UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുറത്തു വരേണ്ടത് സാമൂഹികബാധ്യതയുള്ള ഡോക്ടര്‍മാരാണ്; സദാചാര ബൊമ്മകളല്ല

Avatar

സ്മിത മോഹന്‍

രാജ്യത്തെ സര്‍വകലാശാലകളില്‍ ഡ്രസ് കോഡ് നിരോധിച്ചു കൊണ്ട് കോടതി ഉത്തരവ് ഇറങ്ങിയത് ഈ അടുത്ത കാലത്താണ്. അത്തരമൊരു കോടതി ഉത്തരവ് നിലനില്‍ക്കവെയാണു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഡ്രസ് കോഡ് നിര്‍ദേശിച്ച് സര്‍കുലര്‍ ഇറങ്ങിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ സാരിയും ചുരിദാറും പോലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്നും ജീന്‍സും ലെഗിന്‍സും ഒഴിവാക്കണമെന്നും, ആണ്‍കുട്ടികള്‍ക്കു ഷര്‍ട്ടും ഷൂസും നിര്‍ബന്ധമാണെന്നും ജീന്‍സും ടീ ഷര്‍ട്ടും ധരിക്കരുതെന്നുമാണു സര്‍ക്കുലറില്‍ പറയുന്നത്. വൈസ് പ്രിന്‍സിപ്പല്‍ വകയാണു സര്‍ക്കുലര്‍ ഇറങ്ങിയിരിക്കുന്നത്. ഇതിനെതിരേ വലിയ പ്രതിഷേധമാണു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്.

മാന്യമായ വസ്ത്രം ധരിക്കുക എന്നതിലാണു കാര്യം. അല്ലാതെ ഇന്ന വസ്ത്രം ധരിച്ചു കൂടാ എന്നു മറ്റൊരാളോടു പറയാന്‍ ആര്‍ക്കും അവകാശം ഇല്ല എന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെടുന്നത്.

ഉയര്‍ന്ന നിലവാരമുള്ള സാമുഹിക ബോധം പുലര്‍ത്തേണ്ട വിഭാഗമാണ് ഡോക്ടര്‍മാര്‍. ധരിക്കുന്ന വസ്ത്രത്തിലും ഉപരി രോഗം കണ്ടു പിടിക്കുന്നതിലെ മികവും, ചികിത്സാ വൈദഗദ്യവും, കരുണയും സ്‌നേഹവും പെരുമാറ്റവും എത്തിക്‌സും ഒക്കെ ആണ് ഒരു ഡോക്ടര്‍ക്കു പ്രധാനം. അങ്ങനെ ഒരു തലമുറയെ വാര്‍ത്തെടുക്കേണ്ട ഗുരുക്കന്മാര്‍, സ്വന്തം നന്മയും അറിവ് പകര്‍ന്നു കൊടുക്കാന്‍ ഉള്ള കടമയും മറന്നു സദാചാര പോലീസിന്റെ വേഷം കെട്ടാന്‍ തുടങ്ങുകയാണോ?

വ്യക്തി സ്വാതന്ത്ര്യം എന്തെന്ന് അറിയാത്ത ഒരു തലമുറ ആകണമോ ഇനി വരുന്ന ഡോക്ടര്‍മാര്‍.

ഒരു സാധാരണക്കാരന്റെ മനസില്‍ ഡോക്ടര്‍ എന്നു പറഞ്ഞാല്‍ മനസ്സില്‍ ഓടിയെത്തുന്ന രൂപം വെള്ള കോട്ടും സ്റ്റെതസ്‌കോപ്പും ആണ്. അല്ലാതെ ജീന്‍സ് ആണോ സാരിയാണോ ലെഗ്ഗിന്‍സ് ആണോ എന്നൊന്നും രോഗികള്‍ ശ്രദ്ധിക്കാറില്ല. 

മാന്യമായതും വൃത്തിയുള്ളതുമായ വസ്ത്രം ധരിക്കണമെന്നേയുള്ളൂ. നല്ല പെരുമാറ്റത്തോടെയും സഹാനുഭൂതിയോടെയും രോഗികളെ ചികിത്സിക്കുകയെന്നതാണ് ഒരു ഡോക്ടറുടെ കടമ. മരുന്ന് കമ്പനികളില്‍ നിന്നും ലാബുകാരില്‍ നിന്നും കൈക്കൂലി വാങ്ങി രോഗികളെ പിഴിയുന്നതാണ് ഇല്ലാതാക്കേണ്ടത്. ഡോക്ടര്‍മാരും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന ചിന്തയാണ് വളര്‍ന്നു വരേണ്ടത്. എല്ലാവരും കമ്മീഷന്‍ മേടിക്കുന്നൂ, അതിനാല്‍ ഞാനും എന്ന സാമാന്യവത്കരണമാണ് ഇല്ലാതാവേണ്ടത്. ഡ്രസ് കോഡ് സര്‍ക്കുലര്‍ ഇറക്കുന്നവര്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ മാനദണ്ഡങ്ങള്‍ വായിച്ചിട്ട് ഇത്തരം തീരുമാനങ്ങളെടുക്കാമായിരുന്നു. അതിനാല്‍ തന്നെ ഇനി മുതല്‍ ജീന്‍സേ ഇടുന്നുള്ളൂ എന്നതാണു തീരുമാനവും’; ഡോക്ടറും അധ്യാപകനും ആയ പി എസ് ദിനേഷ് പറയുന്നു.

എന്തു കൊണ്ടു ജീന്‍സും ലെഗ്ഗിന്‍സും മാന്യമായ വസ്ത്രങ്ങളുടെ കൂട്ടത്തില്‍ കൂട്ടുന്നില്ല? ലെഗ്ഗിന്‍സും ജീന്‍സും നമ്മുടെ നാട്ടില്‍ പ്രചാരത്തിലായിട്ട് അധികം വര്‍ഷങ്ങള്‍ ആയിട്ടില്ല. ധരിക്കാനുള്ള സൗകര്യം, ഏതു നിറത്തിലും വലിപ്പത്തിലും ലഭിക്കാനുള്ള സാഹചര്യം, നമ്മുടെ കാലാവസ്ഥക്ക് ചേര്‍ന്ന തുണി, സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന വില ഇതൊക്കെ കൊണ്ട് തന്നെ ചെറിയ കാലയളവില്‍ തന്നെ കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളുടെയും മനസ് കീഴടക്കാന്‍ ലെഗ്ഗിന്‍സിനു സാധിച്ചു. ജീന്‍സിനും ലെഗ്ഗിന്‍സിനും ഉള്ള മറ്റൊരു ഗുണം, ഒരു ലെഗ്ഗിന്‍സ് രണ്ടു മൂന്നു കുര്‍ത്തകളുടെ കൂടെ മിക്‌സ് ആന്‍ഡ് മാച്ച് ആയും, ഒരു ജീന്‍സ് രണ്ടു മൂന്നു ഷര്‍ട്ടിന്റെ കൂടെയും ഉപയോഗിക്കാം. ഇതൊക്കെ എല്ലാ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും ലെഗിന്‍സിനോടും ജീന്‍സിനോടും പ്രത്യേക ഇഷ്ടം ഉണ്ടാക്കുന്ന ഘടകങ്ങളാണ്.

ഹരിയാനയിലെ ഖാപ് പഞ്ചായത്ത് പോലെ ഒന്ന് തങ്ങളുടെ കോളേജിലും ഉയര്‍ന്നു വരുമോ എന്ന് ഒരു മെഡിക്കല്‍ സ്റ്റുഡന്റ് പറയുമ്പോള്‍ അതിലെ അപകടസൂചന സമൂഹം മൊത്തത്തില്‍ മനസിലാക്കണം. പരസ്പരസ്‌നേഹമോ സ്വാതന്ത്ര്യമോ രാഷ്ട്രീയമോ കലയോ ഒന്നും മതില്‍ കെട്ടിനകത്തേക്ക് കയറ്റാതെ, ഡോക്ടര്‍മാരെ ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറി എന്നതാണോ ഇനി മെഡിക്കല്‍ കോളേജ് കൊണ്ട് ഉദേശിക്കുന്നത്. പുതിയ തലമുറ മുന്നോട്ടു കുതിക്കുന്നതിനു പകരം, സദാചാര ചിന്തകള്‍ കൊണ്ട് ഉണ്ടാക്കിയ പിന്തിരിപ്പന്‍ വ്യവസ്ഥിതിയും കെട്ടിപിടിച്ചു പിന്നോട്ട് ഓടണമോ?

 (എം ബി എ ബിരുദധാരിയായ ലേഖിക ചെന്നൈയില്‍ താമസിക്കുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍