ടീം അഴിമുഖം
ഏപ്രില്‍ 10നു കല്യാണില്‍ നൈജീരിയക്കാരനായ സിപ്രെന്‍ ചിനാസയെ 500 ഗ്രാം എഫെര്‍ഡ്രീനുമായി(Ephedrine) പിടികൂടിയപ്പോള്‍ അത് വലിയൊരു മയക്കുമരുന്നു കള്ളക്കടത്ത് ശൃംഖലയിലേക്ക് നീളുമെന്നു കരുതിയിരുന്നില്ല. ആസ്ത്മ(Asthma), ബ്രോങ്കൈറ്റിസ്(Bronchitis) എന്നിവയുടെ ചികിത്സക്കായി ചില വിദേശരാജ്യങ്ങളില്‍ ഉപയോഗിയ്ക്കുന്ന എഫെര്‍ഡ്രീന്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ദുരുപയോഗം മതിഭ്രമം, ഉന്മാദം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മയക്കം എന്നിവയെല്ലാം സൃഷ്ടിക്കും. വിരുന്നുകളിലെ പ്രചാരമുള്ള മയക്കുമരുന്നു methamphetamine ഉണ്ടാക്കാനും ഇതുപയോഗിക്കും.
നൈജീരിയക്കാരനെ ചോദ്യം ചെയ്തതിലൂടെ നിരവധി മയക്കുമരുന്ന് ഇടപാടുകാരെ പിടികൂടിയ താനേ പൊലീസ് ഒടുവില്‍ എത്തിയത് സോലാപൂരിലെ MIDC പാര്‍ക്കിലുള്ള Avon Lifesciences Ltd ന്റെ കാര്യാലയത്തിലാണ്. പൊലീസിനെ ഞെട്ടിച്ചുകൊണ്ടു 18.5 ടണ്‍ എഫെര്‍ഡ്രീനാണ് അവിടെ കണ്ടെത്തിയത്. വിപണിയില്‍ 2000 കോടി രൂപയിലേറെ വിലവരും ഇതിന്. ഇന്ത്യയില്‍ ഇത്തരം കൃത്രിമസംയുക്തങ്ങളുടെ മയക്കുരുന്നുവിപണി തഴച്ചുവളരുന്നു എന്നതുകൂടിയാണ് ഇത് വെളിപ്പെടുത്തുന്നത്. സ്ഥാപനത്തിന്റെ സീനിയര്‍ പ്രൊഡക്ഷന്‍ മാനേജര്‍ അടക്കം നാലുപേരെ പിടികൂടി. ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ അനധികൃത വില്‍പ്പനക്കായാണ് ഈ ശേഖരമെന്ന് പൊലീസ് പറയുന്നു.
വലിയ തോതില്‍ ഔഷധനിര്‍മാണാവശ്യങ്ങള്‍ക്കായി എഫെര്‍ഡ്രീന്‍ നിയന്ത്രിതമായി ഉത്പാദിപ്പിക്കാന്‍ ഇന്ത്യയില്‍ അനുമതിയുണ്ടെങ്കിലും ഇതിന്റെ ചില്ലറ വില്‍പ്പന നിരോധിച്ചിരിക്കുകയാണ്. രണ്ടു ദിവസത്തിന് ശേഷം രണ്ടുപേര്‍ ഒരു മാരുതി സ്വിഫ്റ്റ് കാറില്‍ എഫെര്‍ഡ്രീന്‍ വില്‍പ്പനക്കായി താനെയിലെ വര്‍തക് നഗര്‍ കോളനിയില്‍ എത്തുമെന്ന് ചിനാസ പൊലീസിനോട് പറഞ്ഞു. ‘ഇതിനകം തന്നെ മൂന്നോ നാലോ ടണ്‍ എഫെര്‍ഡ്രീന്‍ അനധികൃത വില്‍പ്പനയ്ക്കായി ശേഖരണകേന്ദ്രത്തില്‍ നിന്നും പോയിക്കഴിഞ്ഞു. ഗുജറാത്ത്, ഗോവ പൊലീസ് വകുപ്പുകള്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്,’ താനേ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് പറഞ്ഞു.
ഏപ്രില്‍ 12നു നടത്തിയ ഒരു ദൗത്യത്തിലാണ് രണ്ടു കിലോഗ്രാം എഫെര്‍ഡ്രീന്‍ കൈവശം വെച്ച സുരേഷ് പൊവ്‌ലെ (28), മയൂര്‍ സുഖ്‌ദെരെ (25) എന്നിവരെ പിടികൂടിയത്. പൊവ്‌ലെ പത്താം തരം വരെ പഠിച്ചയാളാണ്. സുഖ്‌ദെരെ ബിരുദധാരിയാണ്.
മുന്‍ ഗുജറാത്ത് കോണ്‍ഗ്രസ് നിയമസഭാംഗമായ ഭാവ്‌സിങ് റാത്തോഡിന്റെ മകന്‍ കിഷോര്‍ റാത്തോഡിന്റെ പേര് അന്വേഷണത്തില്‍ തെളിഞ്ഞുവരികയും അയാളുടെ അന്താരാഷ്ട്ര ബന്ധങ്ങള്‍ വെളിപ്പെടുകയും ചെയ്തതോടെ അന്വേഷണത്തിന്റെ ഗതി നാടകീയമായി മാറി. കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ റാത്തോട് 30ലേറെ വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. ഇതിലേറെയും കിഴക്കന്‍ യൂറോപ്പിലേക്കും നൈജീരിയ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമായിരുന്നു.
ഈ ശൃംഖലയുടെ നേതാക്കള്‍ റാത്തോടും പുനീത് ശൃംഗി, ജെയ് മുഖി എന്ന പേരിലുള്ള രണ്ടുപേരുമാണെന്ന് പൊലീസ് കമ്മിഷണര്‍ പറഞ്ഞു. ഏതാണ്ട് എട്ടു പത്തു മാസങ്ങള്‍ക്ക് മുമ്പാണ് ശൃംഗിയെ കമ്പനിയില്‍ കൊണ്ടുവന്നതെന്ന് Avon Lifesciences Ltd ലെ 50 ഓളം ജീവനക്കാര്‍ പറയുന്നു. അയാള്‍ക്ക് ഔദ്യോഗികപദവികളൊന്നും ഇല്ലായിരുന്നെങ്കിലും വലിയ സ്വാധീനമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. കമ്പനി നടത്തിപ്പുകാരോട് ഹാജരാകാനും മൊഴി രേഖപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, അഹമ്മദാബാദിലേക്ക് സോലാപൂരില്‍ നിന്നും കടത്തിയതെന്ന് കരുതുന്ന 10-13 കിലോഗ്രാം എഫെര്‍ഡ്രീനെക്കുറിച്ച് ഗുജറാത്ത് പോലീസും അനേഷണം നടത്തുന്നു. ഗുജറാത്ത് പോലീസിന്റെ കേസില്‍ പിടികിട്ടേണ്ട പ്രതിയായ റാത്തോഡിനെ ചോദ്യം ചെയ്യാനായി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും താനേ പൊലീസ് കമ്മിഷണര്‍ പറഞ്ഞു.
തങ്ങളുടെ എല്ലാ വസ്തുക്കളും നിയമപരമായി വേണ്ട നടപടിക്രമങ്ങള്‍ പാലിച്ചാണ് ശേഖരിച്ചിട്ടുള്ളതെന്ന് തിങ്കളാഴച്ച പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ കമ്പനി അറിയിച്ചു. ‘ഈ വിഷയം ചില വസ്തുക്കളുടെ മോഷണവുമായി ബന്ധപ്പെട്ടതും അത് ഞങ്ങള്‍ കണക്കാക്കിവരുന്നതുമാണ്. അന്വേഷണ ഏജന്‍സികളുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ട്.’
കമ്പനിയിലെ 8.5 ടണ്‍ എഫെര്‍ഡ്രീന്‍ കണക്കിലുള്ളതാണെങ്കിലും വളപ്പിലെ ഒരു പുരയില്‍ സൂക്ഷിച്ച 10 ടണ്‍ കണക്കില്‍ ഇല്ലാത്തതാണെന്ന് താനേ പൊലീസ് പറയുന്നു. ‘ഈ 8.5 ടണ്ണില്‍ നിന്നുപോലും പ്രതികള്‍ക്ക് അനധികൃതമായി കൊണ്ടുപോകാം. കുറച്ചു ആഴ്ചകള്‍ക്ക് മുമ്പ് പ്രതികളിലൊരാള്‍ 100 കിലോഗ്രാം എഫെര്‍ഡ്രീന്‍ കമ്പനിയില്‍ നിന്നും എടുത്തിരുന്നു. ആരുമറിയാതെ എടുത്തുകൊണ്ടുപോകാന്‍ കഴിയുന്നത്ര കുറവല്ല അത്,’ പൊലീസ് കമ്മിഷണര്‍ പറഞ്ഞു.