UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

ന്യൂസ് അപ്ഡേറ്റ്സ്

സ്ലാക്റ്റിവിസ്റ്റുകളെ, ഡോ. ഷാനവാസിനെ ഇനിയും കൊല്ലരുത്

വാര്‍ത്തകള്‍ക്ക് നിയതമായ ഘടനയും വിന്യാസ രീതിയും പ്രസക്തിയുമുണ്ട്. നിലനില്‍ക്കുന്ന സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക-കാല-ദേശ വ്യത്യാസങ്ങള്‍ക്കനുസരിച്ച് അതിന്‍റെ സാധ്യതയും പ്രസക്തിയും മാറിക്കൊണ്ടിരിക്കും. എത്ര പ്രസക്തമായ വാര്‍ത്തയായാലും കൊടുക്കുന്ന വാര്‍ത്തകള്‍ ബാലന്‍സ് ചെയ്തതാകണമെന്നുള്ളത് സാമാന്യ മര്യാദയാണ്. ഒട്ടുമിക്ക ന്യൂസ് ഡെസ്ക്കുകളിലും പാലിക്കുന്ന രീതിയും അതാണ്‌. ഒരാള്‍ പ്രതിയാണെന്ന് ലോകത്തിന് മുഴുവന്‍ ഉറപ്പുണ്ടായാലും കോടതിയില്‍ തന്‍റെ വാദങ്ങള്‍ ഉന്നയിക്കാന്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ടയാള്‍ക്ക് അവസരം നല്‍കുകയെന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അനുവദിക്കുന്ന അടിസ്ഥാന അവകാശമാണ്. വാര്‍ത്തകളിലും ഈ സാമാന്യ മര്യാദ പാലിക്കപ്പെടുകയും വേണം. നീതിയിലേക്കുള്ള ചവിട്ടുപടിയാണ് മാധ്യമങ്ങള്‍. നീതിന്യായ കോടതികള്‍ പാലിക്കുന്ന മര്യാദകള്‍ പാലിക്കാന്‍ മാധ്യമങ്ങളും ബാധ്യസ്ഥരാണ്. ന്യൂ മീഡിയ അടക്കമുള്ള വാര്‍ത്താ മാധ്യമങ്ങള്‍ ഒരു പരിധിവരെ ഈ ബാലന്‍സിംഗ്  പാലിക്കാറുമുണ്ട്.

ഡോക്ടര്‍ ഷാനവാസിന്‍റെ മരണവും അതിനെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന ആരോപണങ്ങളും സോഷ്യല്‍ മീഡിയയുടെ അപക്വവും മുന്‍-പിന്‍ ആലോചിക്കാതെയുമുള്ള ഇടപെടലുകളും വാര്‍ത്തകളെ എത്രത്തോളം വികലവും മാനുഷികവിരുദ്ധവും ആക്കിത്തീര്‍ക്കുന്നു എന്ന് തെളിയിക്കുന്നതാണ്. മലപ്പുറം ഡി എം ഓ ഡോ: ഉമ്മര്‍ ഫാറൂഖിന്‍റെ ചിത്രവും മന്ത്രി ആരാട്യന്‍ മുഹമ്മദിന്‍റെ ചിത്രവും ചേര്‍ത്ത് ഇവരാണ് പ്രതികളെന്നമട്ടില്‍ ഇതെഴുതുന്ന സമയമായ 17-ആം തീയ്യതി രാവിലെ 4 മണിവരെ 3412 ഫേസ്ബുക്ക് വാളുകളില്‍ ഷെയര്‍ ചെയ്തും 15,000 കൂടുതല്‍ ലൈക്കുകള്‍ സമ്പാദിച്ചും കണ്ടു. ഡോക്ടര്‍ ഉമ്മര്‍ ഫാറൂഖിന്‍റെയോ ആര്യാടന്‍ മുഹമ്മദിന്‍റെയോ പ്രതികരണം എവിടെയും കൊടുത്തതായും കണ്ടില്ല.

വളരെ പക്വതയോടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളെ ഇടയില്‍ കത്തിവയ്ക്കാന്‍ ആളില്ലാത്തത്തിന്‍റെ സ്വാതന്ത്ര്യമുണ്ടെന്ന് കൊട്ടിഘോഷിക്കുന്ന നവമാധ്യമ വേദികള്‍ എത്രത്തോളം അപക്വതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് തെളിയിക്കുന്നതാണ് ഈയിടെ ഉണ്ടായിവരുന്ന നവമാധ്യമ മുന്നേറ്റങ്ങള്‍ (അഥവാ പിന്മടക്കങ്ങള്‍).

മരണത്തിന് മുന്‍പ് എത്ര പേര്‍ക്ക് ഡോ:ഷാനവാസിനെ അറിയാമായിരുന്നു എന്നിടത്ത് നിന്നും തുടങ്ങി അദ്ദേഹത്തിന്‍റെ രോഗവിവരങ്ങളിലേക്കും മരണത്തിന് ശേഷം ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ ആധികാരികതയിലേക്കും വരെ സംശയങ്ങള്‍ ഉയര്‍ന്നുവരാവുന്നതാണ്. ഫേസ്ബുക്ക് പോസ്റ്റുകള്‍ മാത്രം ആധികാരികമായ തെളിവല്ല എന്നിരിക്കെ പോസ്റ്റുകളുടെ പിന്‍ബലത്തില്‍ മാത്രം എങ്ങനെ പ്രതികളെ തീരുമാനിക്കാന്‍സാധിക്കുമെന്നതും ചോദ്യമാണ്. സോഷ്യല്‍ മീഡിയകളില്‍ ഡോ:ഷാനവാസിന്‍റെ ചിത്രം മുഖചിത്രമാക്കിയവരും മരണത്തെ വിവാദമാക്കിയവരും ഉപയോഗിക്കുന്ന ഭാഷയാകട്ടെ അങ്ങേയറ്റം സംസ്കാരശൂന്യമാണ്.

ഭരണഘടനയും നിയമങ്ങളും നിലനില്‍ക്കുന്ന ഒരു രാഷ്ട്രത്തില്‍ ഡോ. ഷാനവാസിന്‍റെ മരണത്തിന് കാരണമായി കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുകയും അത് അങ്ങനെയെങ്കില്‍ത്തന്നെ  സമഗ്രമായ അന്വേഷണത്തിന് ആവശ്യമുന്നയിക്കുന്നതിന് പകരം പ്രതികളെ ആള്‍ക്കൂട്ടം തന്നെ  തീരുമാനിക്കുകയും ആരോപണ വിധേയമായവരെ തെറിയഭിഷേകം നടത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന അപക്വമായ ഇടപെടലുകള്‍ വ്യക്തികള്‍ക്കോ സമൂഹത്തിനോ ഭൂഷണമല്ല. അച്ചടി-ദൃശ്യ മാധ്യമങ്ങളെ ഇഷ്ടാനുസരണം കളിയാക്കുകയും അത്തരം മാധ്യമങ്ങളുടെ കോര്‍പറേറ്റ്-മുതലാളി-രാഷ്ട്രീയ താല്പര്യങ്ങള്‍ പൊളിച്ചുകാട്ടുകയും ചെയ്യുന്ന ഇടങ്ങളില്‍ത്തന്നെ ഇത്തരം വിരോധാഭാസങ്ങള്‍ അരങ്ങേറുന്നത് കാമ്പുള്ള അഭിപ്രായങ്ങളുടെ കൂടി കാമ്പ് ചോര്‍ത്തിക്കളയുവാനേ ഉപകരിക്കൂ.

ഭാഷ സമൂഹത്തിന്‍റെ കണ്ണാടിയാണ്. വ്യക്തികളുടെ ഭാഷ കേട്ട് സമൂഹത്തെ വിലയിരുത്തുന്ന നടപ്പുശീലമുള്ള നാട്ടില്‍ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന ഭാഷാ ശീലങ്ങള്‍ വായിച്ചാല്‍ മനസ്സിലാകും എത്രത്തോളം വികലമാണ് മലയാളിയുടെ ഭാഷാ പ്രയോഗ ശീലങ്ങളെന്ന്. കേട്ടാലറയ്ക്കുന്ന തെറികളുടെ സഹായത്തോടെയാണ് എന്തിനും ഏതിനും ഫേസ്ബുക്ക് ആക്റ്റിവിസ്റ്റുകള്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്. തമാശ അതല്ല ഫേസ്ബുക്ക് സ്ലാക്റ്റിവിസ്റ്റുകളാണ് ഇവരില്‍പലരും. കീബോര്‍ഡിലെ പുലികളെന്ന് സാമാന്യ അര്‍ത്ഥം. ഡോ. ഷാനവാസിന്‍റെ മരണ വിവാദത്തിലും ഇത്തരം സ്ലാക്റ്റിവിസ്റ്റുകള്‍ തനി സ്വരൂപം കാണിക്കുകയും അടിസ്ഥാന ആവശ്യങ്ങളുടെ പ്രസക്തി തന്നെ ഇല്ലാതാക്കുകയും ചെയ്തു കഴിഞ്ഞു.

ഡോ. ഉമ്മര്‍  ഫാറൂക്കോ മന്ത്രി ആര്യാടന്‍ മുഹമ്മദോ പ്രതികളാണെന്നോ അവര്‍ക്ക് പ്രസ്തുത വിഷയത്തിലുള്ള പങ്കെന്താണെന്നോ തല്‍ക്കാലം വിധിയെഴുതാന്‍ ആള്‍ക്കൂട്ടത്തിനു സാധിക്കില്ല. ഷാനവാസിനെ അനധികൃതമായി നിരന്തരം സ്ഥലം മാറ്റിയെന്ന് അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളും ഫേസ്ബുക്ക് പോസ്റ്റുകളും മാത്രമേ തല്‍ക്കാലം മുന്നിലുള്ളൂ. മാഫിയ എന്നത് കളിപ്പാട്ട വിപണിയില്‍ പോലും സര്‍വസാധാരണമായി ഉപയോഗിക്കുന്ന വാക്കായി മാറിയിരിക്കെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ വ്യക്തികളോ സ്ഥാപനങ്ങളോ തല്‍ക്കാലം ഇല്ലയെന്നതും നേര്. എന്ത് തന്നെ പറയണമെങ്കിലും തെളിവുകള്‍ കണ്ടെത്തുകയും സമഗ്രമായ അന്വേഷണം നടക്കുകയും വേണം. അതുവരെ ഇത് ധാര്‍മികതയുടെയും മനുഷ്യത്വത്തിന്‍റെയും പ്രശ്നമായി നിലനില്‍ക്കും. അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്കായി നന്മ ചെയ്ത മനുഷ്യന് കിട്ടേണ്ടിയിരുന്ന അര്‍ഹമായ പരിഗണന ഇല്ലാതാക്കി എന്ന അധാര്‍മികത. അതല്ലാത്തതൊക്കെ കാടടച്ചുള്ള വെടിവെപ്പ് മാത്രമായി ഒതുങ്ങും.

വ്യവസ്ഥിതിക്കെതിരേ നീന്തുന്നവരെ അടക്കിനിര്‍ത്താന്‍ വ്യവസ്ഥിതിക്കുതന്നെ അടവുകള്‍ പലതുണ്ട്.പക്ഷേ, ഏത് അടവുകളേയും പ്രതിരോധിക്കാനുള്ള പ്രതി അടവുകളും അതേ വ്യവസ്ഥിതി തന്നെ അനുവദിക്കുന്നുമുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിലെ സ്ഥലംമാറ്റങ്ങള്‍ക്കും ശിക്ഷാ നടപടികള്‍ക്കും അതിന്‍റെതായ ചട്ടങ്ങളും രീതികളുമുണ്ട്. അത് മറികടക്കുക എളുപ്പമല്ല. ഇനി അഥവാ സ്ഥാപിത താല്‍പ്പര്യത്തോടെ ഉദ്യോഗസ്ഥനോ അതിനുമുകളിലുള്ള വ്യക്തികളോ ശ്രമിച്ചാല്‍ അത് ചോദ്യം ചെയ്യാനും ചട്ടലംഘനങ്ങള്‍ തെളിയിക്കാനും നിയമ സംവിധാനങ്ങളുണ്ട്. വകുപ്പ് തലത്തില്‍ നീതി കിട്ടിയില്ലെങ്കില്‍ ഉന്നത വ്യവസ്ഥകളും കോടതികളുമുണ്ട്. ഡോ. ഷാനവാസിന്‍റെ പ്രശ്നങ്ങളില്‍ മൊഴി കൊടുത്തതിന് ശേഷമുണ്ടായ പുരോഗതികള്‍ അന്വേഷിക്കുന്നതും പ്രസക്തമായിരിക്കും. ഡോ. ഷാനവാസിന് ഉണ്ടായിരുന്ന നീതിബോധം അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നവരിലും പ്രതീക്ഷിക്കുന്നത് തെറ്റല്ലെന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത കാലത്തായി വ്യക്തിഹത്യകളില്‍ മോണോക്രസിയുടെ താല്‍പ്പര്യം അതിശയകരമാം വിധം ഭീകരമാണ്. ഡോ. ഷാനവാസിനെ വ്യക്തിപരമായോ ഔദ്യോഗികമായോ ഈ ലേഖകന് പരിചയമില്ലായിരുന്നു. ഇപ്പോള്‍ മൊണോക്രസി പ്രതികളായി വിധിയെഴുതിയ വ്യക്തികളെയോ എനിക്ക് നേരിട്ട് പരിചയമില്ല. അതില്‍ ഡോ. ഉമ്മര്‍ ഫാറൂക്കിനെ ഫേസ്ബുക്കില്‍ ചിത്രം പ്രത്യക്ഷപ്പെടും വരെ ഞാനറിയുകയില്ല. ശരിപക്ഷം ഏതായാലും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് നടക്കേണ്ടത്. അന്വേഷണത്തിന് മുന്‍പേതന്നെ പറയാവുന്ന കാര്യം ഒന്നേയുള്ളൂ. അതാകട്ടെ ഡോ. ഷാനവാസ് നടത്തിക്കൊണ്ടിരുന്ന സേവനത്തെപ്പറ്റിയാണ്‌. അനന്യമായ സേവനതാല്‍പരനായിരുന്നു ഡോ. ഷാനവാസെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അറിയാത്തവര്‍പോലുമറിഞ്ഞു. മണ്മറഞ്ഞ മനുഷ്യനോടുള്ള ആദരവും ബഹുമാനവും അത്രയേറെയുണ്ട്.

കാരണം നന്മയ്ക്കും സ്നേഹത്തിനും ഒരേയൊരു മറുപടിയേയുള്ളൂ… സ്നേഹവും ആദരവും.

പക്ഷേ, അസഭ്യവര്‍ഷവും പച്ചത്തെറികളും കൊണ്ട് നവ മാധ്യമങ്ങളില്‍ അശ്ലീലം വിളമ്പി നിങ്ങളാ മനുഷ്യനെ പിന്നേയും കൊല്ലാതിരിക്കൂ. അല്ലെങ്കില്‍ ചരിത്രം അദ്ദേഹത്തിന്‍റെ നന്മകളെ നിഷ്കരുണം തിരസ്കരിക്കുകയും അപക്വമായ ഈ സമീപനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും. അതാരുടെയും കുറ്റമല്ല. നമ്മുടെ ചരിത്രത്തിലും അതിനായി പേനയുന്തുന്നവര്‍ക്കും അതാണ്‌ ശീലം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍