UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആഞ്ഞടിച്ച് വീണ്ടും മന്‍മോഹന്‍ സിംഗ്; യുദ്ധകാലത്ത് മനുഷ്യര്‍ റേഷന്‍ പോലെ കിട്ടുന്ന ഭക്ഷണത്തിന് ക്യൂ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്; മോദിയുടേത് വന്‍ ദുരന്തം

Avatar

അഴിമുഖം പ്രതിനിധി

നോട്ട് നിരോധനം നടപ്പാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിനെ വീണ്ടും കടന്നാക്രമിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. തങ്ങളുടെ വേതനം പണമായി വാങ്ങിയിരുന്ന സത്യസന്ധരായ ഇന്ത്യക്കാര്‍ക്ക് കടുത്ത മുറിവേല്‍പ്പിക്കുക മാത്രമാണ് നോട്ട് നിരോധനം കൊണ്ടുണ്ടായിട്ടുള്ളതെന്നും എന്നാല്‍ കള്ളപ്പണക്കാര്‍ ചെറിയ ബുദ്ധിമുട്ടുകള്‍ മാത്രം സഹിച്ച് രക്ഷപെടുമെന്നും ദി ഹിന്ദു ദിനപത്രത്തിലെഴുതിയ Making of Mammoth Tragedy എന്ന ലേഖനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ രാജ്യസഭയില്‍ നടത്തിയ പ്രസംഗഗത്തില്‍ സര്‍ക്കാരിന്റെ നടപടി ചരിത്രപരമായ കെടുകാര്യസ്ഥതയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.

 

“money is an idea that inspires confidence”എന്നു പറയാറുണ്ട്. എന്നാല്‍ നവംബര്‍ ഒമ്പതിനുണ്ടായ ഒറ്റ പ്രഖ്യാപനത്തിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആത്മവിശ്വാസമാണ് പ്രാധാനമന്ത്രി തല്ലിക്കെടുത്തിയതെന്ന്‍ മന്‍മോഹന്‍ സിംഗ് പറയുന്നു. 500, 1000 നോട്ടുകളിലുള്ള 85 ശതമാനം നോട്ടുകളും ഒറ്റ രാത്രികൊണ്ട് അസാധുവാകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങളെയും തങ്ങളുടെ പണത്തേയും സംരക്ഷിക്കുമെന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസത്തേയും ആത്മവിശ്വാസത്തേയുമാണ് അത്തരത്തിലുള്ള എടുത്തുചാട്ടത്തിലൂടെ ഇല്ലാതാക്കിയതെന്നും അദ്ദേഹം പറയുന്നു.

 

കള്ളപ്പണം ഇല്ലാതാക്കാനും അതിര്‍ത്തിക്കപ്പുറത്തുള്ള ശത്രുക്കള്‍ ഉണ്ടാക്കുന്ന വ്യാജനോട്ടുകള്‍ തടയാനുമാണ് പദ്ധതിയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഈ ഉദ്ദേശങ്ങള്‍ തീര്‍ച്ചയായും മാനിക്കപ്പെടേണ്ടതും പിന്തുണയ്‌ക്കേണ്ടതുമാണ്. എന്നാല്‍ ഒറ്റയടിക്കുള്ള പ്രഖ്യാപനത്തിലൂടെ നോട്ടുകള്‍ നിരോധിച്ചതിലൂടെ ഉണ്ടാക്കിയത് “എല്ലാ നോട്ടുകളും കള്ളപ്പണമാണ്, എല്ലാ കള്ളപ്പണവും നോട്ടുകളിലാണ്” എന്ന വ്യാജ പ്രതീതിയാണ്. എന്നാല്‍ അതല്ല യാഥാര്‍ഥ്യമെന്നും അദ്ദേഹം പറയുന്നു.

 

ഇന്ത്യന്‍ തൊഴില്‍ മേഖലയുടെ 90 ശതമാനവും തങ്ങളുടെ വേതനം വാങ്ങുന്നത് കറന്‍സിയിലൂടെയാണ്. കാര്‍ഷിക മേഖലയിലൂം നിര്‍മാണ മേഖലയിലുമൊക്കെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പേര്‍ ഇതില്‍ ഉള്‍പ്പെടും. 2001-നു ശേഷം ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള ബാങ്കുകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള 60 കോടി ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും ബാങ്ക് സൗകര്യങ്ങളില്ല. ഈ ജനങ്ങളുടെ ജീവിതത്തെ ഉറപ്പിച്ചു നിര്‍ത്തുന്നത് പണമാണ്. മൂല്യമുള്ള പണം കൈപ്പറ്റുന്നതുവഴിയാണ് അവര്‍ ജീവിതത്തെ നിലനിര്‍ത്താന്‍ ആശ്രയിക്കുന്നത്. അവര്‍ അവരുടെ സമ്പാദ്യം പണമായിത്തന്നെ കൂട്ടിവയ്ക്കുന്നു, അത് 500, 1000 രൂപാ നോട്ടുകളിലാവാം. എന്നാല്‍ ഈ പണം മുഴുവന്‍ കള്ളപ്പണമാണെന്ന് വരുത്തിത്തീര്‍ക്കുകയും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം അലങ്കോലപ്പെടുത്തുകയും മാത്രം ചെയ്തിട്ടുള്ള വന്‍ ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഭൂരിഭാഗം ഇന്ത്യക്കാരും സമ്പാദിക്കുന്നതും വിനിമയം ചെയ്യുന്നതും സൂക്ഷിച്ചുവയ്ക്കുന്നതും നോട്ടുകളായാണ്. അത് നിയമപരമായിത്തന്നെയാണ്. ഒരു പരമാധികാര രാജ്യത്ത്
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരു സര്‍ക്കാരിന്റെ അടിസ്ഥാനപരമായ കടമായാണ് അവിടുത്തെ ജനങ്ങളുടെ അവകാശങ്ങളും ജീവിതവും സംരക്ഷിക്കുക എന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഈ തീരുമാനം ആ അടിസ്ഥാന കടമയെ അതിലംഘിച്ചിരിക്കുന്നുവെന്നും മന്‍മോഹന്‍ സിംഗ് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

 

കള്ളപ്പണം പലപ്പോഴും ഭൂമി, സ്വര്‍ണം, ഫോറിന്‍ എക്‌സ്‌ചേഞ്ച് എന്നീ രൂപത്തിലാണെന്നും ഇക്കാര്യം തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ചൂണ്ടിക്കാണിക്കുന്ന മന്‍മോഹന്‍ സിംഗ്, മുമ്പുണ്ടായിട്ടുള്ള എല്ലാ സര്‍ക്കാരുകളും വിവിധ ഏജന്‍സികള്‍ വഴി ഇത് ഇല്ലായ്മ ചെയ്യാന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ലേഖനത്തില്‍ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ അത്തരം നടപടികള്‍ ഉണ്ടായിട്ടുള്ളത് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് സംശയിക്കപ്പെടുന്നവരുടെ പേരിലാണ്, അല്ലാതെ മുഴുവന്‍ ജനങ്ങളുടേയും പേരില്‍ നടപടിയെടുത്തല്ല. വളരെ ചെറിയൊരു ശതമാനം ഒഴിച്ചാല്‍ കള്ളപ്പണം സൂക്ഷിച്ചുവച്ചിരിക്കുന്നത് നോട്ടിന്റെ രൂപത്തിലല്ല എന്നത് മുന്‍ അന്വേഷണങ്ങളില്‍ തെളിഞ്ഞിട്ടുള്ളതാണ്. പുതിയ 2000 രൂപാ നോട്ടുകള്‍ ഇറക്കിയതുവഴി ഇത്തരത്തില്‍ പണം പൂഴ്ത്തിവയ്ക്കുന്നവര്‍ക്ക് കൂടുതല്‍ സഹായം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

 

 

കോടിക്കണക്കിന് രൂപ ഒറ്റയടിക്ക് മാറ്റി പുതിയ നോട്ടുകള്‍ മാറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ലോകത്തിലെ പല രാജ്യങ്ങളും അത് ഘട്ടംഘട്ടമായാണ് ചെയ്തിരിക്കുന്നതെന്നും മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ പോലെ ഇത്രയും വിശാലവും വൈവിധ്യം നിറഞ്ഞതുമായ ഒരു രാജ്യത്ത് അത് കൂടുതല്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടു തന്നെ അതൊരു രാത്രികൊണ്ട് ചെയ്യാവുന്ന കാര്യമല്ല. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ തങ്ങളുടെ പ്രാഥമികകാര്യങ്ങള്‍ക്കു വേണ്ടി ഏതാനും നോട്ടുകള്‍ കിട്ടാന്‍ മണിക്കുറുകള്‍ ക്യൂ നില്‍ക്കുന്നത് കാണുന്നത് ഹൃദയഭേദകമായ കാര്യമാണ്. “യുദ്ധസമയങ്ങളില്‍ റേഷന്‍ പോലെ ഭക്ഷണം ലഭിക്കുന്നത് വാങ്ങാന്‍ ജനങ്ങള്‍ വരി നില്‍ക്കുന്നത് കണ്ടിട്ടുള്ള ഒരാള്‍ എന്ന നിലയില്‍, എന്റെ സ്വന്തം ജനങ്ങള്‍, പുരുഷന്മാരും സ്ത്രീകളും റേഷന്‍ പോലെ നല്‍കുന്ന പണത്തിനു വേണ്ടി ക്യൂ നില്‍ക്കുന്നത് കാണേണ്ടി വരുമെന്ന് ഞാനൊരിക്കലും കരുതിയില്ലെ”ന്ന് അദ്ദേഹം പറയുന്നു.

 

സമ്പദ്‌വ്യവസ്ഥയില്‍ ഈ തീരുമാനമുണ്ടാക്കിയ ആഘാതം ഇതിലും വലുതായിരിക്കുമെന്നും മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ വാണീജ്യ മേഖല താഴെക്കിടക്കുമ്പോള്‍, വ്യാവസായിക ഉത്പാദനം ചുരുങ്ങുകയും തൊഴില്‍ സൃഷ്ടിക്കുക എന്നത് നടക്കാതെ വരികയും ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള നയങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ. ഒരു രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഏറ്റവും പ്രധാനപ്പെട്ട സമ്പദ് ഘടകങ്ങളിലൊന്നാണ് ഉപഭോക്താക്കളുടെ വിശ്വാസ്യത എന്നത്. എന്നാല്‍ ഇത്തരത്തിലൊരു തീരുമാനം കൊണ്ട് ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിശ്വാസ്യതയ്ക്കാണ് തിരിച്ചടിയേറ്റത്. അത് സമ്പദ്‌വ്യവസ്ഥയിലും പ്രതിഫലിക്കുമെന്ന് അദ്ദേഹം പറയുന്നു. തങ്ങളുടെ സമ്പാദ്യത്തിന് ഒറ്റയടിക്ക് വിലയില്ലാതായതും പുതിയ കറന്‍സികള്‍ കിട്ടാനുള്ള ബുദ്ധിമുട്ടും കാര്യങ്ങള്‍ കൂടുതല്‍ വിഷമകരമാക്കുകയേയുള്ളൂ. ഇത് തൊഴില്‍ മേഖലയെ കൂടുതല്‍ സ്തംഭിപ്പിക്കുകയും സാമ്പത്തിക വളര്‍ച്ച കൂടുതല്‍ മുരടിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

 

നരേന്ദ്ര മോദിയെ രൂക്ഷമായ വിധത്തില്‍ പരിഹസിക്കുകയും ചെയ്യുന്നുണ്ട് മന്‍മോഹന്‍ സിംഗ്. ഒരാള്‍ക്ക് എല്ലാ കാര്യത്തിനും പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് സ്വയം വിശ്വസിക്കുകയും മുന്‍ സര്‍ക്കാരുകള്‍ കള്ളപ്പണം ഇല്ലാതാക്കാന്‍ ഒന്നും ചെയ്തിട്ടില്ലെന്നുമൊക്കെ പറയാന്‍ തോന്നിയേക്കും. എന്നാല്‍ അതല്ല വാസ്തവം. സര്‍ക്കാരിനും വ്യക്തികള്‍ക്കുമൊക്കെ തങ്ങളുടെ ദൗര്‍ബല്യങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അതിന്റെ പേരില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ കഴിയില്ല. പല നയപരമായ തീരുമാനങ്ങള്‍ക്കും അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാറുണ്ട്. അപ്പോള്‍ അത്തരം തീരുമാനങ്ങളില്‍ നിന്നുണ്ടാകുന്ന ഗുണപരമായ കാര്യങ്ങളും അല്ലാത്തതും ബാലന്‍സ് ചെയ്തുകൊണ്ടു പോകാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. കള്ളപ്പണത്തിനെതിരെ യുദ്ധം ചെയ്യുന്നു എന്നത് കേള്‍ക്കാന്‍ സുഖമുള്ള കാര്യമാണ്. പക്ഷേ അതിന്റെ പേരില്‍ സത്യസന്ധരായ ഒരിന്ത്യക്കാരന്റെ പോലും ജീവന്‍ നഷ്ടപ്പെടുത്തിക്കൂടാ എന്നു പറഞ്ഞാണ് മന്‍മോഹന്‍ സിംഗ് ലേഖനം അവസാനിപ്പിക്കുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍