UPDATES

സിനിമ

പരാജയപ്പെടുന്ന ഭരണകൂടങ്ങളാണ് മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്നത്: ഡോ. ബിജു/ അഭിമുഖം

മാവോയിസ്റ്റുകളെ മാത്രം പിന്തുടര്‍ന്നു കൊല്ലുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കുന്നത്? ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്ര പേരെ കൊന്നിട്ടുണ്ട്? ഈ രാഷ്ട്രീയ പാര്‍ട്ടികളെയല്ലേ ആദ്യം നിരോധിക്കേണ്ടത്? മറ്റുരാഷ്ട്രീയ കൊലകള്‍ വെച്ച് നോക്കുമ്പോള്‍ മാവോയിസ്റ്റ് ആരെയാണ് കൊല്ലുന്നത്?

ഡോ. ബിജു സംവിധാനം ചെയ്ത ‘കാട് പൂക്കുന്ന നേരം’ ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ട രണ്ട് മലയാള ചലച്ചിത്രങ്ങളിലൊന്നാണ്. കൂടാതെ ഈ ചിത്രം പല അന്താരാഷ്ട്ര
ചലച്ചിത്രമേളകളിലും പ്രദര്‍ശിപ്പിക്കുകയും പ്രശംസ നേടുകയും ചെയ്തതാണ്. മോണ്‍ട്രിയല്‍ ചലച്ചിത്ര മേള, യൂറേഷ്യ അന്താരാഷ്ട്ര ചലച്ചിത്ര മേള, ഓസ്‌ട്രേലിയയിലെ ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡ് തുടങ്ങിയവയില്‍ മത്സരവിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്ന ചിത്രത്തെക്കുറിച്ച് ഡോ.ബിജുവുമായിഅഴിമുഖം പ്രതിനിധി പ്രണവ് പിവിയോട് നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്

പ്രണവ്:കാടുപൂക്കുന്ന നേരത്തിന് ഐഎഫ്എഫ്‌കെയില്‍ വലിയ സ്വീകാര്യതയാണ് കിട്ടിയത്?
ബിജു:ഐ എഫ് എഫ് കെ  പ്രേക്ഷകരില്‍ വലിയ വിശ്വാസമുണ്ട്. അവര്‍ സാംസ്‌കാരികമായും രാഷ്ട്രീയമായും അവബോധമുള്ളവരാണ്. അതുകൊണ്ട് തന്നെ ഫെസ്റ്റിവലിന് കിട്ടുന്ന അംഗീകാരം തന്നെയാണ് പുറത്തു നിന്നും ലഭിക്കുന്ന കയ്യടിയേക്കാള്‍ എനിക്ക് സന്തോഷം. അവരുടെ മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് കൊണ്ടും ചിത്രം വളരെ ശക്തമായ് അതിന്റെ വിഷയം സംസാരിക്കുന്നതു കൊണ്ടും വലിയ പ്രേക്ഷക സ്വീകാര്യത ലഭിക്കും എന്ന പ്രതീക്ഷ തെറ്റിയില്ല.

dr-biju-jpg

പ്ര: യു എ പി എ-യുടെയും മാവോയിസത്തിന്റെയും പശ്ചാലത്തില്‍ ഒരു സിനിമ എടുക്കാന്‍ പ്രേരിപ്പിച്ചതെന്താണ്?
ബി:യു എ പി എ-യുമായ് ബന്ധപ്പെട്ട് കേരളത്തില്‍ 200-ല്‍ പരം ആള്‍ക്കാരെ അറസ്റ്റു ചെയ്തു. മാവോയിസ്റ്റ് വിഷയവുമായ് അനുബന്ധിച്ച് ഛത്തീസ്ഗഡ്‌ ഉള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളിലുമുണ്ടായ ഏറ്റുമുട്ടലുകളും വ്യാജമാണ്. ഈ വിഷയങ്ങളെ പരിചയപ്പെടുത്തുന്ന ഒരു സിനിമയുണ്ടാകണമെന്ന് തോന്നിയിരുന്നു. യു എ പി എ പോലുള്ള നിയമങ്ങള്‍ നടപ്പാക്കുക എന്നത് ജനാധിപത്യ വിരുദ്ധമാണ്. സിനിമ എന്ന മാധ്യമത്തിലൂടെ ഇക്കാര്യങ്ങള്‍ സംസാരിക്കേണ്ടതുണ്ടെന്നു തോന്നിയതിനാലാണ് ഇങ്ങനൊരു വിഷയത്തിലേക്കെത്തിയത്. ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുകയും, പ്രശ്‌നങ്ങള്‍ ആത്മാര്‍ഥമായ് പരിഹരിക്കാ അവസരമുണ്ടാക്കുകയുമാണ് ലക്ഷ്യം.


പ്ര:
സിനിമയില്‍ നായകന്റെയും നായികയുടെയും പേര് പരാമര്‍ശിക്കാത്തിരുന്നത് ബോധപൂര്‍വമായിരുന്നോ?
ബി:രണ്ടുപേരും രണ്ടു പ്രത്യയശാസ്ത്രമാണ് പ്രതിനിധാനം ചെയ്യുന്നത്. നായകനായ ഇന്ദ്രജിത്തിന്റെ കഥാപാത്രം കൃത്യമായ് ഭരണകൂടത്തെയാണ് പ്രതിനിധീകരിക്കുന്നത്. റിമയുടെ കഥാപാത്രം മാവോയിസ്‌റുകളെയോ ആക്ടിവിസ്റ്റുകളെയോ പ്രതിനിധാനം ചെയ്യുന്നു. ഈ കഥാപാത്രങ്ങള്‍ക്ക് പേരിന്റെ ആവശ്യമില്ലെന്നും അത് ഇല്ലാതിരിക്കുന്നതുമാണ് ഭംഗി എന്നെനിക്കു തോന്നി.

പ്ര:യാദൃശ്ചികവുമാകാം ഈ പടം പ്രദര്‍ശിപ്പികുന്ന സമയത്താണ് മാവോയിസ്‌റ് വേട്ട മുമ്പത്തോക്കാള്‍ കൂടുതല്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്.  രാഷ്ട്രീയമായ് ഇതിന്റെ പ്രസക്തി കൂടുകയാണോ?
ബി:യു എ പി എ നിയമം നിലനില്‍ക്കുന്നടത്തോളം കാലം, മാവോയിസ്റ്റുകളെ അക്രമരാഷ്ട്രീയത്തിന്റെ ചിഹ്നങ്ങളായ് മുദ്രകുന്നിടത്തോളം കാലം, അവരുടെ ഭാഗത്തുനിന്നും അവരുടെ ഭാഷ്യം കേള്‍ക്കാന്‍ അവസരം കിട്ടാത്തിടത്തോളം കാലം, മാവോയിസ്റ്റുകളെ രാഷ്ട്രീയമായ് തന്നെ ഉന്മൂലനം ചെയ്യണമെന്ന ബോധത്തോടു കൂടി ഗവണ്മെന്റ് പ്രവര്‍ത്തിക്കുന്നിടത്തോളം കാലം ഈയൊരു വിഷയം പ്രസക്തമായ് തന്നെ നിലനില്‍ക്കും.

പ്ര:മറ്റു സംസ്ഥാനങ്ങളെപ്പോലെ ‘സംസ്ഥാനം നടപ്പാക്കുന്ന കൊലപാതകം’-ത്തിന്റെ (state sponsored killing) വലിയൊരു ചരിത്രം നമുക്കും പറയാനില്ലേ?
ബി:കൊല്ലം പോലുള്ള സ്ഥലങ്ങളില്‍ അടുത്തിടെ സംഭവിച്ച ലോക്കപ്പ് മരണങ്ങള്‍ പോലും  state sponsored killing ആണ്. പോലീസിനു എങ്ങനെയാണ് നിയമം കയ്യിലെടുക്കാന്‍ സാധിക്കുന്നത്. ആരാണ് അവരെ അക്രമ ദല്ലാളുകളാക്കിയത്? നിയമപരമായ് ശിക്ഷയ്ക്ക് വിധേയനാകാന്‍ എന്നല്ലാതെ അവരെ തല്ലാനുള്ള അവകാശം ആരാണ് കൊടുത്തത്? ഇത് ജനാധിപത്യ, ഭരണഘടനാ വിരുദ്ധമാണ്. പോലീസുകാരെ നിയമപാലകരായിവ്യാഖ്യാനിക്കുന്ന കാലമല്ലാതായിരിക്കുന്നു. ഏതൊരാളുടേയും നിയമപരമായ അവകാശങ്ങളെ സംരക്ഷിക്കേണ്ട ഒരു അഭയകേന്ദ്രമായാണ് പോലീസ് സ്റ്റേഷന്‍ മാറേണ്ടത്. കേരളത്തില്‍ മാവോയിസ്റ്റുകള്‍ വലിയ കൂട്ടകൊലയൊന്നും നടത്തിയിട്ടില്ല. അവര്‍ കാട്ടിനുള്ളില്‍ പ്രസംഗങ്ങള്‍ നടത്തി, സമ്മേളനങ്ങള്‍ നടത്തി,ലഘുലേഖ പ്രസിദ്ധീകരിച്ചു. ഈ കുറ്റങ്ങളൊക്കെ ആരോപിച്ചാണ് ഇവരെ വേട്ടയാടുന്നത്. അമ്പലങ്ങളിലും പള്ളികളിലും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ആയുധ പരിശീലനം ചെയ്യുന്ന നാട്ടില്‍ ഇവര്‍ കാട്ടിനുള്ളില്‍ ആയുധ പരിശീലനം നടത്തി. അങ്ങനെയുള്ള സ്ഥലത്തു മാവോയിസ്റ്റുകളെ മാത്രം പിന്തുടര്‍ന്നു കൊല്ലുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കുന്നത്? ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്ര പേരെ കൊന്നിട്ടുണ്ട്? ഈ രാഷ്ട്രീയ പാര്‍ട്ടികളെയല്ലേ ആദ്യം നിരോധിക്കേണ്ടത്? മറ്റുരാഷ്ട്രീയ കൊലകള്‍ വെച്ച് നോക്കുമ്പോള്‍ മാവോയിസ്റ്റ് ആരെയാണ് കൊല്ലുന്നത്?

മാവോയിസ്റ്റുകളെ സാമൂഹികമായ് അംഗീകരിക്കുകയും അക്രമങ്ങളില്‍ നിന്നും മാറ്റിയെടുത്തു ഒരു പൊതു ധാരയിലേക്ക്, ജനാധിപത്യ ബോധത്തിലേക്ക് കൊണ്ടുവരാനുള്ള ഒരു രാഷ്ട്രീയ അന്തരീക്ഷമല്ലേ ഒരുക്കേണ്ടത്?കോണ്‍ഗ്രസ്‌, സിപിഎം തുടങ്ങിയ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതിന്റെ പ്രവര്‍ത്തന ഘട്ടത്തില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. നിരോധിക്കപെട്ട പാര്‍ട്ടികളാണ് എന്ന് പറഞ്ഞു അന്ന് അവരുടെ നേതാക്കന്മാരെ കൊന്നിരുന്നെങ്കില്‍ ഇന്ന് ഭരിക്കാനായ് ആരുമുണ്ടാവില്ലായിരുന്നു.

kadu-01



പ്ര:
ചരിത്രം പരിശോധിക്കുകയാണെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയത്തിന്റെ ഫലമായാണ്‌ മാവോയിസ്റ്റ് എന്ന സംഘടനയുണ്ടാകുന്നത്. അപ്പോള്‍ ഇടത് രാഷ്ട്രീയ സാഹചര്യങ്ങളല്ലേ ഇവരുടെ രൂപീകരണത്തിന് കാരണമായത്?
ബി:മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന മേഖല ആദിവാസി കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ്. ആദിവാസി കേന്ദ്രങ്ങളില്‍ ഭരണകൂടങ്ങള്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തിരുന്നുവെങ്കില്‍, ആദിവാസി വിഭാഗത്തിലെ ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയിരുന്നെങ്കില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക് ഒരു സാധ്യതയും ഉണ്ടാവില്ലായിരുന്നു. അടിസ്ഥാന വര്‍ഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഭരണകൂടത്തിന്റെ പരാജയമാണ് മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്നത്.

പ്ര: ഉത്തരേന്ത്യയില്‍ മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ കാരണം വിദ്യാഭ്യാസം മുടങ്ങിയ, ജീവിതം വഴിമുട്ടിയ ഒരുപാട് ആദിവാസികളുണ്ട്. അപ്പോള്‍ അവരുടെ ജീവന് ആര് മറുപടി പറയും എന്നത് ഭരണകൂടത്തിന്റെ ന്യായമായ ചോദ്യമല്ലേ?
ബി:ഭരണകൂടത്തോട് തിരിച്ചും ചോദ്യങ്ങളുണ്ട്. ഇവിടെ ചികിത്സ കിട്ടാതെ മരിച്ചുപോകുന്ന ആദിവാസികളുണ്ട്, വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുണ്ട്, പട്ടിണി കിടന്ന് മരിക്കുന്നവരുണ്ട്. അവര്‍ക്കു വേണ്ടി ഭരണകൂടത്തിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. അവരുടെ പട്ടിണി മാറ്റാനാകുന്നില്ല. ആദിവാസി മേഖലയില്‍ അവര്‍ക്കു ഫലപ്രദമായ് ഇടപെടാന്‍ സാധിക്കുന്നില്ല. ഭരണകൂടത്തിന്റെ ഹിപ്പോക്രസി തന്നെയാണ് പ്രകടമാകുന്നത്. അഴിമതികളാണ് പ്രശ്‌നങ്ങള്‍ കലുഷിതമാക്കുന്നത്, മാവോയിസ്റ്റ് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.

പ്ര:ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍, ദേശീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍…എന്താണ് അഭിപ്രായം?
ബി:ദേശീയത അടിച്ചേല്‍പിക്കേണ്ട ഒന്നല്ല, സ്വയമുണ്ടാവേണ്ടതാണ്. ദേശീയ ഗാനം ചൊല്ലാനും എഴുന്നേറ്റു നില്‍ക്കാനും വിമുഖതയുള്ളവരല്ല നമ്മളാരും. പക്ഷെ ഇതുപോലെ അടിച്ചേല്‍പ്പിക്കുന്ന ഫാസിസ്റ്റു നിലപാടുണ്ടാവുമ്പോഴാണ് വിമുഖതയുണ്ടാവുന്നത്. ഇപ്പോള്‍ ദേശീയ ഗാനം ചൊല്ലുമ്പോള്‍ എഴുന്നേല്‍ക്കാതിരിക്കുന്നുണ്ടെങ്കില്‍ ഫാസിസ്റ്റു നിലപാടിലൂടെ അനുസരിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെയുള്ളൊരു നിലപാടുമാത്രമാണ്.

പ്ര:21-മത് ഐ എഫ് എഫ് കെ, കൈരളി തിയേറ്ററിലെ അയ്യപ്പന്‍ പടവുകള്‍?
ബി:കൈരളിയുടെ അയ്യപ്പന്‍ പടവുകള്‍ ഒഴിഞ്ഞു ടാഗോര്‍ തീയേറ്ററിയിലേക്ക് വരുകയാണ്. ടാഗോര്‍ വിശാലമായ സ്ഥല സൗകര്യം തന്നെയുണ്ട്. ആള്‍ക്കാര്‍ക്കു കൂടിച്ചേരാനുള്ള അവസരവും വലുതാകുന്നുണ്ട്. കൈരളിയില്‍ നഷ്ടമായ ഇടം ടാഗോറില്‍ പുനഃസൃഷ്ടിക്കാന്‍ കഴിയും.

ചലച്ചിത്ര മേളയെ വിലയിരുത്തേണ്ടത് കാണിക്കുന്ന സിനിമകളുടെ നിലവാരം കണക്കിലെടുത്താണ്. വളരെ നല്ല നിലവാരം പുലര്‍ത്തിയ സിനിമകള്‍ തന്നെയാണ് ഇത്തവണ പ്രദര്‍ശിപ്പിച്ചത് എന്ന വസ്തുത നോക്കുമ്പോള്‍ ഇതൊരു വിജയം തന്നെയാണ്. കൃത്യമായ ഒരു ഫെസ്റ്റിവല്‍ കോംപ്ലക്‌സില്ലാതെ ഇത്രയധികം ഡെലിഗേറ്റുകളെ വെച്ച് ഒരു ചലച്ചിത്രോത്സവം നടത്തിക്കൊണ്ടു പോവുക ബുദ്ധിമുട്ടാണ്. എന്നിട്ടും വലിയ പരാതികളൊന്നും തന്നെ ഉണ്ടായിട്ടില്ല. റിസര്‍വേഷന്‍ എന്ന സംവിധാനത്തില്‍ വിയോജിപ്പുണ്ട്. പുറത്തു നിന്നും വരുന്ന പല അഥിതികള്‍ക്കും അതാത് സിനിമയെ പ്രതിനിധീകരിച്ചു വരുന്നവര്‍ക്കും റിസര്‍വേഷന്‍ സൗകര്യമൊരുക്കുന്നതില്‍ തെറ്റില്ല. അതിനെ മറ്റൊരു ഡെലിഗേറ്റും എതിര്‍ക്കുമെന്നും തോന്നുന്നില്ല. അല്ലാത്ത പക്ഷം നോക്കുകയാണെങ്കില്‍ ഡെലിഗേറ്റ്‌സ് തന്നെയാണ് ചലച്ചിത്രോത്സവത്തില്‍ അതിഥികള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍