UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡോ. ഷാനവാസിന്റെ മരണം; ബാക്കിയായ സംശയങ്ങള്‍ക്കുള്ള മറുപടിയാകട്ടെ ഈ പുനരന്വേഷണം

Avatar

അഴിമുഖം പ്രതിനിധി

ആദിവാസികള്‍ക്കിടയിലെ ആരോഗ്യ-ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഡോക്ടര്‍ ഷാനവസിന്റെ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടിരിക്കുന്നു. എറണാകുളം റേഞ്ച് ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഷാനവാസിന്റെ മരണം നടന്ന് ഒരു വര്‍ഷത്തിനുശേഷം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പുനരന്വേഷണം അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തില്‍ ഉയര്‍ന്നുവന്ന സംശയങ്ങള്‍ക്ക് മറുപടിയാകുമെന്നാണ് ഡോക്ടറുടെ സുഹൃത്തുക്കളടക്കമുള്ളവര്‍ കരുതുന്നത്.

തിരുവനന്തപുരത്തേക്ക് ഹിയറിംഗ് എന്ന പ്രഹസനത്തിന് വിളിച്ചു വരുത്തി, എന്നെക്കൊണ്ട് ടൊയോട്ട എത്തിയോസില്‍ വെറുതെ ഇന്ധനം അടിപ്പിച്ചു, എന്റെ പണം വെറുതെ കളഞ്ഞു, നിലമ്പൂരില്‍ നിന്നും അത്രയും ദൂരം ഡ്രൈവ് ചെയ്യിച്ചു… ശിരുവാണി കാടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു എന്ന്‍ ആദ്യമേ ടൈപ് ചെയ്തു വച്ച ഓര്‍ഡര്‍ ഇങ്ങു അയച്ചാല്‍ പോരായിരുന്നോ… ആദിത്യന്‍ ഒരു തുറന്ന യുദ്ധത്തിനൊരുങ്ങുകയാണ്. നിങ്ങള്‍ക്കു തേടാനുള്ള വഴികള്‍ നിങ്ങള്‍ തേടിക്കൊള്ളൂ… ഒറ്റയാന് അവന്റേതായ ചില വഴികളുണ്ട്. എന്നെ നിങ്ങള്‍ ഏതൊക്കെ രീതിയില്‍ ബുദ്ധിമുട്ടിച്ചോ, പക്ഷേ… !

മരണത്തിന് മണിക്കൂറുകള്‍ക്കു മുമ്പ് ഡോ. ഷാനവാസ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികളായിരുന്നു ഇത്.

ആദിവാസി ജനതയ്ക്കിടയില്‍ തന്റെ നിസ്വാര്‍ത്ഥപ്രവര്‍ത്തനങ്ങള്‍ കൊണ്ട് പാവങ്ങളുടെ ഡോക്ടര്‍ എന്ന വിശേഷം നേടിയ ഷാനവാസ്, താന്‍ ഏര്‍പ്പെട്ടിരുന്നൊരു വലിയ യുദ്ധത്തില്‍, എതിരാളികള്‍ക്കെതിരിയെുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചുറപ്പിച്ചതിന്റെ ആത്മവിശ്വാസം ഉണ്ടായിരുന്നു ആ കുറിപ്പില്‍.

പക്ഷേ, ഡോക്ടര്‍ക്ക് താന്‍ നിശ്ചയിച്ചുറപ്പിച്ച പോരാട്ടം തുടരാന്‍ കഴിഞ്ഞില്ല. കള്ളച്ചൂതിലെന്നപോലെ മരണം ഷാനവാസിനെ തോല്‍പ്പിച്ചു.

2015 ഫെബ്രുവരി 14-നായിരുന്നു ഡോക്ടര്‍ ഷാനവാസിന്റെ മരണം. കോഴിക്കോട് നിന്നു തിരികെ സ്വദേശമായ നിലമ്പൂരിലെ വീട്ടിലേക്കുള്ള യാത്രയില്‍ കാറില്‍വച്ച് ഷാനവാസിന് ഹൃദായാഘാതം ഉണ്ടാവുകയായിരുന്നു. 

ഉടന്‍ തന്നെ എടവണ്ണയിലുള്ള രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. ഇതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു.

ഷാനവാസിന്റെ ആക്‌സ്മിക മരണം വലിയ ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും കേട്ടത്. ഒരുപാടു നന്മകള്‍ ചെയ്തു തീര്‍ക്കാന്‍ ബാക്കി നില്‍ക്കെ മരണം അദ്ദേഹത്തോടു കാണിച്ച ക്രൂരതയ്‌ക്കെതിരെ ഏതുതരം വികാരമാണ് ഉണ്ടായതെന്ന് ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. എന്തിനേറെ ഇന്നും ഡോക്ടര്‍ ഷാനവാസിന്റെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കിയിരിക്കുന്നവര്‍ ഫെയ്‌സ്ബുക്കില്‍ ഉണ്ട്. ഡോക്ടറോടുണ്ടായിരുന്ന ഇവരുടെയെല്ലാം സനേഹം അത്രമേല്‍ ആഴമേറിയതായിരുന്നു.

ആദ്യം ആഘാതം പിന്നെ സംശയം
ഡോക്ടര്‍ ഷാനവാസിന്റേത് ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണമായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുമ്പോഴും അതിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി പലരും മുന്നോട്ടുവന്നു. ഷാനവാസിന്റേത് മരണമോ കൊലപാതകമോ എന്നതായി പിന്നീടുള്ള ചര്‍ച്ച. നിരവധി പ്രതിഷേധപ്രകടനങ്ങള്‍ പലയിടങ്ങളിലായി നടന്നു.

തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടേറിയേറ്റുവരെ ഷാനവാസിന്റെ ചിത്രമുള്ള മുഖംമൂടിയണിഞ്ഞു നിശബ്ദമായ പ്രതിഷേധ യാത്ര നടത്തിവരില്‍ അദ്ദേഹവുമായി നേരിട്ട് പരിചയമുള്ളവര്‍ നന്നേ കുറവായിരുന്നു. പങ്കെടുത്തവരില്‍ ഭൂരിഭാഗവും പരസ്പരം അറിയാത്തവര്‍. അവരെയെല്ലാം ഒരുമിച്ചു കൂട്ടിയത് ഷാനവാസിനോടുള്ള സ്‌നേഹവും ആദരവും മാത്രമായിരുന്നു. ഷാനവാസിന്റെ മരണത്തിലെ ദുരൂഹത നീക്കമെന്നാവശ്യയപ്പെട്ടു നടന്ന സമരത്തിന്റെ മുമ്പില്‍ കുറുമര്‍ വിഭാഗത്തിന്റെ രാജാവ് പിട്ടന്‍ മൂപ്പനും കുടുംബവും ഉണ്ടായിരുന്നുവെന്നത് ഷാനവാസ് ആദിവാസികള്‍ക്കിടയില്‍ എത്രമേല്‍ പ്രിയപ്പെട്ടവന്നായിരുന്നു എന്നതിന് ഒരു തെളിവു മാത്രമായിരുന്നു.

ഷാനവാസ് എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നോ?
പാവങ്ങളുടെ ഡോക്ടര്‍ എന്ന വിശേഷണം പേറുമ്പോഴും ഷാനവാസ് ചിലരുടെയൊക്കെ കണ്ണില്‍ ശത്രുവായിരുന്നു. പലപ്പോഴായി അദ്ദേഹം തന്നെ പറഞ്ഞതും എഴുതിയതുമായ കാര്യങ്ങളിലൂടെ ശത്രുനിരയിലുള്ളവര്‍ വമ്പന്മാരാണെന്നു ബോധ്യപ്പെട്ടിരുന്നു. തുടക്കത്തില്‍ പറഞ്ഞിരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്നു തന്നെ ചിലതൊക്കെ മനസിലാക്കാം.

ആരോഗ്യരംഗത്തെ മാഫിയകള്‍ക്കെതിരെ പോരാടാനുള്ള തീരുമാനമാണ് ഷാനവാസിനെ ഒരു വിഭാഗത്തിന്റെ ശത്രുവാക്കിയത്. ഭരണാധികാരികളുടെ സഹായം കൂടി ഇവര്‍ക്കുണ്ടായതോടെ നിരന്തരമായ മാനസികപീഢനമായിരുന്നു ഷാനവാസിനു നേരിടേണ്ടി വന്നതെന്ന് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ വ്യക്തമായിക്കൊണ്ടിരുന്നു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സ്ഥലംമാറ്റങ്ങളായിരുന്നു ഷാനവാസിനോടുള്ള പകപോക്കലിലൂടെ നടത്തിക്കൊണ്ടിരുന്നത്.

ഇതേക്കുറിച്ച് ഷാനവാസ് ഇട്ട ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്രകാരമാണ്;

3 വര്‍ഷം കഴിഞ്ഞ് ജനറല്‍ ട്രാന്‍സ്ഫറില്‍ ചെയ്യുന്ന കാര്യമാണ് ഇപ്പോള്‍ എന്നോട്, untimely, unethically and unconditionally പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 11 ന്  2 വര്‍ഷം മാത്രമേ ഞാന്‍ ചുങ്കത്തറ സി എച് സിയില്‍ തികച്ചുള്ളൂ. 3 വര്‍ഷം തികയുന്നതിനു മുമ്പേ സ്വന്തം ജില്ലയില്‍ ഒഴിവുകളുണ്ടായിട്ടും അന്യജില്ലയിലേക്ക് സ്ഥലം മാറ്റിയത് തികച്ചും അന്യയമാണ്. ഇതിനു പിന്നില്‍ ഞാന്‍ ഫ്രീ മെഡിസന്‍ കൊടുക്കുന്നത് കൊണ്ട് ബിസിനസ്സിനെ ബാധിക്കുന്ന ഔഷധലോബിയാണോ ഫെയ്‌സ്ബുക്കിലെ എന്റെ പ്രിയ ശത്രുക്കളാണോ അതോ ഞാന്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണോ എന്റെ സ്ഥലംമാറ്റത്തിനു പിന്നിലെന്നറിയില്ല. എന്തായാലും ഈ ഒരു സംഭവം കൊണ്ട് ആരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍ എന്നു മനസിലായി. അവരോട് ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. മരണംവരെ ഞാന്‍ നിങ്ങളോട് ഒരിക്കലും മറക്കില്ല…

ഷാനവാസ് തന്നെ നിയമവിരുദ്ധമെന്നു പറയുന്ന കാഞ്ഞിരപ്പുഴയിലേക്കുള്ള സ്ഥലംമാറ്റത്തിനു പിന്നാലെ അദ്ദേഹത്തിന് കൊടുത്ത മാറ്റം ഉള്‍ക്കാട്ടിലുള്ള ശിരുവാണിയിലേക്കായിരുന്നു. ഇത്തരം ശിക്ഷകളിലൂടെ ഡോക്ടറെ മാനസികമായി തളര്‍ത്താനായിരുന്നു എതിരാളികളുടെ ശ്രമമെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ ചൂണ്ടിക്കാട്ടുന്നത്.

തന്നെ തകര്‍ക്കാനാണ് നിരന്തരമുള്ള സ്ഥലംമാറ്റങ്ങളെങ്കില്‍ അതില്‍ മനംമടുത്തു പിന്മാറാന്‍ ഒരുക്കമല്ലെന്നും സര്‍ക്കാര്‍ ജോലി രാജിവച്ചാല്‍ പിന്നെ എന്തു ചെയ്തു തളര്‍ത്താന്‍ നോക്കുമെന്നുമായിരുന്നു ഷാനവാസിന്റെ വെല്ലുവിളി. താന്‍ ശേഖരിച്ച തെളിവുകളെല്ലാം ഹൈക്കോടതിയില്‍ പറയുമെന്ന്‍ ധൈര്യത്തോടെ വിളിച്ചു പറഞ്ഞതിനൊപ്പം തന്നെ ഡോക്ടര്‍ ഷാനവാസ് തന്റെ ഭാവിയെക്കുറിച്ചുള്ള സംശയവും ഫെയ്‌സബുക്കിലൂടെ പങ്കുവയ്ക്കുന്നുണ്ട്; ഹേ അധികാരികളെ, നിങ്ങളുടെ നിരന്തരമായ മാനസിക പീഡനം മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം നിങ്ങള്‍ക്കായിരിക്കും…’

മരണത്തിനു രണ്ടു ദിവസം മുമ്പുള്ള ഡോ. ഷാനവാസിന്റെ പോസ്റ്റാണിത്. ഇങ്ങനെയെഴുതി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അറംപറ്റിയതുപോലെ ഡോക്ടര്‍ പോയതോടെയാണ് അദ്ദേഹത്തിന്റെ മരണത്തില്‍ സംശയം ഉണ്ടാകുന്നത്.

മരണത്തിനു ദിവസങ്ങള്‍ക്കു മുമ്പ് അണ്ടര്‍ റൂഫ് ഫൗണ്ടേഷനു നല്‍കിയ അഭിമുഖത്തില്‍ ഡോ. ഷാനവാസ് പറയുന്ന ചില കാര്യങ്ങള്‍ ഗൗരവതരമാണ്. കാഞ്ഞിരപ്പുഴയിലേക്കുള്ള തന്റെ ട്രാന്‍സ്ഫര്‍ റദ്ദാക്കി മലപ്പുറം ജില്ലയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ഒരു ഹിയറിംഗില്‍ പങ്കെടുത്ത് ആവശ്യപ്പെട്ടിട്ടും അനുവദിക്കാന്‍ തയ്യാറായില്ല. അതയും ദൂരം യാത്രചെയ്യാന്‍ സാധിക്കില്ല. വീട്ടില്‍ പ്രായമായ മാതാപിതാക്കളും താനും മാത്രമേയുള്ളു. തനിക്കവരെ നോക്കണം. തന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ മൊത്തം ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മലപ്പുറം ജില്ലയിലേക്ക് തന്നെ മാറ്റണമെന്ന് പറഞ്ഞപ്പോള്‍ ആര്യാടന് (മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്) ഭയങ്കര എതിര്‍പ്പാണല്ലോ എന്നായിരുന്നു ഡിഎച്എസ് തിരിച്ചു ചോദിച്ചതെന്നു ഷാനവാസ് പറയുന്നു. രോഗികളെവച്ച് കച്ചവടം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതാണ് മലപ്പുറത്തു നിന്നും തന്നെ സ്ഥലം മാറ്റാന്‍ കാരണമെന്നും ഡിഎംഒ തന്നെ ഈ ഡോക്ടറെ മലപ്പുറത്ത് വേണ്ടെന്ന് രേഖാമൂലം പറഞ്ഞിട്ടുണ്ടെന്നും ഷാനവാസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. മന്ത്രിയായിരുന്ന ആര്യാടനും മലപ്പുറം ഡിഎംഒയ്ക്കും തന്നോടുള്ള വിദ്വേഷത്തിന് എന്താണ് കാരണമെന്നു തനിക്കറിയില്ലെന്നും ഷാനവാസ് പറയുന്നുണ്ട്. തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആര്യാടന്‍ മുഹമ്മദിന് ശക്തമായ എതിര്‍പ്പുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നുണ്ട്.

ഡോക്ടര്‍മാര്‍ ആരും തന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും അതിനുകാരണം അവരുടെയെല്ലാം കള്ളക്കളികള്‍ തനിക്ക് അറിയാവുന്നതുകൊണ്ടാമെന്നും ഷാനവാസ് പറയുന്നു.

മൂന്നും നാലും മരുന്നുകമ്പനികളുള്ള ഡോക്ടര്‍മാരെ എനിക്കറിയാം. ഒരു ഡോക്ടര്‍ക്ക് തന്നെ മൂന്നും നാലും കമ്പനിയുള്ളതറിയാം. മള്‍ട്ടിപ്പിള്‍ പാര്‍ട്ട്ണര്‍ഷിപ്പുള്ളതറിയാം. സ്‌കാനിംഗ് സെന്റര്‍ ഉള്ളതറിയാം. ലാബുള്ളതറിയാം. അവര്‍ അതിനൂതനമായി രോഗികളെ കച്ചവടം ചെയ്യുന്നതെനിക്കറിയാം. ഡി.എം.ഒ. അനധികൃതമായി വിദേശയാത്ര ചെയ്ത കാര്യങ്ങള്‍ എനിക്കറിയാം. വിത്ത് എവിഡന്‍സ്. യൂറോപ്പിലും മറ്റും കറങ്ങിയതിന്റെ വീഡിയോസ്. അതാണ് ഡി.എം.ഒ.യ്ക്ക് എന്നോടുള്ള പ്രധാന ദേഷ്യം. ഞാന്‍ മൂന്ന് പ്രാവശ്യം എഫ്.ബിയില്‍ പോസ്റ്റിട്ടിരുന്നു. എന്നെ വണ്ടൂരേക്ക് മാറ്റിയ സമയത്ത് എന്‍.ഒ.സിയില്ലാതെ ഡി.എം.ഒ. വിദേശയാത്ര നടത്തിയിനെക്കുറിച്ച് ഞാന്‍ പോസ്റ്റിട്ടിരുന്നു. യൂറോപ്പിലും മറ്റും കറങ്ങിയിട്ടുണ്ട്. വിവരാവകാശം കൊടുത്താല്‍, പാസ്‌പോര്‍ട്ട് നോക്കിയാല്‍ അറിയാന്‍ പറ്റുമല്ലോ; ഷാനവാസ് ആ അഭിമുഖത്തില്‍ പറയുന്ന കാര്യമാണ്.

പുനരന്വേഷണത്തില്‍ വ്യക്തമാകേണ്ട ചിലതുണ്ട്
ഒരുപക്ഷേ ഡോക്ടര്‍ ഷാനവാസിന്റേത് സ്വാഭാവിക മരണം (കാര്‍ഡിയാക് അറസ്റ്റ്) തന്നെയാവാം. എന്നാല്‍ ആ ഹൃദയം അത്രമേല്‍ പെട്ടെന്നു നിശ്ചലമാകുന്നതിലേക്ക് നയിച്ച ചില കാരണങ്ങളും അതിനിടവരുത്തിയവരും എന്താണെന്നും ആരാണെന്നും അറിയേണ്ടതുണ്ട്. ഇപ്പോഴും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരിക്കണം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പുനരന്വേഷണം എന്നു തന്നെയാണ് ഡോക്ടര്‍ ഷാനവാസിനെ സ്‌നേഹിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.

ഡോക്ടര്‍ ഷാനവാസിനെ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചു സ്ഥലംമാറ്റിക്കൊണ്ടിരുന്നത് എന്തിനുവേണ്ടി?

അദ്ദേഹത്തിനെതിരെ ഉണ്ടായ കേസുകള്‍ക്കു പിന്നിലാര്? അവരുടെ ലക്ഷ്യം?

പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വളച്ചൊടിച്ച കാര്യങ്ങള്‍ പ്രചരിക്കാനുണ്ടായ സാഹചര്യം?

മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന തരത്തില്‍ ഷാനവാസിനെതിരെ നടന്ന പ്രചരണങ്ങള്‍ക്കു പിന്നിലാര്?

ഷാനവാസിന്റെ ആരോപണം പോലെ മരുന്നു മഫിയായും ഡോക്ടര്‍മാരും ശത്രുത പുലര്‍ത്തിയിരുന്നോ?

മരണസമയത്ത് കൂടെയുണ്ടായിരുന്നവരുടെ മൊഴികളില്‍ ഉണ്ടായ വൈരുദ്ധ്യം അന്വേഷിക്കുക?

ആര്യാടന്‍ മുഹമ്മദിനും ഷാനവാസ് പ്രതിപാദിക്കുന്ന മലപ്പുറം ഡിഎംഒയ്ക്കും ഡോക്ടറോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നോ അന്വേഷിക്കുക 

ഈ സംശയങ്ങള്‍ക്കെല്ലാം മറുപടി കിട്ടുമ്പോഴാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പുനരന്വേഷണം ഫലപ്രദമാകുന്നുള്ളൂ. ആ മറുപടികള്‍ക്ക് തൃപ്തരാക്കാന്‍ കഴിയുന്ന നിരവധി മനുഷ്യരിവിടെയുണ്ടെന്നു കൂടിയോര്‍ക്കുക. മകന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്ന ഷാനവാസിന്റെ പിതാവു മുതല്‍ ശിരുവാണിയിലേതടക്കമുള്ള പാവപ്പെട്ട ആദിവാസികള്‍ക്കും ഷാനവാസിനെ സ്‌നേഹിക്കുന്ന, പരസ്പരം അറിയുക കൂടിയില്ലാത്ത വലിയൊരു സൗഹൃദസംഘത്തിനുമെല്ലാം ആ തൃപ്തി നല്‍കേണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍