UPDATES

സിനിമ

‘പേരറിയാത്തവര്‍’ തീയേറ്ററില്‍; എന്നെ വിമര്‍ശിക്കുന്നത് അഭിപ്രായം പറയുന്നതുകൊണ്ട്- ഡോ. ബിജു/അഭിമുഖം

Avatar

ഡോ. ബിജു/ഷഫീദ് ഷെരീഫ്

നിരവധി ദേശീയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ പ്രദര്‍ശനം കഴിഞ്ഞ് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഡോ.ബിജുവിന്റെ ‘പേരറിയാത്തവര്‍’ തീയറ്ററില് എത്തുന്നത്. അധികമാരും സംസാരിച്ചിട്ടില്ലാത്ത സമൂഹത്തിന്‍റെ മുഖ്യധാരയില്‍നിന്നു മാറ്റി നിര്‍ത്തിയ ഒരു കൂട്ടം ജനങ്ങളുടെ കഥയാണ് സിനിമ സംവദിക്കുന്നത്. അതിജീവനത്തിന് വേണ്ടി നടന്ന മുത്തങ്ങാ സമരവും മൂലമ്പള്ളി കുടിയൊഴിപ്പിക്കല്‍ സമരവും തുടങ്ങി നിരവധി സമരങ്ങളെ സിനിമ ഓര്‍മപ്പെടുത്തുന്നു. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രന്‍സും കൃഷ്ണന്‍ ബാലകൃഷ്ണനും മാസ്റ്റര്‍ ഗോവര്‍ധനും തുടങ്ങി മികച്ച അഭിനേതാക്കളുടെ അമ്പരപ്പിക്കുന്ന പ്രകടനം കൂടിയാണ് ‘പേരറിയാത്തവര്‍’. മികച്ച ദേശീയ പരിസ്ഥിതി ചിത്രം, 2014-ല്‍ സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം, 13 അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു, ഇറാന്‍ ചലച്ചിത്രമേളയില്‍ മികച്ച നടനായി മാസ്റ്റര്‍ ഗോവര്‍ദ്ധനെ തിരഞ്ഞെടുത്തു, റഷ്യന്‍ മേളയില്‍ മികച്ച ക്യാമറാമാനായി എം.ജെ.രാധാകൃഷ്ണന് അംഗീകാരം ലഭിച്ചു. ഇത്രയുമാണ് ഈ രണ്ടു വര്‍ഷം കൊണ്ടു ‘പേരറിയാത്തവര്‍’ എന്ന സിനിമ നേടിയെടുത്ത പുരസ്കാരങ്ങള്‍. സിനിമയുടെ സംവിധായകന്‍ ഡോ.ബിജു അഴിമുഖത്തോട് സംസാരിക്കുന്നു.

ഷഫീദ്: നിരവധി മേളകളില്‍ പ്രദര്‍ശനം കഴിഞ്ഞു ‘പേരറിയാത്തവര്‍’ തീയറ്ററിലെത്തി, എന്താണ് പ്രേക്ഷക പ്രതികരണം?

ഡോ. ബിജു: നല്ല പ്രതികരണം തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നുള്ളത്. സിനിമയുടെ അവസാനത്തെ ടൈറ്റില്‍ വരെ പ്രേക്ഷകര്‍ ഇരുന്നു കാണുന്നു. അത്രയും നേരം വരെ കാണുന്നു, സിനിമ ഉള്‍കൊള്ളുന്നു എന്നതു വലിയകാര്യം തന്നെയാണ്. സിനിമ കണ്ടിറങ്ങിയ ആളുകള്‍ പറഞ്ഞതും ഇതു തന്നെയാണ്.

ഷ: നിരവധി അന്താരാഷ്‌ട്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു, എങ്ങനെയായിരുന്നു മറ്റു രാജ്യങ്ങളിലുള്ള പ്രേക്ഷകരുടെ വിലയിരുത്തല്‍?

ബി: മറ്റ് രാജ്യങ്ങളിലെ പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചത്. സിനിമയുടെ അവസാനം ഏതൊക്കെ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ചെയ്തിട്ടുള്ളത് എന്നു കാണിക്കുന്ന ഭാഗവും കണ്ടതിനു ശേഷം മാത്രമാണ് എല്ലാവരും തീയറ്റര്‍ വിടുന്നത്, പ്രേക്ഷകനിലേക്ക് സിനിമ എത്തിയെന്നുള്ളതിന്റെ തെളിവാണിത്. പ്രത്യേകിച്ച് ഒരു ഗ്ലോബല്‍ വിഷയം സിനിമ സംസാരിക്കുന്നത് കൊണ്ടാണിത്. റഷ്യന്‍ ചലച്ചിത്രമേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന സമയത്ത് അവിടെയുള്ള പ്രായമായ സ്ത്രീകള്‍ വൈകാരികമായി ആസ്വദിക്കുകയും അഭിപ്രായം പറയുകയും ചെയ്തു. റഷ്യന്‍ വിപ്ലവത്തിനു ശേഷവും കമ്മ്യുണിസത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷവും ഭൂമി നഷ്ടപ്പെട്ടവരാണ് അവര്‍. ഭൂമി നഷ്ടപ്പെടല്‍, ജോലിയുടെ സുരക്ഷിതത്വമില്ലായ്മ തുടങ്ങി അവര്‍ക്ക് പരിചിതമായ കാര്യങ്ങളെ സിനിമ സംസാരിക്കുന്നതുകൊണ്ട് അവരിലേക്ക്‌ സിനിമയ്ക്കു എളുപ്പത്തില്‍ എത്താന്‍ കഴിഞ്ഞു. എല്ലാ രാജ്യങ്ങളിലും ഈ പ്രശ്നങ്ങളെല്ലാമുണ്ട്. അതിനാല്‍ എവിടെയും റിലേറ്റ് ചെയ്യാന്‍ സാധിക്കും.

ഷ: സിനിമ രണ്ടു വര്‍ഷത്തിനു ശേഷമാണ് റിലീസ് ചെയ്തത്. എന്തായിരുന്നു റിലീസ് വൈകാന്‍ കാരണം?

ബി: പല വിധ പ്രശ്നങ്ങളുണ്ടായിരുന്നു. പി.വി.ആറില്‍ ഇന്ത്യയിലെ 8 മെട്രോ നഗരങ്ങളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു. കുറച്ചു കൂടി വ്യാപകമായി റിലീസ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. പിന്നെ ഇത്തരത്തിലേക്കുള്ള ലിമിറ്റഡ് റിലീസിലേക്ക് എത്തിപ്പെട്ടു. ഇതൊന്നും മനഃപൂര്‍വമല്ല. ഞാനും മറ്റു പല പ്രോജക്റ്റുകളുടെയും തിരക്കിലായിരുന്നു, നിര്‍മ്മാതാവും തിരക്കിലായി പോയി. സ്വാഭാവികമായും തീയറ്റര്‍ കിട്ടാനുള്ള ബുദ്ധിമുട്ടുമുണ്ടായിരുന്നു.

ഷ: നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍, അവരുടെ പ്രശ്നങ്ങള്‍, പിന്നെ പരിസ്ഥിതി. സംവിധായകന്‍ എന്ന നിലയില്‍ സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച്?

ബി: കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ കേരളത്തിലെ രാഷ്ട്രീയവും സാമൂഹികവുമായ പല വിഷയവും സിനിമ പരാമര്‍ശിക്കുന്നുണ്ട്. മുത്തങ്ങ സമരം, മൂലമ്പള്ളി കുടിയൊഴിപ്പിക്കല്‍ സമരം അങ്ങനെ ചെറുത്തു നില്‍പ്പിന്‍റെ പല സമരങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാന്തവത്ക്കരിക്കപ്പെട്ട  ജനങ്ങളുടെ സമരങ്ങളും സഹനങ്ങളുമാണ് ചിത്രത്തിലുള്ളത്, അല്ലെങ്കില്‍ അവരുടെ ജീവിതമാണ് സിനിമ ഉള്‍ക്കൊള്ളുന്നത്.

ഷ: മുഖ്യധാരാ കൊമേഴ്സ്യല്‍ സിനിമകള്‍ രാഷ്ട്രീയം സംസാരിക്കാന്‍ മടികാട്ടുന്നുണ്ടോ?

ബി: കൊമേഴ്സ്യല്‍ സിനിമകള്‍ എപ്പോഴും സേഫ് സോണിലുള്ള സിനിമകളാണ്. അവര്‍ക്കു പ്രധാന വിഷയം എന്റര്‍ടെയ്ന്‍മെന്‍റ് ആണ്. അതിന്‍റെ ഭാഗമായി രാഷ്ട്രീയത്തെ സമീപിക്കുന്നുണ്ടാവാം. പക്ഷെ അങ്ങനെയല്ല വേണ്ടത്. മുഖ്യധാരയ്ക്ക് ഒരിക്കലും രാഷ്ട്രീയം പറയാനോ കാണിക്കാനോ, രേഖപ്പെടുത്താനോ കഴിയും എന്നെനിക്കു തോന്നുന്നില്ല.

: സുരാജ് വെഞ്ഞാറമൂടെന്ന ഹാസ്യതാരത്തിന്‍റെ പരിമിതിയെ സിനിമ മറികടക്കുന്നതെങ്ങനെയാണ്?

ബി: സുരാജിനെ ഒരു ഹാസ്യതാരമാക്കിയത് ഈ കൊമേഴ്സ്യല്‍ ഇന്‍ഡസ്ട്രിയാണ്. സുരാജ് പ്രതിഭയുള്ള, അഭിനയിക്കാന്‍ കഴിവുള്ള മികച്ച നടനാണ്‌. സുരാജ് മാത്രമല്ല, ഇന്ദ്രന്‍സായാലും അങ്ങനെ തന്നെ. ഇവരെയൊക്കെ ഹാസ്യതാരം മാത്രമാക്കി ഒതുക്കിയിട്ടുണ്ടെങ്കില്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വവും കൊമേഴ്സ്യല്‍ സിനിമയ്ക്കാണ്.  

: പേരറിയാത്തവരില്‍ സുരാജ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. അതോടൊപ്പം മുഖ്യധാരാസിനിമകള്‍ അധികം ഉപയോഗിച്ചിട്ടില്ലാത്ത കൃഷ്ണന്‍ ബാലകൃഷ്ണനെ പോലെയുള്ളവരുമുണ്ട്. ഒരു കൊമേഴ്സ്യല്‍ ബാലന്‍സിംഗ് ആണോ ?

ബി: മുഖ്യധാരയിലുള്ള അഭിനേതാക്കളെ കൂടുതലായി ഉപയോഗിക്കുന്ന ഒരാളാണ് ഞാന്‍. അതിനോടൊപ്പം തന്നെ കൃഷ്ണന്‍ ബാലകൃഷ്ണനെ പോലെയുള്ള നാടക പശ്ചാത്തലമുള്ള, മുഖ്യധാര അധികം ഉപയോഗിച്ചിട്ടില്ലാത്ത വളരെ ക്രാഫ്റ്റുള്ള നടന്മാരെയും ഞാന്‍ സിനിമയില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇതൊരു തരം ബാലന്‍സിംഗ് ആണ്. അതുപോലെ തന്നെ ടെക്നിക്കല്‍ കോംപ്രമൈസും ഞാന്‍ നടത്താറില്ല. അങ്ങനെയുള്ളപ്പോള്‍ ചെറിയ ബഡ്ജറ്റില്‍ നമുക്കു ഒതുങ്ങാന്‍ കഴിയില്ല. സിനിമയ്ക്ക്‌ ആവശ്യമായ സമയം, ടെക്നോളജി എന്നിവ ഉപയോഗിച്ച് വളരെ പെര്‍ഫെക്റ്റ്‌ ആയി ചെയ്യുമ്പോള്‍ നമുക്കു ബഡ്ജറ്റ് ആവശ്യമായി വരും. അങ്ങനെയുള്ളപ്പോള്‍ മുഖ്യധാരയിലുള്ള താരങ്ങളുടെ സാന്നിധ്യം വേണം. അതൊരിക്കലും വിട്ടുവീഴ്ചയല്ല. മുഖ്യധാരാ ചിത്രത്തിലല്ല അവര്‍ സഹകരിക്കുന്നത്. അവര്‍ നമ്മുടെ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാണെങ്കില്‍, നമ്മള്‍ കൊടുക്കുന്ന പ്രതിഫലത്തിലേക്കു വരാന്‍ തയ്യാറാണെങ്കില്‍ നമ്മള്‍ അവരെ ഉപയോഗപ്പെടുത്തുന്നു എന്നുള്ളതാണ്. പണം മുടക്കുന്ന നിര്‍മ്മാതാവിനു കുറച്ചെങ്കിലും തിരിച്ചു കിട്ടണമെന്ന ഉത്തരവാദിത്വം നമുക്കുണ്ട്. അതിനു താരസാന്നിധ്യം സഹായിക്കാറുമുണ്ട്.

ഷ: കഴിഞ്ഞ രണ്ടു അന്താരാഷ്‌ട്ര ചലച്ചിത്രോത്സവങ്ങള്‍ക്ക് ശേഷം സമാന്തര സിനിമകള്‍ക്ക്‌ പുതിയ പ്ലാറ്റ്ഫോം ലഭിച്ചുവെന്ന് വാദിക്കുന്നവരുണ്ട്. ഈ അഭിപ്രായത്തോടുള്ള പ്രതികരണം?

ബി: സമാന്തര സിനിമകള്‍ക്ക്‌ വലിയ പ്ലാറ്റ്ഫോം ഒന്നുമില്ല. നമ്മുക്ക് പരിശോധിച്ചാല്‍ മനസ്സിലാകും. സര്‍ക്കാര്‍ തീയറ്ററുകളില്‍ മാത്രമാണ് സമാന്തര സിനിമകള്‍ക്ക്‌ കൂടുതല്‍ സ്വീകരണം കിട്ടിയിട്ടുള്ളതും അവിടെയാണ് കൂടുതല്‍ സിനിമകള്‍ റിലീസ് ചെയ്യുന്നതും. മറ്റു സ്വകാര്യ തീയറ്ററുകളില്‍ സമാന്തര സിനിമകള്‍ ഒറ്റപ്പെട്ട വിജയം നേടിയിട്ടുണ്ടെങ്കില്‍ വളരെ കഠിനമായ ശ്രമങ്ങളുടെ ഫലമായിട്ടാണ്. അങ്ങനെയുള്ള ശ്രമങ്ങള്‍ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള വിജയങ്ങളെ പൊതു സ്വഭാവമായി കാണാനും കഴിയില്ല. നമുക്കു വേണ്ടത് സ്വാഭാവികമായി പ്രേക്ഷകനെ തീയറ്ററില്‍ എത്തിക്കാന്‍ കഴിയുക എന്നതാണ്.

ഷ: കമല്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തേക്ക് എത്തുമ്പോഴുള്ള പ്രതീക്ഷകള്‍?

ബി: കമല്‍ വരുമ്പോള്‍ നമുക്കു കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമിരുന്ന ചെയര്‍മാന്‍മാരേക്കാളും കുറച്ചു കൂടി പ്രതീക്ഷയുണ്ട്. അതിന്‍റെ കാരണം അദ്ദേഹം മുഖ്യധാരയില്‍ നില്‍ക്കുമ്പോള്‍ തന്നെ സമാന്തര സിനിമയോട് താല്പര്യമുള്ള, സമാന്തര സിനിമകള്‍ ചെയ്തിട്ടുള്ള ഒരാളാണ്. മാത്രമല്ല കാര്യങ്ങള്‍ പറഞ്ഞാല്‍ അതു കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരാളാണ്. 

ഷ: എന്തു കൊണ്ടായിരിക്കാം ഡോ.ബിജുവിനെതിരെ ഇത്രയധികം വിമര്‍ശങ്ങള്‍ ഉണ്ടാകുന്നത്?

ബി: അതൊരു പക്ഷെ വിമര്‍ശനാത്മകമായി ഞാന്‍ ഒരുപാടു കാര്യങ്ങള്‍ പറയുകയും എഴുതുകയും ചെയ്യുന്നതു കൊണ്ടാകാം. അതു പലര്‍ക്കും ഇഷ്ടപ്പെടണമെന്നുണ്ടാവില്ല. നല്ല സിനിമയ്ക്കു ഗുണകരമാവില്ല എന്നു തോന്നുന്ന കാര്യങ്ങള്‍ ആരുടേയും മുഖത്തു നോക്കി പറയാന്‍ ഞാന്‍ മടി കാട്ടാറില്ല. അത് പല കോണുകളിലും അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. സമാന്തര സിനിമയില്‍ പലപ്പോഴും പല തലതൊട്ടപ്പന്മാരുണ്ട്. നമ്മള്‍ ഓരോ സിനിമകള്‍ ചെയ്യുമ്പോഴും അവരെ പ്ലീസ് ചെയ്യുന്ന അല്ലെങ്കില്‍ അവരെ കണ്‍സള്‍ട്ട് ചെയ്യുന്ന രീതി നിലവിലുണ്ട്. പക്ഷെ ഞാന്‍ അതു ചെയ്യാറില്ല.അതു കൊണ്ടാവാം അല്ലെങ്കില്‍ എന്‍റെ തുറന്ന പ്രതികരണങ്ങള്‍ കൊണ്ടാവാം. 

(മാധ്യമവിദ്യാര്‍ത്ഥിയാണ് ഷഫീദ് ഷെരീഫ്‌)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍