UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡോ. സുബ്രഹ്മണ്യം സ്വാമി എന്ന കുപ്പത്തൊട്ടി

Avatar

ടീം അഴിമുഖം

1975നും 1977നും ഇടയില്‍, ഇന്ദിരാ ഗാന്ധിയും അവരുടെ മകന്‍ സഞ്ജയ് ഗാന്ധിയും ജനാധിപത്യത്തിന്റെ വായ മൂടിക്കെട്ടുകയും ഏകാധിപത്യ ഭരണത്തിന്റെ കയറഴിച്ചു വിടുകയും ചെയ്ത സമയത്ത്, ഇന്ത്യയിലെമ്പാടും പുതിയ തലമുറയില്‍ പെട്ട നായകന്മാര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന് അവസരമൊരുങ്ങി. ജനാധിപത്യത്തെ അടിച്ചമര്‍ത്താനുള്ള ഇന്ദിരാ ഗാന്ധിയുടെ നീക്കത്തിനെതിരെ പുരുഷന്മാരും സ്ത്രീകളും പോരാട്ടം രംഗത്തിറങ്ങുകയും രഹസ്യ നീക്കങ്ങള്‍ നടത്തുകയും ഇന്ദിര ഗാന്ധിക്കെതിരെ അന്താരാഷ്ട്ര അഭിപ്രായം സ്വരൂപിയ്ക്കുകയും ചെയ്തു. തുടര്ന്ന് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ പ്രക്ഷോഭത്തില്‍, 1977-ല്‍, ഇന്ദിര ഗാന്ധി മുട്ടുമടക്കി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇരുണ്ട ആ കാലഘട്ടത്തില്‍ ദേശീയ ശ്രദ്ധയും ഒരു പരിധിവരെ ആഗോള ശ്രദ്ധയും നേടിയ യുവ നേതാക്കളില്‍ പ്രമുഖനായിരുന്നു ഡോ. സുബ്രഹ്മണ്യം സ്വാമി.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡി നേടിയ, അസാമാന്യ അക്കാദമിക് പ്രതിഭയായ ഡോ സ്വാമി, ഗണിതശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും സ്റ്റാറ്റിസ്റ്റിക്‌സും പഠിച്ചു. പിന്നീട് ഹാര്‍വാര്‍ഡിലും അതിനുശേഷം ഡല്‍ഹി ഐഐടിയിലും പഠിപ്പിച്ചു. ആ ദിവസങ്ങളിലൊന്നില്‍ നാടകീയമായി പാര്‍ലമെന്റില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് അദ്ദേഹം സര്‍ക്കാരിനെ ഞെട്ടിച്ചു. ഇന്ത്യയ്ക്ക് പുറത്ത് രാജ്യഭ്രഷ്ടനായി താമസിക്കുകയായിരുന്നു അദ്ദേഹമെന്നായിരുന്നു അക്കാലത്തെ പൊതുധാരണ. ഇന്ത്യയിലെ റിബല്‍ മനസുകളെ പെട്ടെന്നു പിടിച്ചടക്കാന്‍ സ്വാമിയ്ക്ക് സാധിച്ചു. ഒരു യുഎസ് നയതന്ത്രപ്രതിനിധി നാട്ടിലേക്ക് അയച്ച സന്ദേശം ഇതായിരുന്നു: ‘അയാള്‍ അതിദേശീയതയുടെ വക്താവ് കൂടിയാണ്. അടിയന്തിരാവസ്ഥയ്ക്ക് മുമ്പുള്ള അദ്ദേഹത്തിന്റെ വിദേശ വിരുദ്ധ എഴുത്തുകളിലും പ്രസംഗങ്ങളിലും യുഎസിനെയും വെറുതെ വിട്ടിട്ടില്ല.’

ഇന്ത്യയെ കുറിച്ചുള്ള മിക്ക വിലയിരുത്തലുകളിലും അമേരിക്കക്കാര്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ട്. എന്നാല്‍ വിദേശ വിരുദ്ധന്‍ എന്ന ഡോ. സ്വാമിയെ കുറിച്ചുള്ള വിലയിരുത്തലില്‍ തെറ്റ് പറ്റിയിട്ടില്ല എന്ന് മാത്രമല്ല, ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ‘വിദേശി’ യോടുള്ള ഭയം അദ്ദേഹം ഇപ്പോഴും കാത്തുസൂക്ഷിയ്ക്കുന്നു. പക്ഷെ, മുസ്ലീങ്ങള്‍ ഹിന്ദുക്കളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുവെന്നും ലക്ഷക്കണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യന്‍ മിഷണറിമാര്‍ മതപരിവര്‍ത്തനം ചെയ്യുന്നുവെന്നും മൊത്തത്തില്‍ ഹിന്ദു സമൂഹം പ്രതിരോധത്തിലാണെന്നും വിശ്വസിക്കുന്ന ഒരു ഭ്രമാത്മകലോകത്തിലാണ് ഇപ്പോള്‍ അദ്ദേഹം ജീവിക്കുന്നത് എന്ന ഒരു പരിവര്‍ത്തനമാണ് ആകെ സംഭവിച്ചിട്ടുള്ളത്.

 

 

സോഷ്യല്‍ മീഡിയയിലുള്ള ഡോ. സ്വാമിയുടെ ഇടപെടല്‍ മാത്രം മതി അദ്ദേഹത്തിന്റെ ഭ്രമാത്മകത മനസിലാക്കാന്‍. കഴിഞ്ഞ ദിവസം അല്‍- ജസീറ ചാനലിനെ കുറിച്ച് ഡോ സ്വാമി ഇട്ട അഭിപ്രായം അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന് യോജിക്കുന്നതാണ്. ഇസ്രായേലി ആക്രമണങ്ങളുടെ ഇരയായ പലസ്തീനിലേതെന്ന വ്യാജേന ഷോല സിനിമയിലെ ദൃശ്യങ്ങള്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തു എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്നും അല്‍ ജസീറയുടെ ലോഗോ പോലും സ്വാമി തെറ്റായാണ് ഉപയോഗിച്ചതെന്നും ചാനലുകാര്‍ വളരെ പെട്ടെന്നു തന്നെ മറുപടി നല്‍കി. ക്ഷണത്തിൽ സ്വാമി പോസ്റ്റ് നീക്കം ചെയ്തു. 

സ്വാമിയുടെ ഇത്തരം അഭിപ്രായങ്ങളെ മിക്കപ്പോഴും ആരും വെല്ലുവിളിക്കാറില്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജും ട്വിറ്ററും മാധ്യമ ലേഖനങ്ങളും വിഡ്ഢിത്തം നിറഞ്ഞ അവകാശവാദങ്ങളുടെയും കൃത്യമായ വിവരങ്ങള്‍ ഇല്ലാത്ത വാദങ്ങളുടേയും വെറുപ്പ് നിറഞ്ഞ വാഗ്‌ധോരണികളുടേയും വിഷലിപ്തമായ വിചാരങ്ങളുടേയും കൂടാരമാണ്. ഇത് അധികവും ഇംഗ്ലീഷിലാണ് എഴുതപ്പെടുന്നത്. മറ്റ് സംഘ അനുകൂല വെറുപ്പ് പ്രചാരകരെയും സ്വാമിയെയും വ്യത്യാസപ്പെടുത്തുന്ന ഒരേ ഒരു കാര്യം സ്വാമിയ്ക്ക് ഹാര്‍വാര്‍ഡില്‍ നിന്നും പിഎച്ച്ഡി ഉണ്ട് എന്നത് മാത്രമാണ്. മാത്രമല്ല ഇന്ത്യയില്‍ നടന്നിട്ടുള്ള 2ജി പോലെയുള്ള വന്‍ അഴിമതികളില്‍ അദ്ദേഹം ഒരു പരാതിക്കാരനും കൂടിയാണ്. പക്ഷെ ഇതൊന്നും സ്വാമിയുടെ ലജ്ജാകരമായ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നില്ല.

ഏറ്റവും മികച്ച പാശ്ചാത്യ സര്‍വകലാശാലകളില്‍ ഒന്നില്‍ വിദ്യാഭ്യാസം നേടിയിട്ടും യാഥാര്‍ത്ഥ്യങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാന്‍ സ്വാമി ശ്രമിച്ചിട്ടില്ല. വെറുപ്പും കഥകളുമാണ് പുള്ളിയ്ക്ക് പഥ്യം. ലഭ്യമാകുന്ന എല്ലാ വേദികളിലും അദ്ദേഹം ഇതൊക്കെ പുറത്തെടുക്കുകയും ചെയ്യും. അദ്ദേഹത്തെ കുറിച്ച് ഫേസ്ബുക്കിലുള്ള ഒരു പേജ് മുഴുവന്‍ ന്യൂനപക്ഷങ്ങളെ അവഹേളിച്ചു കൊണ്ടുള്ളതാണ്. ഒരു മുസ്ലീം യുവതിയെ അവരുടെ ഭര്‍ത്താവിന്റെ പിതാവ് ബലാല്‍സംഗം ചെയ്തു, ഒരു സാധാരണ ഹിന്ദു എങ്ങനെ വിശ്വാസിയായ ഹിന്ദു ആയി, എന്താണ് ലൗ ജിഹാദ് എന്നൊക്കെ പടച്ചുവിടാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ല.

 

 

തങ്ങളുടെ പൂര്‍വീകര്‍ ഹിന്ദുക്കളാണെന്ന് അംഗീകരിക്കാത്ത ഒറ്റ മുസ്ലീമിനെയും വോട്ട് ചെയ്യാന്‍ അനുവദിയ്ക്കില്ലെന്ന് 2011-ല്‍ ഡിഎന്‍എ പത്രത്തില്‍ എഴുതി കൊണ്ടാണ് അദ്ദേഹം തീപ്പൊരി രാഷ്ട്രീയത്തിലുള്ള തന്റെ കഴിവ് തെളിയിച്ചത്. രണ്ട് സമ്മര്‍ പേപ്പറുകള്‍ പഠിപ്പിച്ചിരുന്ന സ്വാമിയെ ഹാര്‍വാര്‍ഡ് സര്‍വകലാശാല പെട്ടെന്നു തന്നെ പുറത്താക്കി. എന്നാല്‍ ഇന്ത്യയില്‍ അദ്ദേഹത്തിന്റെ ലേഖനം പ്രസിദ്ധീകരിച്ച പത്രത്തിനോ അതിന്റെ എഡിറ്റര്‍ക്കോ അത്തരം ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായില്ല.

ഇന്ത്യയുടെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സ്വാമിയുടെ കൈയിലാണ് പന്ത്. ഹിന്ദു ഉയിര്‍പ്പിനെ കുറിച്ച്, പലസ്തീനിലെ ഇസ്രായേലി അധിനിവേശത്തെ ന്യായീകരിച്ചുകൊണ്ട്, മുസ്ലീം തീവ്രവാദത്തെക്കുറിച്ച് മണ്ടത്തരങ്ങള്‍ വിളമ്പിക്കൊണ്ട്, ക്രസ്ത്യാനികള്‍ മതം മാറ്റുന്നതിനെ കുറിച്ച് വേവലതിപ്പെട്ടുകൊണ്ട് എല്ലാ ദിവസവും അദ്ദേഹം ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നു. തന്റെ വാദങ്ങള്‍ക്ക് ബലം നല്‍കാന്‍ ശൂന്യതയില്‍ നിന്നുള്ള കാര്യങ്ങളും കണക്കുകളും അദ്ദേഹം നിര്‍മ്മിച്ചുകൊണ്ടേ ഇരിക്കുന്നു. അദ്ദേഹം ഉന്നയിക്കുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണോ അല്ലയോ എന്ന് തിരക്കാന്‍ അദ്ദേഹത്തിന്റെ ടെലിവിഷന്‍ അവതാരകര്‍ക്കോ കാണികള്‍ക്കോ ശ്രദ്ധയില്ല. എല്ലാം സ്വാമിയുടെ ഭാവനയില്‍ വിരിയുന്നതാണെങ്കില്‍ കൂടി.

ബെസ്റ്റ് ഓഫ് അഴിമുഖം 

സെന്‍ X ഭഗവതി : അതികായര്‍ ഏറ്റുമുട്ടുമ്പോള്‍
ക്വത്‌റോച്ചി മുതല്‍ ചൌധരി വരെ : ദല്ലാളുകളുടെ ലോകം
ജനറല്‍ വി.കെ സിംഗ് എന്ന അപകടം
നെഹ്റുവിന്റെ സ്വന്തം എം.ഒ മത്തായി പുറത്തായതെങ്ങനെ?
സഞ്ജയ് ബാരു: കളിപ്പാവയോ, തുറന്നു പറച്ചിലോ?

ഉറക്കെ വര്‍ത്തമാനം പറയുന്നവര്‍ മിടുക്കന്മാരാകുന്ന ഒരു രാജ്യത്ത്, സ്വാമി ടെലിവിഷന്‍ വാര്‍ത്തകളുടെ വിമര്‍ശനമില്ലാത്ത വേദിയിലെ പുണ്യപുരുഷനായി തുടരുന്നു. പ്രലോഭിപ്പിയ്ക്കുന്ന ചിരികളിലൂടെ സ്വാമിയ്ക്ക് എന്തു മണ്ടത്തരവും പറയാം.

മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ഇടയില്‍ പ്രകടമായ ശത്രുത ഇല്ലെന്ന്, എല്ലാ മുസ്ലീങ്ങളും തീവ്രവാദികള്‍ അല്ലെന്ന്, എന്നാല്‍ ചില ഹിന്ദുക്കള്‍ തീവ്രവാദികള്‍ ആയിട്ടുണ്ടെന്ന് ഡോ സ്വാമിയെ ആരെങ്കിലും പറഞ്ഞു പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഇത് മനസിലാക്കുന്നതിന് പ്രധാനപ്പെട്ട ഗവേഷണങ്ങളൊന്നും അദ്ദേഹം ചെയ്യേണ്ടതില്ല. ഡല്‍ഹിയില്‍, നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷന്റെ സമീപത്തുള്ള, അദ്ദേഹത്തിന്റെ മനോഹരമായ വീടിന്റെ മട്ടുപ്പാവില്‍ നിന്ന്‍ ഒന്നു പുറത്തേക്ക് നോക്കിയാല്‍ മാത്രം മതിയാകും. താജ്മഹലുമായി പലരും താരതമ്യം ചെയ്യുന്ന ഹുമയൂണിന്റെ ശവകുടീരം വീടിന്റെ മട്ടുപ്പാവില്‍ നിന്നും സ്വാമിയ്ക്ക് കാണാന്‍ പറ്റും. അദ്ദേഹത്തിന്റെ വീടിന്റെ ഇടതുവശത്താണ് യാഥാസ്ഥിതിക ഇസ്ലാമിക ഉദ്‌ബോധകരുടെ കേന്ദ്രമായ തബ്ലീഗീ ജമാത്ത്. വാരകള്‍ക്ക് മാത്രം അകലെ നൂറുകണക്കിന് ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യനികളും സിക്കുകാരും ആരാധിയ്ക്കുന്ന സൂഫി പാരമ്പര്യത്തിന്റെ അവസാന വാക്കായ നിസാമുദീന്‍ ഔലിയായുടെ ശവകുടീരം. ഇതിന്റെ എല്ലാം ഇടയില്‍ നിരവധി ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദുവും മുസല്‍മാനും സഹവര്‍ത്തിത്തത്തോടെ ജീവിയ്ക്കുന്നതും ഈ നാടിന്റെ സാധാരണ ജീവിതവും കാണാം.

 

 

അങ്ങനെ ഒന്നു നോക്കാന്‍ സ്വാമിയ്ക്ക് താല്‍പര്യം ഇല്ലെങ്കില്‍ സ്വന്തം കുടംബത്തിലേക്കെങ്കിലും അദ്ദേഹം ഒന്നു തിരിഞ്ഞു നോക്കണം. അദ്ദേഹത്തിന്റെ ഭാര്യ പാര്‍സിയാണ്. അദ്ദേഹത്തിന്റെ പ്രശസ്തയായ മകള്‍ കല്യാണം കഴിച്ചിരിയ്ക്കുന്നത് മുസ്ലീമിനെയാണ്. അദ്ദേഹത്തിന്റെ ചുറ്റുപാടും വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളുടെ, വര്‍ണങ്ങളുടെ, ജാതികളുടെ മിശ്രണം കാണാം.

 

ഇങ്ങനെ അനുഗ്രഹീതമായ കുടുംബമുള്ള ഒരാള്‍ക്ക്, ഹാര്‍വാര്‍ഡിലും ഡല്‍ഹി ഐഐടിയിലും പഠിപ്പിച്ച ഒരാള്‍ക്ക്, അടിയന്തിരാവസ്ഥയ്ക്ക് എതിരെ പോരാടിയ ഒരാള്‍ക്ക്, യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഇങ്ങനെ ഒട്ടകപ്പക്ഷിയെ പോലെ തലപൂഴ്ത്തി നില്‍ക്കാനാവില്ല. അല്ലെങ്കില്‍, സ്വന്തം ജീവിതത്തിലുള്ള അവസാന സംസ്‌കാരധാരകളെ നശിപ്പിച്ചുകൊണ്ട് ഭ്രാന്തമായ വിദ്വേഷത്തിന്റെ ശിലായുഗത്തിലേക്ക് പലായനം ചെയ്യാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവും. പക്ഷെ ജനാധിപത്യത്തിന്റെയും സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പേരില്‍ അത് പരസ്യമായി പ്രാവര്‍ത്തികമാക്കാന്‍ ഡോ. സ്വാമിയെ അനുവദിക്കുന്നത് ഒരു നാണക്കേട് തന്നെയാണ്. ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ നാം ഓരോരുത്തരും അതോര്‍ത്തു ലജ്ജിക്കേണ്ടതുമുണ്ട്. 

*ചിത്രങ്ങള്‍ക്ക് അവലംബം: ഡോ. സ്വാമിയുടെ ഫേസ്ബുക് പോസ്റ്റുകള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍