UPDATES

ജോബി വര്‍ഗീസ്

കാഴ്ചപ്പാട്

ജോബി വര്‍ഗീസ്

സിനിമ

അതിര്‍ത്തിയിലെ വെടിയൊച്ച ദേശീയതയുടെ അളവുകോലാക്കുന്നവര്‍ ഒരിക്കല്‍ക്കൂടി കാണുക – Dr.Strangelove

കൈക്കരുത്തും ശാരീരികബലവും ശക്തനെ നിശ്ചയിച്ചിരുന്നിടത്തേയ്ക്ക് ചങ്കൂറ്റത്തോടെ കടന്നുവരാന്‍ ദുര്‍ബലന് കൂട്ടായത് ആയുധങ്ങളുടെ കണ്ടുപിടുത്തമായിരുന്നു. നേര്‍ക്ക് നേരുള്ള ആക്രമണത്തിനുപയോഗിക്കുന്ന ആയുധങ്ങളല്ല. ദൂരങ്ങളില്‍ നിന്നും ബലവാനായ ശത്രുവിന്റെ ദുര്‍ബലതയുടെ ന്യൂക്ലിയസിനെ ലാക്കാക്കി തൊടുത്ത് വിടാവുന്ന ആയുധങ്ങള്‍. ഇവ കൈക്കരുത്തിന്റെ സ്ഥാനത്ത് പ്രയോഗത്തിന്റെ കൃത്യതയെ പ്രതിഷ്ഠിച്ചു. തോക്കിന്റെ വരവ് ശാരീരികശേഷിയെ തികച്ചും അപ്രസക്തമാക്കി. ഏത് ദുര്‍ബലനും ഏതകലത്തില്‍ നിന്നും ശത്രുവിനെ കീഴ്‌പ്പെടുത്താവുന്നൊരു നില വന്നു. ഒറ്റയ്ക്കുള്ള നശീകരണത്തെക്കാള്‍ ഒരു സമൂഹത്തെയാകെ ഒറ്റയടിക്ക് സമയനഷ്ടമൊട്ടുമില്ലാതെ എളുപ്പത്തിലും വേഗതയിലും കൃത്യതയിലും തുടച്ച് നീക്കാനുതകുന്ന ആയുധങ്ങളിലേക്കുള്ള ലോകത്തിന്റെ വളര്‍ച്ചയായിരുന്നു പിന്നീട് കണ്ടത്.

വ്യക്തികളും ചെറുസമൂഹങ്ങളും ഗോത്രങ്ങളും ‘സ്റ്റേറ്റ്’ എന്ന സങ്കല്പത്തില്‍ ലയിക്കുകയും സ്വന്തം നിലനില്പിന് അപരന്റെ കൂര കത്തിക്കുകയെന്ന പ്രാകൃത ഗോത്രസമൂഹത്തിന്റെ അപരിഷ്‌കൃത സമ്പ്രദായം വേരറ്റ് പോകാതെ കൂടുതല്‍ കൂടുതല്‍ ആഴങ്ങളിലേക്കിറങ്ങി ദേശീയതയും ദേശസ്‌നേഹവുമായി പരിണമിക്കുകയും ചെയ്തു. സ്വന്തം പ്രതിബിംബത്തിന്റെ സൗന്ദര്യത്തില്‍ മാത്രം അനുരക്തനാവുന്ന നാര്‍സിസസിനേയും മറികടന്ന്, സൗന്ദര്യമുള്ള പ്രതിബിംബം തനിക്ക് മാത്രമാണെന്നും അപരനുള്ളത് വൈരൂപ്യമാണെന്നും വിശ്വസിക്കുന്നൊരുവരുടെ ധാരണകളും ബോദ്ധ്യങ്ങളും ശരികളും മാത്രം രൂപപ്പെടുത്തിയൊരു മാനസികനിലയായി ദേശീയതയുടേയും. സ്‌നേഹത്തിന് കണ്ണില്ലെന്ന നാട്ടുചൊല്ല് ള്ളതിനാലാവണം കാഴ്ചയുള്ളവന്റെ അന്ധതയായി ദേശസ്‌നേഹം മാറിയത്.

ദേശീയതയുടെ വളര്‍ച്ചയ്‌ക്കൊപ്പം അതിര്‍ത്തിരേഖകളെക്കുറിച്ച് പെരുകിയ ആധി, സംരക്ഷണമെന്ന അനിവാര്യതയിലേയ്‌ക്കെത്താന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കുകയും പരിഷ്‌കൃതവും നൂതനവുമായ ആയുധങ്ങളുടെ സംഭരണമെന്ന വിനോദത്തിനായി രാഷ്ട്രസമ്പത്തിന്റെ വലിയ തോതിലുള്ള മുതല്‍മുടക്കെന്ന ധൂര്‍ത്തിലേയ്ക്ക് പിന്നീടൊരിയ്ക്കലും തിരിച്ച് വരാനാകാത്ത വണ്ണം ക്രമേണ ക്രമേണ ആഴ്ന്ന് പോവുകയും ചെയ്തു.

അവസാന മഹായുദ്ധത്തിന് ശേഷം, ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ രണ്ട് പകുതികള്‍ പോലെ വിഭജിയ്ക്കപ്പെട്ട ലോകം രണ്ട് വന്‍ ശക്തികളുടെ പാളയങ്ങളിലേയ്ക്ക് ചേക്കേറി. മികവില്‍ മികച്ചതാരെന്ന ചോദ്യത്തിനുത്തരം നല്കാനെന്നവണ്ണം ഇരുചേരികളിലേയും സംഭരണശാലകളില്‍ കൂടുതല്‍ കൂടുതല്‍ വിനാശകാരികളായ ആയുധങ്ങള്‍ അടിഞ്ഞ് കൂടി. ആയുധ മത്സരങ്ങളേയും മറികടന്ന് ബഹിരാകാശ വിക്ഷേപണവും സമാധാന ദൗത്യവുമുള്‍പ്പെടെ സകല മേഖലകളിലേയ്ക്കും ഈ ശീതയുദ്ധം കടന്ന് കയറി. സോവിയറ്റ് കമ്മ്യൂണിസ്റ്റുകളുടെ മോസ്‌ക്കോ ഒളിമ്പിക്‌സ് ബഹിഷ്‌ക്കരിച്ച അമേരിക്കന്‍ കുത്തകകള്‍ക്ക്, തൊട്ടടുത്ത ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സില്‍ നിന്നുള്ള പിന്മാറ്റത്തിലൂടെ റഷ്യയും മറുപടി നല്കി. എല്ലാം ശിവമയമെന്ന പോലെ, അങ്ങനെ എന്തിലുമേതിലും സോവിയറ്റോ യാങ്കികളോ എന്നത് അന്തരീക്ഷത്തിലെപ്പോഴും പ്രതിധ്വനിക്കുന്ന ചോദ്യമായി നിലനില് ക്കുന്ന പശ്ചാത്തലത്തിന്റെ കറുത്ത ഹാസ്യം ഉള്‍ക്കൊണ്ടാണ് സ്റ്റാന്‍ലി കുബ്രിക്ക് Dr. Strangelove or How I Learned to Stop Worrying and Love the Bomb എന്ന ചിത്രം ഒരുക്കിയത്.

 

 

ജലവിതരണത്തില്‍ fluoridation നടത്തി അമേരിക്കക്കാരുടെ ശുദ്ധവും തനിമയാര്‍ന്നതുമായ ശരീരദ്രാവകങ്ങളെ മലിനീകരിയ്ക്കുന്ന കമ്മ്യൂണിസ്റ്റ് റഷ്യയ്ക്കുള്ള തിരിച്ചടിയായി ആണവായുധം പ്രയോഗിയ്ക്കാന്‍ ഉത്തരവിടുന്ന കിറുക്കനായ കമാന്റിംഗ് ജനറല്‍ ജാക്ക് റിപ്പറിന്റെ ചെയ്തികള്‍ സൃഷ്ടിക്കുന്ന പരിഭ്രാന്തികളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. പ്രസിഡന്റുമായോ മറ്റ് ഉയര്‍ന്ന പട്ടാള മേധാവികളുമായോ കൂടിയാലോചിക്കാതെ തീരുമാനമെടുക്കാന്‍ ജാക്ക് റിപ്പറെ പ്രേരിപ്പിച്ചത് അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം മാത്രമാണ്. അമേരിക്കന്‍ വംശീയതയുടെ അഹന്തയാല്‍ സമനില തെറ്റിയ റിപ്പറിന്റെ ഭ്രാന്തന്‍ മനസ്സ് മെനഞ്ഞെടുത്ത സങ്കല്പങ്ങളായിരുന്നു റഷ്യയ്‌ക്കെതിരായ വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍. ആര്യന്‍ വംശ ശുദ്ധിയില്‍ അഭിരമിച്ച അഡോള്‍ഫ് ഹിറ്റ്‌ലറില്‍ നിന്നും ഒട്ടും അകലെയല്ല ജനറല്‍ റിപ്പറിന്റെ സ്ഥാനവും.

ജനറല്‍ റിപ്പറിന്റെ ഓഫീസ്, പ്രസിഡന്റും പട്ടാള മേധാവികളും റഷ്യന്‍ അംബാസഡറുമുള്‍പ്പെട്ട പെന്റഗണിലെ വാര്‍ റൂം, ആണവായുധവുമായി പുറപ്പെടുന്ന B52 ബോംബര്‍ എന്നിങ്ങനെ മൂന്നിടങ്ങള്‍ മാത്രമാണ് ഈ ചിത്രത്തിന്റെ കഥാപരിസരങ്ങള്‍.

പീറ്റര്‍ ജോര്‍ജ്ജിന്റെ ‘റെഡ് അലര്‍ട്ട്’ എന്ന നോവലിനെ ആസ്പദമാക്കി രൂപപ്പെടുത്തിയ Strangelove-ന്റെ തിരക്കഥയില്‍ സ്റ്റാന്‍ലി കുബ്രിക്ക് എന്ന പ്രതിഭാ ശാലിയുടെ ഭാവനാപൂര്‍ണ്ണമായ ഇടപെടല്‍, തിരക്കഥാ രചനയിലെ മഹത്തായൊരു അദ്ധ്യായമാണ്. പീറ്റര്‍ ജോര്‍ജ്ജിന്റെ നോവലിലില്ലാത്ത, അമേരിക്കന്‍ പൗരത്വം നേടിയ ജര്‍മ്മന്‍കാരനായ, നാസിപാര്‍ട്ടി അംഗമായിരുന്ന Dr. Strangelove എന്ന ശാസ്ത്രജ്ഞന്റെ സൃഷ്ടി, നോവലിനും മുകളിലേയ്ക്ക് ചലച്ചിത്രത്തെ ഉയര്‍ത്തി. വീല്‍ച്ചെയറിനെ ആശ്രയിയ്ക്കുന്ന Dr. Strangelove എന്ന കഥാപാത്രം, അപകടത്തില്‍ കാല്‍പാദം നഷ്ടമായ ആണവശാസ്ത്രജ്ഞന്‍ എഡ്വേര്‍ഡ് ടെല്ലറെ ഓര്‍മ്മിപ്പി യ്ക്കുന്നു.

കുബ്രിക്കിന്റെ മുന്‍ ചിത്രമായ ‘ലോലിത’യില്‍ അഭിനയിച്ച Peter Sellers എന്ന ബ്രിട്ടീഷ് നടന്‍ മൂന്ന് റോളുകളില്‍ അവിസ്മരണീയമായ പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. ശരീരഭാഷയിലും ഡയലോഗ് ഡെലിവറിയിലും മോഡുലേഷനിലും മാനറിസങ്ങളിലും ആകാരത്തിലും വ്യത്യസ്തരായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ലേണല്‍ മാന്‍ഡ്രേക്ക്, അമേരിക്കന്‍ പ്രസിഡന്റ് Merkin Muffley, ശാസ്ത്രജ്ഞന്‍ Dr. Strangeloveഎന്നീ മൂന്ന് കഥാപാത്രങ്ങളെ തിരിച്ചറിയാനാവാത്ത വിധം ഗംഭീരമായി അദ്ദേഹം അവതരിപ്പിച്ചിരിയ്ക്കുന്നു.

കമ്മ്യൂണിസ്റ്റുകളേയും റഷ്യക്കാരേയും വെറുക്കുന്ന യുദ്ധക്കൊതിയനും വിഷയാസക്തനുമായ General Buck Turgidson-ന്റെ വേഷത്തില്‍ George C Scott നിറഞ്ഞാടിയിരിക്കുന്നു. Patton എന്ന ചിത്രത്തിലെ ജനറല്‍ ജോര്‍ജ്ജ്. എസ്. പാറ്റണ്‍ ജൂനിയര്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിന് ലഭിച്ച മികച്ച നടനുള്ള 1971-ലെ ഓസ്‌കര്‍ നിര്‍ദ്ദയം തിരസ്‌ക്കരിച്ച്, രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മാര്‍ലണ്‍ ബ്രാന്‍ഡോയുടെ തിരസ്‌ക്കരണത്തിന് മുമ്പേ നടന്ന നടന്‍ കൂടിയാണ് സ്‌കോട്ട്. ഓരോ പ്രകടനവും താരതമ്യപ്പെടുത്താനാവാത്ത വിധം അനന്യമാകയാലും, വാണിജ്യപരമായ ലക്ഷ്യങ്ങള്‍ക്കായി ആസൂത്രിതമായ ഉദ്വേഗം സൃഷ്ടി ക്കുന്ന ഓസ്‌കറിന്റെ രീതികളോട് വിയോജിക്കയാലുമാണ് ഹോളിവുഡിനെ ഞെട്ടിച്ച ആ തീരുമാനത്തിലേയ്ക്കദ്ദേഹമെത്തിയത്. കോമാളിയുടെ ഭാവങ്ങള്‍ പ്രകടിപ്പിയ്ക്കുന്ന Turgidso-ല്‍ നിന്ന് Patton– ലേക്കെത്തുമ്പോളത് ഗൗരവത്തിന്റേതായി മാറുന്നു. ജനറല്‍ എന്ന കഥാപാത്രത്തിന്റെ സ്‌കോട്ടിന്റെ രണ്ട് വ്യത്യസ്ത വ്യാഖ്യാനങ്ങളാണീ വേഷങ്ങള്‍.

അമേരിക്കന്‍ പട്ടാള ഓഫീസുകളില്‍, ‘സമാധാനമാണ് തങ്ങളുടെ തൊഴിലെന്ന്’ സാമാന്യത്തിലും വലുതായ അക്ഷരത്തിലും രേഖപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലങ്ങള്‍ പല സന്ദര്‍ഭങ്ങളിലുമുണ്ട്. രണ്ടാം ലോക മഹായുദ്ധത്തില്‍ ഇരു ശക്തികളുമുപയോഗിച്ച മൊത്തം ബോംബുകളുടേയും ഷെല്ലുകളുടേയും സ്‌ഫോടന ശേഷിയുടെ പതിനാറിരട്ടിക്ക് തുല്യമായ ന്യൂക്ലിയര്‍ ബോംബുമായി 24 മണിക്കൂറും ആക്രമണ സജ്ജരായി പറക്കുന്ന B-52 വിമാനവ്യൂഹത്തിന്റെ ലക്ഷ്യം, രണ്ട് മണിക്കൂറിന്റെ ദൂരത്തിനുള്ളിലെ സോവിയറ്റ് കേന്ദ്രങ്ങളാണെന്ന വസ്തുത നിലനില്ക്കുന്നതിനാലാണ്, വെറും കുറേ അക്ഷരങ്ങള്‍ ചേര്‍ന്നാല്‍ വാക്കുകളും വാചകങ്ങളും മാത്രമേ ഉണ്ടാകൂവെന്നും അതില്‍ നിന്നൊരു അര്‍ത്ഥം ഉരുത്തിരിയുന്നില്ലെന്നുമുള്ള തിരിച്ചറിവിലേക്ക് നമ്മളെത്തുന്നത്. ഒരു പ്രതിസന്ധി ഘട്ടം തരണം ചെയ്യാനാവശ്യമായ ഉപായമെന്ന നിലയ്ക്ക്, അമേരിക്കന്‍ പ്രസിഡന്റിനെ ഫോണ്‍ ചെയ്യാനാവശ്യമായ നാണയങ്ങള്‍ക്കായി, ഒരു കൊക്ക കോള മെഷീന്‍ തകര്‍ക്കാനാവശ്യപ്പെടുമ്പോള്‍, നിങ്ങള്‍ കൊക്ക കോള കമ്പനിയോട് സമാധാനം പറയേണ്ടി വരുമെന്ന മറുപടി ഉണര്‍ത്തുന്ന ചിരിക്ക് സമാനമായ സന്ദര്‍ഭങ്ങള്‍ ഈ ചിത്രത്തില്‍ ഒരുപാട് കാണാം.

കറുത്ത ഹാസ്യം നിറഞ്ഞ് നില്ക്കുന്നുവെങ്കിലും ഒരു ത്രില്ലറിന്റെ രൂപഘടനയാണീ ചിത്രത്തിന്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ജിജ്ഞാസയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. A Clockwork Orange-ല്‍ സര്‍റിയലിസവും 2001: Space Odyssey-ല്‍ സയന്‍സ് ഫിക്ഷനും The Shining-ല്‍ Eyes wide shut-ല്‍ ത്രില്ലറും കൈകാര്യം ചെയ്ത, ഏറ്റവും മികച്ച അമേരിക്കന്‍ സംവിധായക നെന്ന് ചില നിരൂപകര്‍ വകയിരുത്തുന്ന കുബ്രിക്കിന്റെ ഏറ്റവും ജനപ്രിയമായ ചിത്രമായി Dr. Strangelove മാറിയത് കാലഘട്ടങ്ങളേയും തലമുറകളേയും അതി ജീവിച്ചുള്ള സംവേദനത്ത്വത്തിനാലും പ്രമേയത്തിന്റെ കാല്പനികത്ത്വത്തിനാലുമാണ്.

ശാസ്ത്രത്തിന്റെ നശീകരണ ശക്തിയെ സ്റ്റേറ്റ് ഉപയോഗിയ്ക്കുകയാണോ അതോ സ്റ്റേറ്റിന്റെ വിനിമയ മൂല്യത്തെ ശാസ്ത്രം മുതലെടുക്കുകയാണോ എന്നൊരു ചിന്ത ഈ ചിത്രം മുന്നോട്ട് വെയ്ക്കുന്നുണ്ട്. റോബര്‍ട്ട് ഓപ്പണ്‍ഹൈമറുടേയും എഡ്വേര്‍ഡ് ടെല്ലറിന്റേയും പ്രവര്‍ത്തന രീതികള്‍ അപൂരകങ്ങളായ ഈ രണ്ട് ചിന്താധാരകളുമായി സമരസപ്പെട്ടിരിക്കുന്നു.

 

 

ഏതൊരു ആയുധവും ആര്‍ക്കും പര്യാപ്തമാണെന്നും, ഭരണാധികാരിയുടെ ഇച്ഛാശക്തിയാണ് അത് ആര്‍ജ്ജിതമാക്കുന്നതെന്നുമുള്ള Dr. Strangelove-ന്റെ നിരീക്ഷണം, ആയുധമത്സരത്തില്‍ സ്റ്റേറ്റിനൊപ്പം നില്‌ക്കേണ്ടി വരുന്ന ശാസ്ത്രത്തെ കാണിച്ച് തരുന്നു. റോബര്‍ട്ട് ഓപ്പണ്‍ഹൈമറുടെ കാര്യത്തില്‍ ഏറെക്കുറെ ഇത് ശരി യുമാണ്. മാന്‍ഹട്ടന്‍ പ്രൊജക്ടില്‍ സഹകരിച്ച്, അണുബോംബിന്റെ പിതാവെന്ന വിശേഷണത്തിന് അര്‍ഹനാകാന്‍ ഓപ്പണ്‍ഹൈമറെ പ്രേരിപ്പിക്കാനുള്ള റൂസ്‌വെല്‍റ്റിന്റെ ചൂണ്ടയിലെ ഇര നാസി ജര്‍മ്മനിയും ഹിറ്റ്‌ലറുമായിരുന്നു. ‘The Star – Spangled Banner’ എന്ന ദേശീയ ഗാനം, ‘ഹിറ്റ്‌ലര്‍ക്ക് മുമ്പേ, നാസികള്‍ക്ക് മുമ്പേ, ജര്‍മ്മനിയ്ക്ക് മുമ്പേ’ എന്ന് തിരുത്തപ്പെട്ട കാലമായിരുന്നു അമേരിക്കയില്‍. നാസികളുടെ ചോരക്കൊതിയുടേയും ക്രൂരതയുടേയും കഥകള്‍, ഹിറ്റ്‌ലര്‍ക്ക് മുമ്പേ അണുബോംബ് നേടാനുള്ള അമേരിക്കന്‍ യജ്ഞത്തിലേക്ക് അദ്ദേഹത്തെ അടുപ്പിച്ചു. ജര്‍മ്മനിയുടെ കീഴടങ്ങലിന് ശേഷം, ഓപ്പണ്‍ഹൈമറുടെ പ്രിയ സന്താനങ്ങള്‍ Little Boy-യും Fatman-ഉം  ചെന്നിറങ്ങിയത് യൂറോപ്പിലെ നാസികളുടെ ജര്‍മ്മനിയിലായിരുന്നില്ല. മറിച്ച് ഏഷ്യയിലെ ജപ്പാനിലായിരുന്നു. അതും, ഏപ്രിലിലെ അവസാന നാളിലെ ഹിറ്റ്‌ലറുടെ മരണത്തിനും, മെയ് തുടക്കനാളുകളിലെ ജര്‍മ്മനിയുടെ കീഴടങ്ങലിനും മൂന്ന് മാസങ്ങള്‍ക്കപ്പുറമുള്ളൊരു ഓഗസ്റ്റില്‍. ലക്ഷ്യത്തില്‍ നിന്നകന്ന്, സ്റ്റേറ്റ് വെട്ടിത്തെളിച്ച വഴിയേ മാത്രം നടക്കേണ്ടി വന്ന ശാസ്ത്രത്തിന്റെ പ്രതീകമാകുന്നു ഓപ്പണ്‍ ഹൈമര്‍.

 

ചന്ദ്രോപരിതലത്തിന്റെ ഏകാന്തതയ്ക്കും ശാന്തതയ്ക്കുമായി ഭൂമിയെ വിട്ട് കൊടുക്കുന്ന അന്തിമ ആയുധത്തിന്റെ പ്രയോഗത്തിന് ശേഷമുള്ള നിലനില്പിനായുള്ള Dr. Strangelove-ന്റെ ഉപദേശങ്ങള്‍ ശാസ്ത്രത്തിന് പുറകെ പോകേണ്ടി വരുന്ന സ്റ്റേറ്റിന്റെ നിസ്സഹായതയെ തുറന്ന് കാട്ടുന്നു. ‘റഷ്യയ്ക്ക് മുമ്പേ, റഷ്യയ്ക്ക് മുമ്പേ’ എന്ന് യുദ്ധാനന്തരം തിരുത്തപ്പെട്ട പ്രലോഭനത്തില്‍ ഹാരി. എസ്. ട്രൂമാന്‍ വീണ് പോയതിനാലാണ് എഡ്വേര്‍ഡ് ടെല്ലര്‍ ഹൈഡ്രജന്‍ ബോംബിന്റെ പിതാവായത്. പൈഡ് പെപ്പറെ പോലെ രാജ്യത്തേയും ഭരണാധികാരികളേയും രാഷ്ട്രസമ്പത്തി നേയും മുന്നില്‍ നിന്ന് നയിച്ച ടെല്ലര്‍ക്ക് വര്‍ഷങ്ങളോളം തല്‍സ്ഥിതി തുടരാനായത്, നിഴല് പോലും റഷ്യക്കാരനാണെന്ന ഭയം, Red Scare–നെ പടിയടച്ച് പുറത്താക്കാ നുള്ള ആര്‍ജ്ജവം യാങ്കികള്‍ക്ക് ഇല്ലാതെ പോയതിനാലാണ്. റഷ്യന്‍ ആണവ മിസൈലുകളെ പ്രതിരോധിക്കാനുള്ള നൂതന ആണവായുധങ്ങളിലേയ്ക്ക് തിരിയേണ്ടതുണ്ടെന്ന ടെല്ലറുടെ 1967-ലെ പ്രസംഗത്തിന്റെ സ്വാധീനം അത്രയധികമായതിനാലാണ്, ആ പ്രസംഗത്തിലെ ആശയത്തെ കാലങ്ങളോളം പിന്തുടര്‍ന്ന റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റ് പദവിയിലെത്തിയ എണ്‍പതുകളുടെ തുടക്കത്തില്‍ത്തന്നെ താരയുദ്ധ പദ്ധതിയെന്ന ആശയം ഫലപ്രാപ്തിയിലെത്തിക്കാന്‍ ശ്രമിച്ചത്. SDI (Strategic Defense Initiative) എന്ന താരയുദ്ധ പദ്ധതിയിലേയ്ക്കുള്ള ദൂരം കുറച്ചതില്‍, ശക്തിയിലും എണ്ണത്തിലും ഇരുരാജ്യങ്ങളുടേയും മിസൈലുകളുടെ താരതമ്യത്തിലെ മേധാവിത്വം, Missile Gap റഷ്യയ്ക്കനുകൂലമാണെന്ന 79-ലെ വസ്തുതാവിരുദ്ധമായ ടെല്ലറുടെ പ്രസ്താവനയും റീഗനെ സ്വാധീനിച്ചതിനാലാവണം.

ആത്യന്തികമായി, ശാസ്ത്രം തന്നെയാണ് ഭരിയ്ക്കുന്നതെന്നും എഡ്വേര്‍ഡ് ടെല്ലറുടെ ബാറ്ററിയില്‍ പ്രവര്‍ത്തിയ്ക്കുന്ന വെറുമൊരു ഓട്ടോമാറ്റിക് കാര്‍ മാത്രമാണ് ഭരണാധികാരികളെന്ന് മാത്രമല്ല മറിച്ച് ഓരോ ശാസ്ത്രജ്ഞനിലും ഉറങ്ങിക്കിടക്കുന്ന ഹിറ്റ്‌ലര്‍ അനുകൂലമായ സാഹചര്യത്തില്‍ മറ നീക്കി പുറത്ത് വരുമെന്ന് കൂടിയാണീ ചിത്രത്തിലെ സാരം. നശീകരണത്തിന്റെ നിര്‍വ്വഹണത്തിലെ പരസ്പരപൂരകമായ സഹവര്‍ത്തിത്ത്വം മാത്രം പങ്ക് വെയ്ക്കപ്പെടുകയും പ്രയോഗത്തിന് ശേഷമുള്ള വിമര്‍ശനങ്ങളുടെ എക്കലുകള്‍ ഒരു കരയെ ലക്ഷ്യമാക്കി മാത്രമാവുകയും അവിടെ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും കൂമ്പാരങ്ങളായി കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഒടുവില്‍, ചരിത്രത്തിന്റെ കണക്ക് പുസ്തകത്തില്‍ തലമുറകളുടെ ശാപങ്ങളും വിലാപങ്ങളും ഏറ്റ് വാങ്ങാന്‍ ഭരണാധികാരികള്‍ മാത്രം അവശേഷിയ്ക്കുകയും, അവര്‍ ശാസ്ത്രത്തിന്റെ മൂടുപടത്തിനുള്ളില്‍ ബുദ്ധിയുടേയും വിജ്ഞാനത്തിന്റേയും ഉദാത്ത മാതൃകകളായി വാഴ്ത്തപ്പെടലുകള്‍ക്കും അതിശയോക്തികള്‍ക്കും മേലെ അമരന്മാരായി കുടിയിരുത്തപ്പെടുകയും ചെയ്യുന്നു. ഇതാണ് ചരിത്രം ഇന്നുവരെയുള്ള ചരിത്രത്തിലൂടെ നമ്മെ പഠിപ്പിച്ച ചരിത്രം.

ആയുധമത്സരത്തേയും യുദ്ധക്കൊതിയേയും അവയുടെ നിരര്‍ത്ഥകതയേയും കണക്കിന് പരിഹസിക്കുന്ന മികച്ച ചിത്രമാണ് Dr. Strangelove. 

അര്‍ദ്ധരാത്രി വരെ ഒന്നായിരുന്ന ഒരു ഭൂപ്രദേശത്തെ മാത്രമേ, റാഡ്ക്ലിഫ് എന്ന ബ്രിട്ടീഷുകാരന്റെ വെറും അഞ്ചാഴ്ചക്കാലം മാത്രമുള്ള പഠനം രൂപപ്പെടുത്തിയ അമൂര്‍ത്തമായ ഒരു രേഖ വേര്‍പ്പെടുത്തിയുള്ളൂ. എന്നാല്‍, സര്‍ സിറിള്‍ റാഡ്ക്ലിഫ് കടലാസില്‍ വരച്ച ആ രേഖ, ഭൂപ്രദേശത്തെപ്പോലെ അവിടത്തെ സമൂഹത്തേയും അവരുടെ മനസ്സിനേയും വിഭജിച്ചതിനാലാണ്, നിരന്തരമായ പോരിന്റേയും വൈരത്തിന്റേയും കലഹത്തിന്റേയും ചതുപ്പിലേയ്ക്ക് ആ സമൂഹങ്ങള്‍ വീണ് പോയത്. ഭൂപടത്തിന്റെ വരകള്‍ മനസ്സിലുറപ്പിയ്ക്കുന്ന വികാരങ്ങള്‍, കൊളോസിയത്തിലെ ഗാലറിയിലിരിക്കുന്ന പ്രഭുവിന്റേതിന് തുല്ല്യമാകുമ്പോഴാണ്, അതിര്‍ത്തിയില്‍ കേള്‍ക്കേണ്ട വെടിയൊച്ചയുടെ അമാന്തം ചിലരില്‍ നിരാശ പടര്‍ത്തുന്നത്. ആ നിരാശ, Dr. Strangelove എന്ന ചലച്ചിത്രവും പ്രമേയവും കാലാതീതമാണെന്ന ബോദ്ധ്യത്തിന് അടിവരയിടുന്നു.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

 

ജോബി വര്‍ഗീസ്

ജോബി വര്‍ഗീസ്

ചാലക്കുടി സ്വദേശിയാണ് ജോബി വര്‍ഗീസ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദം. ഹ്രസ്വചിത്ര സംവിധായകന്‍. സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തകന്‍. ലോകസിനിമയെ കുറിച്ചുള്ള എഴുത്തുകള്‍ സിനിമ ജാലകത്തിലൂടെ വായിക്കാം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍