UPDATES

സഹിഷ്ണുതയെ കുറിച്ച് കോണ്‍ഗ്രസ് പഠിപ്പിക്കേണ്ടതില്ലെന്ന് മോദി

അഴിമുഖം പ്രതിനിധി

രാജ്യത്ത് വളരുന്ന അസഹിഷ്ണുത വിഷയത്തില്‍ കോണ്‍ഗ്രസിനെ ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി കോണ്‍ഗ്രസിനെ 1984-ലെ സിഖ് കലാപത്തിന്റെ പേരില്‍ കടന്നാക്രമിച്ചത്. കോണ്‍ഗ്രസ് സഹിഷ്ണുതയെ കുറിച്ച് പഠിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം രണ്ട് മൂന്ന് ദിവസം ദല്‍ഹിയിലും ഇന്ത്യയിലെമ്പാടും സിഖുകാരെ കൊലപ്പെടുത്തിയ കലാപത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ ഗൗരവമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മോദി പറഞ്ഞു. 1984 ഒക്ടോബര്‍ 31-ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന്റെ വാര്‍ഷികവും കൊലപാതകത്തെ തുടര്‍ന്ന് നടന്ന സിഖ് വിരുദ്ധ കലാപത്തേയും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മോദി കോണ്‍ഗ്രസിനെ ആഞ്ഞടിച്ചത്.

അതേ സമയം മോദിയുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. 1984-ലെ കലാപത്തിന്റെ മുറിവുകളെ വീണ്ടും തുറക്കാനുള്ള ശ്രമമാണിതെന്ന് പാര്‍ട്ടി വക്താവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. 31 വര്‍ഷം പഴക്കമുള്ള വിഷയം മോദി ഓര്‍മ്മിച്ചു. എന്നാല്‍ 2002-ലെ ഗുജറാത്ത് കലാപ കാലത്ത് മുന്‍ പ്രധാനമന്ത്രി വാജ്‌പേയി എന്താണ് ചെയ്യാന്‍ ആവശ്യപ്പെട്ടത് എന്നകാര്യം മോദി ഓര്‍ത്തില്ലെന്ന് ശര്‍മ്മ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍