതം നിറച്ചിരിക്കുന്നു. നൃത്തവേദികള്‍ അദ്ദേഹത്തിന്റെ കലാപ്രണയം കൊണ്ട് സമ്പന്നമാക്കിയിരിക്കുന്നു. വഴികള്‍ കണ്ടെത്താനുള്ള വഴികളില്‍ തളരാത്ത ഊര്‍ജ്ജത്തിന്റെ അടയാളങ്ങള്‍ അവശേഷിപ്പിച്ചിരിക്കുന്നു. നഷ്ടം നമുക്കാണ്. ഈ കാലഘട്ടത്തില്‍ ജീവിച്ചതിന്റെ ഉണര്‍വ്വ് സ്വംശീകരിച്ചില്ലെങ്കില്‍. ആ ധന്യസ്മരണയ്ക്കു മുന്‍പില്‍ ഒരു കൊച്ചുകലാകാരിയുടെ ആദരാഞ്ജലികള്‍. നന്ദി; തിളങ്ങുന്ന വസ്ത്രങ്ങള്‍ക്കുള്ളിലെ മിനുസമേറിയ മനുഷ്യഹൃദയത്തിനും കാഴ്ചയില്‍ നിറച്ചമറകളില്ലാത്ത ചിരികളുടെ സ്‌നേഹക്ഷതത്തിനും.

(മോഹിനിയാട്ടം നര്‍ത്തികയായ ഡോ. സംപ്രീത കേശവന്‍ പാലക്കാട് സ്വദേശിയാണ്. ഇപ്പോള്‍ ചെന്നൈ ആശാന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ മലയാളം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കുന്നു. കവിയും എഴുത്തുകാരിയും കൂടിയായ സംപ്രീത  കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരം, തെലുങ്കാന സര്‍ക്കാരിന്റെ യുവകലാരത്‌ന പുരസ്‌കാരം, അങ്കണം ടി വി കൊച്ചുബാവ പുരസ്‌കാരം  എന്നിവയടക്കം നിരവധി ബഹുമതികള്‍ക്കു അര്‍ഹയായിട്ടുണ്ട്)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍