UPDATES

വായന/സംസ്കാരം

ദൈവം പറഞ്ഞ നുണയല്ല നാടകം; അസഹിഷ്ണുതയുടെ കാലത്ത് കറുത്ത അലിയുടെ ജീവിതം നാടകമാകുമ്പോൾ: അലി, ബിയോണ്ട് ദ റിങ്!

“രണ്ട് കറുത്തവർ അടികൂടുന്നത് വെളുത്തവർ കണ്ടു നിൽക്കുന്ന പരിപാടിയാണ് ബോക്സിങ്” -മുഹമ്മദ് അലി.

കറുത്ത മനുഷ്യർ കറുത്തവരോടു തന്നെ വഴക്കു കൂടുന്നതിനെപ്പറ്റി ജോയ് പിപി എന്ന നാടകക്കാരൻ പറയുന്നു. മുഹമ്മദ് അലി കറുത്തവരോട് റിങ്ങിൽ മത്സരിക്കുന്നതിൽ പ്രത്യേകം തൽപ്പരനായിരുന്നുവത്രെ. വെളുത്തവരോടായിരുന്നില്ല, കറുത്തവരോടായിരുന്നു അലിക്ക് ഏറ്റവും സംവദിക്കാനുണ്ടായിരുന്നത്! അവനവനെ വിമർശിച്ചു കൊണ്ടിരിക്കുന്ന തത്വചിന്തയുടെ പേരാണ് അലി. കറുത്തവനോട് റിങ്ങിൽ ഏറ്റുമുട്ടുമ്പോൾ അയാളിലെ യാഥാസ്ഥിതികതയെ എതിരിടുന്നതായാണ് അലി സങ്കൽപ്പിച്ചത്. കറുത്തവരെ പിന്നോട്ടുന്തുന്നത് വെള്ളക്കാർ മാത്രമല്ലെന്നും കറുത്തവർ കൂടി ചേർന്നാണെന്നും അലിയുടെ വിമർശനബുദ്ധി. അവരെ റിങ്ങില്‍ ഇടിച്ചിട്ടു. നിശിതമായ ചീത്തകൾ (അലിയെ സംബന്ധിച്ച് വിമർശനങ്ങൾ) വിളിച്ചു. മുന്നേറാൻ മനസ്സില്ലാത്ത, റിങ്ങിൽ വെള്ളക്കാരന്റെ ശരീരതാളം അനുകരിച്ച് സ്വത്വനഷ്ടം സംഭവിച്ച കറുത്ത ബോക്സർമാരെ അലി പരിഹസിച്ചു.

ആശയങ്ങളെ ഇടിക്കൂട്ടിനകത്തേക്ക് കയറ്റിയ അലി എന്ന അപൂർവ്വജനുസ്സിനെ നാടകമാക്കുമ്പോൾ വെല്ലുവിളികൾ മാത്രമാണ് ഒരു നാടകക്കാരന് നേരിടാനുണ്ടാവുക. ഇടിക്കൂട്ടിൽ നേരിട്ട് പ്രത്യക്ഷമല്ലാതിരുന്ന ആശയങ്ങളെ അലി ഉറക്കെ നിലവിളിച്ചെത്തിച്ചു. ഇടിക്കൂട്ടിനു പുറത്ത് ബോക്സർമാർ കൊണ്ടുനടക്കുന്ന യാതൊന്നും അലി കൊണ്ടുനടന്നതുമില്ല. റിങ്ങിൽ ജീവിച്ച ഒരു ബോക്സറെപ്പറ്റിയുള്ള നാടകത്തിന് പ്രൊസീനിയം തിയറ്റർ ഏറ്റവും കൃത്യമാണ്. എന്നാൽ ആ ബോക്സറുടെ പേര് മുഹമ്മദ് അലി എന്നാകുമ്പോൾ സ്ഥിതി മാറുന്നു. അരീന തിയറ്ററിലേക്ക് അലിയെ ജോയ് കൊണ്ടുവരുന്നത് ഇക്കാരണത്താലാണ്. അവിടെയും ഒതുങ്ങുന്നയാളല്ല അലി എങ്കിലും!

പലർക്കും പലതാണല്ലോ അലി. ബോക്സർ എന്നും കറുത്ത പോരാളി എന്നും മുതൽ സംഗീതജ്ഞൻ എന്നു പോലും കേൾക്കാം. അവയെല്ലാം ശരിയുമാണ്. ബൈബിളിന്റെ ദുഖങ്ങളെയും സഹനങ്ങളെയും മറ്റൊരു രീതിയിൽ കാണുന്ന നാടക അരങ്ങുകൾ വഴി ജോയ് സൃഷ്ടിച്ച ഒരു ലോകമുണ്ട്. ഇയ്യോബ് നേരിട്ട സഹനങ്ങളെയാണ് ആദ്യകാലത്ത് നാടകങ്ങളാക്കിയത്. ദൈവത്തിന്റെ നുണകളെപ്പറ്റിയുള്ള തിരിച്ചറിവിലേക്ക് മനുഷ്യൻ നടക്കുന്ന കാലയളവിനെയാണ് സഹനമെന്ന് വിളിക്കുന്നത്. ഇത് തികച്ചും ബൈബിൾ വിരുദ്ധമായ കാഴ്ചപ്പാടാണെന്ന് കാണാം. അവനവനെ അളന്നുതൂക്കാൻ വിധിക്കപ്പെട്ട ജീവിയാണ് മനുഷ്യൻ. അലി എന്ന മനുഷ്യജീവിയില്‍ തുറിച്ചു കാണുന്നത് എന്തെന്നു ചോദിച്ചാൽ ഈ സ്വയം ചോദ്യം ചെയ്യലുകൾ തന്നെയാണ്.

മാൽക്കം എക്സിനോടുള്ള അലിയുടെ അടുപ്പത്തെക്കുറിച്ച് നാടകക്കാരൻ

അലി മലയെത്തേടി പോകുകയായിരുന്നു. മാൽകം എക്സിനെ അലി പോയിക്കണ്ടു. മാൽകം എക്സ് ഇടക്കാലത്ത് ചെന്നുപെട്ട തീവ്രമനോഭവങ്ങളോട് യുവാവായ അലി ആഭിമുഖ്യം കാണിച്ചു. പിൽക്കാലത്ത് മാൽകം എക്സ് സൂഫി ചിന്താഗതിയിലേക്ക് നീങ്ങിയപ്പോൾ അലി മലയായി ഉറച്ചു നിന്നു. തേടിപ്പോകുന്നതും നേടിയെടുക്കുന്നതുമെല്ലാം തന്റേതു മാത്രമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ദൈവം പറയുന്നത് നുണയാണെന്ന് അനുഭവിച്ച് ബോധ്യപ്പെടുന്ന ഇയ്യോബിന്റെ വഴിയിൽത്തന്നെയാണ് അലിയും ഒരുതരത്തിൽ. പിൽക്കാലത്ത് അലിയും സൂഫി മനോഭാവത്തിലേക്ക് മാറി. അതിന് മാൽകം എക്സിന്റെ മരണം സംഭവിക്കേണ്ടി വന്നു. വിപ്ലവകാരിയുടെ സ്വാഭാവിക ആത്മീയ പരിണാമമാണ് സൂഫിസം.

സംഗീതമില്ലാതെ കറുത്തവരുടെ പോരാട്ടമുണ്ടോ?

ലോകത്തെവിടെയും കറുത്തവരുടെ, തഴയപ്പെടുന്നവരുടെ പോരാട്ടത്തിന് സംഗീതമുണ്ട്. അങ്ങമേരിക്കയിൽ‌ തൊലി കറുത്തതിന്റെ പേരിൽ വെടിയേറ്റു മരിക്കുന്ന കൗമാരക്കാരനും ഇങ്ങ് തെലങ്കാനയിലും ഉത്തരാഖണ്ഡിലുമെല്ലാം കാടുകളിൽ വെടിയേറ്റു തീരുന്ന ആദിവാസികൾക്കും സംഗീതമുണ്ട്. ഈ സംഗീതത്തെയാണ് തന്റെ നാടകത്തിന്റെ അടിപ്പടയായി ഉപയോഗിച്ചിരിക്കുന്നതെന്ന് ജോയ് പിപി പറയുന്നു. ഹിപ് ഹോപ് സംഗീതത്തിന്റെ ജനനത്തിൽ പോലും സ്വാധീനശക്തിയായി മാറിയത് അലിയുടെ ശരീരചലനങ്ങളിലെയും റിങ്ങിലെ അലർച്ചകളിലെയും സംഗീതമായിരുന്നു. തന്റെ ആഫ്രിക്കൻ ശരീരതാളത്തിൽ ബോക്സിങ് ചെയ്യാൻ അനുവദിക്കാതിരുന്ന വെള്ളക്കാരൻ പരിശീലകനോട് കലഹിച്ചു പിരിഞ്ഞയാളാണ് അലി. തന്റെ ശരീരത്തിനൊരു ഉറച്ച താളമുണ്ടെന്നും ആ താളത്തിൽ ഊറിക്കിടക്കുന്ന ആഴമേറിയ സംഗീതമുണ്ടെന്നും ചെറുപ്പത്തിലേ അലി അറിഞ്ഞു.

എങ്ങനെ, ആര് ഈ സംഗീതത്തെ വേദിയിലെത്തിക്കുന്നു?

ജോഷ്വ ട്രീ എന്ന മ്യൂസിക് ബാൻഡ് നാടകവുമായി സഹകരിക്കുന്നുണ്ട്. ജോഷ്വ പടമാടന്റെ ഈ ബാന്‍ഡ് വേദിയിൽ പൂർണസമയവും സജീവസാന്നിധ്യമായിരിക്കും. ബിജിപാലാണ് പശ്ചാത്തലസംഗീതം ചെയ്യുന്നത്. ഹിപ് ഹോപ്, റെഗ്ഗെ, ജാസ് തുടങ്ങിയ ജോണറുകളിലൂന്നിയാണ് നാടകത്തിന്റെ ആകെ സംഗീതം. അലി ഒടുവിലെത്തിച്ചേരുന്ന സൂഫിമാർഗത്തിന്റെ സംഗീതവും നാടകത്തെ സമ്പന്നമാക്കും. ഇതിനെ ഒരു സംഗീതനൃത്ത രൂപകം എന്നാണ് ജോയ് വിശേഷിപ്പിക്കുന്നത്.

ജോയ് പിപിയുടെ മൂന്നു പതിറ്റാണ്ടോളം നീണ്ട നാടകജീവിതത്തിലെ ഏറ്റവും വലിയ നാടകങ്ങളിലൊന്നാണ് അരങ്ങേറാൻ പോകുന്നത്. വളരെയേറെ കാലവ്യതിയാനങ്ങൾ തുടർച്ചയായി സംഭവിച്ച ഒരു കാലത്തിലൂടെ നാടകക്കാരനായി ജീവിച്ചതിന്റെ അനുഭവങ്ങളും ജോയ് പിപിക്കുണ്ട്. സമൂഹത്തിന്റെ വൈകാരികതയ്ക്കൊപ്പം സഞ്ചരിക്കുക മാത്രമേ എന്നും നാടകക്കാരനെന്ന നിലയിൽ ജോയ് ചെയ്തിട്ടുള്ളൂ. ആ വൈകാരികതയാണ് പിന്നീട് നാടകങ്ങളായി പുറത്തുവന്നിട്ടുള്ളത്. ലോകത്തിലെ പോരാട്ടസംഗീതങ്ങളെയെല്ലാം ചേർത്തു വെച്ച് അലിയെ നാടകമാക്കുമ്പോൾ ജോയ് ചെയ്യുന്നതും സമൂഹത്തിന്റെ വൈകാരികത തിരിച്ചറിഞ്ഞ് അതിനോട് സംവദിക്കുക എന്ന വേലയാണ്. പോരാട്ടങ്ങളിൽ വിജയിച്ചവരുടെയും തകർന്നുപോയവരുടെയും കഥകളിലേക്ക് കാഴ്ചക്കാരെ എത്തിക്കുക എന്ന പോളിറ്റിക്കലായ ആലോചന തന്നെയാണ് തീർച്ചയായും ഇതിനു പിന്നിൽ. അസഹിഷ്ണുത പെരുകുന്ന ഒരു കാലത്ത് പ്രതിരോധങ്ങൾ ഇങ്ങനെത്തന്നെയാണ് ഉയർന്നു വരേണ്ടതെന്നും ജോയ് പറയുന്നു.

ദൈവം പറഞ്ഞ നുണയല്ല നാടകം!

ആറു മാസത്തോളമാണ് അലിയുടെ വേഷമിടുന്ന നടൻ ഷെറിൽ കുമാർ ബോക്സിങ് പരിശീലനം നടത്തിയത്. അലിയുടെ ശരീരചലനങ്ങളെ, അതിന്റെ ആഫ്രിക്കൻ ഭംഗിയെയെല്ലാം ഷെറിൽ കഠിനാധ്വാനം ചെയ്ത് സ്വായത്തമാക്കി. ആഫ്രോ-അമേരിക്കൻ ഫോക്ക് ന‍ൃത്തച്ചുവടുകളെ എല്ലാ കലാകാരന്മാരും പഠിച്ചെടുത്തു. ഇതിനായി പരീശനപരിപാടികൾ നടത്തി. സമയവും, പണവും ഊർജ്ജവും ഏറെ ചെലവിട്ടുള്ള മുന്നൊരുക്കങ്ങള്‍.

അലിയെ അലിയായിത്തന്നെ നാടകത്തില്‍ അടയാളപ്പെടുത്തണമെന്ന് ജോയ് പിപിക്ക് നിര്‍ബന്ധമുണ്ട്. വിശുദ്ധന്റെ കഥയല്ല പറയാൻ പോകുന്നത്. അലി എന്ന സ്ത്രീവിരുദ്ധനെയും കാണാതെ, അറിയാതെ നാടകം കാണാൻ വരുന്നവർ തിരിച്ചുപോകാൻ പാടില്ലെന്നും നാടകക്കാരന്റെ തീരുമാനമാണ്. ദൈവത്തിന്റെ നുണയല്ല നാടകം. അത് ഇയ്യോബ് അനുഭവിക്കുന്ന സത്യമാണ്!

‘അലി: ബിയോണ്ട് ദി റിങ്’

വിയറ്റ്നാം യുദ്ധകാലത്ത് യുദ്ധ സേവനത്തിന് നിയോഗിക്കപ്പെട്ടപ്പോൾ അതിനെ തലയുയർത്തിപ്പിടിച്ച് നിഷേധിച്ച് ഭരണകൂടത്തിന്റെ പലമാതിരി പ്രിവിലേജുകളെ നഷ്ടപ്പെടുത്തിയ, (അതിനെ നേട്ടമെന്നു കണ്ട) അലിയുടെ ജീവിതത്തെ ഈ കാലത്തിൽ നമ്മൾ അടുത്തുചെന്ന് കാണുക തന്നെ വേണം. കൊച്ചിയിലെ കലാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സെന്റെര്‍ ഫോര്‍ കണ്ടമ്പററി ആര്‍ട് അലിയുടെ ജീവിതം കഥയാക്കുന്നത് ലാഭേച്ഛയോടെയല്ല. ഒന്നര വര്‍ഷത്തോളമായി നൂറോളം കലാകാരന്മാരാണ് അലിയെപ്പറ്റി സംസാരിക്കണമെന്ന തോന്നലോടെ ഒത്തുകൂടിയിരിക്കുന്നത്. ഒരിളക്കവും തട്ടാതെ, ആവേശത്തോടെ അവര്‍ സഞ്ചരിച്ച് ഇതുവരെയെത്തി. ഇനി നമ്മൾ കാണികളുടെ ഊഴമാണ്. അടുത്ത മൂന്നു രാത്രികളിൽ അലി റിങ് വിട്ട് പുറത്തിറങ്ങും. വെളുത്തവനെയും അപകർഷത ബാധിച്ച കറുത്തവനെയും ഇടിച്ച് വീഴ്ത്തിയ അവന്റെ കൈകളിൽ തൊട്ട് അലീ എന്നാർത്തു വിളിക്കാൻ നമ്മളവിടെ ചെല്ലണം.

വേദി: എറണാകുളത്തെ കേരള ഹിസ്റ്ററി മ്യൂസിയം ക്യാമ്പസ്സിലെ ആംഫി തിയറ്റർ
ആദ്യപ്രദർശനം: ഏപ്രിൽ 27, 28, 29
സംവിധാനം: ജോയ് പിപി
രചന: മദൻ ബാബു
സംഗീതം: ബിജിപാൽ, ജോഷ്വ പടമാടൻ
ടിക്കറ്റ്: ബുക്ക് മൈ ഷോ (നേരിട്ടും ലഭിക്കും)

സന്ദീപ് കരിയന്‍

സന്ദീപ് കരിയന്‍

അഴിമുഖം സ്റ്റാഫ് റൈറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍