UPDATES

സിനിമ

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നൽകേണ്ടത് ഇമ്മാതിരി കോപ്രായം കാട്ടിക്കൂട്ടിയല്ല; ഡോക്ടര്‍ ബിജു

Avatar

അഴിമുഖം പ്രതിനിധി

പാലക്കാട് നടന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയെ നിശിതമായി വിമര്‍ശിച്ച് സംവിധായകന്‍ ഡോ.ബിജു. സംസ്ഥാന അവരാഡ് വിതരണ ചടങ്ങി സ്വകാര്യ ചാനലുകളുടെ അവാര്‍ഡ് നിശപോലെ വലിയൊരു മാമാങ്കമായി മാറ്റിയിരിക്കുകയാണെന്നാണ് ബിജു പരിഹസിക്കുന്നത്. തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

കഴിഞ്ഞ ഏതാനും വർഷങ്ങളായി കണ്ടു വരുന്ന ഒരു കാഴ്ചയാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് വലിയ താരനിശ ആക്കി മാറ്റുന്നതും മിമിക്രിയും ഗാനമേളയും ഒക്കെ ഉൾപ്പെടുത്തി സ്വകാര്യ ടെലിവിഷൻ അവാർഡ് മാതൃകയിൽ വമ്പൻ സ്‌റ്റേജ് ഷോ നടത്തുന്നതും. താരങ്ങളെ കാണാൻ ആർത്തിരമ്പുന്ന ജനക്കൂട്ടവും  താരങ്ങളുടെ ചിത്രങ്ങൾക്കായി തിക്കി തിരക്കുന്ന മാധ്യമങ്ങളും  താരങ്ങൾക്കും രാഷ്ട്രീയ നേതാക്കൾക്കും സൗകര്യങ്ങൾ ഒരുക്കുന്ന സംഘാടകരും ഒക്കെ ചേർന്ന് ആഘോഷമാക്കുന്ന ഒരു മാമാങ്കമായി സംസ്ഥാന അവാർഡ് വിതരണ ചടങ്ങ് മാറിക്കഴിഞ്ഞു.

അവാർഡ് ജനകീയമാക്കുന്നു എന്നാണ് ചലച്ചിത്ര അക്കാദമിയും സാംസ്കാരിക മന്ത്രാലയവും അവകാശപ്പെടുന്നത് . തീർച്ചയായും നല്ലത് തന്നെ. ചലച്ചിത്ര പുരസ്കാരങ്ങൾ നൽകുന്നതിനുള്ള നിയമാവലിയിൽ താഴെ കൊടുത്തിട്ടുള്ള ഒരു വാചകം ഉണ്ട് . അതിപ്രകാരമാണ് : 

ഉന്നതമായ സൗന്ദര്യ ബോധവും സാങ്കേതിക തികവ് പുലർത്തുന്നതും , സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതുമായ മലയാള ചിത്രങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുക എന്നതാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ലക്ഷ്യം.

എന്നാൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് കാഴ്ചയുടെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കേണ്ട ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാപനം ജനപ്രിയതയുടെ അളവുകോലിലേക്ക് തങ്ങളുടെ കാഴ്ചപ്പാടുകൾ ചുരുക്കുന്നതാണ് . 

എന്തിനാണ് സംസ്ഥാന സർക്കാർ പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സിനിമയ്ക്ക് പുരസ്കാരങ്ങൾ നൽകുന്നത് ? ഈ ഒരു ചോദ്യം പരിശോധിക്കേണ്ടതുണ്ട് . ജനപ്രിയതയും ഗ്ലാമറും വ്യവസായവും നിലനിർത്തുവാൻ സഹായിക്കലാണോ , അതോ അർഥപൂർണമായ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന , കാഴ്ചയുടെ ഒരു പുതിയ സംസ്കാരത്തെ സൃഷ്ടിക്കുവാനുള്ള ആർജ്ജവമാണോ ഒരു സർക്കാർ പിന്തുടരേണ്ടത് എന്നതാണ് കാതലായ ചോദ്യം. സംസ്ഥാന സർക്കാരിന്റെ കർത്തവ്യം ജനങ്ങളെ രസിപ്പിക്കുക , ജനപ്രിയമായ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളല്ല . അത്തരം ചിത്രങ്ങൾ താരങ്ങളുടെ വിപണി മൂല്യം അനുസരിച്ച് സ്വാഭാവികമായും ഇവിടെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒന്നാണ് . അതിന് സർക്കാരിന്റെഇടപെടലുകൾ ആവശ്യവുമില്ല.

വിനോദത്തിനും വ്യവസായത്തിനുമപ്പുറം സാംസ്കാരികവും സാമൂഹികവും കലാപരവും ആയ ഒരു ചലച്ചിത്ര സംസ്കാരം നിലനിർത്തുക എന്ന ബാധ്യത ആണ് ഒരു സർക്കാർ നിർവഹിക്കേണ്ടത് . അത്തരം ഒരു സിനിമാ സംസ്കാരത്തെ നിലനിർത്താനും പ്രോത്സാഹിപ്പിക്കാനുമായാണ് ചലച്ചിത്ര അവാർഡുകൾ സർക്കാർ നൽകുന്നത് .

എന്നാൽ ഈ ഒരു രീതിക്ക് മാറ്റമുണ്ടായത് കഴിഞ്ഞ കുറെ വർഷങ്ങളായാണ്. ജനപ്രിയ സിനിമകൾക്ക് പുരസ്കാരങ്ങൾ പങ്കിട്ട് നൽകുക എന്ന പുതിയ ഒരു രീതി ഉദയം ചെയ്തു . അർഹമാണെങ്കിൽ ജനപ്രിയമായതു കൊണ്ട് മാത്രം ഒരു സിനിമയ്ക്ക് പുരസ്കാരം നൽകരുത് എന്നതും ശരിയല്ല. ജനപ്രിയമാണെങ്കിലും അല്ലെങ്കിലും സിനിമകൾ കലാപരവും സാംസ്കാരികവും സാമൂഹ്യവുമായ ധർമം നിറവേറ്റുന്നുണ്ടോ എന്നതാണ് പ്രധാനം. ഏതായാലും സിനിമകളുടെ ഇത്തരത്തിലുള്ള മെറിറ്റുകളെ മറികടന്ന് വ്യക്തി താല്പര്യങ്ങൾ മുൻനിർത്തി അവാർഡുകൾ നിർണ്ണയിക്കുകയും ജനപ്രിയ താരങ്ങൾക്ക് കൂടുതൽ അവാർഡുകൾ വീതം വെച്ച് സംസ്ഥാന അവാർഡ് “ജനകീയ”മാക്കുകയും ചെയ്യാൻ തീരുമാനിച്ചതിന്റെ സ്വാഭാവിക തുടർച്ചയാണ് ടെലിവിഷൻ ചാനൽ പുരസ്കാരങ്ങളെപ്പോലെ താര നിശയോട് കൂടിയ അവാർഡ് വിതരണ ചടങ്ങുകളുടെ സങ്കൽപ്പത്തിലേക്ക് ചലച്ചിത്ര അക്കാദമി വഴിമാറി ചിന്തിച്ചത്.

കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി പുരസ്‌കാര വിതരണം കൂടുതൽ താരങ്ങളെ ഉൾപ്പെടുത്തി വമ്പൻ സ്റ്റേജ് ഷോ മാതൃകയിലാണ് . അറിയപ്പെടുന്നവരല്ലാത്ത പുരസ്‌കാര ജേതാക്കൾക്ക് , അവർക്ക് ലഭിച്ച പുരസ്കാരം എത്ര വലുതാണെങ്കിലും , ഇരിക്കാൻ മര്യാദയ്ക്ക് സീറ്റ് പോലും ലഭിക്കാതെ അവാർഡ് വാങ്ങേണ്ട അപമാനം ഉണ്ടാകുന്നു. പുരസ്കാരം ലഭിച്ച സമാന്തര സിനിമയുടെ പ്രവർത്തകർ , ചലച്ചിത്ര രചനകൾ, നിരൂപണങ്ങൾ എന്നിവയുടെ രചയിതാക്കൾ , ഡോക്യുമെന്റ്ററി സംവിധായകർ , ജനപ്രിയമല്ലാത്ത സിനിമകളുടെ ഭാഗമായ പരിചിത മുഖങ്ങൾ അല്ലാത്ത നടീനടന്മാർ , തുടങ്ങിയവർക്കെല്ലാം ഈ പുരസ്‌കാര വിതരണ മാമാങ്കത്തിൽ അവഗണന മാത്രമാണ് നേരിടുന്നത് . പുരസ്‌കാര വിതരണത്തിലെ ഏറ്റവും പ്രധാന ഭാഗമായ ജൂറി റിപ്പോർട്ട് വായന പോലും അർഹമായ രീതിയിൽ നടത്താൻ സാധിക്കുന്നില്ല . മികച്ച സംവിധായകനോ, മികച്ച സിനിമയുടെയോ മികച്ച രണ്ടാമത്തെ സിനിമയുടെയോ സംവിധായകനും നിർമാതാവും ജനപ്രിയ സിനിമയുടെ ആളുകളല്ലെങ്കിൽ സർക്കാർ പുറത്തിറക്കുന്ന അവാർഡ് ദാന ചടങ്ങിന്റെ നോട്ടീസിൽ നിന്നും പരസ്യത്തിൽ നിന്നും പോലും അവർ പുറത്താക്കപ്പെടും . പകരം യാതൊരു പുരസ്കാരങ്ങളും ലഭിച്ചില്ലെങ്കിലും ആശംസ അർപ്പിക്കാൻ വിളിച്ച താരത്തിന്റെ തല അവിടെ ഇടം പിടിക്കും .വേദിയിൽ മികച്ച സിനിമയുടെ സംവിധായകൻ പുരസ്കാരം വാങ്ങുമ്പോൾ മാധ്യമങ്ങൾ മുഴുവൻ പുറം തിരിഞ്ഞു നിന്ന് സദസ്സിലെ മുൻനിരയിലെ താരങ്ങളുടെ കൊച്ചു വർത്തമാനത്തിന്റെ ചിത്രങ്ങൾ പകർത്തും . ഇഷ്ട താരങ്ങളെ കാണാനെത്തിയ കാണികളുടെ ആർപ്പു വിളികൾക്കിടയിൽ , താരങ്ങളുടെ മുഖമൊപ്പാൻ തിരക്ക് കൂട്ടുന്ന മാധ്യമങ്ങൾക്കിടയിൽ , വിട്ടുവീഴ്ചയില്ലാതെ ആർജ്ജവമുള്ള സിനിമകൾ നിർമിച്ചു പുരസ്കാരം നേടിയ സിനിമാ പ്രവർത്തകരും , ധിഷണതയുള്ള പുസ്തകങ്ങളും വിമർശനങ്ങളും എഴുതിയ എഴുത്തുകാരും നിരൂപകരും ഒക്കെ മാന്യമായി ഇരിക്കാൻ ഒരു സീറ്റ് പോലും ലഭിക്കാതെ എങ്ങനെയെങ്കിലും പണിപ്പെട്ട് ആൾക്കൂട്ടത്തിനിടയിലൂടെ സ്റ്റേജിലെത്തി ആരാലും ശ്രദ്ധിക്കപ്പെടാതെ പുരസ്കാരം വാങ്ങേണ്ട ഗതികേട് ഉണ്ടാകുന്നു.

പ്രിയപ്പെട്ട ചലച്ചിത്ര അക്കാദമി, സംസ്ഥാന സർക്കാരേ…ഇത് നാണക്കേടാണ് …അർഹതയ്ക്കുള്ള അംഗീകാരങ്ങളായ ചലച്ചിത്ര പുരസ്കാരങ്ങൾ നൽകേണ്ടത് ഇമ്മാതിരി കോപ്രായം കാട്ടിക്കൂട്ടിയല്ല .

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങ് ഒന്ന് നോക്കിക്കാണുന്നത് നന്നായിരിക്കും .തികച്ചും ലളിതമായ ഒരു ചടങ്ങിൽ രാഷ്ട്രപതി ആണ് എല്ലാ പുരസ്കാരങ്ങളും നൽകുന്നത് .എല്ലാ വർഷവും പുരസ്‌കാര വിതരണം കൃത്യമായ ഒരു തീയതിയിലാണ് നടക്കുന്നത്. അവിടെ കാണികളായി എത്ര വലിയ താരങ്ങളെ അതിഥികളായി ക്ഷണിച്ചാലും വേദിയിൽ പ്രാധാന്യം പുരസ്‌കാര ജേതാക്കൾക്ക് മാത്രമായിരിക്കും . മാധ്യമങ്ങളും ആദ്യാവസാനം എല്ലാ പുരസ്‌കാര ജേതാക്കൾക്കും പ്രാധാന്യം നൽകും .വളരെ ലളിതവും എന്നാൽ ഗൗരവ പൂർണവുമായ ഒരു ചടങ്ങ് . എൻറ്റർറ്റൈന്മെന്റ്റ് എന്ന രീതിയിൽ അവാർഡ് ലഭിച്ച രണ്ട് പാട്ടുകൾ മാത്രം അവാർഡ് ലഭിച്ച ഗായകർ പാടുന്നു . സർക്കാർ നൽകുന്ന പുരസ്‌കാര ചടങ്ങുകൾ അങ്ങനെയാണ് വേണ്ടുന്നത് . അതിന്റേതായ പ്രാധാന്യത്തോടെ , തികച്ചും ലളിതവും ഗൗരവപൂർണ്ണവുമായ ഒരു വേദിയിൽ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങും അങ്ങിനെയാണ് നടത്തേണ്ടത് . അല്ലാതെ പുരസ്‌കാരങ്ങളുടെ പ്രാധാന്യം പിന്നാമ്പുറത്തേക്ക് മാറ്റിയ ശേഷം താര പരിവേഷവും , രാഷ്ട്രീയ ബാഹുല്യവും മിമിക്സ് പരേഡും ഗാനമേളയും ഒക്കെ കുത്തി നിറച്ച അവിയൽ ചടങ്ങിന്റെ തട്ടിക്കൂട്ടല്ല ഉണ്ടാകേണ്ടത് . 

ഒരു സംസ്ഥാനം സിനിമയിലെ കലാകാരന്മാരുടെ സർഗ്ഗാത്മകവും കലാപരവുമായ സംഭാവനകളെ അംഗീകരിച്ചു നൽകുന്ന ആദരവിന്റെ ചടങ്ങാണ് അത്. അത് അർഹമായ ഗൗരവ ബോധത്തോടെയും സാംസ്കാരിക ബോധത്തോടെയുമാണ് നൽകേണ്ടത്. അല്ലാതെ പൂരപ്പറമ്പിൽ കെട്ടുകാഴ്ച പോലത്തെ ചടങ്ങ് സംഘടിപ്പിച്ചല്ല എന്നത് ചലച്ചിത്ര അക്കാദമി ഓർക്കേണ്ടതുണ്ട്. 

ഈ താര നിശയും മിമിക്സ് പരേഡും നടത്തുന്ന തുക കൊണ്ട് പുരസ്കാരം ലഭിച്ച പ്രധാന ചിത്രങ്ങൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കാനുള്ള സഹായങ്ങൾ ചെയ്തു കൊടുക്കുകയാണ് വേണ്ടത് .കുറഞ്ഞ പക്ഷം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെങ്കിലും പുരസ്കാരങ്ങൾ ലഭിച്ച ചിത്രങ്ങൾ പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കുവാനായി സംവിധാനം ഒരുക്കൂ . അത്തരം പ്രവർത്തനങ്ങൾ ആണ് അക്കാദമി ചെയ്യേണ്ടത്. താര നിശകളും സ്റ്റേജ് ഷോയുമൊക്കെ ഈ നാട്ടിൽ ധാരാളം ആവശ്യത്തിലുമധികം നടക്കുന്നുണ്ട്. എല്ലാ ടെലിവിഷൻ ചാനലുകളും മത്സരിച്ച് അവാർഡ് ദാന സ്റ്റേജ് ഷോകൾ എല്ലാ വർഷവും മുടങ്ങാതെ നടത്തുന്നുണ്ട്. അതിന് ചലച്ചിത്ര അക്കാദമിയുടെ ആവശ്യം ഇല്ല.

ഇതിൽ നിന്നും വേറിട്ട ഒരു സിനിമാ സംസ്കാരം സൃഷ്ടിക്കാനാണ് ചലച്ചിത്ര അക്കാദമി രൂപീകരിക്കപ്പെട്ടത് .ഇന്ത്യയിൽ ആദ്യമായി ഒരു ചലച്ചിത്ര അക്കാദമി രൂപീകരിക്കപ്പെട്ടത് കേരളത്തിലാണ്. സിനിമയുടെ മികച്ച സാംസ്കാരികതയും കലാപരതയും നിലനിർത്തുക എന്നതുൾപ്പെടെ ഒട്ടേറെ ലക്ഷ്യങ്ങളോടെ സ്ഥാപിക്കപ്പെട്ട ഒരു സ്ഥാപനമാണത് . ആ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നത് സാംസ്കാരികമായ ഒരു കുറ്റകൃത്യമാണ് . അർത്ഥപൂർണ്ണവും സാംസ്കാരികവുമായ ഒരിടത്തിൽ നിന്ന് സിനിമ എന്ന കലാരൂപത്തെ നമ്മൾ പറിച്ചു മാറ്റി ജനപ്രിയതയുടെയും താര ആഘോഷങ്ങളുടെയും ഒരിടത്തേക്ക് മാറ്റി നടുകയാണ്. 

കലയെ സംബന്ധിച്ചിടത്തോളം അതിലെ ജനപ്രിയതയെയും വ്യവസായത്തെയും താര ആരാധനയെയും പരിപോഷിപ്പിക്കലല്ല ഒരു സർക്കാരിന്റെ കടമ. മലയാളത്തിൽ നിന്നും ലോകം ശ്രദ്ധിക്കുന്ന കലാമേന്മയുള്ള സിനിമകൾ നിർമ്മിക്കുവാനുള്ള ഒരു സാംസ്കാരിക അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. അത് മറന്ന് കേവലമായ വിനോദത്തിനും ജനപ്രിയതയ്ക്കും താര ശരീരങ്ങൾക്കും ജെയ് വിളിച്ച് കുഴലൂതാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ പൊതു ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നടത്തുന്ന പുരസ്‌കാര ദാനം എന്ന ഈ ഉത്സവം അവസാനിപ്പിക്കുന്നതാണ് നല്ലത് . സിനിമയ്ക്ക് അവാർഡുകൾ കൊടുത്തില്ലെങ്കിലും ഈ നാട്ടിൽ പ്രത്യേകിച്ച് കുഴപ്പം ഒന്നും സംഭവിക്കാനില്ല. കഴിഞ്ഞ ഗവണ്മെന്റ്റിന്റെ കാലത്തു തുടങ്ങിയ ഈ അവാർഡ് പുരസ്‌കാര ദാനത്തിന്റെ താര നിശയും കെട്ടുകാഴ്ചയും പുരോഗമന ആശയങ്ങൾ വെച്ച് പുലർത്തുന്ന ഒരു ഗവണ്മെന്റ്റും പിന്തുടർന്ന് പോകുന്നു എന്നത് ഒരു നല്ല സൂചന അല്ല . തീർച്ചയായും തിരുത്തലുകളും പുതിയ ചിന്തയും ഉണ്ടാകേണ്ടതുണ്ട്. അങ്ങനെ ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ…അടുത്ത തവണത്തെ തലശ്ശേരിയിൽ നടക്കാൻ പോകുന്ന സർക്കാർ ചലച്ചിത്ര പുരസ്‌കാര ദാന ആഘോഷങ്ങളിൽ ആരെങ്കിലുമൊക്കെ രക്ഷിക്കട്ടെ ആമേൻ …. ആഘോഷങ്ങൾക്ക് എല്ലാ താരങ്ങളെയും വിളിക്കാൻ മറക്കരുത് . പറ്റുമെങ്കിൽ ബോളിവുഡിൽ നിന്നും കൂടി താരങ്ങളെ കൊണ്ട് വന്ന് ആട്ടവും പാട്ടും ഉഷാറാക്കണം . റഷ്യയിൽ നിന്ന് നയന മോഹനമായ ഡാൻസ് കളിക്കുന്ന ആളുകളെ കൊണ്ട് വരണം. മിമിക്സ് പരേഡും ഒക്കെ കൂടുതൽ ഉഷാറാക്കണം. പറ്റിയാൽ കുറച്ചു സ്പോൺസേഴ്‌സിനെ ഒക്കെ പിടിച്ച് അവരുടെ പേര് കൂടി ഇടയ്ക്കിടെ പറഞ്ഞു റേറ്റിങ് കൂട്ടണം . എല്ലാ ടെലിവിഷൻ അവാർഡ് ഷോകളെയും നമുക്ക് കടത്തി വെട്ടണം… റേറ്റിങ്ങിൽ ഒന്നാമതാകണം അല്ല പിന്നെ….

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍