UPDATES

വെള്ളമില്ല; വയനാട്ടില്‍ ഇപ്പോള്‍ കൃഷിയുമില്ല

കേരളത്തില്‍ തന്നെ ഏറ്റവും അധികം മഴ ലഭിച്ചിരുന്നത് വയനാട്ടിലെ ലക്കിടി കേരളത്തിലെ ചിറാപുഞ്ചിയായി അറിയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം ഓര്‍മ്മകളില്‍ മാത്രമായി. തെക്ക് പടിഞ്ഞാറ് കാലവര്‍ഷത്തിലും വടക്ക് കിഴക്ക് കാലവര്‍ഷത്തിലുമുണ്ടായ ഗണ്യമായ കുറവ് തന്നെയാണ് ജില്ല ഇത്ര അധികം വലിയ വരള്‍ച്ച അഭീമുഖീകരിക്കാന്‍ കാരണം. അതുകൊണ്ട് തന്നെയാണ് മുന്‍ കാലങ്ങളെക്കാല്‍ കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വന്നത്.

ജില്ലയിലെ എല്ലാത്തരത്തിലുമുള്ള ജലസ്രോതസ്സുകളും വറ്റുന്ന ദയനീയ കാഴ്ചയാണ് ഇപ്പോള്‍ ഉള്ളത്. പുഴകളും തോടുകളും കുളങ്ങളും കിണറുമെമെല്ലാം വറ്റി വരണ്ട് തുടങ്ങി. ‘കഴിഞ്ഞ കാലങ്ങളില്‍ ജില്ലയില്‍ ഉണ്ടായിരുന്ന മരം മുറിക്കല്‍ പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ ബാധിക്കുകയും ചെയ്തതിനൊപ്പം രാസ വളങ്ങളുടെ അമിത പ്രയോഗം മണ്ണിന്റെ സ്വാഭാവികമായ ഫലഭൂയിഷ്ഠതയെ നഷ്ടപ്പെടുത്തിയതും നമ്മുടെ കാലാവസ്ഥയ്ക്ക് വലിയ തിരിച്ചടിയായി.വ്യാപകമായി മുളകള്‍ മുറിച്ച് മാറ്റിയപ്പോള്‍ തന്നെ പ്രകൃതിയുടെ പച്ചപ്പ് നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു. പ്രകൃതിയെ സംരക്ഷിക്കുന്നതിന് നാടും സമൂഹവും ഇനിയും അലംഭാവം കാണിച്ചാല്‍ വരും തലമുറക്ക് ജീവിക്കാന്‍ ഇവിടെ ഒരു തരി മണ്ണില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം.’ എന്ന് കല്‍പ്പറ്റ എം.എസ് സ്വാമിനാഥ ന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞന്‍ ശിവന്‍ പറയുന്നു.

ജലം സംരക്ഷിക്കാന്‍ നെല്‍ കൃഷി തിരികെ കൊണ്ട് വരുക എന്നുള്ളതാണ് ഏറ്റവും പ്രധാന മാര്‍ഗം എന്നാണ് വിദഗ്ദര്‍ പറയുന്നത്. ഒരു ഏക്കര്‍ വയല്‍ 1200 ക്യൂബിക് മീറ്റര്‍ വെള്ളം സംരക്ഷിക്കുമെന്നാണ് കണക്ക് ജില്ലയില്‍ ഇനി അവശേഷിക്കുന്നത് 5000 ല്‍ ഏറെ ഹെക്ടര്‍ നെല്‍കൃഷി മാത്രമാണ്. 1990 കാലത്ത് ഇതിന്റെ കണക്ക് 20000 ഹെക്ടറിന് മുകളില്‍ ഉണ്ടായിരുന്നു എന്നാണ്. അതായത് 15 വര്‍ഷത്തിനിടയില്‍ 15000 ഹെക്ടര്‍ വയലുകള്‍ കരയാവുകയോ കൃഷി ചെയ്യാതെ തരിശായി കിടക്കുകയോ എന്നാണ്.ആ സമയങ്ങളില്‍ ജില്ലയില്‍ ജലക്ഷാമം എന്നത് കേട്ടു കേള്‍വി പോലുമല്ലാത്ത കാര്യമായിരുന്നു.‘ഉള്ള സ്ഥലം കൃഷി ചെയ്യണമെങ്കില്‍ ജല ദൗര്‍ലഭ്യം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.പൊതുവേ നെല്‍കൃഷി പോലുള്ള ചിലവേറിയ കൃഷികള്‍ ചെയ്യുമ്പോള്‍ ഉണക്ക് വന്നാല്‍ സാധാരണ എന്നെ പോലുള്ളവരെ സംബന്ധിച്ച് സാമ്പത്തികമായി അത് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് താങ്ങാവുന്നതിലും അപ്പുറമാണ്; നെല്‍ കര്‍ഷകനായ പാക്കം പുഴമൂലയില്‍ കൃഷണന്‍ പറയുന്നു.നെല്ല്,കുരുമുളക്,ഏലം തേയില കാപ്പി, ഇഞ്ചി തുടങ്ങിയ വിളകള്‍ ജില്ലയില്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും മഴക്കുറവ് കാര്യമായി തന്നെ ബാധിച്ചത് വയല്‍ മേഖലയിലാണ്.

കുഴല്‍ക്കിണറുകള്‍ ജില്ലയില്‍ വ്യാപകമാകാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഭൂഗര്‍ഭജലനിരപ്പ് താഴുന്നതിനാല്‍ അവയിലും ജലദൗര്‍ലഭ്യം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.കര്‍ഷക ജില്ലയായ വയനാട്ടില്‍ ഈ സ്ഥിതി തുടന്നാല്‍ കാര്‍ഷിക മേഖലയിലും കൃഷിയെ ആശ്രയിച്ച് കഴിയുന്ന കര്‍ഷക കുടുംബങ്ങള്‍ക്കും വലിയ തിരിച്ചടിയാവും. ജില്ലയിലെ ഏക നദിയായ കബനിയിലെയും അണക്കെട്ടായ ബാണാസുരയിലേയും ജലത്തെ ഇനിയും കൃഷി മേഖലയിലേക്ക് പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.ഈ വെള്ളം കൃത്യമായി കാര്‍ഷിക മേഖലയില്‍ എത്തിച്ച് ഉപയോഗപ്പെടുത്താനായാല്‍ അത് കാര്‍ഷിക മേഖലക്ക് മാത്രമല്ല ജില്ലയിലെ പച്ചപ്പ് നിലനിര്‍ത്താനും കഴിയും. കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണല്‍ കേരളത്തിന് അനുവദിച്ച 21 ടി.എം.സി ജലവും കബനിയിലൂടെയാണ് ഒഴുകുന്നത്.ഇതില്‍ മൂന്ന് ടി.എം.സി വെള്ളം മാത്രമാണ് നിലവില്‍ ജില്ല ഉപയോഗിക്കുന്നത്.ബാക്കി കൂടി സംരക്ഷിച്ച് ഇപ്പോള്‍ ഉപയോഗിക്കാന്‍ അധകൃതര്‍ നടപടി എടുത്താല്‍ അത് ജില്ലയുടെ കാര്‍ഷിക മേഖലക്ക് വലിയ കോട്ടം തട്ടാതെ പരിപാലിക്കാന്‍ കഴിയും.

കാരാപ്പുഴ ഡാമില്‍ നിന്ന് നിലവില്‍ കൃഷിയാവശ്യത്തിന് ജലം നല്‍കുന്നുണ്ടെങ്കിലും കൂടുതല്‍ മേഖലകളിലേക്ക് ജലം എത്തിക്കേണ്ടതുണ്ട്.76.5 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ സംഭരണശേഷിയയുള്ള കാരാപ്പുഴയില്‍ 34.6 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് നിലവിലുള്ളത്. ഇത്രയും ജലം സംഭരണമുള്ള അഥവാ സംഭരണ ശേഷിയുടെ പകുതിക്ക് അടുത്ത് വെള്ളം നിലവിലുള്ള കാരാപ്പുഴ ഡാമില്‍ നിന്ന് കൃഷി ആവശ്യത്തിന് 450 ഹെക്ടര്‍ സ്ഥലത്തെ കൃഷി ചെയ്യാന്‍ മാത്രമാണ് വെള്ളമുപയോഗിക്കുന്നത്. അധികൃതരും ഉദ്യോഗസ്ഥരും ഈ ജലത്തെ കൃഷി മേഖലയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ഇനി എങ്കിലും കൈക്കൊള്ളേണ്ടിയിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍