UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാന്നാര്‍ സ്ത്രീകളുടെ റൗക്ക വലിച്ചു കീറിയവരുടെ പിന്മുറക്കാർ തന്നെയാണ് ഇപ്പോഴും ഇവിടെയുള്ളത്

Avatar

ഡി. ധനസുമോദ്

നായർ സ്ത്രീകളെപ്പോലെ വസ്ത്രം ധരിച്ച നാടാർ സ്ത്രീകളുടെ റൗക്ക സവർണ പുരുഷന്മാർ വലിച്ചു കീറിയിട്ട് രണ്ടു നൂറ്റാണ്ട് കഴിഞ്ഞു. ഇതേത്തുടർന്ന് വർഷങ്ങൾ നീണ്ടു നിന്ന പ്രക്ഷോഭങ്ങൾക്കാണ് തിരുവിതാംകൂർ സാക്ഷ്യം വഹിച്ചത്. സ്ത്രീമുന്നേറ്റത്തിന്റെ നാഴികകല്ലായി മാറിയ സമരമായിരുന്നു അത്.

ആദ്യ സ്വാതന്ത്ര്യ സമരത്തെ ശിപായി ലഹളയായി താഴ്ത്തിക്കെട്ടാൻ ശ്രമിച്ചതുപോലെ ചാന്നാർ ലഹളയെന്നു വിളിച്ച്  ബ്രിട്ടീഷുകാർ ഈ മുന്നേറ്റത്തെയും ചെറുതാക്കാൻ ശ്രമിച്ചു. പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ബാലരാമപുരത്തു നിന്നും ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തിലേക്ക് ഇരുപതു കിലോമീറ്ററിൽ താഴെയാണ് ദൂരം. ചുരിദാർ ധരിച്ച് പദ്മനാഭ സ്വാമിക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പറയുന്ന വർമ്മമാരും തടയാൻ എത്തുന്ന ബ്രാഹ്മണ സമൂഹം പ്രതിനിധികളും ഹിന്ദുയാഥാസ്ഥിതികരും കേരളത്തെ ഇരുന്നൂറു വര്‍ഷം പിന്നിലേക്ക് വലിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്.

ഭൂരിഭാഗം സ്ത്രീകൾക്കും സൗകര്യപ്രദവും മാന്യവുമായ വസ്ത്രമാണ് ചുരിദാർ. സാരിയേക്കാൾ ഏറെ ചുരിദാർ ആണ്‌ സ്ത്രീകൾ ഇന്ന് ഉപയോഗിക്കുന്നത്.  മലയാളികള്‍ക്ക് ഇഷ്ടവേഷമായത് മുപ്പതു വർഷത്തിനുള്ളിലാണ്. അതിനും അമ്പതു വർഷം മുൻപ് മാത്രമാണ് സാരി പ്രചരിച്ചു തുടങ്ങിയത്. ഇപ്പോള്‍ സാരി മാന്യവും ചുരിദാർ അടിവസ്ത്രവും ആക്കുകയാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ യാഥാസ്ഥിതികർ ചെയ്യുന്നത്. 

കാലത്തിനനുസരിച്ചു മാറുന്നതാണ് വസ്ത്ര ധാരണ രീതികൾ. ആചാരങ്ങളും കാലത്തിനനുസരിച്ചു മാറിക്കൊണ്ടേയിരിക്കുന്നു. ചുറ്റമ്പലത്തിനുള്ളിലും ശ്രീകോവിലുകളിലും കൽവിളക്കുകൾക്ക് പകരം ഇലക്ട്രിക് ബൾബുകളും ടൂബുകളും സ്ഥാനം പിടിച്ചപ്പോൾ എതിർപ്പുണ്ടായില്ല. കൊതുമ്പും ചിരട്ടയും മാറ്റി ഊട്ടുപുരയിൽ എൽപിജി ഗ്യാസ് അടുപ്പുകൾ എത്തിയപ്പോഴും എതിർത്തില്ല. കാരണം ഇതെല്ലാം ശാരീരികാധ്വാനം കുറയ്ക്കുന്നതായിരുന്നു. സ്ത്രീകളുടെ കാര്യം വരുമ്പോൾ മാത്രം സംസ്കാരം, കീഴ്വഴക്കം, ക്ഷേത്രാചാര മര്യാദകൾ എന്നീ ബോർഡുകളും പൊക്കിപ്പിടിച്ച് ഭൂരിപക്ഷ സമുദായത്തിലെ ന്യൂനപക്ഷം എത്തും.  സമുദായത്തിന്റെയും മതത്തിന്റെയും പ്രതിനിധികളായി ഇവർ കളം നിറയും. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്.

കാശി വിശ്വനാഥക്ഷേത്രം, ഉജ്ജയിനി വിശ്വനാഥ ക്ഷേത്രം എന്നിവ സന്ദർശിച്ചാൽ പ്രധാന പ്രതിഷ്ഠയായ ശിവലിംഗത്തിൽ അഭിഷേകം ചെയ്യാൻ പോലും സ്ത്രീ -പുരുഷ, വസ്ത്ര ഭേദമില്ലാതെ കഴിയും. ഇവിടെയൊന്നുമില്ലാത്ത ചിട്ടകളാണ് കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഉള്ളത്. ഡൽഹിയിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ സ്വെറ്ററും ധരിച്ചാണ് പൂജാരി കർമങ്ങൾ ഇപ്പോൾ അനുഷ്ഠിക്കുന്നത്.

കേരളത്തിലെ ഗുരുവായൂർ ക്ഷേത്രത്തിലും ചുരിദാറിനു ആദ്യം വിലക്കുന്നുണ്ടായിരുന്നു. ചുരിദാറിനു മേലേ ഉടുക്കാൻ മുണ്ട് വാടകയ്ക്ക് കൊടുക്കുന്ന കച്ചവടക്കാർ ഗുരുവായൂരും ഉണ്ടായിരുന്നു. എന്നാൽ ഈ വാടകക്കാർക്കു കുടപിടിക്കുന്ന വർഗീയവാദികൾ അവിടെ ഉണ്ടായില്ല. ചുരിദാറിനു മേലേ വേറേ മുണ്ടുടുത്ത് ഭഗവാനെ പറ്റിക്കുന്ന ഏർപ്പാട് അവസാനിപ്പിക്കാൻ ദേവസ്വം തീരുമാനിച്ചപ്പോൾ കാര്യമായ എതിർപ്പുണ്ടായില്ല. അധ്യാപികമാരുടെ വേഷവും സാരിയിൽ നിന്ന്‍ ചുരിദാറിലേക്കു മാറിയപ്പോൾ അധ്യാപക സമൂഹം സ്വാഗതം ചെയ്തു.

ആറ്റുകാലിൽ പൊങ്കാല ഇടുന്ന സ്ത്രീജനങ്ങളുടെ കലത്തിൽ പുണ്യാഹം തളിക്കുന്നത് ഹെലികോപ്റ്റർ വഴി ആകാമെങ്കിൽ എന്തുകൊണ്ട് ക്ഷേത്രപ്രവേശനത്തിന് ചുരിദാർ പാടില്ലെന്നും കീഴ് വഴക്കങ്ങളും  ആചാരം തെറ്റിക്കുന്നതാണ് പ്രശ്നമെങ്കിൽ ക്ഷേത്ര പ്രവേശന വിളംബരം തന്നെ തെറ്റാണെന്നു പറയേണ്ടി വരുമെന്ന് ചരിത്രകാരനായ പ്രൊഫ കർമചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. 

ഇത്തരം എതിർപ്പുകൾ നാളത്തെ തലമുറയ്ക്ക് ചരിത്രത്തെ ഓർത്തു ചിരിക്കാൻ വക നൽകുമെന്ന് സാമൂഹ്യപ്രവർത്തകയായ ജ്യോതി നാരായണൻ പറയുന്നു. സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാൻ ദൈവത്തിന്റെ പേരും നാളും വരെ മാറ്റാൻ തയ്യാറെടുക്കുന്ന യാഥാസ്ഥിതികർക്കെതിരെ പുരോഗമനവാദികൾ രംഗത്തിറങ്ങിയില്ലെങ്കിൽ അവരെ ചരിത്രം കുറ്റക്കാരായി മുദ്രകുത്തുന്ന കാലം വിദൂരമല്ല

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍