UPDATES

സയന്‍സ്/ടെക്നോളജി

വരുന്നൂ സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ നിരത്തുകള്‍ കൈയ്യടക്കുന്ന കാലം

Avatar

റാന്‍ഡല്‍ ഒ ടൂള്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഗതാഗത രംഗത്ത് ഉടനടിയുണ്ടാകാന്‍ പോകുന്നൊരു മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറെടുക്കുകയാണ് അമേരിക്ക. വെറുമൊരു മാറ്റത്തിലേക്കല്ല, പലതിനേയും മാറ്റി മറിയ്ക്കാന്‍ പോന്ന വിപ്ലവകരമായ പുതിയൊരു കാലഘട്ടത്തിലേക്കു തന്നെയാണ് നാം കാലെടുത്തു വയ്ക്കാനൊരുങ്ങുന്നത്. വാഹനത്തെ സംബന്ധിച്ച് ഡ്രൈവര്‍ പ്രസക്തനല്ലാതാവുന്നൊരു കാലമാണ് വരുന്നത്. അതേ,  സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ നമ്മുടെ നിരത്തുകള്‍ കൈയ്യേറാന്‍ ഇനി ഏതാനും വര്‍ഷങ്ങളുടെ ഇടവേള മാത്രം.

സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍  ജീവിതത്തിന്റെ ഭാഗമാകുന്നതോടെ നമ്മുടെ ജീവിത രീതികളിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഇതിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ പരിവര്‍ത്തനങ്ങള്‍ക്കും പൊളിച്ചെഴുത്തുകള്‍ക്കും വിധേയമാകാന്‍ പോകുന്നത് നിലവിലെ പൊതു ഗതാഗത സംവിധാനങ്ങളായിരിക്കും.

2013ല്‍ നടത്തിയ സര്‍വ്വേ അനുസരിച്ച് 59 ബില്ല്യണ്‍ മൈലുകള്‍ യാത്ര ചെയ്യുന്നതിന് അമേരിക്കയുടെ പൊതു ഗതാഗത സംവിധാനത്തില്‍ ചിലവാകുന്നത് 60 ബില്ല്യണ്‍ ഡോളറാണ്. അതായത് ഈ സംവിധാനത്തിലൂടെ ഒരാള്‍ക്ക് ഒരു മൈല്‍ ദൂരം യാത്ര ചെയ്യുന്നതിന് 1.03 ഡോളര്‍ ചിലവാകുന്നുവെന്നര്‍ത്ഥം. എന്നാല്‍ സെല്‍ഫ് ഡ്രൈവിംഗ് കാറില്‍ ഒരു മൈല്‍ സഞ്ചരിക്കുമ്പോള്‍ ഒരാള്‍ക്ക് വെറും 29 സെന്‍ മാത്രമേ ചിലവു വരുന്നുള്ളു (100 സെന്നാണ് ഒരു ഡോളര്‍). അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ബാര്‍ക്ലേസ് ഈയിടെ നടത്തിയ ശാസ്ത്രീയ അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

വേഗത്തിലും സൗകര്യപ്രദമായും സഞ്ചരിക്കാന്‍ പൊതു ഗതാഗതത്തെക്കാള്‍ എന്തു കൊണ്ടും മെച്ചം സ്വന്തം വാഹനങ്ങളാണ്. അവ സെല്‍ഫ് ഡ്രൈവിംഗ് മോഡിലാകുക കൂടി ചെയ്യുന്നതോടെ സ്വന്തം വാഹനം ഉപയോഗിക്കാനുള്ള ആളുകളുടെ താത്പര്യവും കൂടും. പ്രത്യേകിച്ചും അത് പൊതു ഗതാഗതത്തെക്കാള്‍ ചിലവു കുറഞ്ഞ സംഗതിയാണെന്നു വരുമ്പോള്‍. അങ്ങനെ വന്നാല്‍ പൊതു ഗതാഗതത്തിന്റെ പ്രസക്തി ജനസാന്ദ്രത വളരെ കൂടിയ ന്യൂയോര്‍ക്ക് പോലുള്ള ചില നഗരങ്ങളില്‍ മാത്രമായൊതുങ്ങും.

ചുരുക്കം വരുന്ന ആ പൊതുതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നതാണ് ഇതിന്റെ മറ്റൊരു നല്ല വശം. ഇപ്പോള്‍ ചെയ്യുന്ന പോലെ ഒരു കാഴ്ച്ചപ്പാടുമില്ലാതെ അനവധി ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നടത്തുന്നതും, റോഡിനും റയിലിനുമൊക്കെയായി കോടികള്‍ മുടക്കുന്നതെല്ലാമൊഴിവാക്കി ചിലവു കുറഞ്ഞ ലാഭകരമായ പദ്ധതികള്‍ നടപ്പാക്കാന്‍ ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമാകും. സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ക്കും റോഡില്‍ വേണ്ടത് സാധാരണ വാഹനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളാണെന്നതു കൊണ്ടു തന്നെ അധികൃതര്‍ക്ക് പുതിതായൊന്നും ചെയ്യേണ്ടി വരില്ല റോഡുകളും പാലങ്ങളുമൊക്കെ യഥാവിധി പരിപാലിക്കുകയെന്ന ഇപ്പോഴത്തെ വെല്ലുവിളി അപ്പോഴുമുണ്ടാവുമെന്നു മാത്രം.

എന്നാല്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ വരവ് മുന്നില്‍ കണ്ട് നിലവിലെ റോഡുകളെല്ലാം സ്മാര്‍ട്ട് റോഡുകളാക്കാനുള്ള ഒരുക്കത്തിലാണ് ഒബാമ ഭരണകുടം. പുതിയ കാറുകളെ സഹായിക്കാനെന്നോണം വഴിയിലെങ്ങും വിവിധ തരത്തിലുള്ള ഇലക്‌ട്രോണിക്ക് സംവിധാനങ്ങള്‍ സ്ഥാപിക്കാനാണ് പദ്ധതി. കോടികളാണ് ഇതിനായി മുടക്കേണ്ടത് യത്ഥാര്‍ഥത്തില്‍ അതിനു തുനിയുന്നത് പാഴ്‌ച്ചെലവാണെന്നേ പറയാന്‍ കഴിയു. എന്തൊക്കെ സംവിധാനങ്ങള്‍ ഇപ്പോള്‍ സ്ഥാപിച്ചാലും 40.000 മൈല്‍ വരുന്ന  റോഡു മുഴുവന്‍ ഇത് ആവര്‍ത്തിച്ചു വരുമ്പോഴേക്കും എങ്ങനെയും ഇവ കാലപ്പഴക്കം വന്നു കാലഹരണപ്പെട്ടതാകും. 

മാത്രമല്ല, ഗൂഗിള്‍, ഫോര്‍ഡ്. വോള്‍വോ, വോക്‌സ് വാഗണ്‍ തുടങ്ങി സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ഒരു കമ്പനിയും ഇത്തരത്തില്‍ എന്തെങ്കിലും എക്‌സ്ട്രാ സംവിധാനങ്ങളുടെ ആവശ്യമുണ്ടെന്നു പറയുന്നില്ല. ഹൈവേയിലെ ഓരോ വരയും അടയാളവും വ്യക്തമായി കാണിക്കുന്ന കൃത്യതയുള്ള 3ഡി മാപ്പുകളുമായാണ് ഇവരുടെയെല്ലാം വാഹനങ്ങള്‍ ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ ഒരു വിധ അധിക സന്നാഹങ്ങളുമില്ലാതെ തന്നെ നിരത്തിലിറങ്ങാന്‍ തങ്ങളുടെ വാഹനങ്ങള്‍ പൂര്‍ണ്ണ സജ്ജമാണെന്നു കമ്പനികള്‍ പറയുന്നു ഹിയര്‍ എന്ന സ്ഥാപനം ഇതിനോടകം രാജ്യത്തെ 3ല്‍ രണ്ട് റോഡുകളും തെരുവുകളും കൃത്യമായി മാപ്പിലാക്കിക്കഴിഞ്ഞു. മാപ്പിംഗ് ദ്രുത ഗതിയില്‍ പുരോഗമിക്കുകയുമാണ്.

ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്ന പിഴവുകളെല്ലാം തീര്‍ത്ത് 2020ഓടു കൂടി പൂര്‍ണ്ണ സജ്ജമായ സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ പുറത്തിറക്കാനാവുമെന്നാണ് കമ്പനികളെല്ലാം പറയുന്നത്. മാത്രമല്ല, സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ അടിസ്ഥാന സോഫ്റ്റ് വയര്‍ പുറത്തിറങ്ങിയാല്‍ പിന്നെ ഇപ്പോള്‍ പുറത്തിറങ്ങുന്ന പുതിയ തരം കാറുകളും എളുപ്പത്തില്‍ സെല്‍ഫ് ഡ്രൈവിംഗ് മോഡിലേക്ക് മാറ്റാന്‍ കഴിയും. വെറും ആയിരം ഡോളറില്‍ താഴെ മുടക്കി അത് സാധിച്ചെടുക്കാം. സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ റോഡുകള്‍ കൈയ്യടക്കുന്ന കാലം ഇങ്ങെത്താറായെന്നു ചുരുക്കം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍