UPDATES

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നാടകം ചുരുളഴിയുന്നു; കൈലാസ് യാത്രികരെ മടക്കി അയച്ചു

നാഥുല പാസിന് സമീപം ഇന്ത്യയുടെയും ചൈനയുടെയും സേനകള്‍ നിലയുറപ്പിച്ചിരിക്കുകയാണ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിക്കിമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടക്കുന്ന നാടകീയമായ ചില സംഭവങ്ങളുടെ ചുരുളഴിയുകയാണ്. എന്നാല്‍ മാധ്യമങ്ങളും ഇന്ത്യന്‍ സുരക്ഷ സ്ഥാപനങ്ങളും ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല എന്ന് വേണം വിലിയിരുത്താന്‍. പക്ഷെ ഇതിന്റെ പ്രാധാന്യത്തിന്റെ അപൂര്‍വ ദൃഷ്ടാന്തം എന്ന നിലയില്‍ ചൈന തിങ്കളാഴ്ച ഒരു ഔദ്യോാഗിക പ്രസ്താവന പുറപ്പെടുവിച്ചു.

ചുരുളഴിയുന്ന സാഹചര്യം
സുരക്ഷ കാരണങ്ങളുടെ പേരില്‍ ഇരുരാജ്യങ്ങളിലെയും സേനകള്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നതിനാല്‍ സിക്കിമിലെ നാഥു ല പാസ് അടച്ചുവെന്നും കൈലാസ്-മാനസരോവര്‍ തീര്‍ത്ഥാടകര്‍ക്ക് അനുമതി നിഷേധിച്ചിരിക്കുകയാണെന്നും ചൈന സ്ഥിരീകരിച്ചു.
ചൈനയുടെ ഒരു റോഡ് നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞുകൊണ്ട് അതിര്‍ത്തിയില്‍ ഇന്ത്യ ‘പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയാണ്’ എന്ന് തിങ്കളാഴ്ച വൈകി പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ആരോപിച്ചു. ഈ അതിര്‍ത്തി സംഭവമാണ് നാഥുല പാസ് അടച്ചിടാന്‍ കാരണമായതെന്ന് ചൊവ്വാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു.

നാഥുല ചുരത്തിലൂടെയുള്ള ആദ്യ ബാച്ചിലെ 47 തീര്‍ത്ഥാടകര്‍ക്ക് ജൂണ്‍ 19നും 23നും ഇടയ്ക്കാണ് ചൈനയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത്. കൈലാസ്-മാനസസരോവര്‍ യാത്രയുടെ രണ്ടാമത്തെ പാതയായ ഇത് 2015ല്‍ മാത്രമാണ് തുറന്നുകൊടുക്കപ്പെട്ടത്. എന്നാല്‍, പരമ്പരാഗത പാതയായ ഉത്തരാഖണ്ഡിലേ ലിപുലേഖ് വഴി തീര്‍ത്ഥാടകരെ കടന്നുപോകാന്‍ ഇതുവരെ അനുവദിക്കുന്നുണ്ട്. ഈ വര്‍ഷം യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 1,430 തീര്‍ത്ഥാടകരില്‍ 1,080 പേരും ഈ വഴിയിലൂടെ സഞ്ചരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

‘സമീപകാലത്ത്, സിക്കിമിലെ ചൈന-ഇന്ത്യ അതിര്‍ത്തിയിലൂടെ ഇന്ത്യന്‍ അതിര്‍ത്തി കാവല്‍ക്കാര്‍ ചൈനയുടെ പ്രദേശങ്ങളിലേക്ക് കടക്കുകയും ഡോംഗ്ലോംഗ് പ്രദേശത്തെ സാധാരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ചൈനീസ് അതിര്‍ത്തി സേനകളെ തടയുകയും ചെയ്തു. ചൈന അനുയോജ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്,’ എന്ന് ചൊവ്വാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

‘അതേ സമയം, മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ കണക്കിലെടുത്ത്, സിക്കിമിലെ നാഥുല ചുരത്തിലെ ചൈന-ഇന്ത്യ അതിര്‍ത്തി വഴി തീര്‍ത്ഥാടനത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക തീര്‍ത്ഥാടന തയ്യാറെടുപ്പുകള്‍ സുരക്ഷ കാരണങ്ങളാല്‍ ചൈനീസ് ഭാഗം നിര്‍ത്തിവെക്കുകയും ഇക്കാര്യം ഇന്ത്യന്‍ ഭാഗത്തെ നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്,’ എന്നും പ്രസ്താവനയില്‍ പറയുന്നു.

സിക്കിമിലെ ഇന്ത്യ-ചൈന അതിര്‍ത്തി ‘1890ലെ സിനോ-ബ്രിട്ടീഷ് ടിബറ്റന്‍ കസ്റ്റംസ് കരാര്‍ പ്രകാരം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്,’ എന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു.

‘ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം, നിരവധി എഴുത്തുകുത്തുകളില്‍ ഇത് ഇന്ത്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിക്കുകയും ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയെ സംബന്ധിച്ച് ഒരു തര്‍ക്കവും നിലനില്‍ക്കുന്നില്ലെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തി കരാര്‍ അംഗീകരിക്കാനും ചൈനയുടെ പ്രദേശങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാനും അതിര്‍ത്തി ഉദ്യോഗസ്ഥരെ ഉടനടി പിന്‍വലിക്കാനും വിഷയത്തെ കുറിച്ച് വിശദമായി അന്വേഷിക്കാനും സിനോ-ചൈന അതിര്‍ത്തിയുടെ സിക്കിം വിഭാഗത്തില്‍ ശാന്തിയും സമാധാനവും പുലര്‍ത്താനും ചൈനീസ് ഭാഗം ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്,’ എന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ഇതിനിടയില്‍, ഒരു റോഡ് പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ ഒരു കലഹത്തിന് ശേഷം ഇരു സേനകളും മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് ഇന്ത്യ സൈനിക വൃത്തങ്ങളില്‍ നിന്നും പുറത്തുവരുന്ന അപൂര്‍ണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തെത്തുകയും സിക്കിമിലെ ഡോകല പ്രദേശത്തുള്ള രണ്ട് രണ്ട് ബങ്കറുകള്‍ തകര്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചൈനീസ് സേന ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നുകയറി രണ്ട് ബങ്കറുകള്‍ നശിപ്പിക്കുകയും കൈലാസ്-മാനസസരോവര്‍ യാത്രയ്ക്കുള്ള തീര്‍ത്ഥാടകരുടെ ഒരു സംഘത്തെ തടയുകയും ചെയ്തതിനെ തുടര്‍ന്ന് ഇരുസൈന്യവും തമ്മില്‍ പ്രക്ഷുബ്ദമായ മുഖാമുഖത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും ഈ വൃത്തങ്ങള്‍ പറയുന്നു.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പത്തു ദിവസങ്ങള്‍ക്ക് മുമ്പ് സിക്കിം-ഭൂട്ടാന്‍-ടിബറ്റ് ചേരുന്ന ഭാഗത്തുള്ള ഡോകലയിലെ ഇന്ത്യയുടെ പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കുകയും ലാല്‍തെന്‍ പ്രദേശത്തുള്ള രണ്ട് സൈനിക ബങ്കറുകള്‍ തകര്‍ക്കുകയും ചെയ്തതായി ഇന്ത്യന്‍ വൃത്തങ്ങള്‍ ഉറപ്പിച്ച് പറയുന്നു.

‘ശത്രു സൈന്യങ്ങള്‍ തമ്മില്‍ ചെറിയ ഉന്തുംതള്ളും ഉണ്ടാവുകയും ചെറിയ സംഘര്‍ഷം നടക്കുകയും ചെയ്തു. പിഎല്‍എ സേനകള്‍ കൂടുതല്‍ അകത്തേക്ക് പ്രവേശിക്കാതിരിക്കുന്നതിനായി നമ്മുടെ സൈനികര്‍ ഒരു മനുഷ്യമതില്‍ സൃഷ്ടിച്ചിരിക്കുകയാണ്,‘ എന്നും ഈ വൃത്തങ്ങള്‍ പറയുന്നു. ഇരു ഭാഗത്തുനിന്നുമുള്ള മുതിര്‍ന്ന കരസേന ഓഫിസര്‍മാര്‍ പങ്കെടുത്ത ഒരു ഫ്ലാഗ് മീറ്റിംഗ് (പതാക ചര്‍ച്ച- അതിര്‍ത്തിയില്‍ നടക്കുന്ന സമാധാന ചര്‍ച്ച) നടന്നെങ്കിലും സംഘര്‍ഷം ലഘൂകരിക്കാന്‍ സാധിച്ചില്ല, ശത്രു സൈന്യങ്ങള്‍ അവരവരുടെ സ്ഥാനങ്ങളില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.

നാഥുല ചുരം വഴി കൈലാസ്-മാനസരോവറിലേക്ക് പോവുകയായിരുന്ന 50ന് അടുത്ത് വരുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കാതിരുന്ന ചൈനയുടെ നടപടിയെ അപലപിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച പ്രസ്താവന മാത്രമാണ് ന്യൂഡല്‍ഹിയുടെ ഭാഗത്തുനിന്നും ഇതുവരെ പുറത്തുവന്നിട്ടുള്ള പ്രതികരണം.

സംഘര്‍ഷം ലഘൂകരിക്കുന്നതിനായി പിഎല്‍എയുമായി ചര്‍ച്ച നടത്തുന്നതിന് ഇന്ത്യന്‍ സേന രണ്ടു തവണ ആവശ്യപ്പെട്ടതിന് ശേഷമാണ് ഒടുവില്‍ ജൂണ്‍ 20ന് കൂടിക്കാഴ്ച നടത്താന്‍ ചൈന സമ്മതിച്ചത്. കൈലാസ്-മാനസരോവര്‍ യാത്രയ്ക്കുള്ള ഇന്ത്യന്‍ തീര്‍ത്ഥാടകരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്ന്് അതിന് ശേഷമാണ് ചൈന അറിയിച്ചത്. ഇതേ തുടര്‍ന്ന് ജൂണ്‍ 23 വരെ കാത്തിരുന്ന ശേഷം തീര്‍ത്ഥാടകര്‍ ഗ്യാങ്‌ടോക്കിലേക്ക് മടങ്ങി.

പാകിസ്ഥാനുമായുള്ള 778 കിലോമീറ്റര്‍ നിയന്ത്രണരേഖയില്‍ ഉണ്ടാവാറുള്ള പോലെ അതിര്‍ത്തി കടന്നുള്ള വെടിവെപ്പുകള്‍ ഉണ്ടാവാറില്ലെങ്കിലും, 4.057 കിലോമീറ്റര്‍ നിയന്ത്രണ രേഖയിലെ വിവിധ പ്രദേശങ്ങളില്‍ അതിക്രമിച്ചു കടക്കലും ഇരുസേനകളും തമ്മില്‍ ഏറ്റുമുട്ടല്‍ നിലയില്‍ എത്തലും മിക്കവാറും എല്ലാ ദിവസങ്ങളിലും സംഭവിക്കാറുണ്ട്. കിഴക്കന്‍ ലഡാക്കും അരുണാചല്‍ പ്രദേശുമാണ് പ്രധാന സംഘര്‍ഷ പ്രദേശങ്ങള്‍.

സംസ്ഥാനത്തിന്റെ വടക്കേയറ്റത്തുള്ള ‘ഫിംഗര്‍ ഏരിയ’ എന്ന് അറിയപ്പെടുന്ന പ്രദേശത്തിന്റെ അവകാശവാദം ചൈന ഉന്നയിക്കുന്നുണ്ടെങ്കിലും ഇത്തരം സേന ഏറ്റുമുട്ടലുകള്‍ സിക്കിമില്‍ വിരളമാണ്. 2007 നവംബറിലും ഡോകല പ്രദേശത്ത് ഇന്ത്യന്‍ സേന സ്ഥാപിച്ചിരുന്ന ചില താത്ക്കാലിക ബങ്കറുകള്‍ ചൈനീസ് സേന തകര്‍ത്തിരുന്നു.

സിക്കിം-ടിബറ്റ്-ഭൂട്ടാന്‍ അതിര്‍ത്തി മേഖലയില്‍ പിഎല്‍എ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതിനെ തുടര്‍ന്ന് അതിനെ പ്രതിരോധിക്കുന്നതിനായി സിക്കിം അതിര്‍ത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ സേന പുതിയ ബങ്കറുകള്‍ സ്ഥാപിക്കുകയും പഴയവ നവീകരിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ഉഭയകക്ഷി സൈനിക വിശ്വസ വര്‍ദ്ധനയ്ക്കുള്ള നിരവധി നടപടികള്‍ ഇന്ത്യയും ചൈനയും തമ്മില്‍ സാവധാനത്തിലെങ്കിലും ക്രമമായി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ മുതിര്‍ന്ന കരസേന കമാന്റര്‍മാര്‍ തമ്മില്‍ നേരിട്ടുള്ള ഹോട്ട് ലൈന്‍ ബന്ധം എന്ന ദീര്‍ഘകാല നിര്‍ദ്ദേശം ഇതുവരെ നിയതരൂപം കൈവരിച്ചിട്ടില്ല.

ലഡാക്കിലെ ദൗലത്ത് ബെഗ് ഓള്‍ഡി, ചുഷൂല്‍, സിക്കിമിലെ നാഥുല, അരുണാചലിലെ കിബിത്തു എന്നിവടങ്ങളില്‍ അതിര്‍ത്തിയുള്ള ഉദ്യോഗസ്ഥര്‍ക്ക് സന്ധിക്കാനുള്ള സ്ഥലങ്ങള്‍ സ്ഥാപിച്ചത് മുതല്‍ 2013ല്‍ ഒപ്പിട്ട അതിര്‍ത്തി പ്രതിരോധ സഹകരണ കരാര്‍ (ബിഡിസിഎ) വരെയുള്ള പൊതുസഹകരണ നടപടികളെല്ലാം സേനകള്‍ മുഖാമുഖം വരുന്നത് പ്രാദേശിക തലത്തില്‍ തന്നെ ലഘൂകരിക്കാന്‍ ഉദ്ദേശിച്ചുള്ളവയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍