UPDATES

വയനാട് മരുഭൂമിയാകുകയാണ്; ഇതുവരെ പാഠം പഠിക്കാത്ത നമ്മള്‍

ഒരു കാലത്ത് കേരളത്തിന്റെ ചിറാപുഞ്ചിയെന്നറിയപ്പെട്ടിരുന്ന വയനാട്ടിലെ ലക്കിടിയില്‍ നിന്നുപോലും മഴയൊഴിഞ്ഞു പോയിരിക്കുന്നു

വയനാട്ടിലെ മാറിയ കൃഷി രീതികള്‍ കൊടും വരള്‍ച്ചയെ ക്ഷണിച്ചു വരുത്തുകയാണ്. വയലുകളിലെ നെല്‍കൃഷിയും കരയില്‍ തട്ടുതട്ടാക്കിയുള്ള കോണ്ടൂര്‍ മാതൃക കൃഷി രീതികളുമാണ് മഴവെള്ള സംഭരണത്തിന് ശക്തി പകര്‍ന്നിരുന്നത്. ഗാലന്‍ ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള നെല്‍വയലുകളില്‍ വ്യപകമായി വാഴകൃഷി പെരുകിയതോടെ മഴ വെള്ള സംഭരണം പാഴ് വാക്കായി. തുലാമഴയില്‍ പോലും പെയ്തുവീഴുന്ന മഴവെള്ളം ഭൂമിയുടെ അടിത്തട്ടിലേക്ക് ഇറക്കിവിടാനുള്ള ശേഷി നെല്‍വയലുകള്‍ക്കുണ്ടായിരുന്നു. ഈ വയലുകള്‍ ഇപ്പോള്‍ വാഴകൃഷിയിലേക്കാണ് എളുപ്പം തരം മാറിയത്. ഒരാള്‍ താഴ്ചയില്‍ പോലും വന്‍ ചാലുകള്‍ മണ്ണുമാന്തി യന്ത്രസഹായത്തോടെ കീറി വാഴകൃഷിക്കായി നിലങ്ങളെ പരുവപ്പെടുത്തുകയാണ് കര്‍ഷകര്‍.

വ്യാവസായികാടിസ്ഥാനത്തില്‍ പുരോഗമിക്കുന്ന വാഴകൃഷിക്ക് വയനാടിന്റെ വരള്‍ച്ചയില്‍ നല്ലൊരു പങ്കുണ്ട്. നെല്‍കൃഷി നഷ്ടത്തിന്റെ പേരുപറഞ്ഞാണ് എളുപ്പം കര്‍ഷകര്‍ വാഴകൃഷിയിലേക്ക് മാറുന്നത്. കീടനാശിനികളും രാസവളങ്ങളും വന്‍തോതില്‍ കൃഷിയിടങ്ങളില്‍ വ്യാപിപ്പിക്കുന്നതും വാഴകൃഷി കൊണ്ടുതന്നെയാണ്. മണ്ണില്‍ ആഴ്ന്നിറങ്ങുന്ന ഫോറേറ്റ് പോലുള്ള മാരകവിഷങ്ങള്‍ വിതറുന്നത് നിമിത്തം കുടിവെള്ള സ്രോതസ്സുകളും കിണറുകലുമെല്ലാം മലിനമാകുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഴ കൃഷി നടന്നിരുന്ന തവിഞ്ഞാല്‍ പഞ്ചായത്തില്‍ അര്‍ബുദം പെരുകുന്നതിന് കാരണവും വാഴകൃഷിയിലെ അമിത രാസകീടനാശിനി പ്രയോഗമാണെന്ന് കണ്ടെത്തിയിരുന്നു.

വാഴകൃഷിക്ക് നഷ്ട പരിഹാരം നല്‍കിയും മറ്റും സര്‍ക്കാര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതും കര്‍ഷകരെ കൂടുതലായി ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാണ്.
കാലിന്റെ പെരുവിരല്‍ ഒന്ന് ആഞ്ഞ് അമര്‍ത്തിയാല്‍ വെള്ളം പൊടിയുന്ന വയലുകള്‍ ഇവിടെയുണ്ടായിരുന്നു. പെയ്തുവീഴുന്ന മഴ വെള്ളം ആവോളം കുടിച്ചെടുക്കുന്ന നെല്‍വയവുകളുടെ നാശമാണ് ഇന്ന് ഈ നാടിനെ വരള്‍ച്ച വിഴുങ്ങാന്‍ ഒരു പരിധിവരെയുള്ള കാരണം. ഒരേക്കര്‍ നെല്‍പ്പാടത്തിന് 1200 ക്യൂബിക് മീറ്റര്‍ വെള്ളം സംരക്ഷിച്ച് നിര്‍ത്താന്‍ കഴിയുന്നുവെന്നാണ് കണക്ക്. ഇതു വെച്ചു നോക്കിയാല്‍ വയനാട്ടില്‍ നിന്നും നികത്തിയും തരം മാറ്റിയും തീര്‍ന്ന പതിനായിക്കണക്കിന് ഏക്കര്‍ നെല്‍വയലുകളില്‍ നിന്നും എത്രത്തോളം ജലശേഖരണമാണ് നഷ്ടമായത് എന്നു മനസിലാക്കാം.

തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങളെല്ലാം ഇവിടെ അട്ടിമറിക്കപ്പെടുകയാണ്. 2008 ന് മുമ്പു തരം മാറ്റിയ വയല്‍ കരയായി മാറ്റുന്നതിനുള്ള അപേക്ഷകരുടെ എണ്ണം പതിനായിരത്തിലധികം വരും. കെട്ടിട നിര്‍മ്മാണ ആവശ്യത്തിനുവേണ്ടി ആര്‍ക്കുവേണമെങ്കിലും നിലം നികത്താം എന്ന അവസ്ഥയാണ് വയനാട്ടില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. കൊടും വരള്‍ച്ചയെത്തുമ്പോഴും നികന്നു പോയ നെല്‍വയലുകളെ കുറിച്ചോ ചതുപ്പ് നിലങ്ങളേക്കുറിച്ചോ ഇവിടെ യാതൊരു ചര്‍ച്ചകളുമില്ല. ഭൂഗര്‍ഭ ജലവിതാനം വന്‍തോതില്‍ താഴ്ന്നു പോകുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ വയനാടും ഇടം തേടിയിരിക്കുന്നു.

1987ല്‍ ആറായിരം ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്ന വയനാട്ടില്‍ 5232ഹെക്ടര്‍ സക്രിയ വയലുകള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. 20000 ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്ന വയനാട്ടില്‍ പത്ത് വര്‍ഷം കൊണ്ട് 75 ശതമാനത്തോളം നെല്‍കൃഷിയാണ് കുറഞ്ഞത്.വ്യവസായികാടിസ്ഥാനത്തില്‍ പുരോഗമിക്കുന്ന വാഴകൃഷിയാണ് വയനാട്ടിലെ നെല്‍വയലുകളെ ശവപറമ്പാക്കി മാറ്റുന്നത്. 90 കളില്‍ 1054 ഹെക്ടര്‍ മാത്രമുണ്ടായിരുന്ന നേന്ത്രവാഴകൃഷി ഇന്ന് 12842 ഹെക്ടര്‍ സ്ഥലത്തേക്ക് വ്യാപിച്ചിരിക്കുകയാണ്. നെല്‍കൃഷി വയലുകളെ ചതുപ്പ് നിലങ്ങളാക്കുമ്പോള്‍ വാഴകൃഷി വയലിനെ മരുപറമ്പാക്കുന്നു. മകരം പിന്നടുമ്പോഴെക്കും വയനാട് വരള്‍ച്ചയുടെ പിടിയിലാണ്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷവും വടക്ക് കിഴക്കന്‍ കാലവര്‍ഷവും കൃത്യമായി ലഭിച്ചാല്‍ പോലും വരള്‍ച്ച ഇന്ന് വയനാടിന്റെ സ്ഥിരം പ്രതിഭാസമാണ്.

നശിക്കുന്ന നീര്‍ത്തടങ്ങള്‍
കരഭൂമിയിലെ നികന്നു തീരുന്ന നീര്‍ത്തടങ്ങള്‍ മഴവെളളസംഭരണത്തിന് തിരിച്ചടിയാണ്. കൃഷിയിടങ്ങളെ തട്ടുകളാക്കി വിഭജിച്ച് അതിനു മുകളില്‍ കൃഷിചെയ്യുന്ന രീതിയാണ് വയനാടിന് അഭികാമ്യം. കുന്നുകളും മലകളും ചെരിഞ്ഞ കൃഷിയിടങ്ങളും മാത്രമുള്ള സമതലങ്ങള്‍ കുറവായ വയനാട്ടില്‍ ജലസംക്ഷണനത്തിന്റെ ഉത്തമ മാതൃകകളാണ് കൊള്ളുകള്‍ എന്നറിയപ്പെട്ടിരുന്ന മണ്‍തിട്ടകള്‍. മുമ്പ് കാലത്ത് കര്‍ഷകര്‍ സ്വന്തം ചെലവില്‍ തന്നെ ഇത്തരത്തിലുള്ള മണ്‍ത്തിട്ടകള്‍ വേനല്‍ക്കാലത്ത് മഴയ്ക്ക് തൊട്ടുമുമ്പ് വെച്ച് പിടിപ്പിക്കുമായിരുന്നു. പുതുമഴ പെയ്യുമ്പോള്‍ മഴവെള്ളം മുഴവന്‍ കൃഷിയിടങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതിന് ഈ മണ്‍തിട്ടകള്‍ സഹായകരമായി. ജലാംശവും വളവും നിലനിര്‍ത്തി കാര്‍ഷിക വിളകളെ ഫലഭൂയിഷ്ഠമാക്കാന്‍ ഇതു തന്നെയായിരുന്നു നല്ല മാര്‍ഗ്ഗം. ഈ മണ്‍തിട്ട നിര്‍മ്മാണം ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയാണ് ഏറ്റെടുത്തിരിക്കുന്നത്. തികച്ചും അശാസ്ത്രീയമായ രീതിയില്‍ ഇതിന്റെ നിര്‍മ്മാണത്തില്‍ അപാകം വന്നതോടെ മഴവെള്ളം ഇതിനെയെല്ലാം മിറകടന്ന് ഒഴുകി പോകുന്നതാണ് കാഴ്ച.

നീര്‍ത്തട നിര്‍മ്മാണം കര്‍ഷകരെ തന്നെ ഏല്‍പ്പിച്ച് അതിനുള്ള നിര്‍മ്മാണ ചെലവ് കര്‍ഷകര്‍ക്ക് നല്‍കുന്ന രീതിയാണ് അഭികാമ്യം. ഇഞ്ചി,ചേന,ചേമ്പ്,മരച്ചീനി തുടങ്ങിയ ഹൃസ്വകാല വിളകളുടെ കൃഷിയും കൃഷിയിടങ്ങളിലെ ജലശേഖരണത്തിന് കരുത്തു പകര്‍ന്നിരുന്നു. മഴക്കാലം വരുന്നതിനു മുമ്പേ കൃഷിയിടങ്ങള്‍ മേല്‍മണ്ണ് ഇളക്കിയിട്ട് മഴ കൊയ്തു നടത്തുന്നതും പഴയകാലരീതിയായിരുന്നു. കാര്‍ഷിക മരവിപ്പ് കൂടി വന്നതോടെ ഇതില്‍ നിന്നെല്ലാം കര്‍ഷകര്‍ പിന്‍വാങ്ങിയതും വരള്‍ച്ചയ്ക്ക് കാരണമായി പറയാം.ശക്തമായ മണ്ണൊലിപ്പും ഉരുള്‍പൊട്ടലുമാണ് ഇപ്പോള്‍ കൃഷിയിടങ്ങള്‍ക്കുള്ള ഭീഷണി.

വെന്തുമരിക്കുന്ന മണ്ണിരകള്‍ 
മണ്ണിരകളും ചെറുജിവികളും ചാവുന്നത് മണ്ണിന്റെ ക്ലേദത്തിന്റെ (ജൈവ കാര്‍ബണ്‍) കുറവുമൂലമാണെന്ന അഭിപ്രായത്തിനാണ് പിന്‍ബലം കൂടുന്നത്. ഇത് സംബന്ധിച്ച പഠനം അമ്പലവയലിലെ കാര്‍ഷിക ഗവേഷണസ്ഥാപനത്തില്‍ മുന്നേറുകയാണ്. മണ്ണിന്റെ ഫലഭൂയിഷ്ടത നിര്‍ണ്ണയിക്കുന്നതില്‍ മേല്‍മണ്ണിലെ നാലരയിഞ്ചുകനത്തില്‍ സൂഷ്മ ജീവികള്‍ പ്രവര്‍ത്തിച്ചുണ്ടാക്കുന്ന ക്ലേദമാണ്. ക്ലേദം രൂപപ്പെടണമെങ്കില്‍ ഇവിടെ സൂഷ്മജീവികളുടെ സാന്നിദ്ധ്യം വേണം. ഇതിനായി കരിയിലപോലുള്ള ജൈവപുതകളും പുല്ലുകളും അനിവാര്യമാണ്. സദാ നിലനില്‍ക്കുന്ന ചെറിയൊരു ആര്‍ദ്രതയും അനിവാര്യമാണ്. ഇവ കൂട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ മണ്ണിരകള്‍ക്കെല്ലാം ആവശ്യമായ ഓര്‍ഗാനിക് കാര്‍ബണ്‍ ഇവിടെ ധാരാളമുണ്ടാകുന്നു. മണ്ണിന്റെ ഉപരിതലത്തില്‍ മാത്രമാണ് മണ്ണിരകളെപോലുള്ള സൂഷ്മ വിരകളുടെ താവളം. ഇവിടെ ആവശ്യത്തിന് കാര്‍ബണ്‍ ലഭിക്കാതെ വരുമ്പോള്‍ ഇവയുടെ പുറത്തേക്കുള്ള വമനം കൂടി വരും. മണ്ണില്‍ ഇതിന് ഏറ്റവും താഴെയായി പ്രാണവായു വളരെക്കുറച്ച് മാത്രം ആവശ്യമുള്ള (unaerobic bacteria) അണുക്കളാണുള്ളത്. അവയുടെ ശരീരഭാഗങ്ങള്‍ 46 ശതമാനം കാര്‍ബണും 14 ശതമാനം നൈട്രജനും ചേര്‍ന്നാണുണ്ടാകുന്നത്. ഇവയുടെ പെരുകല്‍ മണ്ണിന്റെ ഫലഭൂയിഷ്ടതയ്ക്ക് ദോഷകരമാണ്. കാര്‍ഷിക വിളകളുടെ മഞ്ഞളിപ്പിനും ഇത് കാരണമാണ്. രാസവളങ്ങളുടെ അതിരുവിട്ട പ്രയോഗത്തിന്റെ ഫലമായി ഓര്‍ഗാനിക് കാര്‍ബണിന്റെ അളവ് ഗണ്യമായി കുറഞ്ഞുവരികയും ഇവിടെ നിന്നും ശേഷിക്കുന്ന സൂഷ്മ ജീവികള്‍ പുറത്തേക്ക് തിങ്ങിവന്നു കൂട്ടമായി നശിക്കുകയുമാണ് പതിവ്. ക്ലേദം നിര്‍മ്മിക്കപ്പെടുന്നത് അനേകം മൂലകങ്ങള്‍ കൊണ്ടാണെങ്കിലും ഇവയില്‍ മുഖ്യമായത് രണ്ടെണ്ണമാണ്. ജൈവകാര്‍ബണും ജൈവ നൈട്രജനുമാണത്. ക്ലേദ നിര്‍മ്മാണം നടക്കുമെന്ന വ്യാജേന രാസവളങ്ങള്‍ വിതറിയാല്‍ കൃഷി പച്ചപിടിക്കണമെന്നില്ല. മണ്ണിലെ പരമാവധി ക്ലേദത്തെ വലിച്ചെടുക്കാന്‍ മാത്രമാണ് ഇത് സഹായികുന്നത്. നിരന്തരം ഇത്തരത്തിലുള്ള രാസവളങ്ങള്‍ പ്രയോഗിക്കുമ്പോള്‍ മണ്ണ് മരിച്ചതിന് തുല്യമാകുന്നു. സുസ്ഥിര കാര്‍ബണിന്റെ അഭാവമാണ് ഏറ്റവും വലിയ ഭീഷണി. മാറുന്ന കൃഷിരീതികളും ഉയര്‍ന്ന അന്തരീക്ഷ താപനിലയുമെല്ലാം മണ്ണില്‍ നക്കുന്ന ഈ രാസമാറ്റപ്രക്രിയില്‍ പ്രതികൂലമായ സാഹചര്യങ്ങളെയാണ് സൃഷ്ടിക്കുന്നത്.

മഴപെയ്യാതെ മരം പെയ്യുമോ?
വയനാടിന്റെ ഓര്‍മ്മകളിലൊന്നുമില്ലാത്തവിധം മഴ ജില്ലയെ കൈയ്യാഴിയുന്നു. കോരിച്ചൊരിയുന്ന മഴ പെയ്യേണ്ട കാലത്ത് വെയില്‍ പരന്ന കാഴ്ച ഈ നാടിനെ ആശങ്കയിലാഴ്ത്തുകയാണ്. ഇനിയും ഉറവെയടുക്കാത്ത കിണറുകളും ജലാശയങ്ങളും മഴക്കാലത്തെ വേറിട്ടകാഴ്ചയായി. കടുത്ത വര്‍ളച്ചയെ പിന്നിട്ടെത്തിയ മഴക്കാലത്തും മഴ ശക്തിപ്രാപിക്കാത്തതിനാല്‍ കിണറുകളില്‍ പോലും വെള്ളമില്ലെന്നാണ് മിക്ക ഗ്രാമങ്ങളിലെയും പരാതി. പുഴകളിലും തോടുകളിലും നീരൊഴുക്ക് വേണ്ടവിധം ഇനിയുമായിട്ടില്ല. മലനിരകളില്‍ നിന്നുമുള്ള കാട്ടരുവികളുടെ ഒഴുക്കും കുറഞ്ഞതോടെ ശേഷിക്കുന്ന വെള്ളമെല്ലാം വലിഞ്ഞുപോകാന്‍ ദിവസങ്ങള്‍ മതിയാകും.

59 ശതമാനം മഴക്കുറവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചതും വയനാട്ടില്‍ തന്നെയാണ്. മുമ്പൊക്കെ വയനാട്ടില്‍ ആറുമാസക്കാലം കൃത്യമായി മഴ ലഭിക്കുമായിരുന്നു. കാലവര്‍ഷത്തിന്റെ കണക്കുതെറ്റാതെയുള്ള വരവും പോക്കും ഈ നാടിന് ഹരിതകാന്തി നല്‍കി. ഓരോ കൃഷിചെയ്യുന്നതിനെല്ലാം കര്‍ഷകിക കലണ്ടറും ഇങ്ങനെയാണ് രൂപപ്പെട്ടത്. ജൂണ്‍ 1 മുതല്‍ ജൂലൈ 29 വരെ 604 എം.എം മഴയാണ് വയനാട്ടില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 912 മില്ലീമീറ്റര്‍ മഴ ഇവിടെ ലഭിച്ചിരുന്നു. 900 മുതല്‍ 950 മില്ലീമീറ്റര്‍ വരെ ശരാശരി മഴ മുമ്പ് സ്ഥിരമായി ഇക്കാലയളവില്‍ ജില്ലയില്‍ പെയ്തിരുന്നതായി അമ്പലവയലിലെ കാര്‍ഷിക ഗവേഷണ കേന്ദ്രം കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ജനവരി മുതല്‍ ഇക്കാലയളവ് വരെ 1011 മില്ലീമീറ്റര്‍ മഴമാത്രമാണ് ഇവിടെ കിട്ടിയത്. സംസ്ഥാനത്ത് ഏറ്റവും മഴകുറഞ്ഞ നാടായി ഇതോടെ വയനാട് മാറി. 2013 , 2014 വര്‍ഷങ്ങളില്‍ 1357 എം.എം, 1440 എം.എം എന്നതോതില്‍ മഴ കിട്ടിയിരുന്ന പ്രദേശമാണ് കുത്തനെ മഴയുടെ ഗ്രാഫ് താഴ്ന്ന നിലയിലേക്ക് മാറിയത്. മഴയുടെ അളവിലുള്ള വലിയ കുറവ് കാര്‍ഷകിമേഖലയെ സാരമായി ബാധിക്കുമെന്നാണ് കൃഷിക്കാരുടെയെല്ലാം ആശങ്കള്‍. ഒരു കാലത്ത് കേരളത്തിന്റെ ചിറാപുഞ്ചിയെന്നറിയപ്പെട്ടിരുന്ന വയനാട്ടിലെ ലക്കിടിയില്‍ നിന്നുപോലും മഴയൊഴിഞ്ഞു പോയി. ചൂടുകാറ്റില്‍ വെന്തുരുകുന്ന വേനല്‍ക്കാലം ഈ നാട്ടില്‍ ഭീതികള്‍ നിറയ്ക്കുന്നു.

പശ്ചിമഘട്ടത്തിന് അതിര് നില്‍ക്കുന്ന ഹരിതാഭമായ മലനിരകളായിരുന്നു ഒരുകാലത്ത് വയനാടിന്റെ പ്രൗഡി.ഏതു വേനലിലും കുളിരു പകര്‍ന്ന് ഒഴുകിയിരുന്ന അരുവികളും ഈ നാടിന് ശീതളമായ കാലാവസ്ഥ നല്‍കി. മറ്റു നാടുകളില്‍ നിന്നും വേറിട്ടു നിന്ന കുളിര്‍മ്മ കാര്‍ഷിക മേഖലയെയും പച്ചപ്പണിയിച്ചു. ഇന്ന് കാലം മാറി. ജനുവരി പിന്നിടുന്നതോടെ കൊടും ചൂട് നാടിനെ വിഴുങ്ങുകയാണ്. ശരാശരി താപനില 15 ഡിഗ്രി സെന്റീഗ്രേഡില്‍ നിന്നും 25 ഡിഗ്രിയായി കുതിച്ചുയര്‍ന്നു.സദാസമയവും ഉറവ വറ്റാതെ പാപനാശിനിയിലൂടെ ഒഴുകിയിരുന്ന കാളിന്ദിയും വരണ്ടുണങ്ങുന്നതാണ് കാഴ്ച. നഷ്ടമാകുന്ന ഹരിത വനങ്ങളുടെ കണക്കുകള്‍ ഓരോ വര്‍ഷം കഴിയും തോറും കുതിച്ചുയരുകയാണ്.

Avatar

രമേഷ്‌കുമാര്‍ വെളളമുണ്ട

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍