UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡോ. എം കെ മുനീര്‍, താങ്കള്‍ പരാജയപ്പെട്ടു കഴിഞ്ഞിരിക്കുന്നു

Avatar

സാജു കൊമ്പന്‍

‘വേദന കടിച്ചമർത്തി നാം ഇന്നത്തെ മാതൃഭൂമി വായിച്ചു. നമ്മുടെ കരളായ പ്രവാചകനെ നിന്ദ്യമായി വിവരിക്കുന്ന ഒരു കുറിപ്പ്‌! സഹിക്കാനായില്ല. എന്തിനിതു ചെയ്തു?  മാതൃഭൂമി മാപ്പ് പറയണം. അത്‌ ചെയ്ത റിപ്പോർട്ടറെ പുറത്താക്കണം. പാശ്ചാത്യർ പോലും പ്രവാചകനെ ഇങ്ങനെ നിന്ദിച്ചിട്ടില്ല. കഷ്ടം!’

ഡോ. എം കെ മുനീര്‍, താങ്കള്‍ ഇന്നലെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണിത്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സോഷ്യല്‍ മീഡിയ പ്രധാന ആയുധമായതോടെ രാഷ്ട്രീയ നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് വല്ലാതെ വാര്‍ത്താമൂല്യം കൈവന്ന കാലമാണിത്. പിണറായി വിജയന്‍ മുതല്‍ കോവൂര്‍ കുഞ്ഞുമോന്‍ വരെ ഫേസ്ബുക്ക് പോസ്റ്റിടുന്ന ഇക്കാലത്ത് ഇതൊരു പുതുമയുള്ള കാര്യമല്ല. വി ടി ബലറാം ജീവിക്കുന്നതു തന്നെ ഫേസ്ബുക്കിലാണ്. ഈശ്വര കാര്യങ്ങള്‍ മാത്രം നോക്കി കഴിഞ്ഞിരുന്ന കുമ്മനം രാജശേഖരന്‍ സോഷ്യല്‍ മീഡിയയില്‍ ഫീഡ് ചെയ്യേണ്ട ഡാറ്റയെ കുറിച്ച് ബി ജെ പിയുടെ സോഷ്യല്‍ മീഡിയ വളണ്ടിയര്‍മാര്‍ക്ക് ക്ലാസെടുക്കുന്നത് കഴിഞ്ഞ ദിവസം കണ്ടു. ഉമ്മന്‍ ചാണ്ടി ബ്ലോക്കിയവരുടെ ഒരു പേജ് തന്നെ ഫേസ്ബുക്കിലുണ്ട്. സോഷ്യല്‍ മീഡിയ വളര്‍ത്തി വലുതാക്കിയ പ്രധാനമന്ത്രിയാണ് ഒരു നമുക്കുള്ളത് എന്നതും ഓര്‍ക്കുക.  അങ്ങനെ നോക്കുമ്പോള്‍ എന്തുകൊണ്ടും ഒരു പത്രസമ്മേളനം നടത്തുന്നതിനെക്കാള്‍ പ്രയോജന പ്രദമാണ് ഈ സോഷ്യല്‍ മീഡിയ പ്രയോഗം എന്നു താങ്കളും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

എന്നാല്‍ താങ്കള്‍ ഈ ആയുധം എപ്പോഴെങ്കിലും അത്ര ഫലപ്രദമായി ഉപയോഗിച്ചതായി എവിടേയും കണ്ടില്ല. (അറിവില്ലായ്മയാണെങ്കില്‍ ക്ഷമിയ്ക്കുക). ചിലപ്പോള്‍ താങ്കള്‍ ഇപ്പൊഴും ആ പഴയ ടെലിവിഷന്‍ യുഗത്തില്‍ തന്നെയായിരിക്കും. എന്നാല്‍ ഇന്നലത്തെ ഈ പോസ്റ്റോടെ താങ്കള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ‘താര’മായി തീര്‍ന്നിരിക്കുന്നു.

ഡോ. എം കെ മുനീര്‍, താങ്കള്‍ കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടാന്‍ പോകുന്നത് വാഗ്മിയും ജനകീയനുമായ പിതാവ് മുന്‍മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ മകന്‍ എന്ന പേരില്‍ മാത്രമായിരിക്കില്ല. സാമൂഹ്യ ക്ഷേമ വകുപ്പിനെ സാമൂഹ്യ നീതി വകുപ്പാക്കി പുനര്‍ നാമകരണം ചെയ്ത എപ്പോഴും സുസ്മേരവദനനായി നടക്കുന്ന മന്ത്രി എന്ന നിലയ്ക്കായിരിക്കില്ല. ഒരു ഡോക്ടര്‍, ഫാസിസത്തിനെതിരെ എന്നും തൂലിക ചലിപ്പിച്ച എഴുത്തുകാരന്‍, പുസ്തക പ്രസാധകന്‍, ചിത്രകാരന്‍, ഗായകന്‍ എന്ന നിലയ്ക്കൊന്നും ആയിരിക്കില്ല. കേരളത്തിന്റെ മാധ്യമ ചരിത്രത്തില്‍ ഇത്രയേറെ ദീര്‍ഘ വീക്ഷണത്തോടെ ഒരു മുഴുവന്‍ സമയ വാര്‍ത്താ ചാനല്‍ തുടങ്ങുകയും വാര്‍ത്തകളുടെ സുവര്‍ണ്ണകാലത്തിന്റെ വാതായനങ്ങള്‍ തുറക്കുകയും ചെയ്ത ഇന്‍ഡ്യാവിഷന്‍റെ സ്ഥാപകന്‍ എന്ന നിലയ്ക്കുമായിരിക്കില്ല.

ഡോ. മുനീര്‍, പത്തു വോട്ടുകള്‍ക്ക് വേണ്ടി താങ്കള്‍ ഫേസ്ബുക്കില്‍ വരച്ചിട്ട ഈ തിലകക്കുറിയുടെ പേരിലായിരിക്കും ഇനിയുള്ള കാലം കേരള സമൂഹം താങ്കളെ ഓര്‍മ്മിക്കുക.

വിശ്വാസി എന്ന നിലയില്‍ താങ്കള്‍ അനുഭവിച്ച വേദനയോട് ഞാന്‍ ഐക്യപ്പെടുന്നു. എന്നാല്‍ ആ കുറിപ്പിന്റെ ഒടുവില്‍ താങ്കള്‍ ഉയര്‍ത്തിയ ആവശ്യം എന്നെ അത്ഭുതപ്പെടുത്തി. ‘ആ റിപ്പോര്‍ട്ടറെ പുറത്താക്കണം’ എന്നതായിരുന്നു ആ ആക്രോശം. താങ്കള്‍ മുതലാളി ആയിരുന്ന ഇന്‍ഡ്യാവിഷനില്‍ നിന്നു ആരെയെങ്കിലും ഇത്തരം കാരണത്തിന്റെ പേരില്‍ പുറത്താക്കിയിട്ടുണ്ടോ എന്നെനിക്കറിയില്ല. (എല്ലുനുറുങ്ങി പണിയെടുത്തിട്ടും പ്രതിഫലം കിട്ടാത്തതിന്റെ പേരില്‍ രാജി വെച്ചു പോയതല്ലാതെ). മാതൃഭൂമി കത്തിക്കണം, മാതൃഭൂമി ബഹിഷ്ക്കരിക്കണം എന്ന തീവ്ര മത സംഘടനകളുടെ ആഹ്വാനവും താങ്കളുടെ റിപ്പോര്‍ട്ടറെ പുറത്താക്കണം എന്ന ആവശ്യവും തമ്മില്‍ എന്താണ് വ്യത്യാസം? രണ്ടും ഫാസിസം തന്നെയല്ലേ? താങ്കള്‍ തികഞ്ഞ ഒരു ജനാധിപത്യ വാദിയും മതേതരനും ആയതുകൊണ്ട് ചോദിച്ചു പോവുകയാണ്. അഥവാ ചില പ്രത്യേക തരം ഫാസിസം മാത്രമേ താങ്കളുടെ കണക്കില്‍ ഫാസിസമാവുകയുള്ളോ? അറിയില്ല, കാരണം എനിക്കു താങ്കളുടെ ഫാസിസ്റ്റ് വിരുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ അവസരം കിട്ടിയിട്ടില്ല. (ഒലീവ് ബുക്ക്സിന്‍റെ ഏതെങ്കിലും ബ്രാഞ്ചില്‍ പുസ്തകങ്ങള്‍ വിറ്റുതീരാതെ കിടപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും വാങ്ങിച്ച് വായിക്കുന്നതായിരിക്കും)

പ്രശസ്ത അദ്ധ്യാപകനും സാഹിത്യ വിമര്‍ശകനുമായ ഡോ. എം എം ബഷീര്‍ മാതൃഭൂമി എഡിറ്റ് പേജില്‍ രാമായണ വിശകലനം നടത്തിയതിനെ തുടര്‍ന്നുണ്ടായ സമീപകാല വിവാദങ്ങള്‍ താങ്കള്‍ക്ക് ഓര്‍മ്മയുണ്ടാകുമെന്ന് കരുതുന്നു. അന്നു സംഘപരിവാര്‍ ഭിക്ഷണിയെ തുടര്‍ന്ന് എം എം ബഷീറിന്‍റെ രാമായണ കോളം മാതൃഭൂമി പിന്‍വലിച്ചു. മാതൃഭൂമിയുടെ ‘സംഘിത്വം’ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചാ വിഷയമായി. താങ്കള്‍ മേല്‍പ്പറഞ്ഞ പോസ്റ്റിട്ട ഫേസ്ബുക്കില്‍ മാതൃഭൂമിയെ പ്രതികൂലിച്ചും അനുകൂലിച്ചും ചൂടേറിയ സംവാദങ്ങള്‍ നടന്നു. അന്നൊന്നും മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ എം പി വീരേന്ദ്രകുമാറിനെ പുറത്താക്കണം എന്നു താങ്കള്‍ ആവശ്യപ്പെട്ടതായി എവിടേയും വായിച്ചില്ല. വീരന്‍ താങ്കളുടെ മുന്നണിയിലെ പ്രമുഖ നേതാവായതുകൊണ്ടായിരുന്നോ ആ മുന്നണി മര്യാദ മൌനം? അതോ അദ്ദേഹവും താങ്കളെ പോലെ ഫാസിസത്തിനെതിരെയുള്ള യുദ്ധത്തില്‍ മുന്നണി പോരാളി ആയതുകൊണ്ടോ?

ഡോ. മുനീര്‍ താങ്കള്‍ക്ക് പ്രഫ. ടി ജെ ജോസഫിനെ ഓര്‍മ്മയുണ്ടാകും എന്നു തോന്നുന്നു. നബി തിരുമേനിയെ അപമാനിച്ചു എന്നു ആരോപിച്ച് കൈപ്പത്തി വെട്ടിമാറ്റപ്പെട്ട തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ മലയാളം അദ്ധ്യാപകന്‍. അദ്ദേഹത്തെ വെട്ടിയ കുറ്റവാളികള്‍ ഇന്ന് തടവറയിലാണ്. ആ സംഭവത്തിന് ആധാരമായ വാര്‍ത്ത വന്നതും ഒരു പത്രത്തില്‍ ഒരു ലേഖകന്‍ എഴുതിയിട്ടാണ്. അന്നും ഇതുപോലുള്ള ആവശ്യങ്ങള്‍ താങ്കള്‍ ഉന്നയിച്ചതായി അറിവില്ല.

‘പാശ്ചാത്യര്‍ പോലും ഇങ്ങനെ നിന്ദിച്ചിട്ടില്ല’ എന്നു പറഞ്ഞാണ് താങ്കള്‍ കുറിപ്പു അവസാനിപ്പിക്കുന്നത്. എല്ലാ പാശ്ചാത്യരും ഇസ്ലാം നിന്ദകരാണ് എന്ന ധ്വനി അത്ര കാര്യമാക്കുന്നില്ല. എന്നാല്‍ 2015 ജനുവരി 7നു പാരീസിലെ ഷാര്‍ലി എബ്ദോ എന്ന മാധ്യമ സ്ഥാപനത്തില്‍ എന്തിനാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത് എന്നത് താങ്കള്‍ മറന്നിട്ടുണ്ടാകില്ല എന്നു കരുതുന്നു. ഇസ്ലാമോഫോബിയ കോഴിക്കോട് സൌത്തില്‍ വില്‍ക്കാനുള്ള ശ്രമത്തില്‍ താങ്കള്‍ എന്താണ് പറഞ്ഞു വരുന്നത് എന്നു ഞാന്‍ ഭയപ്പെടുകയാണ്. 

സദാ പുഞ്ചിരി തൂകി നടക്കുന്ന, ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ ദുഷിച്ചു നാറിയ അഴിമതിയുടെയും സരിത കഥകളുടെയും പട്ടികയില്‍  പേര്‍ വരാത്ത താങ്കള്‍ ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കും എന്നു തന്നെയാണ് എന്‍റെ വിശ്വാസം. പലരും പറയുന്നതുപോലെ താങ്കളെ മൂലയ്ക്കിരുത്താനല്ല (കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താങ്കള്‍ സി പി എമ്മിലെ സി പി മുസഫര്‍ അഹമ്മദിനോട് പൊരുതി ജയിച്ചത് 1376 വോട്ടിനാണ് എന്നോര്‍ക്കുക) മറിച്ച് താങ്കളിലുള്ള വിശ്വാസം കൊണ്ടാണ് കോഴിക്കോട് സൌത്ത് തന്നെ പാര്‍ട്ടി താങ്കളുടെ കരങ്ങളിലേക്ക് ഏല്‍പ്പിച്ചിരിക്കുന്നത്. അത് താങ്കള്‍ നേടുക തന്നെ ചെയ്യുമായിരിക്കും. പിന്നെ എല്ലാം വോട്ടര്‍മാരുടെ കൈകളിലാണല്ലോ? (അവര്‍ എന്താണ് കരുതിയിരിക്കുന്നത് എന്ന് താങ്കള്‍ ഭക്തിപൂര്‍വ്വം എന്നും സ്മരിക്കുന്ന പടച്ചോന് പോലും പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല.)

പക്ഷേ, തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി താങ്കള്‍ ഇന്നലെ ഇറക്കിയ ഈ തുരുപ്പ് ചീട്ട് തീര്‍ച്ചയായും അങ്ങയുടെ ഉള്ളിലെ പരാജയ ഭീതിയുടെ ലക്ഷണമാണ്. അത് ഈ തെരഞ്ഞെടുപ്പില്‍ മാത്രമല്ല ഇനിയുള്ള പൊതുജീവിതത്തിലും കറുത്ത നിഴലായി താങ്കളുടെ കൂടെയുണ്ടാവും. 

അതേ, ബഹുമാനപ്പെട്ട ഡോ. മുനീര്‍ താങ്കള്‍ പരാജയപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍