UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര് നല്കും ആരോഗ്യപരിരക്ഷ? – ഡോ. ജയശ്രീ എ കെ എഴുതുന്നു

Avatar

ഡോ: ജയശ്രീ.ഏ.കെ

രണ്ടു ദിവസത്തിനു മുമ്പ് ഒരു സുഹൃത്തിന്റെ വീട്ടിലെ പട്ടിക്ക് പേയിളകുകയും അപ്രത്യക്ഷമാവുകയും ചെയ്തു. പോകുന്നതിനു മുമ്പ് ആ വീട്ടിലെ ഒരു യുവാവിന് കയ്യില്‍ കടിയേല്‍ക്കുകയും ഉണ്ടായി. ഈ സന്ദര്‍ഭത്തില്‍ പേവിഷബാധ ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലെന്ന നിലക്ക് വാക്‌സിനും അതിനോടൊപ്പം ആന്റിറേബിസ് സിറവും കുത്തിവെക്കേണ്ടതായുണ്ട്. ആന്റിറേബീസ് സിറം കുറേ നാളായി ഇടക്കിടെ ലഭ്യമല്ലാതായിരുന്നു. എന്നാല്‍, ഇപ്പോള്‍, ലഭ്യമായതിന്റെ ആശ്വാസത്തിലായിരുന്നു ആരോഗ്യപ്രവര്‍ത്തകരും പൊതുജനങ്ങളും. കുതിരയില്‍ നിന്ന് നിര്‍മ്മിച്ചെടുക്കുന്ന ഈ സിറത്തിന് അപൂര്‍വ്വമായെങ്കിലും റിയാക്ഷന്‍ ഉണ്ടാകാറുണ്ട്. അത്തരം സന്ദര്‍ഭത്തില്‍, മനുഷ്യനില്‍ നിന്നെടുക്കുന്ന ഹ്യുമന്‍ ഇമ്മ്യുണോഗ്ലോബുലിന്‍ പകരം നല്‍കാവുന്നതാണ്. ഇതിന് ഏകദേശം 8000 രൂപയോളം വില വരുമെങ്കിലും അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ഇത് ഉപയോഗിക്കാമെന്നത് ആശ്വാസകരമായിരുന്നു. എന്നാല്‍, ഇത് ഇപ്പോള്‍ ലഭ്യമല്ലാതായിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍, മേല്‍ പറഞ്ഞ യുവാവിന് ആന്റിറേബിസ് സിറം ടെസ്റ്റ് ചെയ്തപ്പോള്‍ റിയാക്ഷന്‍ ഉണ്ടാവുകയും ഹ്യുമന്‍ ഇമ്മ്യുണോഗ്ലോബുലിന്‍ ആവശ്യമായി വരുകയും ചെയ്തു. അപ്പോഴാണ് ഇതിന്റെ ദൌര്‍ലഭ്യത്തിന്റെ തീവ്രത എത്രത്തോളമാണെന്ന് നേരിട്ട് മനസ്സിലാകുന്നത്.

കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഞങ്ങള്‍ അന്വേഷണം നടത്തി. ഈ മേഖലയുമായി ബന്ധമുള്ള എല്ലാവരോടും അന്വേഷിച്ചു. ചില സുഹൃക്കളുടെ നിര്‍ദ്ദേശപ്രകാരം അയല്‍ സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചു. എന്നിട്ടും നിരാശയായിരുന്നു ഫലം. കിട്ടുമായിരുന്നപ്പോള്‍ അത്ര പ്രാധാന്യം തോന്നിയിരുന്നില്ല എങ്കിലും കിട്ടാതെ വന്നപ്പോള്‍ അതെത്രത്തോളം വിലപ്പെട്ടതാണെന്ന് എല്ലാവര്‍ക്കും ബോദ്ധ്യപ്പെടുന്നു. എളുപ്പത്തില്‍ രക്ഷിക്കാന്‍ കഴിയുന്ന ഒരു വിലപ്പെട്ട ജീവനാണ് ഈ ദൌര്‍ലഭ്യം മൂലം അനിശ്ചിതത്വത്തിലാവുന്നത്. അതും പൂര്‍ണ്ണ ആരോഗ്യത്തോടെ, പൂര്‍ണ്ണ ബോധത്തോടെ നമ്മുടെ കണ്‍മുന്നിലുള്ള ഒരാളുടെ. ദിവസം മുഴുവന്‍ നീണ്ടു നിന്ന തുടര്‍ച്ചയായ അന്വേഷണത്തിനൊടുവില്‍ അകലെയുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ആറോ ഏഴോ എണ്ണം ഉള്ളതായി അറിയാന്‍ കഴിഞ്ഞു. എപ്പോള്‍ വേണമെങ്കിലും അത് തീര്‍ന്നു പോകാം. ഏതായാലും ഈ സുഹൃത്തിന് അവശ്യം ആവശ്യമായ ഈ ഔഷധം ലഭിച്ചു എന്നു പറയാം. എന്നാല്‍, ഇനി എത്ര പേര്‍ക്ക് അത് ലഭ്യമാകുമെന്ന് ഉറപ്പിക്കാനാവില്ല.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പാമ്പുകടിയേറ്റവരുടെ ജീവന്‍ രക്ഷിക്കാനാവശ്യമായ ആന്റി സ്‌നേക്ക് വെനത്തിന്റെ കാര്യത്തിലും ഈ ദൌര്‍ലഭ്യം ഉണ്ടായിരുന്നു. ഇതു പോലെ ജീവന്‍ രക്ഷിക്കാന്‍ അത്യന്താപേക്ഷിതമായി വരുന്ന ഒട്ടനവധി മരുന്നുകള്‍ ദുര്‍ലഭമാവുകയോ സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്ത തരത്തില്‍ വിലക്കൂടുതല്‍ ഉണ്ടാവുകയോ ചെയ്യുന്ന ഒരു കാലത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനകളാണിവ. ആരോഗ്യരംഗം ഇത്തരം പ്രതിസന്ധികള്‍ നേരിടുമ്പോഴും നമ്മുടെ പൊതു സമൂഹം ഈ ഒരു വിഷയത്തെ ഗൌരവത്തോടെ കാണുന്നില്ല. മറിച്ച് രോഗാവസ്ഥ ആഘോഷങ്ങളുടെ ഭാഗമായി മാറുകയാണ്. ഗുരുതരമായി രോഗം ബാധിച്ചവരുടെ ചികിത്സക്കായി പണം കണ്ടെത്താന്‍ സെലിബ്രിറ്റികളെ തേടുന്നു. ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നു. ഓരോ ദിവസത്തെ പത്രത്തിലും രോഗചികിത്സക്കായി പണം അഭ്യര്‍ഥിക്കുന്നവരുടെ വിശദവിവരങ്ങള്‍ കാണാം. ഇതിനായി മനുഷ്യസ്‌നേഹികള്‍ പണം കണ്ടെത്തുകയും ചെയ്യുന്നു. മെഡിക്കല്‍ ക്യാമ്പുകളാണ് ചികിത്സ ഉത്സവമാക്കുന്ന മറ്റ് ഒരിടം. ചികിത്സ ലഭ്യമല്ലാത്ത ഇടങ്ങളിലും ലഭിക്കാത്തവരിലും ഇതൊരാവശ്യമായിരിക്കും. എന്നാല്‍, ആശുപത്രി സൌകര്യങ്ങളും ഗതാഗത സൌകര്യങ്ങളുമുള്ളിടത്ത് ഇതൊരു പരിപാടിക്ക് വേണ്ടിയോ ആശുപത്രികളുടെ പരസ്യത്തിനു വേണ്ടിയോ ആണ് നടത്തി കാണുന്നത്. ചിലയിടങ്ങളില്‍ ഒരാഴ്ചയോ പത്തു ദിവസമോ ഒക്കെ നീണ്ടു നില്‍ക്കുന്ന ഉത്സവപരിപാടികളുടെയോ ആഘോഷങ്ങളുടെയോ ഭാഗമായി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നതും കാണാറുണ്ട്. ആരോഗ്യത്തെ ഉപരിപ്ലവമായും ഉത്തരവാദിത്വരഹിതമായും സമീപിക്കുന്നതിന്റെ ഉദാഹരണങ്ങളാണിവ. പ്രാദേശികമായി മാത്രമല്ല, ദേശീയമായും അന്തര്‍ദേശീയമായും ആളുകള്‍ തങ്ങളുടെ സേവനത്വര പ്രദര്‍ശിപ്പിക്കാനും ആത്മപ്രശംസ നേടാനും കച്ചവടമൂല്യം കൂട്ടാനുമൊക്കെയുള്ള മാര്‍ഗമായി തെരഞ്ഞെടുക്കുന്നത് ‘ആതുരസേവന’മാണ്.

ആരോഗ്യത്തിന് ഇപ്പോഴും സാര്‍വത്രികമായ ശ്രദ്ധ കിട്ടുന്നുണ്ടെന്നത് നല്ല കാര്യം  തന്നെയാണ്. എന്നാല്‍, അത് കാലത്തിനു യോജിച്ചതും സൂക്ഷ്മതയോടു കൂടിയതും ആവശ്യമായതുമാണോ എന്നതാണ് പ്രശ്‌നം.  ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ കാലഘട്ടത്തില്‍ നമ്മള്‍ വ്യക്തികളുടെ അവകാശത്തിനും രാഷ്ട്രത്തിന്റെ സ്വാശ്രയത്വത്തിനും പ്രാധാന്യം നല്‍കിയിരുന്നു. ഭരണഘടന അനുശാസിക്കുന്നതും സമത്വം, ജീവിക്കാനുള്ള അവകാശം എന്നീ മൂല്യങ്ങളെയാണ്. അതു കൊണ്ടു തന്നെ എല്ലാവര്‍ക്കും ആരോഗ്യം എന്ന സങ്കല്പ്പത്തിലാണ് ആരോഗ്യവ്യവസ്ഥക്ക് രൂപം നല്‍കിയത്. ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും ആരോഗ്യകരമായ ചുറ്റുപാടിനും ജീവിതരീതിക്കും പ്രാധാന്യം നല്‍കിയിരുന്നു. ആധുനികവൈദ്യത്തിന്റേയും ചികിത്സയുടേയും ഗുണങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അതു കൊണ്ട് തന്നെ കുറഞ്ഞ ചെലവില്‍ മരുന്നുകളുല്പാദിപ്പിക്കാനും അത് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ആളുകള്‍ക്ക് ലഭ്യമാക്കാനുമുള്ള നീക്കങ്ങളാണ് സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ കണ്ടു വന്നത്. 1954ലും 1961ലും യഥാക്രമം സ്ഥാപിച്ച ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക് ലിമിറ്റഡും ഇന്‍ഡ്യന്‍ ഡ്രഗ്‌സ് ആന്ഡ് ഫാര്മസ്യൂട്ടിക്കല്‍ ലിമിറ്റഡും (ഐ.ഡി.പി.എല്‍) പൊതുമേഖലയില്‍ മരുന്നുല്പാദനം ആരംഭിച്ചു എന്നത് ഇതിന്റെ തെളിവാണ്. 1970ലെ ഇന്ത്യന്‍ പേറ്റന്റ് നിയമവും 1978ലെ ഔഷധനയവും 1979ലെ ഔഷധ വിലനിയന്ത്രണ നിയമവും മരുന്നിന്റെ വില സാധാരണക്കാര്ക്ക് താങ്ങാവുന്ന തരത്തില്‍ ക്ലിപ്തപ്പെടുത്തുകയും നില നിര്‍ത്തുകയും ചെയ്യുന്നതിന് ഏറ്റവും സഹായകമായി. ഇന്ത്യന്‍ പേറ്റന്റ് നിയമത്തിന്റെ സവിശേഷത വിദേശ കമ്പനികള്‍ പേറ്റന്റ് ചെയ്ത മരുന്നുകള്‍ തന്നെ മറ്റൊരു ഉത്പാദനരീതിയിലൂടെ നിര്‍മ്മിക്കാന്‍ അവകാശം നല്‍കുന്ന പ്രോസസ്സ് പേറ്റന്റ് (process patent) വ്യവസ്ഥ സ്വീകരിച്ചിരുന്നു എന്നതാണ്. ഇത് ഇന്ത്യയിലെ പൊതു മേഖലയിലും സ്വകാര്യമേഖലയിലുമുള്ള കമ്പനികള്‍ക്ക്, വില കുറച്ച് മരുന്ന് വിതരണം ചെയ്യുന്നതിന് സഹായകമായിരുന്നു. ഇന്ത്യയെ പോലെയുള്ള വികസ്വരരാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് ആരോഗ്യാവകാശം ഉറപ്പു വരുത്താന്‍ ഇത്തരം നടപടികള്‍ കൂടിയേ കഴിയൂ. മറ്റ് പല ചെറിയ രാജ്യങ്ങള്‍ക്കും മരുന്നു നല്‍കാന്‍ കൂടി ഇന്ത്യന്‍ കമ്പനികള്‍ക്ക് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. ജീവന്‍ രക്ഷാമരുന്നുകളേയും അവശ്യ മരുന്നുകളേയും വിലനിയന്ത്രണത്തിന്റെ പരിധിയില്‍ കൊണ്ടു വന്ന് അവയുടെ വില താങ്ങാനാവുന്ന തരത്തില്‍ നില നിര്‍ത്താനായി എന്നതാണ് ആരോഗ്യത്തെ ജനങ്ങളുടെ അവകാശമായി കണ്ടിരുന്നതിന്റെ മറ്റൊരു ദിശാസൂചന. 

എന്നാല്‍, തൊണ്ണൂറുകളാവുമ്പോഴേക്കും സ്ഥിതിഗതികള്‍ മാറി. സാമ്പത്തിക ഉദാരീകരണത്തിന്റേയും ട്രിപ്‌സ് നിബന്ധനകള്‍ നടപ്പിലാക്കുന്നതിന്റെയും ഭാഗമായി ഇന്ത്യന്‍ പേറ്റന്റ് നിയമം മാറ്റിയെഴുതപ്പെട്ടു. നമുക്ക് ഗുണകരമായിരുന്ന പ്രക്രിയാ പേറ്റന്റിനു പകരം ഉത്പന്ന പേറ്റന്റ് (Product Patent) നിലവില്‍ വരുകയും പേറ്റന്റ് കാലാവധി ഏഴു വര്‍ഷത്തില്‍ നിന്നും 20 വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തു. 2005ല്‍ ഇത് നിലവില്‍ വന്നു. ഇതു മൂലം വില കുറച്ച് മരുന്നുകള്‍ വിറ്റിരുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉത്പാദനം നിര്‍ത്തേണ്ടി വരുകയും വിദേശകുത്തകകള്‍ വിപണി കയ്യടക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെയാണ് പൊതുമേഖലയില്‍ വാക്‌സിന്‍ നിര്‍മ്മിച്ചിരുന്ന കസൌളിയിലേയും കൂനൂരിലേയും ഗിണ്ടിയിലേയും ഫാക്ടറികള്‍ നിസ്സാര കാരണം കാണിച്ച് നിര്‍ത്തലാക്കിയത്. അതേ സമയം കുത്തക കമ്പനികള്‍ക്ക്, ഇവിടത്തെ ജനങ്ങള്‍ക്കാവശ്യമായ വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ താത്പര്യവുമില്ല. ഐ.ഡി.പി.എല്‍ പോലെയുള്ള സര്‍ക്കാര്‍ മരുന്നുകമ്പനികള്‍ തകര്‍ക്കപ്പെടുകയും ചെയ്തു.

ഇതോടെ ഗവണ്മെന്റ് നയങ്ങളില്‍ നേരത്തേ ഉണ്ടായിരുന്ന ജനകീയമായ ദിശയില്‍ നിന്നും വാണിജ്യതാത്പര്യത്തിലേക്കുള്ള  ചുവടുമാറ്റം  കാണാന്‍ കഴിയും. അവശ്യമരുന്നുകള്‍ക്കും ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും വില നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ജനങ്ങള്‍ക്കുള്ള ഔഷധാവകാശം നിലനിര്‍ത്തിയിരുന്നത്. എണ്‍പതുകളില്‍ ഉണ്ടായിരുന്ന മരുന്നു വില നിയന്ത്രണത്തില്‍ അയവ് വരുത്തി കൊണ്ടുള്ള മാറ്റങ്ങളാണിപ്പോള്‍ കാണുന്നത്. ഉത്പാദനചെലവിനെ അടിസ്ഥാനപ്പെടുത്തി മരുന്നിന് വില നിശ്ചയിച്ചിരുന്നിടത്ത് ഇപ്പോള്‍ വിപണിയാണ് വില നിശ്ചയിക്കുന്നത്. ഔഷധനയത്തില്‍ തന്നെ മാറ്റം വരുത്തിക്കൊണ്ടാണ് ഇത് സാധിച്ചിട്ടുള്ളത്. ഔഷധവില നിയന്ത്രണ അതോറിറ്റിയുടെ അധികാരവും ഈയിടെ എടുത്തു മാറ്റുകയുണ്ടായി. അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഏതൊക്കെ ഉള്‍പ്പെടുത്തണമെന്നതാണ് മറ്റൊരു പ്രധാന ഘടകം. നേരത്തേ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളവയില്‍ നിന്നും ഇത് വളരെ കുറക്കുകയുണ്ടായി. അതില്‍ നിന്ന് മരുന്നുകള്‍ ഒഴിവാക്കാനുള്ള പല സമ്മര്‍ദ്ദ തന്ത്രങ്ങളും കമ്പനികള്‍ പ്രയോഗിച്ചു വരുന്നു. ഇപ്പോള്‍ കൂടുതലായി കണ്ടു വരുന്ന പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തേയും മരുന്നു കമ്പനികള്‍ തുരങ്കം വക്കുന്നു. വില നിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്ന മരുന്നുകളുടെ ഉത്പാദനമോ വിതരണമോ നിര്‍ത്തി വച്ച് കൃത്രിമക്ഷാമമുണ്ടാക്കി വില പേശല്‍ നടത്തുക, കോമ്പിനേഷന്‍ മരുന്നുകള്‍ നിര്‍മ്മിച്ചും രൂപമാറ്റം വരുത്തിയും വില നിയന്ത്രണത്തെ മറി കടക്കുക, കോടതിയെ സമീപിക്കുക തുടങ്ങിയ വിപണനതന്ത്രങ്ങളാണ് മരുന്നു കമ്പനികളുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. അടുത്ത് പല മരുന്നുകള്‍ക്കും മരുന്നു വില പുതുക്കിയതായി കണ്ടു. പേവിഷ ബാധ തടയാനുള്ള ഇമ്മ്യുണോഗ്ലോബുലിന്‍, പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ തുടങ്ങിയവക്ക് വില വര്‍ധിച്ചതായി കാണുന്നു. ഇത് നമ്മെ നന്നായി ബാധിക്കുന്നതാണ്.

ജനങ്ങളുടെ താത്പര്യങ്ങള്‍ അവഗണിച്ച് നമ്മുടെ ഗവണ്മെന്റ് അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നതായാണ് കാണുന്നത്. ആരോഗ്യത്തിനു വേണ്ടി മാറ്റി വക്കുന്ന ശുഷ്‌കമായ പദ്ധതി വിഹിതം, മരുന്നു വില നിയന്ത്രണത്തില്‍ കൊണ്ടു വരുന്ന അയവ്, അന്താരാഷ്ട്ര ഉടമ്പടികളിലേക്കുള്ള ചായ് വ് എന്നിവയെല്ലാം ഇതാണ് സൂചിപ്പിക്കുന്നത്. ഇത് അന്താരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് സഹായകമായിട്ടാണുള്ളത്. ഇവ ചെറിയ കമ്പനികളെ തങ്ങളുടേതിലേക്ക് ലയിപ്പിക്കുകയും ചെയ്യുന്നു. അതേ സമയം, കാനഡ, ബ്രിട്ടന്‍, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ അവിടത്തെ ജനങ്ങള്‍ക്ക് താങ്ങാവുന്ന തരത്തില്‍ മരുന്നുവില നിയന്ത്രിച്ച് നിര്‍ത്തുന്നുണ്ട്. ലോകവ്യാപാരസംഘടനയുടെ ദോഹ സമ്മേളനത്തിനു ശേഷം മൂന്നാം ലോകരാജ്യങ്ങള്‍ക്ക് അവരുടെ ആവശ്യപ്രാകാരം ചില ഇളവുകള്‍ അനുവദിച്ചിരുന്നു. അവശ്യസന്ദര്‍ഭങ്ങളില്‍ അത്യാവശ്യം വരുന്ന മരുന്നുകള്‍ നിര്‍ബന്ധിത ലൈസന്‍സിംഗ് (compulsory licensing) എന്ന വകുപ്പുപയോഗിച്ച് നിര്‍മ്മിക്കാമെന്നതാണത്. ഇന്ത്യയിലെ ഡ്രഗ് കണ്‍ട്രോളര്‍, കുത്തകകളുടെ അധാര്‍മ്മികമായ എതിര്‍പ്പ് വകവെക്കാതെ ഇന്ത്യന്‍ കമ്പനികള്‍ക്ക് അതിനുള്ള അനുമതി നല്‍കുകയുണ്ടായി. അത് അമേരിക്ക പോലെയുള്ള വന്‍ശക്തികളുടെ അപ്രീതിക്ക് കാരണമായി. അത് തടയാനുള്ള നീക്കങ്ങള്‍ ഇന്ത്യാ ഗവണ്മെന്റുമായി ചേര്‍ന്ന് അവര്‍ നടത്തിക്കൊണ്ടിരിക്കുകയുമാണ്. ഇതിനെ ചെറുക്കാന്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു ഗവണ്മെന്റിനു മാത്രമേ കഴിയുകയുള്ളൂ.

കമ്പോളം മരുന്നുല്പാദനവും വിപണനവും വിലനിയന്ത്രണവും ഏറ്റെടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് നിസ്സഹായരാകാനേ കഴിയുകയുള്ളൂ. ഏതു മരുന്ന് വേണമെന്നോ മരുന്ന് വേണ്ടെന്നു വെക്കാനോ ആളുകള്‍ക്ക് കഴിയുകയില്ല. അത് ഡോക്ടറും മരുന്നുല്പാദകരും വില്‍പ്പനക്കാരുമാണ് നിര്‍ണ്ണയിക്കുന്നത്. കമ്പനികള്‍ ഒരേ മരുന്ന് പല ബ്രാന്‍ഡ് നാമങ്ങളില്‍ വിറ്റഴിക്കുന്നു. ചില ബ്രാന്‍ഡുകള്‍ക്ക് കൂടുതല്‍ മികവുണ്ടെന്ന് സ്ഥാപിച്ച് പ്രതിച്ഛായ സൃഷ്ടിക്കാനും ആ മരുന്ന് കൂടുതല്‍ വിറ്റഴിക്കാനും സാധിക്കുന്നു. ഇങ്ങനെ കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളാണ് മാര്‍ക്കറ്റില്‍ വില നിര്‍ണ്ണയിക്കുന്നത്.

നഷ്ടപ്പെട്ട ആരോഗ്യമേഖലയിലെ ജനകീയത എങ്ങനെ തിരിച്ചു കൊണ്ടു വരാമെന്നതാണ് അടിയന്തിരമായി ചിന്തിക്കേണ്ടത്. അതിന് ജനങ്ങള്‍ പ്രബുദ്ധരാകുക തന്നെ വേണം. ഇതിലെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കി, പ്രതിബദ്ധതയുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രതിരോധ തന്ത്രങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ലോ കോസ്റ്റ് മരുന്ന് കമ്പനി, ഓപ്പണ് സോഴ്‌സ് ഡ്രഗ് ഡിസ്‌കവറി തുടങ്ങിയവ പോലെയുള്ള ബദല്‍ സ്ഥാപനങ്ങളെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. ശാസ്ത്രീയമായ ചിന്തയും സാങ്കേതികമായ മികവും . ഇതിനാവശ്യമാണ്. കാര്യങ്ങള്‍ കൃത്യമായി പഠിക്കാതെയുള്ള പ്രതികരണം നമ്മെ എവിടെയുമെത്തിക്കില്ല. അത് കുത്തകകളെ കൂടുതല്‍ സഹായിക്കുകയേയുള്ളൂ. 

മറ്റ് മേഖലകളും ചികിത്സയും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം ആരോഗ്യവിദഗ്ധരും നയകര്‍ത്താക്കളും രാഷ്ട്രീയനേതാക്കളും പൊതുജനങ്ങളും ഒന്നു പോലെ തിരിച്ചറിയേണ്ടതാണ്. ചികിത്സക്കുള്ള വൈദഗ്ധ്യവും തെരഞ്ഞെടുപ്പും ഒരു സവിശേഷ മേഖലയാണ്. ഇവിടെ ജീവന്‍ രക്ഷ പ്രധാനമായതു കൊണ്ടും പ്രത്യേക വൈദഗ്ധ്യം ആവശ്യമായതു കൊണ്ടും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രതിബദ്ധത വളരെ പ്രധാനമാണ്. അത് നിര്‍ബന്ധിതമാക്കാനുള്ള പ്രവര്‍ത്തനമാണ് ജനങ്ങള്‍ക്ക് ഏറ്റെടുക്കാനുള്ളത്. സന്നദ്ധസേവനം മാത്രം മതിയാവില്ല. ആരോഗ്യം നശിച്ച ഒരു സമൂഹത്തിന് മറ്റ് ഒരു മേഖലയിലും പുരോഗതി കൈ വരിക്കാനാവില്ല. അതിനാല്‍ വാണിജ്യപുരോഗതിക്കു തന്നെയും ആരോഗ്യപരിരക്ഷ അനിവാര്യമാണ്. കോര്‍പ്പറേറ്റുകള്‍ തന്നെ അവരുടെ നൈതികമേഖല വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. അതിനെ സ്വാധീനിക്കാന്‍ കഴിയുന്നത് ജനകീയപ്രസ്ഥാനങ്ങള്‍ക്കും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുമാണ്. ജനങ്ങളുടെ ഇച്ഛാശക്തി അവര്‍ പ്രതിനിധാനം ചെയ്യുന്ന ഭരണസംവിധാനങ്ങളിലും നയങ്ങളിലും പ്രതിഫലിക്കണം. ആരോഗ്യം ഭരണകൂടത്തിന്റെ അല്ലെങ്കില്‍ ജനങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകണം

(പരിയാരം മെഡിക്കല്‍ കോളേജില്‍ ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയുമാണ് ഡോ: ജയശ്രി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍