UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാലോചിതമായ മാറ്റം ഉണ്ടാവണം; അതിനു വേണ്ടത് ഈ സവര്‍ണ പ്രമാണിമാരെ മാറ്റിനിര്‍ത്തലാണ്

Avatar

ഇന്ദു

ശ്രീപത്മനാഭ സ്വാമി ക്ഷ്രേത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ഉള്ളില്‍ പ്രവേശിക്കാമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടൂവ് ഓഫിസറുടെ  ഉത്തരവിറങ്ങിയത് ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു. ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി അഡ്വ. റിയ രാജി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ എക്‌സിക്യുട്ടീവ് ഓഫിസറോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെഎന്‍ സതീഷ് കുമാര്‍ സത്രീകള്‍ക്ക് അനുകൂലമായ ഉത്തരവ് ചൊവാഴ്ച വൈകുന്നേരം പുറപ്പെടുവിച്ചത്.

എന്നാല്‍ ഇത്തരമൊരു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചുരിദാര്‍ ധരിച്ച് ഇന്നു രാവിലെ ദര്‍ശനത്തിന് എത്തിയവരെ ക്ഷേത്രത്തിനുള്ളിലേക്ക് കടക്കാന്‍ അനുവദിക്കാതെ ഹിന്ദുത്വ സംഘടനകള്‍ തടയുകയാണുണ്ടായത്. എക്‌സിക്യുട്ടീവ് ഓഫിസറുടെ ഉത്തരവിനെതിരെ അവര്‍ ക്ഷേത്ര പരിസരത്ത് പ്രതിഷേധവും നടത്തുന്നുണ്ട്. ഇന്നലെ എക്‌സിക്യൂട്ടീവ് ഓഫിസറുടെ ഉത്തരവ് പുറത്തു വന്നപ്പോഴേ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ക്ഷേത്രം ഭരണസമിതിക്കോ തന്ത്രിക്കോ ഇത്തരമൊരു നിലപാട് അംഗീകരിക്കാന്‍ കഴിയില്ലായിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരം തീരുമാനം എടുക്കുന്നതിനു മുമ്പ് ഭക്തജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആരാഞ്ഞിരുന്നു. തങ്ങളുടെ അഭിപ്രായം പറഞ്ഞ ഭരണസമിതിയും തന്ത്രിയും ഈ വിഷയത്തില്‍ എതിര്‍പ്പാണ് ഉയര്‍ത്തിയത്.

സ്ത്രീകള്‍ പൊതുവായി ധരിക്കുന്ന വസ്ത്രമാണ് ചുരിദാര്‍ എന്നും ക്ഷേത്രങ്ങളില്‍ ഏതുതരം വസ്ത്രം ധരിച്ച് പ്രവേശിക്കണമെന്ന് മതിലകം രേഖകകളിലൊന്നും പ്രതിപാദിച്ചിട്ടില്ലെന്നും എക്‌സിക്യൂട്ടീവ് ഓഫിസര്‍ ചൂണ്ടിക്കാട്ടി. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ഇത്തരമൊരു വിലക്ക് ഇല്ലെന്നും വ്യക്തമാക്കിയാണ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ തന്റെ ഉത്തരവ് നടപ്പാക്കിയത്.

കേരളത്തില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മാത്രമാണ് ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്കുള്ളത്. ചുരിദാര്‍ ധരിച്ച് എത്തുന്നവരാണെങ്കില്‍ അതിനു പുറത്ത് അരയില്‍ മുണ്ട് ചുറ്റി വേണം അകത്തു പ്രവേശിക്കാന്‍.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് കര്‍ശനമായി പാലിക്കേണ്ട ആചാരങ്ങളില്‍ പെട്ടതാണ് വസ്ത്രധാരണത്തിലെ നിബന്ധനകള്‍. സത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം ഡ്രസ് കോഡുകള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പുരുഷന്മാര്‍ മുണ്ടും അംഗവസ്ത്രവും (മേല്‍മുണ്ട്) ധരിക്കണം. അംഗവസ്ത്രം ധരിക്കാതെയും പ്രവേശിക്കാവുന്നതാണ്. സ്ത്രീകള്‍ സാരി, മുണ്ട്, പാവടയും ബ്ലൗസും ഇവയല്ലാതെയുള്ള, പ്രായത്തിനനുസരിച്ച് ശരീരം മൂടുന്ന മറ്റു വസ്ത്രങ്ങളും ധരിക്കാം. എന്നാല്‍ സല്‍വാര്‍ പോലുള്ള മോഡേണ്‍ വസ്ത്രങ്ങള്‍ നിഷിദ്ധമാണ്. 12 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഗൗണ്‍ ധരിക്കാമെന്ന ഇളവുണ്ട്. നിഷ്‌കര്‍ഷിച്ചിരിക്കുന്ന വസ്ത്രങ്ങളല്ലാത്തവ ധരിച്ചു വരുന്നവരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കില്ലെന്നാണ് പറയുന്നത്.

ദൈവത്തെ കാണാനുള്ള ഭക്തന്റെ അവകാശത്തിനുമേല്‍ ചില ഇടനിലക്കാര്‍ ചേര്‍ന്നു നടത്തുന്ന നിയന്ത്രണങ്ങളാണ് ഇത്തരം ആചാരങ്ങള്‍. ഭക്തി എന്നാല്‍ ഭയം ആണ്. സ്വതന്ത്രമായി ദൈവത്തിലേക്ക് അടുത്തു നില്‍ക്കാന്‍ ഒരു ഭക്തനെ തടഞ്ഞു വയ്ക്കുന്നവര്‍ക്ക് അവരുടെ പ്രാമാണിത്വം സംരക്ഷിക്കുക എന്ന ലക്ഷ്യമുണ്ട്. ഭക്തിയില്‍ നിന്നും ഒരു ഭക്തനില്‍ വന്നുചേരുന്ന ഭയമാണ് ഇവിടെ ക്ഷേത്രഭരണക്കാരും ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്നു നടിക്കുന്ന പൂജാരിമാരും മുതലെടുക്കുന്നത്. ഏത് പ്രാമാണിക രേഖകളാണ് അനന്തശായിയായ മഹാവിഷ്ണുവിനെ കാണാനെത്തുന്നവര്‍ ചുരിദാര്‍ ധരിക്കരുതെന്ന് പറഞ്ഞിട്ടുള്ളതെന്ന് വ്യക്തമല്ല. ഓരോ കാലത്തും മനുഷ്യനാണു ദൈവത്തിന്റെ പേരില്‍ ഓരോ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടാക്കി വയ്ക്കുന്നത്. അതില്‍ ദൈവഹിതമായി ഒന്നും തന്നെ കാണില്ല, മനുഷ്യന്റെ നിലനില്‍പ്പില്‍ ഉപരിയായി.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറക്കഥകള്‍ പുറത്തു വന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് വിശ്വാസികളായവരും വെറും കൗതുകത്തിന്റെ പുറത്തു വരുന്നവരുമായ ജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തുന്നത്. ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍ പോകുന്നതിനു മുമ്പ് ആ സ്ഥലത്തെ കുറിച്ച് ഗൂഗിളില്‍ പരുതുന്നതുപോലെ വിഷ്ണുവിനെയോ കൃഷ്ണനെയോ ദര്‍ശിക്കാന്‍ എത്തുന്നതിനു മുമ്പ് ഭക്തര്‍ ഇന്റര്‍നെറ്റില്‍ കയറി ബ്രൗസ് ചെയ്യാറില്ല. പലപ്പോഴും ക്ഷേത്രകവാടത്തില്‍ എത്തുമ്പോള്‍ മാത്രമായിരിക്കും ഭക്തര്‍ക്കുള്ള DO or DON’T ബോര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെടുക. പത്മനാഭസ്വാമി ക്ഷേത്ര പരിസരത്തെ ഏറ്റവും തിരക്കേറിയ കച്ചവടമാണ് മുണ്ട് കച്ചവടം. വിലകൊടുത്തും വാങ്ങാം, വാടകയ്ക്കും കിട്ടും. ഭക്തി ഒരു ബിസിനസ് ആണ്. പക്ഷേ ഭക്തരെ അടിമകളായി കാണരുത്.

എന്തുകൊണ്ടാണ് നാലമ്പലത്തിനകത്ത് വസ്ത്രനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ഇതുവരെ ആരും വ്യക്തമായി പറയുന്നില്ല. പൗരാണിക കാലങ്ങളില്‍ ഏത വസ്ത്രം ധരിച്ചാണോ ക്ഷേത്രസന്ദര്‍ശനം നടത്തിയത്, അതു നോക്കിയാണോ 21-ആം നൂറ്റാണ്ടിലും നിയമങ്ങള്‍ ഉണ്ടാക്കേണ്ടത്? ഏതു നിയമവും കാലോചിതമായി പരിഷ്‌കരിക്കപ്പെടണം, ഇല്ലെങ്കിലത് മനുഷ്യന്റെ സ്വാതന്ത്ര്യങ്ങളെ ഹനിക്കും.

ക്ഷേത്രങ്ങളിലെ വസ്ത്രനിയമങ്ങള്‍ പ്രധാനമായും എന്തിനാണ് എന്നതിനു പല ഉത്തരങ്ങളാണ് കിട്ടുന്നത്. പഞ്ചലോഹാധിഷ്ടിതമായ വിഗ്രഹത്തിങ്കല്‍ നിന്നും പ്രസരിക്കുന്ന എനര്‍ജി ഭക്തന്റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു എന്നാണു പറയുന്നത്. ഭക്തിയല്ല, ശാസ്ത്രമാണ് ഇവിടെ പ്രവവര്‍ത്തിക്കുന്നതെന്നു വാദിക്കുന്നവരാണ് ഇക്കൂട്ടര്‍. വിഗ്രഹത്തില്‍ നിന്നുള്ള എനര്‍ജി പുരുഷന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നത് അനഹാത ചക്രത്തിലൂടെയും സ്ത്രീയുടെ ഉള്ളില്‍ പ്രവേശിക്കുന്നത് ആഞ്ജാ ചക്രത്തിലൂടെയുമാണെന്നു പറയുന്നു. മനുഷ്യശരീരത്തിലെ എട്ടു ചക്രങ്ങളില്‍ പെട്ടതാണ് അനഹാത ചക്രവും ആഞ്ജ ചക്രവും. അനഹാത ചക്രം പുരഷന്റെ നെഞ്ചിനുള്ളില്‍ ഇരിക്കുന്നതിനാലാണ് മേല്‍വസ്ത്രം ധരിച്ച് ആണുങ്ങള്‍ ശ്രീകോവിലിനു മുന്നില്‍ നില്‍ക്കരുതെന്നു പറയുന്നത്. അതേസമയം സ്ത്രീകളെ ആഞ്ജ ചക്രം പുരികങ്ങള്‍ക്കിടയിലായി തലയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ സ്ത്രീകള്‍ മേല്‍വസ്ത്രം ധരിച്ചാലും കുഴപ്പമില്ല. ഈ വിശ്വാസമാണ് പിന്നീട് ആചാരമാക്കിയെന്നു ക്ഷേത്രവിശ്വാസങ്ങളെക്കുറിച്ച് പഠിച്ചിട്ടുള്ളവര്‍ വാദിക്കുന്നു. ഇനി മറ്റു ചിലര്‍ പറയുന്നതോ, ക്ഷേത്രമെന്നാല്‍ ഒരാള്‍ക്കൂട്ടം സമ്മേളിക്കുന്ന ഇടമാണ്. അതുകൊണ്ടു തന്നെ അവിടെ ഹൈജൈനിക് ആയി ഇരിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെട്ട ആരോ കണ്ടുപിടിച്ച സൂത്രമാണ് ഇത്തരം ആചാരങ്ങളെന്നാണ്. ഒരുപക്ഷേ നിങ്ങളുടെ വസ്ത്രങ്ങളില്‍ ഏതെങ്കിലും അണുക്കളോ മറ്റോ ഉണ്ടെങ്കില്‍ അതു മറ്റുള്ളവരിലേക്ക് പകരാന്‍ എളുപ്പമാണ്. കുളിച്ച് ശുദ്ധിയോടെ ക്ഷേത്രത്തില്‍ വരണമെന്നു നിഷ്‌കര്‍ഷിക്കുന്നതുപോലും ആരോഗ്യസംബന്ധമായ മുന്‍കരുതല്‍ തന്നെയാണെന്നും ഈ കൂട്ടര്‍ ബാധിക്കുന്നു. മരണം നടന്ന വീടുകളില്‍ നിന്നും വരുന്നവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്നു പറയുമ്പോഴും ഉദ്ദേശം ഇതേ ഹൈജൈനിറ്റി തന്നെയാണ്. ക്ഷേത്രനിയമങ്ങള്‍ എന്നു പറയുന്നതു പലതും മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നതിനായി ഉണ്ടാക്കിയവല്ലായിരുന്നു. എന്നാല്‍ സവര്‍ണതയുടെയും ആധിപത്യത്തിന്റെയും പതാകവാഹകര്‍ പിന്നീട് തങ്ങളുടെ താതപര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപായങ്ങളാക്കി ആചാരങ്ങളെ മാറ്റുകയായിരുന്നു.

ഭക്തിയില്‍ യുക്തിയില്ല. ഭക്തി കീഴടങ്ങലാണ്. ദൈവത്തിന്റെയടുത്തെന്നപോലെ പ്രതിപുരുഷന്മാരുടെ മുന്നിലും. സ്വയം ചിന്തിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു ഭക്തനും ഇല്ലെന്നിടത്താണ് ഒരു തന്ത്രിക്കോ രാജാവിനോ തങ്ങളുടെ നിയമങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നത്. പിന്തുടര്‍ന്നുവരുന്ന ഭയമാണ് ഒരുവന്റെ ഭക്തിയെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇന്നു രാവിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നില്‍ പ്രതിഷേധത്തിനെത്തിയ ഹൈന്ദവ സംഘടനകളില്‍ ഉള്‍പ്പെട്ട ചില സ്ത്രീകളുടെ വാക്കുകള്‍. മേല്‍മുണ്ട് ചുറ്റാതെ ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ കടക്കുന്നവരെ തടയാനെത്തിയതാണിവര്‍. നിങ്ങള്‍ എന്തുകൊണ്ട് ഈ ഉത്തരവിനെ എതിര്‍ക്കുന്നു എന്ന ചോദ്യത്തിന് ആ സ്ത്രികള്‍ക്ക് പറയാനുള്ള മറുപടി ഇതേയുള്ളൂ; ഞങ്ങള്‍ കുട്ടിക്കാലം മുതല്‍ കണ്ടു വരുന്നതും പാലിക്കുന്നതുമായ ആചാരമാണിത്. അതു പെട്ടെന്നൊരു ദിവസം ലംഘിക്കാന്‍ ആവില്ല.

ഇതാണ് നേരത്തെ പറഞ്ഞ ഭയം. ഭക്തിയുടെ ഭയം. സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശമില്ലാതായിപ്പോകുന്നവരുടെ അടിമത്തം. ഇന്നലെ ചെയ്‌തൊരബദ്ധം എങ്ങനെ ഇന്നത്തെ ആചാരമായി എന്നു ശങ്കിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ഇത്തരം മനുഷ്യര്‍. അവര്‍ക്ക് ശീലങ്ങള്‍ തുടരാന്‍ മാത്രമെ അറിയൂ.

കാലോചിതമായ പരിഷ്‌കരങ്ങള്‍ എല്ലാ മേഖലയിലും വേണം.ദേവാലയങ്ങളില്‍ മാത്രം അതു സാധ്യമല്ല എന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഒരുവ്യക്തിയുടെ വിശ്വാസങ്ങള്‍ അയാളുടെ യുക്തിക്കും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായാണ് പാലിക്കപ്പെടേണ്ടത്. ഏതെങ്കിലുമൊരുവന്‍ ദൈവത്തിനുവേണ്ടി എഴുതിയ ബൈലോ അനുസരിച്ചല്ല. അതുകൊണ്ട് തന്നെ കോടതി നിര്‍ദേശപ്രകാരം നടപ്പാക്കിയ ഒരു ഉത്തരവ് നടപ്പില്‍ വരുത്തുക തന്നെ വേണം. പിടിവാശിക്കാര്‍ വിജയിക്കരുത്.

(മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍