UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അട്ടപ്പാടിയുടെ പ്രഭു ഡോക്ടറാണ്; ഒരു ഡോക്ടര്‍ നാടിനെ രക്ഷിക്കുന്ന കഥ

Avatar

രാകേഷ് സനല്‍

ജടയില്‍ ചുറ്റിയിരുന്ന രുദ്രാക്ഷമാല പൊട്ടിച്ചിതറിയതുപോലെയാണാ മേഘശകലം. കാറ്റിന്റെ ഡമരുതാളത്തില്‍ അകന്നുപോകുന്ന കോടയ്ക്ക് പിന്നീല്‍ മല്ലീശ്വരന്റെ കറുത്ത രൂപം. കണ്ണിലേക്ക് അടുത്തടുത്ത് വരികയാണ് ആ മലമുടി; മല്ലീശ്വരന്‍ മുടി. 

അട്ടപ്പാടിയിലെ 193 ആദിവാസി ഊരുകളുടെയും നാഥനാണ് മല്ലീശ്വരന്‍. അവര്‍ക്കിത് സാക്ഷാല്‍ കൈലാസം. ശിവരാത്രി നാളില്‍ മല്ലീശ്വരനെ തൊട്ടുവണങ്ങാന്‍ 193-ല്‍ 191 ഊരില്‍ നിന്നും ഭക്തര്‍ ഇവിടെയെത്താറുണ്ട്.

രണ്ട് ഊരുകാര്‍ക്ക് മല്ലീശ്വരന്‍ മുടിയിലേക്ക് പ്രവേശനമില്ല. അട്ടപ്പാടിയുടെ മണ്ണില്‍ നിന്നും മല്ലീശ്വരനെ കാണാന്‍ കഴിയാത്തത് ആ രണ്ട് ഊരുകളില്‍വച്ച് മാത്രമാണ്. അത് മല്ലീശ്വരന്റെ തീരുമാനം… അവര്‍ക്ക് പോകാന്‍ മല്ലീശ്വരന്‍ കോവിലുണ്ട്…

ഈ കഥ മല്ലീശ്വരനെ കുറിച്ചല്ല. മറ്റൊരു സാധാരണ മനുഷ്യനെ കുറിച്ചാണ്. അയാള്‍ ഇവിടുത്തെ 193 ഊരുകളിലും പെട്ടയാളല്ല. പക്ഷേ ഇവിടെയുള്ള മനുഷ്യര്‍ക്ക് അയാളും മല്ലീശ്വരനാണ്. 

കോട്ടത്തറ ട്രൈബല്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ പ്രഭുദാസ് അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് അവരുടെ ഇഷ്ടദൈവത്തിനൊപ്പം സ്ഥാനം നേടിയതിനെക്കുറിച്ചാണ് ഈ കഥ… ഇതില്‍ മിത്തില്ല; അതിശയോക്തിയില്ല; അമാനുഷികതയില്ല. മറിച്ച് സ്‌നേഹവും ത്യാഗവും മാത്രമാണ്. പിന്നെ കുറച്ച് പകയും…


മല്ലീശ്വരന്‍ മുടി

പത്മത്തിന്റെ കഥ; ഡോക്ടര്‍ പ്രഭുദാസിന് ഒരു ആമുഖം
അപ്പോഴേക്കും പത്മം ഒരു കാഴ്ച്ചയല്ലാതായി മാറിയിരുന്നു. താളം പിഴച്ച മനസിന്റെ അപസ്വരങ്ങളുയര്‍ത്തി ആ സ്ത്രീ മുള്ളിയിലെ വഴിയോരങ്ങളിലൂടെ സഞ്ചാരം തുടങ്ങിയിട്ട് നാളുകള്‍ കുറച്ചേറെയായിരുന്നു. ജടകെട്ടിയ മുടിയും അഴക്കുമൂടിയ ശരീരവും കീറിപ്പറിഞ്ഞ ഉടുതുണിയുമായി ഇടതുകൈപ്പത്തി ചെവിയോട് ചേര്‍ത്തുവച്ച് എപ്പോഴും പത്മം ‘ഫോണ്‍ സംഭാഷണ’ത്തിലായിരുന്നു. നടന്നു നടന്ന് പത്മത്തിന്റെ കാലുകള്‍ പൊട്ടി. പിന്നെയത് അഴുകി. പുഴുവന്നു. അതിനകം അവരിലുണ്ടായിരുന്ന കൗതുകംപോലും നാട്ടുകാര്‍ക്ക് ഇല്ലാതായിക്കഴിഞ്ഞിരുന്നു. ഭര്‍ത്താവും മക്കളും വീടും അവര്‍ക്ക് അന്യമായിരുന്നു. 

മുള്ളിയിലെ വഴിയരികുകളിലെവിടെയോ ദയതോന്നിയെത്തിയ മരണം അവരെ കൊണ്ടുപോകാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അതിനുമുന്നേ വടകിയമ്മയും കൂട്ടരും പത്മത്തെ കോട്ടത്തറ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

മല്ലീശ്വരന്‍ എല്ലാം കാണുന്നുണ്ടെന്ന് വടകിയമ്മയ്ക്കറിയാമായിരുന്നു. ഇനി കാണേണ്ടയാള്‍ പ്രഭു ഡോക്ടറാണ്. ഈ രണ്ടുപേരിലും അട്ടപ്പാടിക്കാര്‍ക്ക് നല്ല വിശ്വാസമാണ്.

വികൃതിയായ ഒരു കുട്ടിയായിരുന്നു പ്രഭുവിന്റെ മുന്നില്‍ പത്മം. അതുകൊണ്ട് ഡോക്ടര്‍ ആദ്യം പ്രയോഗിച്ച മരുന്ന് സ്‌നേഹമായിരുന്നു. ഡോസ് കൂട്ടിത്തന്നെ കൊടുത്തു. വിശ്വാസം തെറ്റിയില്ല. മരുന്നിനോട് രോഗി വേഗം പ്രതികരിച്ചു. പിന്നെ കാര്യങ്ങള്‍ എളുപ്പമായി. കാലിലെ മുറിവെല്ലാം വൃത്തിയാക്കി, പുഴുക്കളെ മാറ്റി, മരുന്നുവച്ച് കെട്ടി. നല്ല ഭക്ഷണം കൊടുത്തു. അപ്പോഴേക്കും ക്ഷീണിച്ചു നേര്‍ത്തുപോയ ശബ്ദവും തിരിച്ചുകിട്ടിയിരുന്നു പത്മത്തിന്. ഇനി മനസിന്റെ പിണക്കം കൂടി മാറികിട്ടിയാല്‍ മതി. അതുമൊരു അത്ഭുതം, കാലിലെ മുറിവുകള്‍ കരിയുന്നതിനു മുന്നെ പത്മം മനസിന്റെ താളം വീണ്ടെടുത്തു. 

ഇതു മല്ലീശ്വരന്റെ അനുഗ്രഹാണോ പ്രഭുദാസ് ഡോക്ടറുടെ കഴിവാണോ എന്നകാര്യത്തില്‍ ആരും തര്‍ക്കിക്കുന്നില്ല. ഇവിടുത്തുകാരെ സംബന്ധിച്ച് രണ്ടുപേരും ഒന്നാണല്ലോ!

പത്മം ഇപ്പോള്‍ അവരുടെ വീട്ടിലാണ്. ഭര്‍ത്താവും മക്കളും വന്നു കൂട്ടിക്കൊണ്ടുപോയി. പേടിപ്പെടുത്തിയിരുന്ന പോയ കാലത്തിന്റെ മലവെള്ളം ഇറങ്ങിപ്പോയിരിക്കുന്നു. എന്നാലും ഇടയ്ക്കിടയ്ക്ക് പ്രഭു പത്മത്തെ തിരക്കി ഊരില്‍ ചെല്ലും; മരുന്ന് കൃത്യമായി കഴിക്കുന്നുണ്ടോയെന്ന് അറിയണമല്ലോ!


പത്മം

കൊല്ലത്തു നിന്ന് അലപ്പുഴ വഴി അട്ടപ്പാടിയിലേക്ക്
കൊല്ലത്തുകാരനാണ് പ്രഭുദാസ്. തറവാട്ടുകാരായവരൊന്നും കൂടെ ചേര്‍ക്കാത്തവരുടെ മക്കളായിരുന്നു കുട്ടിക്കാലത്തെ കൂട്ടുകാര്‍. അത് വലിയ തെറ്റായിരുന്നിട്ടും ആരും കാണാതെ ഭക്ഷണവും ഉടുപ്പുമൊക്കെ കൊണ്ടുപോയി കൊടുത്തു കളിക്കൂട്ടുകാരുമായി സന്തോഷം പങ്കിട്ടു. വീട്ടുകാരുടെ ചൂരല്‍ കഷായത്തിന്റെ കയ്പ്പ് ഒറ്റയ്ക്കും സേവിച്ചു. 

സ്‌കൂളും കോളേജും കഴിഞ്ഞ് തെരഞ്ഞെടുത്തത് എംബിബിഎസ്. അഡ്മിഷന്‍ കിട്ടിയത് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍. മെഡിക്കല്‍ കോളേജ് പഠനകാലം കുട്ടിക്കാലത്തെ വാസനകളെ ഒന്നുകൂടി പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. കോളേജിലെ പ്രൊഫസര്‍ വിജയകുമാറിന്റെ കൂടെ കുട്ടനാട്ടിലെ വെള്ളപ്പൊക്ക കാലത്തും മറ്റുമായി ഇറങ്ങി ചെന്ന പയ്യന്‍ അവിടുന്നൊക്കെ ഒത്തിരി പഠിച്ചു…

1994 ല്‍ എംബിബിഎസ് പഠനം പൂര്‍ത്തിയായി. പി ജിക്കു പോകാനായിരുന്നു അടുത്ത തീരുമാനം. ഇതിനിടയില്‍ എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തു. 1995 ആയപ്പോള്‍ ഗവണ്‍മെന്റ് ആശുപത്രികളിലേക്ക് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് എംപ്ലോയ്‌മെന്‍റ് എക്‌സേചേഞ്ചില്‍ നിന്നും അറിയിപ്പുകിട്ടിയതിനെ തുടര്‍ന്ന് ഇന്റര്‍വ്യൂവിന് പോയി. ഇന്റര്‍വ്യു പാസായി. പക്ഷേ ഒരു പ്രശ്‌നം. തെക്കന്‍ ജില്ലകളിലെ ഒഴിവുകളെല്ലാം നികന്നു. ഇനി പാലക്കാട്, വയനാട് തുടങ്ങിയ വടക്കന്‍ ജില്ലകളിലാണ് ഒഴിവ്. പ്രഭുദാസും കൂട്ടരും പാലക്കാട് തെരഞ്ഞെടുത്തു. നാലുപേരായിരുന്നു അവര്‍. ജോലിക്കൊപ്പം പിജിക്കുള്ള കമ്പയിന്‍ സ്റ്റഡിയും നടത്താം. അതായിരുന്നു ഉദ്ദേശ്യം.

നിയമനം അഗളിയിലെ ആശുപത്രിയിലാണെന്ന് പാലക്കാട് എത്തിയശേഷമാണ് അറിയുന്നത്. പക്ഷേ അഗളി എവിടെയാണെന്ന് അറിഞ്ഞപ്പോഴായിരുന്നു പ്രശ്‌നം. അട്ടപ്പാടിയെന്നു കേട്ടതോടെ വന്നവരില്‍ രണ്ടുപേര്‍ നാടുവിട്ടു. പ്രഭുവും കൂട്ടുകാരന്‍ അസീമും അഗളിയില്‍ ചാര്‍ജ് എടുക്കാന്‍ തീരുമാനിച്ചു.

ഇരുപത് കൊല്ലം മുമ്പുള്ള അഗളിയാണ്. ഒരു ചെറിയ കെട്ടിടത്തിലാണ് പിഎച്ച് സി പ്രവര്‍ത്തിക്കുന്നത്. പത്ത് മണിക്ക് ഒ പി തുടങ്ങും. കൃത്യസമയത്ത് തന്നെ ഹാജരായിരിക്കണം, പ്രധാന ഡോക്ടറുടെ നിര്‍ദേശമുണ്ടായിരുന്നു. പ്രഭുവും അസീമും പത്താകാന്‍ കാത്തുനിന്നില്ല. എട്ടര ഒമ്പതോടുകൂടി ആശുപത്രിയില്‍ എത്തി. പക്ഷേ സീനിയര്‍ ഡോക്ടറുടെ കൃത്യനിഷ്ഠ വാചകത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അദ്ദേഹം വരുമ്പോള്‍ പതിനൊന്നു മണിയാകും. പന്ത്രണ്ടാകുമ്പോള്‍ പോവും. ആ ഡോക്ടറെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. ആശുപത്രിയിലേക്ക് ആകെ വരുന്നത് ഏഴോ എട്ടോ പേരാണ്. ആദിവാസികള്‍ക്ക് അവരുടെതായ ചികിത്സകളുണ്ട്. നാട്ടിലെ മരുന്നിനെയും വൈദ്യന്മാരെയും അവര്‍ക്ക് വിശ്വസവുമില്ല. ആശുപത്രികളോട് പഥ്യമുള്ളവര്‍ വളരെ കുറച്ചുപേര്‍ മാത്രമാണ്. 

മണ്ണ്, ചാമ, മത്തയില… ചില ആദിവാസി ചികിത്സകള്‍
ഇന്നത്തെപോലെയല്ല, ചാമയും ചോളവും റാഗിയും നെല്ലും വരാകുമെല്ലാം ഇഷ്ടംപോലെ ഉണ്ടായിരുന്ന അട്ടപ്പാടിയുടെ സുവര്‍ണകാലത്ത് പെറ്റുപെറ്റു മതിയായ പെണ്ണുങ്ങള്‍ക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ ഒരു സൂത്രമുണ്ടായിരുന്നു. ചാമക്കഞ്ഞി ഒരു പ്രത്യേക അളവില്‍ വേവിച്ചെടുത്തു മൂന്നു ദിവസം കുടിക്കും. അഞ്ചുമാസംവരെയായ ഗര്‍ഭം ഇങ്ങനെ അലസിപ്പോകും. മൂന്നു ദിവസം വയറ് വല്ലാതെ കൊളുത്തിവലിക്കും. നാലാം ദിവസം ഗര്‍ഭം പോകും. ഇതിനു പിന്നാലെ മത്തന്‍ ഇല കൂടെ കഴിച്ചാല്‍ പിന്നെ ഒരാരോഗ്യപ്രശ്‌നവും പേടിക്കണ്ട. ഇത്തരം ഗര്‍ഭഛിദ്രങ്ങള്‍ക്കൊണ്ട് ആദിവാസി സ്ത്രീകള്‍ക്ക് ഒരാപത്തും വന്നിരുന്നില്ല.

ഗര്‍ഭിണികള്‍ക്ക് അന്ന് ഏറ്റവും ഇഷ്ടമുള്ള വിഭവം മണ്ണായിരുന്നു. വഴിയില്‍ നിന്നും മണ്ണുവാരി അടുപ്പിന്‍ ചോട്ടില്‍ കൊണ്ടുപോയി കൂട്ടിവച്ചു ചൂടാക്കി തിന്നും (ആധുനിക വൈദ്യശാസ്ത്രം പറയുന്നുണ്ട് അനീമിക് ആകുന്ന സമയത്ത് ശരീരത്തില്‍ പൈക ഉണ്ടാകുമ്പോള്‍ മണ്ണു വാരി തിന്നാനും ചുമര് തുരന്ന് തിന്നാനൊക്കെ ഗര്‍ഭിണികള്‍ക്ക് തോന്നാറുണ്ടെന്ന്. ഇപ്പോള്‍ ഈ കൊതി തീര്‍ക്കുന്നത് അയണ്‍ ഗുളികകള്‍ തിന്നാണെന്നുമാത്രം). പെറ്റുകഴിയുമ്പോള്‍ തിന്ന മണ്ണെല്ലാം വയറ്റില്‍ നിന്നു കളയാനും മരുന്നുണ്ട്. മത്തനില, ചേമ്പില, നരലി, പുളിശര ഇവയിലേതെങ്കിലും കൂടെ ഉള്ളിയും തെളിച്ചെടുത്ത് അടുപ്പത്തുവച്ച് തിളപ്പിച്ചെടുക്കും. ഇതു കുടിച്ചാല്‍ വയറ്റിലുള്ള എല്ലാ കല്ലുകളും പുറത്തേക്കുപോരും.

അദിവാസി സ്ത്രീകളുടെ പ്രസവസമയത്ത് ഭര്‍ത്താക്കന്മാര്‍ അടുത്തുവേണം. അത് നിര്‍ബന്ധമായിരുന്നു. ഇപ്പോള്‍ ലോകാരോഗ്യസംഘടനയും പറയുന്നുണ്ട് സ്ത്രീകളുടെ പ്രസവസമയത്ത് അവരുടെ ഭര്‍ത്താക്കന്മാരുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന്. അതുപോലെ ഇവര്‍ കുത്തിയിരുന്നാണ് പ്രസവിക്കുന്നത്. അപരിഷ്‌കൃതമെന്ന് തോന്നുന്നുവെങ്കില്‍, ഇപ്പോള്‍ ഡബ്ല്യു എച്ച് ഒ പറയുന്നതും ഗര്‍ഭിണികളെ കുത്തിയിരുന്ന പ്രസവിക്കാന്‍ അനുവദിക്കുക എന്നതാണ്. 


വടകിയമ്മ

അവശ്വസനീയവും അത്ഭുതകരവുമായ ഈ കഥകളൊക്കെയാണ് അഗളിയില്‍ നിന്നും പ്രഭുദാസ് കേട്ടത്. പക്ഷേ ആ മനുഷ്യരെ അയാള്‍ സ്‌നേഹിച്ചു തുടങ്ങിയിരുന്നു. അവരിലേക്ക് ഇറങ്ങി ചെല്ലാന്‍ ആഗ്രഹിച്ചു.

അതിനൊരു വഴി താമസിയാതെ തന്നെ തെളിഞ്ഞു. ഊരുകളില്‍ ചെന്ന് ആദിവാസികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ മൊബൈല്‍ യൂണിറ്റിന്റെ ചാര്‍ജ് കിട്ടി. ഊരുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. പരമ്പരാഗത ചികിത്സയില്‍ മാത്രം വിശ്വസിക്കുന്ന ഊരുകാരെ രോഗങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും ബോധവാന്മാരാക്കാന്‍ ആ സാഹചര്യങ്ങള്‍ സഹായിച്ചു. ആശുപത്രിയുടെ സഹായം തേടാന്‍ അവരെ പ്രേരിപ്പിച്ചു. ദിവസങ്ങളെടുത്തുള്ള പ്രയത്‌നം ആയിരുന്നെങ്കിലും പ്രഭുദാസ് ഡോക്ടറോട് ഊരുകാര്‍ക്കൊക്കെ ഒരു വിശ്വാസം വന്നു തുടങ്ങി. അതിന്റെ തെളിവ് ആശുപത്രിയിലും കണ്ടു. പത്തില്‍ താഴെ ഒ പി ടിക്കറ്റ് ഉണ്ടായിരുന്നിടത്ത് അത് നൂറും ഇരുന്നൂറും കവിഞ്ഞു.

പ്രസവത്തിനായി ആശുപത്രിയിലേക്ക് വരുന്നകാര്യം ചിന്തിച്ചിട്ടുപോലുമില്ലാത്തവരെ ഡോക്ടര്‍ ബോധവത്കരിച്ചു. മെഡിക്കല്‍ കോളേജില്‍വച്ച് ഡെലിവറി കേസുകളില്‍ അസിസ്റ്റ് ചെയ്ത് കിട്ടിയ പരിചയം പ്രഭുവിന് ഇവിടെ ഉപകരിച്ചു. ആദിവാസി സ്ത്രീകളുടെയും അവരുടെ കുഞ്ഞുങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കി പ്രസവക്കേസുകള്‍ അറ്റന്‍ഡ് ചെയ്തു. ആശുപത്രിയില്‍ ഇന്‍ പേഷ്യന്‍റ്സിന്റെ എണ്ണവും കൂടി. ആശ്ചര്യകരമായൊരു മാറ്റമായിരുന്നു അട്ടപ്പാടിയിലെ ആദിവാസികളില്‍ പ്രഭു ഉണ്ടാക്കിയെടുത്തത്.

പക്ഷേ അപ്പോഴേക്കും വര്‍ഷം ഒന്നു പൂര്‍ത്തിയായിരുന്നു. പ്രഭുവിന്റെയും അസീമിന്റെയും കാലാവധി കഴിഞ്ഞു. തിരിച്ചു പോകണം. അട്ടപ്പാടിക്കാരെ സംബന്ധിച്ച് പ്രഭു ഡോക്ടര്‍ പോകുന്നുവെന്നത് സഹിക്കാന്‍ വയ്യാത്ത കാര്യമായിരുന്നു. സര്‍ക്കാര്‍ തീരുമാനമാണ്. പ്രഭു നിസഹായനായിരുന്നു.

എന്നാല്‍ വിധി മറിച്ചൊരു തീരുമാനം എടുത്തിരുന്നു. 

ഈ സമയം തന്നെ അഗളിയിലെ സീനിയര്‍ ഡോക്ടര്‍ക്ക് സ്ഥലം മാറ്റം. ആ ഡോക്ടര്‍ കൂടി പോയാല്‍ അട്ടപ്പാടിയില്‍ പിന്നെ ഡോക്ടര്‍മാരില്ല (ഇന്ന് നാല്‍പ്പതോളം ഡോക്ടര്‍മാര്‍ അട്ടപ്പാടിയില്‍ ഉണ്ട്). പിന്നെയുള്ളത് പ്രഭുവും അസീമുമാണ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഇരുവരോടും അവിടെ തന്നെ തുടരാന്‍ അറിയിച്ചു. അങ്ങനെ ഒരു വര്‍ഷംകൂടി നീട്ടികിട്ടി.

പക്ഷേ രണ്ടു മാസം കഴിഞ്ഞപ്പോള്‍ അസീമിന് മാറ്റം വന്നു. പിന്നീട് അട്ടപ്പാടിക്കുള്ള ഒരേയൊരു ഡോക്ടറായി പ്രഭു.

അട്ടപ്പാടിയിലെ കോളറാക്കാലം
1996 കാലമാണ്. അട്ടപ്പാടിയെ കോളറ പിടികൂടുന്നു. മുപ്പതോളം പേര്‍ കോളറ പിടിപെട്ടു മരിച്ചു. വലിയൊരു അത്യാഹിതത്തില്‍ നിന്നും ആ ജനതയെ രക്ഷിക്കാന്‍ പ്രഭു നില്‍ക്കാതെയോടി. ഒരു ഊരില്‍ നിന്നും മറ്റൊരിടത്തേക്ക് പോവുക എന്നതുപോലും വലിയ ബുദ്ധിമുട്ടാണ്. പക്ഷേ അതൊന്നും നോക്കിയില്ല. എല്ലാ പ്രതിസന്ധികളെയും കടന്ന് പ്രഭു രോഗികളെ തേടിച്ചെന്നു. ആശുപത്രിയിലാകട്ടെ ഒരേ സമയം നൂറു പേരൊക്കെയാണ് വയറിളക്കവും ഛര്‍ദ്ദിയുമായി വരുന്നത്. രാവിലെ തുടങ്ങുന്ന ഡ്യൂട്ടി അവസാനിച്ചിരുന്നേയില്ല. ക്വാര്‍ട്ടേഴ്‌സിലേക്ക് പോയിട്ടു തന്നെ ദിവസങ്ങളായി. ഇതിനിടയില്‍ പാലക്കാട് നിന്ന് ഡോക്ടര്‍മാരുടെ സംഘമെത്തി. ഇവരെ പലയിടങ്ങളിലായി നിയോഗിച്ചു ചികിത്സയ്ക്കുള്ള ഏര്‍പ്പാടുണ്ടാക്കി. അതു വലിയൊരു ആശ്വാസമായിരുന്നു. പക്ഷേ രോഗം പടര്‍ന്നു പിടിക്കുകയാണ്. വരാനുള്ള ബുദ്ധിമുട്ടുകൊണ്ട് പല പ്രദേശങ്ങളില്‍ നിന്നും രോഗികള്‍ ആശുപത്രിയിലേക്ക് എത്തുന്നില്ല. ഇങ്ങോട്ടു വരാന്‍ കഴിയാത്തവരെ അങ്ങോട്ട് ചെന്നു ചികിത്സിക്കാനായിരുന്നു പ്രഭുവിന്റെ നിര്‍ദേശം. അഗളിയില്‍ നിന്നും പുതൂരിലേക്ക് എത്താന്‍ അന്നുണ്ടായിരുന്നത് ഭവാനിക്കു കുറുകെയുള്ള ചപ്പാത്താണ്. പുഴയില്‍ വെള്ളം കേറി ചപ്പാത്ത് മുങ്ങി. പിന്തിരിയാന്‍ പറ്റില്ലല്ലോ. വേറെ വഴി നോക്കി. അതീവ ദുര്‍ഘടം പിടിച്ച മാര്‍ഗത്തിലൂടെ പ്രഭു പുതൂരിലെത്തി. സ്ഥിതി മോശമാണെന്നു കണ്ട് അവിടെയുണ്ടായിരുന്ന ഒരു ചെറിയ കെട്ടിടത്തില്‍ താത്കാലിക ചികിത്സാസൗകര്യങ്ങളൊരുക്കി ഒരു ഡോക്ടറെയും നിയോഗിച്ചു. കൂട്ടായ പ്രയത്‌നവും ജനങ്ങളുടെ സഹകരണവും ചേര്‍ന്നപ്പോള്‍ അട്ടപ്പാടിയില്‍ നിന്നും കോളറ മലയിറങ്ങി.

ആ മിഷന്റെ വിജയം ഡോക്ടര്‍ പ്രഭുദാസിന് വലിയ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തു. തങ്ങളെ രക്ഷിച്ച ഡോക്ടറോടുള്ള അട്ടപ്പാടിക്കാരുടെ സ്‌നേഹവും വിശ്വാസവും കൂടി…

അട്ടപ്പാടിയുമായി കൂടുതല്‍ കൂടുതല്‍ അടുക്കുകയായിരുന്നു പ്രഭു. രണ്ടു വര്‍ഷം കൊണ്ടു അവരിലൊരാളായി തന്നെയും അട്ടപ്പാടിയിലെ ജനത അംഗീകരിച്ചതായി പ്രഭു തിരിച്ചറിഞ്ഞു. പക്ഷേ വീണ്ടും പ്രതിസന്ധി… നീട്ടിക്കൊടുത്ത കാലാവധിയും കഴിഞ്ഞിരിക്കുന്നു. ഇത്തവണ മടങ്ങിപ്പോന്നേ മതിയാകൂ…

പുനര്‍ നിയമനത്തിന് ശ്രമിച്ചെങ്കിലും സര്‍ക്കാരില്‍ നിന്നും അനുകൂലമായി തീരുമാനം വന്നില്ല. എന്നാല്‍ നാട്ടുകാര്‍ പ്രഭുവിനുവേണ്ടി രംഗത്തിറങ്ങി അവര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ഇതിനിടയില്‍ ആരോഗ്യവകുപ്പ് പ്രഭുവിനെതിരെ തിരിഞ്ഞു. നാട്ടുകാരെകൊണ്ട് പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കുന്നത് ഡോക്ടര്‍ തന്നെയാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. അന്നത്തെ മെഡിക്കല്‍ ഡയറക്ടര്‍ പ്രഭുവിനോട് ഇടഞ്ഞു. എന്തുവന്നാലും ഡോക്ടറെ പറഞ്ഞുവിട്ടിരിക്കുമെന്ന് വാശിയായി. ഒരുവശത്ത് ആരോഗ്യവകുപ്പ്, മറുവശത്ത് നാട്ടുകാരും. ഒടുവില്‍ അട്ടപ്പാടിക്കാര്‍ തന്നെ ജയിച്ചു. പ്രഭുവിനോട് അട്ടപ്പാടിയില്‍ തുടരാന്‍ പറയേണ്ടി വന്നു സര്‍ക്കാരിന്.


ഭവാനിപ്പുഴ

പ്രണയം, വിവാഹം
ഭവാനിപ്പുഴയിലൂടെ പിന്നെയും ഒരുപാട് വെള്ളം ഒഴുകിപ്പോയി. ഡോക്ടര്‍ പ്രഭുദാസ് അട്ടപ്പാടികാര്‍ക്ക് എല്ലാമെല്ലാമായി കഴിഞ്ഞു. പി എച്ച് സി സെന്ററില്‍ ഇരിക്കുന്നതിനേക്കാള്‍ ഊരുകളില്‍ കയറിയിറങ്ങി ആളുകളെ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി കഴിയുന്ന സഹായമെല്ലാം ചെയ്തു കൊടുക്കുന്നതിലായിരുന്നു പ്രഭുവിന് സന്തോഷം. ഊരിലെ ഏതുവീട്ടിലും എപ്പോഴും ചെല്ലാവുന്നയത്ര അടുപ്പം അദ്ദേഹത്തിനുണ്ടായി. അവര്‍ ഡോക്ടറെ കാത്തിരിക്കാന്‍ തുടങ്ങി.

ഇതിനിടയില്‍ ഊരുകാരുടെ കൂട്ടത്തില്‍ നിന്നും ഒരു പെണ്‍കുട്ടി ആദ്യമായി ഡോക്ടര്‍ ആയിക്കഴിഞ്ഞിരുന്നു. മുഡുഗ സമുദായംഗമായ കമലാക്ഷി. കമലാക്ഷിയുടെ വീട്ടുകാരുമായി നല്ല ബന്ധമായിരുന്നു പ്രഭുവിന്. നാട്ടില്‍ വരുന്ന സമയത്ത് ആശുപത്രിയില്‍ കുറച്ചുനേരം വന്നിരിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത് ആ ബന്ധത്തിന്റെ പുറത്താണ്. ആദിവാസികളോട് അവരുടെ ഭാഷയില്‍ തന്നെ സംസാരിച്ചു കാര്യങ്ങള്‍ മനസിലാക്കാനും അവരുടെ പ്രശ്‌നങ്ങളൊക്കെ അറിയാനും കമലാക്ഷിയെ കൊണ്ട് കഴിയുമെന്ന് ഡോക്ടര്‍ക്ക് അറിയാമായിരുന്നു. പ്രഭുവിന്റെ നിര്‍ദേശം കമലാക്ഷി അനുസരിച്ചു. സമയം കിട്ടുമ്പോഴൊക്കെ അഗളിയിലെ ആശുപത്രിയില്‍ അവര്‍ വന്നു.

ഇതുപക്ഷേ ചില അടക്കം പറച്ചിലുകള്‍ക്ക് കാരണമായി. പ്രഭുവും കമലാക്ഷിയും തമ്മില്‍ പ്രണയത്തിലാണെന്ന കിംവദന്തികള്‍ ഉയര്‍ന്നു. ആദ്യമൊന്നും ഇരുവരും കാര്യമാക്കിയില്ല. പക്ഷേ പറയുന്നവരുടെ എണ്ണം കൂടിക്കൂടിവന്നപ്പോള്‍, പ്രഭു ആലോചിച്ചു; എങ്കില്‍ പിന്നെ ശരിക്കും പ്രണയിച്ചാല്‍ എന്താ? കമലാക്ഷിയോട് കാര്യം പറഞ്ഞു. വിവാഹം കഴിക്കാം. മറുഭാഗത്തു നിന്ന് എതിര്‍പ്പൊന്നും ഉണ്ടായില്ല. കമലാക്ഷിയുടെ വീട്ടുകാര്‍ക്കും സന്തോഷം. പ്രശ്‌നം പ്രഭുവിന്റെ വീട്ടില്‍ നിന്നായിരുന്നു. അമ്മയും അമ്മാവന്‍മാരും അമ്പിനും വില്ലിനും അടുക്കില്ല. എല്ലാവരുടെയും സമ്മതത്തോടെ വിവാഹം നടക്കില്ലെന്ന് മനസിലായതോടെ അവരൊരു തീരുമാനത്തിലെത്തി. ആരെയും കാത്തിരിക്കേണ്ട, വിവാഹിതരാകാം. 1998 ഡിസംബര്‍ 25 ന് വിവാഹ തിയതി നിശ്ചയിച്ചു. അതിനു മുന്നേ പ്രഭുവിന്റെ സമാധാനശ്രമങ്ങള്‍ക്ക് ഫലം കണ്ടു. വീട്ടുകാരുടെ മനസുമാറി. അങ്ങനെ എല്ലാവരുടെയും സമ്മതത്തോടുകൂടി ആ വിവാഹം നടന്നു.

വിവാഹം കഴിഞ്ഞാണ് ഇരുവര്‍ക്കും ഗവണ്‍മെന്റ് സര്‍വീസില്‍ നിയമനം കിട്ടുന്നത്. 1999-ല്‍ കമലാക്ഷി സര്‍വീസില്‍ കയറി. പ്രഭു 2000-ലും. പുതൂര്‍ ആണ് പ്രഭു തെരഞ്ഞെടുത്തത്. 10 ബെഡ്ഡുകള്‍ മാത്രമുള്ള ആശുപത്രിയാണ് പുതൂരിലേത്. രോഗികളാണെങ്കില്‍ അതില്‍ കൂടുതലും. പലരും വരാന്തയിലും മറ്റുമാണ് കിടക്കുന്നത്. ഏറ്റവുമധികം പേര്‍ വരുന്നത് പ്രസവം നിര്‍ത്താനാണ്. അതുവരെ വീടുകളില്‍ തന്നെ പ്രസവവും പ്രസവം നിര്‍ത്തലുമൊക്കെയായി കഴിഞ്ഞവരാണ് ഇപ്പോള്‍ ആശുപത്രിയിലേക്ക് വരുന്നത്. വളരെ പരിമിതമായ സൗകര്യം, രോഗികളുടെ ബാഹുല്യവും. പക്ഷേ പ്രഭുവിന് അതൊന്നും പ്രതിസന്ധിയായില്ല. പുതൂരിലെ ആശുപത്രിയിലെത്തിയവരെല്ലാം ഡോക്ടര്‍ക്ക് നന്ദി പറഞ്ഞു തന്നെയായിരുന്നു മടങ്ങിപ്പോയത്. കുറച്ചുകാലത്തിനുശേഷം മെഡിക്കല്‍ കോളേജില്‍ നിന്നും മൂന്നു നാലു ഡോക്ടര്‍മാരെക്കൂടി പുതൂരില്‍ നിയമിച്ചു. അതുപകരമായി. മുടങ്ങിക്കിടന്ന ആരോഗ്യക്യാമ്പുകള്‍ പ്രഭു പുനരുജ്ജീവിപ്പിച്ചു.

2006 ല്‍ പ്രഭുവിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് കിട്ടി. എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് ഒരു നാടിന്റെ ആരോഗ്യപ്രശ്‌നങ്ങളെ നേരിടാന്‍ ഇറങ്ങിയ മനസിന്റെ നന്മയ്ക്കായിരുന്നു ആ അവാര്‍ഡ്. സംസ്ഥാന പുരസ്‌കാരത്തിനെക്കാള്‍ പ്രഭുവിനെ സന്തോഷിപ്പിച്ചത് മറ്റൊന്നായിരുന്നു. 22 ലക്ഷം രൂപ ആശുപത്രിക്കായി അനുവദിച്ചു. ആ തുക ആശുപത്രിയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി.

കോട്ടത്തറയിലേക്ക്
2007 കാലം. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആശുപത്രി എന്ന ഉദ്ദേശ്യത്തില്‍ വലിയൊരു കെട്ടിടം കോട്ടത്തറയില്‍ പണിതിട്ടിട്ടുണ്ട്. പക്ഷേ ഡോക്ടര്‍മാരുടെ അഭാവത്താല്‍ അഞ്ചു വര്‍ഷമായിട്ടും പ്രവര്‍ത്തനം തുടങ്ങാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഈ കെട്ടിടം ആരോഗ്യവകുപ്പിന് കൈമാറാനും സമ്മതമില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയമാണ്. പി കെ ശ്രീമതിയാണ് ആരോഗ്യവകുപ്പ് മന്ത്രി. പട്ടികജാതി വകുപ്പിന്റെ മന്ത്രി എ കെ ബാലനും. ബാലന്റെ ഭാര്യ ജമീലയാണ് അന്നത്തെ ആരോഗ്യവകുപ്പ് ഡയറക്ടര്‍. ഇവര്‍ മൂന്നുപേരുടെയും ശ്രമഫലമായി കോട്ടത്തറിയിലെ ട്രൈബല്‍ വകുപ്പിന്റെ ആശുപത്രി സമുച്ചയം ആരോഗ്യവകുപ്പിന് കൈമാറിക്കിട്ടി. അങ്ങനെ അട്ടപ്പാടിയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രി കോട്ടത്തറയില്‍ പ്രവര്‍ത്തനം തുടങ്ങി. ഈ ആശുപത്രിയിലേക്ക് സീനിയറായ ഒരു ഡോക്ടറെ വേണമെന്ന നിര്‍ദേശം വന്നപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ ഡോക്ടര്‍ പ്രഭുദാസിന്റെ പേര് അംഗീകരിച്ചു. അങ്ങനെ പുതൂരില്‍ നിന്നും പ്രഭു ഡോക്ടര്‍ കോട്ടത്തറയിലെത്തി (കോട്ടത്തറ ആശുപത്രിക്കൊപ്പം വയനാട് മാനന്തവാടിയിലും ഇതേ സമയത്ത് തന്നെ ഒരാശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പക്ഷേ വളരെ പെട്ടെന്നു തന്നെ പൂട്ടിപ്പോവുകയും ചെയ്തു).

2013 ആയപ്പോഴേക്കും പ്രഭുവിന് ഡിഎംഒ ആയി പ്രമോഷന്‍ കിട്ടി. പക്ഷേ ആ പോസ്റ്റ് അട്ടപ്പാടിയില്‍ ഇല്ലാത്തതിനാല്‍ തൃശൂരിലേക്ക് പോകേണ്ടി വന്നു. പോകാതെ തരമില്ലായിരുന്നു. 

പക്ഷേ അട്ടപ്പാടിക്കാര്‍ പറയുന്നതുപോലെ, ഈ നാട്ടില്‍ ആരു പോണം ആരു നില്‍ക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ല, മല്ലീശ്വരനാണ്. അതേ, ചിലപ്പോള്‍ അങ്ങനെ തന്നെയായിരിക്കാം. അതുകൊണ്ടാണല്ലോ പ്രഭുദാസ് വീണ്ടും അട്ടപ്പാടിയിലേക്ക് തിരിച്ചെത്തിയത്.


ട്രൈബല്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ കോട്ടത്തറ

വെല്ലുവിളി
പ്രഭുദാസ് ഡോക്ടര്‍ പോയ അതേ വര്‍ഷം തന്നെയാണ് അട്ടപ്പാടിയിലെ ശിശുമരണനിരക്ക് വര്‍ദ്ധിച്ചത്. വലിയ വാര്‍ത്തകള്‍ വന്നു, സര്‍ക്കാരിന് ഇരിക്കപ്പൊറുതിയില്ലാതെയയി. ആദ്യം തേടിയ പരിഹാരം ഡോക്ടര്‍ പ്രഭുദാസിനെ തൃശൂരില്‍ നിന്നും തിരികെ വിളിക്കുക എന്നതായിരുന്നു. കോട്ടത്തറ ആശുപത്രിയിലെ സ്‌പെഷല്‍ ഓഫിസറായി പ്രഭുവിനെ നിയമിച്ചു.

അട്ടപ്പാടിയില്‍ ഡോക്ടര്‍ പ്രഭുദാസിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി ശിശുമരണമായിരുന്നു. മരുന്നു കൊടുത്തോ ചികിത്സിച്ചോ മാറ്റാവുന്നൊരു രോഗമല്ലിത്. ചികിത്സയല്ല, സംരക്ഷണവും കരുതലുമാണ് ഇവിടെ വേണ്ടതെന്ന് ഡോക്ടര്‍ക്ക് അറിയാമായിരുന്നു. തീര്‍ത്തും ആരോഗ്യമില്ലാത്ത അവസ്ഥയിലാണ് സ്ത്രീകള്‍ പ്രസവിക്കുന്നത്. ശരീരത്തില്‍ പോഷകാഹരമില്ല, ശരീരം തീര്‍ത്തും ദുര്‍ബലമായിരിക്കും. തത്ഫലമായി ഇവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തൂക്കം മിക്കവാറും ഒരു കിലോയില്‍ താഴെയായിരിക്കും. ഈ കുഞ്ഞുങ്ങളാണ് വേഗം മരണപ്പെടുന്നത്. പലപ്പോഴും പ്രസവ സമയമടുക്കുമ്പോള്‍ മാത്രമായിരിക്കും ഇവരെ ആശുപത്രിയില്‍ എത്തിക്കുക, ചിലരെ കൊണ്ടുവരികയുമില്ല.

ഈ പ്രശ്‌നം പരിഹരിക്കാന്‍ ആശുപത്രിക്കുള്ളില്‍ ഇരുന്നാല്‍ പോരെന്ന് പ്രഭുവിന് അറിയാമായിരുന്നു. പ്രഭു ഊരുകളില്‍ കയറിയിറങ്ങി ഗര്‍ഭിണികളായ സ്ത്രീകളെ കണ്ടെത്തി. അവരെ ആശുപത്രിയിലേക്കു കൊണ്ടുവന്നു, സ്‌കാന്‍ ചെയ്തു കുട്ടിയുടെ അവസ്ഥ മനസിലാക്കി. മൂന്നുനേരം നല്ല ഭക്ഷണം കൊടുക്കാനുള്ള ഏര്‍പ്പാടുണ്ടാക്കി. മുട്ട, പാല്, ഇറച്ചി, മീന്‍ എന്നിവ കൂടാതെ ആദിവാസി നാട്ടുഭക്ഷണവും അവര്‍ക്ക് കൊടുത്തു. കുടുംബശ്രീക്കാരുടെ നേതൃത്വത്തില്‍ നടത്തുന്ന സാമൂഹിക അടുക്കള എന്ന പ്രോഗ്രാമിലൂടെയാണ് ഇവര്‍ക്കുള്ള ഭക്ഷണവും നല്‍കി വന്നത്. ഐടിഡിസിക്കാരും ചില പ്രവാസി മലയാളികളും സഹായിക്കുന്നതിനാല്‍ ഭക്ഷണകാര്യങ്ങളില്‍ മുടക്കം വരുന്നില്ല. അമ്മമാര്‍ ആരോഗ്യവതികളായതോടെ അവര്‍ക്ക് ജനിക്കുന്ന കുട്ടികളും തൂക്കമുള്ളവരായി. രണ്ടു കിലോ ഇരുന്നൂറ് ഗ്രാം തൂക്കമുള്ള ഒരു കുട്ടിയെയാണ് ആരോഗ്യമുള്ള ശിശുവായി പറയുക. പലപ്പോഴും ആദിവാസി അമ്മമാര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇത്രയും ശരീരഭാരം ഉണ്ടാവില്ല. മിക്കവരും ഗര്‍ഭിണികളാകുന്നത് 18-20 ഇടയില്‍ ആയിരിക്കും. 18 വയസുള്ള ഒരു പെണ്‍കുട്ടിക്ക് 45 കിലോ തൂക്കം വേണമെന്നാണ് പറയുന്നത്. ഇത് മിക്കവാറും സംഭവിക്കുന്നില്ല. മദ്യപാനത്തിന് ഊരുകളിലെ സ്ത്രീകളും അടിമകളാണ്. ഗര്‍ഭിണികള്‍വരെ മദ്യപിക്കാറുണ്ട്. കൂടാതെ ഭര്‍ത്താക്കന്മാരില്‍ നിന്ന് മര്‍ദ്ദനം ഏല്‍ക്കുന്നവരുടെ എണ്ണവും വളരെയാണ്. ഇതൊക്കെ ഗര്‍ഭിണികളുടെ ആരോഗ്യസ്ഥിതി മോശമാക്കുകയും അവര്‍ക്ക് ജനിക്കുന്ന കുട്ടികളെ സാരമായി ബാധിക്കുകയും ചെയ്യുന്നു (മറ്റൊരു കാര്യം ഡോക്ടര്‍ സൂചിപ്പിക്കുന്നുണ്ട്, ഏഴുമാസം വളര്‍ച്ചയെത്തിയ ഒരു ഭ്രൂണത്തെയാണ് ശിശുവായി പറയുന്നത്. അട്ടപ്പാടിയില്‍ പലപ്പോഴും ഏഴുമാസത്തിനു മുന്നേ പ്രസവം നടക്കുകയാണ്. ഇത് ചാപിള്ളയാണ്. പക്ഷേ ഇതും ശിശുമരണത്തിന്റെ നിരക്കില്‍ പെടുത്തിയാണ് വാര്‍ത്തകള്‍ വരുന്നത്).

ഗര്‍ഭിണികള്‍ക്ക് കൃത്യമായ പരിരക്ഷണവും അതോടൊപ്പം ആശുപത്രിയില്‍ ഇന്‍ക്യുബേറ്റര്‍ സംവിധാനം ഏര്‍പ്പാടാക്കുകയും ചെയ്തതോടെ അത്ഭുതകരമായ മാറ്റമാണ് ഉണ്ടായത്. 2011 ല്‍ 77 അബോര്‍ഷന്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് 2015 ല്‍ അതിന്റെ എണ്ണം 26 ആയി. 34 ശിശുമരണങ്ങള്‍ നടന്നിടത്ത് കഴിഞ്ഞവര്‍ഷത്തെ കണക്ക് പറയുന്നത് 14 ആണ്. ഇന്‍ക്യുബേറ്റര്‍ വഴി രക്ഷിച്ചെടുത്തത് 300-ഓളം കുട്ടികളെയാണ്. ഇതില്‍ 700ഉം 500ഉം ഗ്രാം മാത്രം തൂക്കമുള്ള കുട്ടികള്‍ വരെയുണ്ടായിരുന്നു. അതുപോലെ വീടുകളില്‍ നടന്നിരുന്ന പ്രസവനിരക്കുകളും വളരെയേറെ കുറഞ്ഞു. വളരെ അപൂര്‍വം പേര്‍ മാത്രമേ ഇപ്പോള്‍ ആശുപത്രിയിലേക്ക് വരാതെയുള്ളൂ. ആദിവാസികളെ പൂര്‍ണമായി രക്ഷിക്കണമെങ്കില്‍ ഒരു ഡോക്ടറോ ആശുപത്രിയോ മാത്രം വിചാരിച്ചിട്ടു കാര്യമില്ലെന്നാണ് പ്രഭു പറയുന്നത്. അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും അവരെ കൃഷി ചെയ്യാനും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എങ്കിലേ പൂര്‍ണമായ റിസള്‍ട്ട് കിട്ടുവെന്ന് പ്രഭുദാസ് വിശ്വസിക്കുന്നു.


അട്ടപ്പാടിയുടെ ഒരു വിദൂരദൃശ്യം

ചില അനുഭവങ്ങള്‍
മരിക്കാന്‍ കിടന്നാലും ആശുപത്രികളിലേക്ക് വരില്ലെന്ന വാശിയുള്ളവരാണ് ആദിവാസികളില്‍ ഭൂരിഭാഗവും. ആരോ പറഞ്ഞാണ് കുമാരനെ കുറിച്ച് പ്രഭുദാസ് അറിയുന്നത്. മാനസിക നില തെറ്റി ഒരു വീടിനുള്ളില്‍ ഒറ്റയ്ക്ക് കഴിയുകയാണ്. ആരെയും അകത്തു കയറ്റില്ല. വാതിലുകളെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്. ആരെങ്കിലും ജനല്‍ വഴി ഇട്ടുകൊടുക്കുന്ന ഭക്ഷണം കഴിക്കും. ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ആ വീടു തന്നെ ഇടിഞ്ഞു വീഴാറായി. കുമാരന്റെ ശരീരമെല്ലാം പൊട്ടിയളിഞ്ഞ് പുഴുവരിക്കാന്‍ തുടങ്ങി. ഈ സമയത്താണ് പ്രഭുദാസ് കുമാരനെ തേടിയെത്തുന്നത്. പൊലീസിന്റെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്തു കയറി കുമാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോന്നു. അതുവരെ ഇല്ലാതിരുന്ന അനുസരണ ഡോക്ടര്‍ക്കു മുന്നില്‍ കുമാരന്‍ കാണിച്ചു. മുടി വെട്ടി, കുളിപ്പിച്ചു. മുറിവുകളെല്ലാം വൃത്തിയാക്കി മരുന്നുവച്ചു. പതിയെ പതിയെ കുമാരനെ ഒരു പുതിയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അയാള്‍ മാനസികമായും ശാരീരികവുമായി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തു.

യാദൃശ്ചികമായാണ് കുമാരന്‍ സ്വന്തം പേരെഴുതിയത് ഡോക്ടര്‍ കാണുന്നത്. നല്ല കൈപ്പട. പഠിച്ചിട്ടുണ്ടോ എന്നു തിരക്കിയപ്പോള്‍ പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്ന് കുമാരന്‍. എങ്കില്‍ അടുത്തുള്ള കുറച്ചു കുട്ടികള്‍ക്ക് അക്ഷരം പറഞ്ഞു കൊടുക്കാമോയെന്നായി ഡോക്ടര്‍. കുമാരന് സന്തോഷം. അതോടെ കുമാരന്‍ കുമാരന്‍ മാഷായി. ഇന്നെല്ലാവര്‍ക്കും അയാള്‍ കുമാരന്‍ മാഷാണ്. കോട്ടത്തറ ആശുപത്രിയില്‍ ദിവസേനയുള്ള പ്രാര്‍ത്ഥനസമയത്തിന് നേതൃത്വം കൊടുക്കുന്നത് കുമാരന്‍ മാഷാണ്. കൂടാതെ ഒ പി യില്‍ രോഗികളെ സ്വീകരിക്കാന്‍ നില്‍ക്കുന്നതും കുമാരന്‍ മാഷ്തന്നെ.

പ്രഭു ഡോക്ടറുടെ ഒരു സൂത്രവിദ്യയാണത്. ഊരുകാരെ ആശുപത്രിയിലേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രം. അവരുടെ കൂട്ടത്തിലുള്ളവരെ തന്നെ ആശുപത്രിയിലെ ജീവനക്കാരായി നിയമിക്കുക. പോസ്റ്റ് ഗ്രാജ്വേഷന്‍ കഴിഞ്ഞവരുള്‍പ്പടെ നിരവധിപ്പേര്‍ അട്ടപ്പാടിയില്‍ ഉണ്ട്. ഇവര്‍ക്ക് പുറത്തുപോയി ജോലി ചെയ്യാന്‍ മടിയാണ്. അവരോട് ‘പരിഷ്‌കൃതര്‍’ ആയവരുടെ പെരുമാറ്റം അത്തരത്തില്‍ ആയതുകൊണ്ടാണ്. അവരെ പ്രഭു ആശുപത്രിയിലേക്ക് വിളിപ്പിച്ചു. ഒ പി യില്‍ തൊട്ട് ഡിസ്ചാര്‍ജ് സെക്ഷനില്‍വരെ അപ്പോയ്‌മെന്റ് ചെയ്തു. രോഗികളായി എത്തുന്ന ഊരുകാരോട് അവരുടെ ഭാഷയില്‍ സംസാരിക്കാനും ഇടപെടാനും അവര്‍ക്ക് സാധിക്കും. ഇത് ആശുപത്രിയിലേക്ക് വരാനുള്ള മടി ഊരുകാരില്‍ നിന്നു മാറ്റാന്‍ സഹായിക്കുമെന്ന പ്രഭുവിന്റെ കണക്കുകൂട്ടുലുകള്‍ പിഴച്ചില്ല.

അവരിലൊരാളായി നിന്നുകൊണ്ട് അവരുടെ ചില വാശികള്‍ അംഗീകരിച്ചു കൊടുത്താല്‍ നമുക്കവരെ സ്‌നേഹം കൊണ്ട് കീഴടക്കാന്‍ പറ്റുമെന്ന് തന്നെയാണ് പ്രഭുദാസ് വിശ്വസിക്കുന്നത്. പാമ്പു കടിയേറ്റ് വരുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പണ്ടൊന്നും പാമ്പുകടിയേറ്റാല്‍ ആശുപത്രിയിലേക്ക് വരാറേയില്ല. അവര്‍ക്ക് നാട്ടുവൈദ്യമുണ്ട്. ചിലപ്പോള്‍ ഉപകാരപ്പെടും, ചിലപ്പോള്‍ പിഴയ്ക്കും. ഇപ്പോള്‍ ആശുപത്രിയില്‍ പാമ്പുകടിയേറ്റ് വന്ന കേസുകളില്‍ ഒന്നുപോലും മരണപ്പെട്ടിട്ടില്ല. പക്ഷേ നമ്മുടെ ആന്റി-വെമം കൊടുക്കുമ്പോള്‍ പോലും അവര്‍ പൂര്‍ണ തൃപ്തരല്ല. രോഗിയുടെ സഹകരണമില്ലാതെ ഒരു ചികിത്സയും ഫലിക്കില്ലെന്ന് പ്രഭുവിന് അറിയാം. പാമ്പുകടിയേറ്റാല്‍ ഊരുകാര്‍ക്ക് മന്ത്രവാദമാണ് കൂടുതല്‍ പഥ്യം. ഏതോ മരത്തിന്റെ തോല് കടിയേറ്റിടത്തു ഉഴിഞ്ഞാല്‍ വിഷം ഇറങ്ങുമെന്നാണ് വിശ്വാസം. ആ വിശ്വാസം തെറ്റിക്കേണ്ടെന്നു ഡോക്ടര്‍ക്കും തോന്നി. തോലു ഉഴിഞ്ഞു വിഷമിറക്കുന്നവരെ ആശുപത്രിയിലേക്ക് വിളിപ്പിക്കും. അവരുടെ മുറകള്‍ക്കൊപ്പം ഡോക്ടറുടെ ചികിത്സയും നടത്തും. രോഗിക്കും സന്തോഷം. എന്തായലും ഒടുവിലത്തെ ഫലം എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നതായിരിക്കും. ഇതൊക്കെ തന്നെയാണ് പ്രഭു ഡോക്ടര്‍ അട്ടപ്പാടിയില്‍ നടത്തുന്ന അത്ഭുതങ്ങള്‍.

വിജിലന്‍സ് അന്വേഷണം
ഇത്രയൊക്കെ ചെയ്ത ഒരാള്‍ക്ക് പക്ഷേ നമ്മുടെ ഭരണസംവിധാനങ്ങളില്‍ നിന്നു കിട്ടിയത് കയ്‌പ്പേറിയ അനുഭവങ്ങള്‍ മാത്രം. ഒന്നിനു പുറകെ ഒന്നായി വിജിലന്‍സ് അന്വേഷണങ്ങളാണ് ഡോക്ടര്‍ പ്രഭുദാസ് നേരിടുന്നത്. 

കോട്ടത്തറ ആശുപത്രി അട്ടപ്പാടിയിലെ ഒന്നംകിട സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ന്നതോടെ പ്രദേശത്തു പൂട്ടിപ്പോയത് മൂന്നു സ്വകാര്യ ആശുപത്രികളാണ്. അതുവരെ ആദിവാസികളെ ചൂഷണം ചെയ്തുകൊണ്ടിരുന്ന ആശുപത്രികളായിരുന്നു അവ. സ്വാഭാവികമായും ഡോക്ടര്‍ പലരുടെയും ശത്രുവായി. ആരോഗ്യവകുപ്പില്‍ തന്നെ പലരുടെയും കണ്ണിലെ കരടായി മാറിയിരുന്ന ഡോക്ടര്‍ക്കെതിരെ ശത്രുക്കള്‍ ഒറ്റക്കെട്ടായി നീങ്ങി. 2007 ഓഗസ്റ്റില്‍ ആയിരുന്നു കോട്ടത്തറ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്. സാധാരണ ജനുവരി മാസത്തിലാണ് എല്ലാ ആശുപത്രികളിലേക്കും മരുന്നുകളുടെ സപ്ലൈ നടക്കുന്നത്. അതുകൊണ്ട് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കോട്ടത്തറ ആശുപത്രിയിലേക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കിയത് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നിന്നു ശേഖരിച്ച മരുന്നുകളായിരുന്നു. ചിലതൊക്കെ അളവിലും കൂടുതലും കിട്ടി. ചിലതൊക്കെ കുറവും. ഇതിനിടയില്‍ പ്രഭു ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മരുന്നുകള്‍ കോയമ്പത്തൂരിലും മറ്റും കൊണ്ടുപോയി മറിച്ചുവില്‍ക്കുന്നു എന്നതായിരുന്നു. ആശുപത്രിയില്‍ നിന്നും ഒരു വണ്ടി പുറത്തേക്കുപോയാല്‍ ഉടന്‍ അന്വേഷണസംഘം ഡോക്ടറെ തേടിയെത്തുന്ന അവസ്ഥ വന്നു. വണ്ടികളില്‍ മരുന്നുകള്‍ കടത്തുകയാണെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നുള്ള അന്വേഷണം. പക്ഷേ അന്വേഷിച്ചവര്‍ക്കൊന്നും ഡോക്ടര്‍ക്കെതിരായി ഒരു തെളിവും കിട്ടിയില്ല. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍പ്പോലും അന്വേഷണം നടക്കുകയുണ്ടായി. എല്ലാ അന്വേഷണത്തിലും ആരോപണങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്നു കണ്ടെത്തി. 

സര്‍വീസില്‍ കയറി പതിനാറു വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ഡോക്ടര്‍ പ്രഭുദാസിന്റെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്തു കൊടുത്തിട്ടില്ല. അതായത് ഇപ്പോഴും ഒരു ഡോക്ടറുടെ അടിസ്ഥാന ശമ്പളം തന്നെയാണ് പ്രഭുവിന് കിട്ടുന്നത്. ഇതിനെപ്പറ്റി അന്വേഷിച്ചാല്‍ കിട്ടുന്ന മറുപടി വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട് എന്നാണ്. ഏറ്റവും ഒടുവില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ അറിഞ്ഞ വിവരം, നിലവില്‍ ഡോക്ടര്‍ക്കെതിരെ എന്തെങ്കിലും വിജിലന്‍സ് അന്വേഷണം ഉണ്ടോയെന്ന് അറിയട്ടെ എന്നായിരുന്നു.

പക്ഷേ പ്രഭു ഡോക്ടര്‍ തന്റെ കാര്യത്തിനായി സമയം കളയാറില്ല. ഇപ്പോഴും മാസം പകുതിയാകുമ്പോഴേക്കും കൈയില്‍ കിട്ടിയ ശമ്പളം തീരും. സ്വന്തം കൈയില്‍ നിന്നും കാശെടുത്ത് ആദിവാസികളുടെ കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്ന ആള്‍ക്ക് പലപ്പോഴും ഭക്ഷണം കഴിക്കാന്‍ സഹപ്രവര്‍ത്തകരുടെ പോക്കറ്റിനെ ആശ്രയിക്കേണ്ടിവരുന്നു. എന്നാലും ഡോക്ടര്‍ക്ക് ആരോടും പരാതി ഇല്ല. ഞാന്‍ സ്വയം തെരഞ്ഞെടുത്ത വഴിയാണ്. അതുകൊണ്ട് തന്നെ ഇവിടെയുള്ള കല്ലും മുള്ളുമെല്ലാം ചവിട്ടേണ്ടി വരുന്നതിന് ആരെയും കുറ്റപ്പെടുത്താന്‍ പറ്റില്ല. എന്റെ പ്രശ്‌നങ്ങള്‍ എന്നെ വിഷമിപ്പിക്കുന്നില്ല, ഈ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ മാത്രമാണ് എന്റെ ഉത്കണ്ഠ. അത് പരിഹരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിനിടയില്‍ വരുന്നതെല്ലാം നേരിടാന്‍ തയ്യാറാണ്. എന്നെ കാത്തിരിക്കുന്ന, എന്നെ വിശ്വസിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്… എല്ലാവരുടെയും അടുത്ത് ഓടിയെത്താന്‍ സമയം തികയുന്നില്ലെന്നതു മാത്രമാണ് ആകെയുള്ള സങ്കടം... ഒരു പുഞ്ചിരിയോടെ പ്രഭു ഡോക്ടര്‍ പറയുന്നു.

വെറുതെയല്ല അട്ടപ്പാടിക്കാര്‍ക്ക് മല്ലീശ്വരന്‍ മുടി കാണുമ്പോഴും പ്രഭുദാസ് ഡോക്ടറുടെ അടുത്തെത്തുമ്പോഴും മുഖത്ത് ഒരേഭാവം വിടരുന്നത്… മല്ലീശ്വരനും പ്രഭു ഡോക്ടറും അവര്‍ക്ക് രണ്ടല്ല…

 

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍