UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെയ്യാന്‍ ഇനിയുമൊരുപാട് നന്മകള്‍ ബാക്കിവെച്ച് ഡോ.ഷാനവാസ് ജീവിതത്തില്‍ നിന്ന് മടങ്ങി

Avatar

അഴിമുഖം പ്രതിനിധി

ആദിവാസി ഊരുകളില്‍ നടത്തിയ നിസ്വാര്‍ത്ഥ സേവനങ്ങളിലൂടെ പാവങ്ങളുടെ ഡോക്ടര്‍ എന്ന വിശേഷണം നേടിയ നിലമ്പൂര്‍ സ്വദേശി ഡോ. ഷാനവാസ് പി സി അന്തരിച്ചു. ഹൃദയാഘാതമാണ് മുപ്പത്തിയാറുകാരനായ ഷാനവാസിനെ അകാലത്തില്‍ ജീവിതത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. കോഴിക്കോടു നിന്ന് തിരികെ വീട്ടിലേക്കുള്ള യാത്രയില്‍ കാറില്‍വെച്ചായിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുന്നത്. ഉടന്‍ തന്നെ എടവണ്ണയിലുള്ള രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. ഇതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു.

പാവപ്പെട്ടവരും നിരാലംബരുമായ ആദിവാസികള്‍ക്കായി തന്റെ ജീവിതം മാറ്റിവച്ച ഷാനവാസ് ചിക്തിസ മാത്രമല, അവര്‍ക്കാവശ്യമായ ഭക്ഷണവും വസ്ത്രങ്ങളുമെല്ലാം നല്‍കി അവരിലൊരാളായി കൂടെയുണ്ടായിരുന്നു. ഷാനവാസിനെ അടുത്തറിയാന്‍ പൊതുസമൂഹത്തിന് അവസരം ലഭിച്ചതോടെ പലരും തങ്ങളുടെ സഹായവും ഷാനവാസിലൂടെ ആദിവാസികള്‍ക്ക് എത്തിക്കാന്‍ തയ്യാറായി. ഭിഷഗ്വരന്റെ ജോലി ധനസമ്പാദനത്തിനുള്ള ഏറ്റവും സുഗമമായ മാര്‍ഗമായി മാറിയ ഇക്കാലത്ത്, കനപ്പെട്ട ഫീസിലല്ല, കാരുണ്യത്തിലാണ് ഷാനവാസ് സംതൃപ്തി കണ്ടെത്തിയത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ തന്റെ കണ്‍മുന്നില്‍ നടക്കുന്ന അഴിമതിക്കും വെട്ടിപ്പിനും എതിരെ ശക്തമായി പ്രതികരിക്കാനും ഷാനവാസ് സധൈര്യം മുന്നോട്ടുവന്നു. അതിന്റെ പേരില്‍ നിരവധി ശത്രൂക്കളെയും അദ്ദേഹത്തിന് സ്വന്തമാക്കേണ്ടി വന്നു. തന്റെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടാനുള്ള പ്രധാന പ്ലാറ്റ്‌ഫോമായി ഫെയ്‌സ്ബുക്കിനെ ഉപയോഗിച്ചിരുന്ന ഷാനവാസിന് അതേ മാധ്യമത്തിലൂടെ ശത്രുക്കളുടെ നിരന്തരമായ പീഢനത്തിനും വിധേയനാകേണ്ടി വന്നു. ഒപ്പം അധികാരികളും അദ്ദേഹത്തെ വേട്ടായിടിക്കൊണ്ടിരുന്നു. അനധികൃതമായി സ്ഥലംമാറ്റങ്ങള്‍ നല്‍കിയായിരുന്നു അവര്‍ ഡോക്ടറെ ബുദ്ധിമുട്ടിച്ചിരുന്നത്. തനിക്കെതിരെ നടക്കുന്ന ആസൂത്രീത നീക്കള്‍ മാനസീകമായി തന്നെ തളര്‍ത്തുന്നതായി ഷാനവാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു, എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം അധികാരികള്‍ക്കായിരിക്കുമെന്നും അദ്ദേഹം പറയുന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അവസാനമായി ഫെയ്‌സ്ബുക്കില്‍ ഇട്ടപോസ്റ്റും തന്റെ പോരാട്ടത്തെ സംബന്ധിച്ചുള്ളതായിരുന്നു.

‘തിരുവനതപുരത്തേക്കു ഹിയറിംഗ് എന്ന പ്രഹസനതിനു വിളിച്ചു വരുത്തി,എന്നെ കൊണ്ടു ടൊയോട്ട ഇറ്റിയോസില്‍ വെറുതെ ഇന്ധനം അടിപ്പിച്ചു,എന്റെ പണം വെറുതെ കളഞ്ഞു നിലമ്പൂരില്‍ നിന്നും അത്രെയും ദൂരം െ്രെഡവ് ചെയ്യിച്ചു,,,,ശിരുവാണി കാടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു എന്നു ആദ്യമേ ടൈപ് ചെയ്തു വച്ച ഓര്‍ഡര്‍ ഇങ്ങു അയച്ചാല്‍ പോരായിരുന്നോ???……..ആദിത്യന്‍ ഒരു തുറന്ന യുദ്ധത്തിനോരുങ്ങുകയാണ്.നിങ്ങള്‍ക്കു തേടാനുള്ള വഴികള്‍ നിങ്ങള്‍ തെടിക്കൊള്ളൂ…………ഒറ്റയാന് അവന്റേതായ ചില വഴികളുണ്ട്.എന്നെ നിങ്ങള്‍ ഏതൊക്കെ രീതിയില്‍ ബുദ്ധിമുട്ടിച്ചോ,പക്ഷേ………………………….’!!!!

ആവശ്യമായ ചികിത്സകളും മരുന്നുകളും കിട്ടാതെ നരകിയ്ക്കാന്‍ വിധിക്കപ്പെട്ട ആദിവാസികള്‍ക്കിടയിലേക്കാണ് തന്റെ ജോലിയുടെ സര്‍വമഹത്വവും വിളിച്ചോതി ഷാനവാസ് എത്തുന്നത്. ആദിവാസി കോളനികളിലേക്ക് കടന്നു ചെന്നും ഡിസ്പന്‍സറിയിലേക്ക് തന്നെ തേടി വരുന്നവര്‍ക്കും സൗജന്യ ചികിത്സയും മരുന്നുകളും നല്‍കി മനുഷ്യത്വത്തിന്റെ പുതിയൊരനുഭവം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയ്ക്ക് നല്‍കുകയായിരുന്നു ഷാനവാസ്. കാടിനുള്ളിലേക്ക് കിലോമീറ്ററുകള്‍ താണ്ടി ഓരോ ആദിവാസി കുടികളിലേക്കും കടന്നുചെന്ന് അവരുടെ ആരോഗ്യവും ക്ഷേമവും തിരിക്കി ആവശ്യമുള്ളകാര്യങ്ങള്‍ ചെയ്തുകൊടുത്ത് താന്‍ അവരില്‍ ഒരാളെന്നു ഓരോനിമിഷവും ആ മനുഷ്യരോട് അദ്ദേഹം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. തന്റെ വീഴ്ച്ചയ്ക്ക് കാത്തിരുന്നവര്‍ക്ക് മുന്നില്‍ വെല്ലുവിളിയായി നില്‍ക്കാന്‍ അദ്ദേഹത്തിന് കരുത്തായതും ഈ മനുഷ്യരുടെ അനുഗ്രവും സ്‌നേഹവും തന്നെയായിരിക്കണം. ഒപ്പം അകലെയും അരികെയും നിന്ന് പിന്തുണ നല്‍കിയ കുറെ സുമനസ്സുകളും സുഹൃത്തുക്കളും.

ഒടുവില്‍ മരണം ധൃതിപ്പെട്ട് അദ്ദേഹത്തെ മടക്കി കൊണ്ടുപോകുമ്പോള്‍, ചെയ്യാന്‍ ഒരുപാടു നന്മകള്‍ ബാക്കി വച്ചിട്ടായിരിക്കും കൂടെപോയിരിക്കുന്നത്. ഡോ. ഷാനവാസ് ബാക്കിവച്ചുപോയത് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തെ സ്‌നേഹിച്ചവര്‍ക്കാണ് ബാധ്യത.

(ഡോ. ഷാനവാസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ താഴെയുള്ള കമന്റ് ബോക്‌സ് ഉപയോഗിക്കുക)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍