UPDATES

പ്രവാസം

യു എ ഇയില്‍ ഡ്രൈവിംഗ് ഇനി കടുക്കും

Avatar

അഴിമുഖം പ്രതിനിധി

പ്രായമായ ഡ്രൈവര്‍മാര്‍ക്ക് യുഎഇയില്‍ നിയന്ത്രണങ്ങള്‍ വരുന്നു. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യുടെ നിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയാണെങ്കില്‍ വാര്‍ഷിക മെഡിക്കല്‍ ടെസ്റ്റുകള്‍ തുടങ്ങി പലതും നിലവില്‍ വരും.

ആര്‍ടിഎയുടെ ലൈസന്‍സിങ് ഏജന്‍സി അഹമ്മദ് ഹഷീം ബെഹ്‌റൂസിയാന്‍ പറയുന്നതിനനുസരിച്ച് പ്രായമായ ഡ്രൈവര്‍മാരെ റോഡപകടങ്ങളുടെ സാധ്യതയില്‍ നിന്നു രക്ഷിക്കാനാണ് മന്ത്രാലയത്തിന്റെ ശ്രമം.

‘റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് പല തലത്തിലും സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതില്‍ താമസിയാതെ നടപ്പാകാവുന്ന ഒന്ന് പ്രായമായ ഡ്രൈവര്‍മാര്‍ക്കുമേലുള്ള നിയന്ത്രണങ്ങളാണ്. ഇപ്പോള്‍ 10 വര്‍ഷമാണ് ലൈസന്‍സ് കാലാവധി. നിശ്ചിത പ്രായപരിധി കഴിഞ്ഞാല്‍ ഈ കാലാവധി കുറയ്ക്കുന്നതും പരിഗണനയിലുണ്ട്,’ വിവിധ വിഭാഗങ്ങളിലുള്ള ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ശ്രമിക്കുന്ന ബെഹ്‌റൂസിയാന്‍ ഗള്‍ഫ് ന്യൂസിനോടു പറഞ്ഞു.

മെഡിക്കല്‍ ടെസ്റ്റിനു വിധേയരാകാനുള്ള കുറഞ്ഞ പ്രായപരിധി 60 അല്ലെങ്കില്‍ 65 ആക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

ഭാരവാഹനങ്ങള്‍, വാണിജ്യവാഹനങ്ങള്‍, ട്രാമുകള്‍, ടാക്‌സികള്‍ എന്നിവയുടെ ഡ്രൈവര്‍മാര്‍ക്ക് ഇപ്പോള്‍ തന്നെ വാര്‍ഷിക മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാണ്. ഈ നിയന്ത്രണ പരിധി കൂടുതല്‍പേര്‍ക്കു ബാധകമാക്കാനാണ് ആര്‍ടിഎയുടെ ശ്രമം. സ്വകാര്യ ഡ്രൈവര്‍മാരെയും ഇതില്‍ ഉള്‍പ്പെടുത്തിയേക്കും. നോണ്‍ പ്രഫഷനല്‍ വിഭാഗങ്ങളെക്കൂടി ഇതിനു കീഴില്‍ കൊണ്ടുവന്ന് റോഡ് സുരക്ഷ ഉറപ്പാക്കാനും ശ്രമമുണ്ട്.

‘ഞങ്ങളെ സംബന്ധിച്ച് ഇത് വളരെ പ്രാധാന്യമുള്ള പദ്ധതിയാണ്. തുടക്കത്തില്‍ റോഡില്‍ കൂടുതല്‍ സമയം ചെലവിടുന്നവരിലും ആരോഗ്യഘടകങ്ങള്‍ റോഡിലെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നവരിലുമായിരുന്നു ശ്രദ്ധ. അടുത്ത ഘട്ടത്തില്‍ ചെറിയ വാഹനങ്ങളുടെയും പ്രായംകൂടിയ ഡ്രൈവര്‍മാരുടെയും മേലായിരിക്കും ശ്രദ്ധ. പ്രായം കൂടുന്നത് പ്രതികരിക്കാനുള്ള സമയവും കൂട്ടുമെന്നത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു,’ ബെഹ്‌റൂസിയാന്‍ പറയുന്നു.

പ്രായം കൂടിയവരുടെ ലൈസന്‍സ് പുതുക്കലും മെഡിക്കല്‍ ടെസ്റ്റും തമ്മില്‍ ബന്ധിപ്പിക്കാനും ശ്രമമുണ്ട്. ‘ പ്രഫഷനല്‍ ഡ്രൈവര്‍മാര്‍ക്കുള്ള മെഡിക്കല്‍ ടെസ്റ്റില്‍നിന്നു വ്യത്യസ്തമായിരിക്കും പ്രായമായവര്‍ക്കുള്ള ടെസ്റ്റ്. പ്രായമായവരുടെ പ്രതികരണ സമയം, അപകടം മുന്‍കൂട്ടിക്കാണാനുള്ള കഴിവ്, ശാരീരികാവസ്ഥ എന്നിവയിലായിരിക്കും ശ്രദ്ധ.’

എന്നാല്‍ ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണെന്നും നടപ്പാക്കലിന് സമയമെടുക്കുമെന്നും ബെഹ്‌റൂസിയാന്‍ കൂട്ടിച്ചേര്‍ത്തു.

‘പ്രായമായവര്‍ ഉള്‍പ്പെടെ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി നിയമം വിപുലീകരിക്കാനാകുമോ എന്ന് മന്ത്രാലയവുമായിച്ചേര്‍ന്ന് ഞങ്ങള്‍ അന്വേഷിച്ചു വരികയാണ്. ഡ്രൈവര്‍ ലൈസന്‍സ് പുതുക്കല്‍ 10 വര്‍ഷത്തിലൊരിക്കലാണെന്ന് നിയമം വ്യക്തമായി പറയുന്നുണ്ട് എന്നതാണ് ഇപ്പോള്‍ ഞങ്ങളുടെ മുന്നിലുള്ള വെല്ലുവിളി. അതുകൊണ്ടുതന്നെ പ്രായമായവര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണമെങ്കില്‍ ആദ്യം നിയമം മാറ്റണം.’

ഡെലിവറി ബോയ്‌സിനെക്കൂടി പ്രഫഷനല്‍ ഡ്രൈവര്‍ പെര്‍മിറ്റിനുള്ളില്‍ കൊണ്ടുവരാന്‍ ആര്‍ടിഎ ശ്രമിക്കുകയാണ്. ലൈസന്‍സ് പുതുക്കുമ്പോള്‍ മാത്രമല്ല പുതിയ ലൈസന്‍സ് നല്‍കുമ്പോഴും മെഡിക്കല്‍ ടെസ്റ്റ് നിര്‍ബന്ധമാക്കാനാണ് മറ്റൊരു നിര്‍ദേശം.

‘നിയന്ത്രണങ്ങള്‍ ഭാവിയില്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാക്കും. നടപ്പാകാന്‍ എത്രസമയമെടുക്കുമെന്നു പറയാനാകില്ലെങ്കിലും സമീപഭാവിയില്‍ എന്നതാണ് ലക്ഷ്യം. പല വികസിത രാജ്യങ്ങളിലും ഇത് ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. യുഎഇയിലും ഇത് നടപ്പാകും.’

ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ റോഡ് സുരക്ഷയ്ക്കു ഭീഷണിയാകാവുന്ന ആളുകളെ കണ്ടെത്താനും അധികൃതരെ അറിയിക്കാനും ഡോക്ടര്‍മാര്‍ക്കു ബാധ്യതയുണ്ടെന്ന് ബെഹ്‌റൂസിയാന്‍ ചൂണ്ടിക്കാട്ടി.

‘ഇങ്ങനെ ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന ഡോക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുകയാണ് ചെയ്യുക. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്താന്‍ ഇത് സഹായിക്കുന്നു,’ ഇങ്ങനെയൊന്ന് യുഎഇയിലും നടപ്പാകാനുള്ള സാധ്യത ആരാഞ്ഞുവരികയാണെന്ന് ബെഹ്‌റൂസിയാന്‍ പറഞ്ഞു.

‘ഇത് നടപ്പാകാന്‍ കൂടുതല്‍ സമയമെടുക്കും. ഇതിന് പ്രത്യേകനിയന്ത്രണങ്ങള്‍ ആവശ്യമായും വരും. പക്ഷേ ഇവയെല്ലാം മികച്ച നടപടിക്രമങ്ങളാണ്. ഭാവിയില്‍ ഇവ നടപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.’

ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇതുവരെ 1200 പ്രഫഷനല്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആര്‍ടിഎ റദ്ദാക്കിയിട്ടുണ്ട്.

യുകെയിലെ ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിങ് ഏജന്‍സി (ഡിവിഎല്‍എ) നടപ്പാക്കിയ ആരോഗ്യസുരക്ഷാ പദ്ധതിയുടെ മാതൃകയില്‍ 2013ലാണ് മെഡിക്കല്‍ ടെസ്റ്റ് നടപ്പിലായത്.

എട്ട് അംഗീകൃത കേന്ദ്രങ്ങളിലാണ് ടെസ്റ്റ്. ദുബായ് ഹെല്‍ത്ത് അതോറിറ്റി, കനേഡിയന്‍ ഹോസ്പിറ്റല്‍, ഇറാനിയന്‍ ഹോസ്പിറ്റല്‍, പ്രൈം മെഡിക്കല്‍ സെന്റര്‍, ദുബായ് മുനിസിപ്പാലിറ്റി ക്ലിനിക്ക്, സുലേഖ ഹോസ്പിറ്റല്‍, അല്‍ ഖലീജ് ഹോസ്പിറ്റല്‍, അല്‍ മുസാല ഹോസ്പിറ്റല്‍ എന്നിവയാണ് ഇവ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍