അഴിമുഖം പ്രതിനിധി
ആക്ഷന്‍ ഹീറോ ബിജു എന്ന മലയാള ചലച്ചിത്രം കണ്ടവര്‍ക്കൊക്കെ ഇന്നലെ പ്രസിദ്ധീകരിച്ച മനോരമ ഓണ്‍ലൈനിലെ ‘കഞ്ചാവ് ഉപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ 10 വഴികള്‍’ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത വായിക്കുമ്പോള്‍ എസ് ഐ ബിജുവിനെ ഓര്‍മ വന്നിരിക്കും. സിനിമയില്‍ ഹെല്‍മറ്റ് വയ്ക്കാതെ ബൈക്കോടിച്ചതിനു പിടിച്ച യുവാക്കളെ അവരുടെ മുടിയും രൂപവുമൊക്കെ പറഞ്ഞു പരിഹസിക്കുന്ന നിവിന്‍ പോളി കഥാപാത്രത്തിന്റെ അച്ചടി വേര്‍ഷന്‍ തന്നെയായിരുന്നു മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയും.
അല്ലെങ്കിലും മുടി വളര്‍ത്തിയവനും താടിവച്ചവനും കാതുകുത്തിയവനും കണ്ണെഴുതിയവനുമെല്ലാം സമൂഹത്തിന് പരിഹസിക്കാനും പൊലീസിന് അടിയും ഒപ്പം സാരോപദേശവും കൊടുക്കാനുള്ള പാര്‍ട്ടീസാണല്ലോ. അതങ്ങനെ തന്നെയായിരിക്കുമെന്നും ലവന്മാരുടെ പുകഞ്ഞ ജീവിതത്തെ കുറിച്ച് ആര്‍ക്കുമറിയില്ലെന്നാണ് ഭാവമെങ്കില്‍ അതു തെറ്റാണെന്നും പരിചയസമ്പന്നനായ പൊലീസുകാരന്‍ നിന്നെയൊക്കെ ലക്ഷണം നോക്കി പിടിക്കുമെന്നാണ് മനോരമയുടെ കണ്ടെത്തല്‍.
പത്തു വഴികളിലൂടെ കഞ്ചാവ് ഉപയോഗിക്കുന്നവരെ തിരിച്ചറിയാമെന്നാണ് ഓണ്‍ലൈനില്‍ പറയുന്നത്. വായിച്ചപ്പോള്‍ കഞ്ചാവ് വലിക്കാരുടെ ലക്ഷണങ്ങളായല്ല, മറിച്ച സദാചരക്കമ്മറ്റിക്കാരുടെ നിബന്ധനകള്‍ പോലെയാണ് തോന്നിയതെന്ന് ഷാന്റോ ആന്റണി എന്ന ചിത്രകാരന്‍ പറയുന്നു (തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്നു പെയിന്‍റിംഗില്‍ ബിരുദം നേടിയ ചിത്രകാരന്‍). ഷാന്റോയും പൊലീസിന്റെയും മനോരമപോലുള്ള മാധ്യമങ്ങളുടെയും മുന്നില്‍ രൂപം കൊണ്ട് അല്‍പ്പം കുഴപ്പക്കാരനാണ്. മൂടി നീട്ടി വളര്‍ത്തിയിട്ടുണ്ട്, താടിയുണ്ട്, കാതില്‍ റിംഗുണ്ട്. ഇതിന്റെയൊക്കെ പേരില്‍ നാട്ടുകാരുടെ തുറിച്ചു നോട്ടവും പൊലീസിന്റെ വിരട്ടും ഒരിക്കല്‍ രണ്ടടിയും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതിയും വിട്ടുപോകാത്ത വരട്ടു പാരമ്പര്യവാദവും ചേര്‍ന്ന് ഉണ്ടാക്കുന്ന സദാചാര മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തിയാണ് മനോരമ പോലൊരു മാധ്യമത്തില്‍ നിന്നുണ്ടായിട്ടുള്ളതെന്ന് ഷാന്റോ പറയുന്നു. ഒപ്പം മനോരമയോടും ആ വാര്‍ത്തയെഴുതിയ ലേഖകനോടും ഇവരെ അനുകൂലിക്കുന്ന സകലരോടും ഷാന്റോയ്ക്ക് ചിലത് ചോദിക്കാനുണ്ട്. അല്ലെങ്കില്‍ ചിലതൊക്കെ വിശദീകരിക്കാനുണ്ട്…
മനോരമയുടെ ലക്ഷണങ്ങളും അവയ്ക്കുള്ള ഷാന്റോയുടെ മറുപടിയും
തലമുടി കുടപോലെ വളര്‍ത്തുകയും ഇരുവശവും പറ്റവെട്ടുകയും ചെയ്യുന്നവര്‍
ഷാന്റോ:മോറല്‍ പൊലീസിംഗിന് ഏറ്റവും അധികം വിധേയരാകുന്നത് മുടിയോ താടിയോ വളര്‍ത്തുന്നവരാണ്. എന്നാല്‍ ഇതിന് കഞ്ചാവ് ഉപയോഗവുമായി ബന്ധം സ്ഥാപിക്കുന്നത് വലിയ തമാശ തന്നെ. നേരത്തെ മാവോയിസ്റ്റ് ബന്ധമായിരുന്നു, ഇപ്പോഴത് കഞ്ചാവായി. മുടി വളര്‍ത്തുക, താടി വളര്‍ത്തുക എന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. സ്വന്തം ശരീരം നല്ലൊരു ആര്‍ട്ട് വര്‍ക്ക് പോലെ കൊണ്ടു നടക്കുന്നത് സൗന്ദര്യാസ്പദമായി കാണേണ്ടതിനു പകരമാണ് അതിനു സദാചരവിരുദ്ധത കല്‍പ്പിക്കുന്നത്. നീട്ടി വളര്‍ത്തിയ മുടി, പറ്റ വെട്ടിയ മുടിയൊക്കെ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. ഇതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വശങ്ങള്‍ പറ്റെ വെട്ടുന്ന അപ്പാച്ചെ സ്റ്റൈലൊക്കെ തൊണ്ണൂറുകളില്‍ തന്നെ ഫാഷന്‍ ആയതാണ്. അന്നൊന്നും ഇല്ലാതിരുന്ന കുറ്റങ്ങളാണ് ലോകം ഇത്രയൊക്കെ വളര്‍ന്നിട്ടും മലയാളികള്‍ ഇപ്പോള്‍ കണ്ടുപിടിക്കുന്നത്. ചൂടു കാലാവസ്ഥയില്‍ തല വളരെ വേഗം വിയര്‍ക്കുന്നൊരു ശരീരഭാഗമാണ്. പ്രത്യേകിച്ച് വശങ്ങളിലും പിന്‍ഭാഗത്തുമാണ് തലയ്ക്ക് കൂടുതല്‍ ഊഷ്ണം ഉണ്ടാകുന്നത്. ഈ ഭാഗങ്ങളില്‍ മുടി പറ്റ വെട്ടുന്നതിലൂടെ വാസ്തവത്തില്‍ തലയ്ക്ക് കൂടുതല്‍ കുളിര്‍മ ഉണ്ടാവുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതിനെ കഞ്ചാവ് ലഹരിയുടെ ബോധമില്ലായ്മയായി കാണുന്നത് മറ്റെന്തോകൊണ്ടാണ്. എത്രമാത്രം ശ്രദ്ധയും സംരക്ഷണവും നല്‍കേണ്ടി വരുന്നതാണ് തലമുടിയിലെ പരീക്ഷണങ്ങളെന്ന് ചിന്തിക്കണം. കുഴപ്പക്കാരെന്ന് അല്ലെങ്കില്‍ കഞ്ചാവ് വലിക്കാരെന്നു പറയുന്നവരുടെ തലമുടി ശ്രദ്ധിച്ചാല്‍ അതു മനസിലാകും. തലച്ചോറില്‍ രക്തയോട്ടം ഇല്ലാത്തവരാണെങ്കില്‍ ഇത്തരം ശ്രദ്ധയും വൃത്തിയുമൊക്കെ പിന്തുടരുമെന്നാണോ? മനോരമയുടെ കണ്ടുപിടുത്തം ശരിയാണെങ്കില്‍ ഇന്നു സമൂഹത്തിലെ പകുതിയിലേറെ ചെറുപ്പക്കാരും ലഹരി ഉപയോഗിക്കുന്നവരാകണമല്ലോ…
ഒരിക്കല്‍ നാട്ടിലെ ഒരു കോളേജില്‍ പരിപാടി കാണാന്‍ പോയ സമയത്ത് പൊലീസ് ഞങ്ങള്‍ കൂട്ടുകാരെ അസഭ്യം പറയുകയും സ്ഥലത്തു നിന്നു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം ഇല്ലെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ പോകുമായിരുന്നു. പക്ഷേ അതിനു തയ്യാറാകാതെ ഞങ്ങളെ പുലഭ്യം പറയുകയാണ്. എതിര്‍ത്തു പറഞ്ഞപ്പോള്‍ കവിളത്ത് അടി വീണു. പിന്നെ സ്റ്റേഷനില്‍ കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ കഥ മാറി. എന്റെ മുടിയും താടിയുമായി കുറ്റം. താടിയും മുടിയും വളര്‍ത്തുന്നവന്‍ റൗഡിയും കൊലപാതകിയുമൊക്കെയാണെന്നു നമ്മുടെ സിനിമകളും മാധ്യമങ്ങളൊക്കെ തീര്‍ച്ചപ്പെടുത്തു വച്ചിട്ടുണ്ടല്ലോ. പൊലീസും അതേ ലൈനാണ്. ഈരാളി മ്യൂസിക് സംഘത്തിലെ മാര്‍ട്ടിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയതും എന്തെങ്കിലും കുറ്റം ചെയ്തിട്ടല്ല, അയാളുടെ രൂപമാണ് അവിടെയും പ്രശ്‌നമായത്.
കണ്‍മഷിയോ സുറുമയോ ഉപയോഗിച്ച് കണ്ണെഴുതുക
ഷാ: സുറുമയും കണ്‍മഷിയുമൊക്കെ എന്തിനാണ് ഉപയോഗിക്കുന്നതെന്ന കാര്യത്തില്‍ തീരെ വിവരമില്ലാത്തയാളായിരിക്കണം ലേഖകന്‍. ഇവയൊന്നും കണ്ണിന്റെ ഭംഗി കൂട്ടാന്‍ വേണ്ടി മാത്രമല്ല. ശരീരത്തിലെ വളരെ സെന്‍സിറ്റീവായ ഭാഗമാണ് നമ്മുടെ കണ്ണുകള്‍. അമിതമായ ചൂട് കണ്ണിനെ സാരമായി ബാധിക്കും. സുറുമ അല്ലെങ്കില്‍ കണ്‍മഷി കണ്ണിനു കുളിര്‍മയേകുന്ന വസ്തുക്കളാണ്. കണ്‍തടങ്ങളിലും പീലികളും ഉണ്ടാകാവുന്ന ഇന്‍ഫക്ഷനുകള്‍ തടയാനും ഇവ ഉപകരിക്കും. നമ്മുടെ നാട്ടില്‍ പണ്ടുകാലം മുതല്‍ക്കെ പുരുഷന്മാരും കണ്ണെഴുതാറുള്ളതാണ്. പ്രായമായ പലരും ഇപ്പോഴുമത് ചെയ്യാറുണ്ട്. ചെറുപ്പക്കാര്‍ ചെയ്താല്‍ കഞ്ചാവിന്റെ ലഹരിയിലാണെന്നാണോ? രാത്രികാലങ്ങളില്‍ പത്രമോഫിസുകളിലെ ഡസ്‌കുകളില്‍ ജോലി ചെയ്യുന്നവര്‍, കമ്പ്യൂട്ടറില്‍ നോക്കി ദീര്‍ഘനേരം ജോലി നേക്കുന്നവരൊക്കെ സുറുമ എഴുതുന്നതായി കേട്ടിട്ടുണ്ട്. അത് കണ്ണിന്റെ പ്രൊട്ടക്ഷനാണ്. സ്വന്തം കൂട്ടത്തിലുള്ളവരും കഞ്ചാവ് വലിക്കാരാണെന്നാണോ ലേഖകന്‍ ഇവിടെ പറഞ്ഞു വയ്ക്കുന്നത്.
ബൈക്ക് ഉപയോഗിക്കുമ്പോള്‍ മിക്കപ്പോഴും മൂന്നുപേര്‍ കയറി യാത്ര ചെയ്യുക, അമിത വേഗത്തില്‍ ഓടിക്കുക
ഷാ: ഈ പറഞ്ഞ കാര്യങ്ങള്‍ ഗുരുതരമായ ട്രാഫിക് നിയമലംഘനമാണ്. അപകടം വരുത്തി വയ്ക്കുന്നതുമാണ്. നമ്മുടെ നാട്ടിലെന്നല്ല മിക്കയിടങ്ങളിലും മൂന്നുപേര്‍ ചേര്‍ന്ന് ടൂവലറില്‍ യാത്ര ചെയ്യുന്നതും അമിതവേഗത്തില്‍ ബൈക്ക് ഓടിക്കുന്നതും നിത്യസംഭവമാണ്. അതുപക്ഷേ കഞ്ചാവ് ഉപയോഗിക്കുന്നതു മൂലമാണെന്നു പറഞ്ഞാല്‍ ചിരിക്കാതെ എന്തു ചെയ്യും. സുബോധം നഷ്ടപ്പെട്ട് ചെയ്യുന്നതാണ് ഇതൊക്കെ എന്നാകും സമര്‍ത്ഥിക്കാന്‍ പോകുന്നത്. ചെറുപ്പക്കാര്‍ക്കിടയിലും കൗമാരപ്രായക്കാര്‍ക്കിടയിലുമാണ് അമിതവേഗവും രണ്ടിലധികം പേരെ കയറ്റിയുള്ള യാത്രയും അധികമായി കാണുന്നത്. ഇതു പലപ്പോഴും ആവേശം കൊണ്ടുമാത്രം ചെയ്യുന്നതാണ്. ലഹരി ഉപയോഗിക്കുന്നവര്‍ ഇത്തരത്തില്‍ ചെയ്യില്ല എന്നല്ല, എന്നാല്‍ ലഹരി ഉപയോഗിക്കുന്നവര്‍ മാത്രമെ ഇങ്ങനെ ചെയ്യൂവെന്ന് പൊലീസ്‌കാര്‍ പോലും സമ്മതിച്ചു തരില്ല.
വാഹനങ്ങളില്‍ അധിക ഫിറ്റിംഗ്‌സ്
ഷാ: ഇതു സത്യമാണെങ്കില്‍ ടൂ വീലര്‍ സ്വന്തമായുള്ള തൊണ്ണൂറു ശതമാനം പേരും കഞ്ചാവ് ഉപയോഗിക്കുന്നവരാകണം! വാഹനങ്ങളില്‍ അധിക കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നതായി വാര്‍ത്ത കണ്ടിരുന്നു. ഈ വാര്‍ത്ത വായിച്ചപ്പോഴാണ് കഞ്ചാവ് വലിക്കാരെ പിടിക്കാനാണ് പൊലീസ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നു മനസിലായത്.
വീട്ടില്‍ വസ്ത്രങ്ങള്‍ അലക്ഷ്യമായി കൂട്ടിയിടുക
ഷാ: ഇങ്ങനെയൊരു ലക്ഷണം കഞ്ചാവ് വലിക്കാര്‍ക്കുണ്ടെങ്കില്‍ കഞ്ചാവ് ഉപയോഗത്തില്‍ ലോകത്തില്‍ മുന്‍നിരയില്‍ കേരളം കാണണം. അലസതയും അലക്ഷ്യതയും മലയാളിയുടെ കൂടപ്പിറപ്പാണ്. ആണുങ്ങള്‍ മാത്രമല്ല പെണ്ണുങ്ങളിലും ഈയൊരു ശീലം സാരമായി കണ്ടു വരുന്നുണ്ട്. കേരളത്തിലെ വീടുകളിലും ഹോസ്റ്റല്‍ റൂമുകളിലുമൊക്കെ കയറിയിറങ്ങി നോക്കിയാല്‍ ആണെന്നും പെണ്ണെന്നും വ്യത്യാസമില്ലാതെ കഞ്ചാവ് കേസില്‍ അകത്തുപോകും. സാധനങ്ങള്‍ ചിട്ടയായി വയ്ക്കുക, വൃത്തിയായി സൂക്ഷിക്കുക എന്നതൊക്കെ ഓരോരുത്തരുടെയും സ്വഭാവശീലമാണ്. അതൊരിക്കലും കഞ്ചാവിന്റെ മണമടിച്ച് ഉണ്ടാകുന്നതല്ല.
മാതാപിതാക്കളോട് അനാവശ്യമായി തട്ടിക്കയറുക
ഷാ: ഇതു സത്യമാണെങ്കില്‍ ഈ വാര്‍ത്തയെഴുതിയ ലേഖകനും ഒരിക്കലെങ്കിലും കഞ്ചാവ് ഉപയോഗിച്ചു കാണണം.
ഫോണ്‍ വന്നാല്‍ പതിവായി വീട്ടില്‍ നിന്നും ഇറങ്ങിയോടുക
ഷാ: ഭാര്യക്ക്, ഭര്‍ത്താവിന്, മക്കള്‍ക്ക്, തുടങ്ങി മാധ്യമപ്രവര്‍ത്തകര്‍ക്കുവരെ അവരവരുടേതായ സ്വകാര്യതകളുണ്ട്. നമ്മുടെയെല്ലാം ഏറ്റവും വലിയ സ്വകാര്യയിടം മൊബൈല്‍ ഫോണുകളായി മാറിയ ഇക്കാലത്ത് ഈ ലേഖകന്‍ തനിക്കു വരുന്ന ഫോണ്‍കോളുകളെല്ലാം പൊതുജനമധ്യത്തില്‍വച്ചാണോ അറ്റന്‍ഡ് ചെയ്യുന്നതും സംസാരിക്കുന്നതും. വകതിരിവില്ലായ്മക്കും ഒരതിരു വേണം.
കണ്‍പോളകളുടെ മുകള്‍ഭാഗം വിങ്ങുക
ഷാ: ഇത്രയുമെഴുതിയതില്‍ കുറച്ചെങ്കിലും സത്യമുണ്ടാവുക ഈ ലക്ഷണത്തിനാകണം. ഉറക്കമൊഴിക്കുന്നവര്‍ക്കും അധികം യാത്ര ചെയ്യുന്നവര്‍ക്കും മദ്യപിക്കുന്നവര്‍ക്കും പുകവലിക്കുന്നവര്‍ക്കുമെല്ലാം ഈ ലക്ഷണം ഉണ്ടെന്ന കാര്യം പക്ഷേ മറക്കരുത്.
രാത്രി വൈകി വീട്ടിലെത്തുക, രാവിലെ വൈകിയുണരുക
ഷാ: ഈ ലേഖകന്‍ ഇക്കാലത്ത് ജീവിക്കുന്നവനാണോ? അതോ വാര്‍ദ്ധക്യം ബാധിച്ച ചിന്തകള്‍ സൂക്ഷിക്കുന്നവനോ? ഒന്നുമില്ലെങ്കില്‍ ഇദ്ദേഹമൊരു മാധ്യമപ്രവര്‍ത്തകനാണല്ലോ, സ്വന്തം ജോലിയുടെ രീതിപോലും അദ്ദേഹത്തിനറിയില്ലേ. ഐടി മേഖല, മാധ്യമരംഗം തുടങ്ങിയിടങ്ങളിലെല്ലാം രാത്രികാല ജോലികളാണ്. ഇവരൊക്കെ വളരെ വൈകിയാണ് വീട്/ താമസസ്ഥലത്തെത്തുന്നത്. രാത്രി വൈകി കിടക്കുന്നയാള്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകുന്നത് സാധാരണമല്ലേ. നമ്മുടെ നാട്ടില്‍ കൗമരത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ആണ്‍കുട്ടികള്‍( ഇപ്പോള്‍ പെണ്‍കുട്ടികളും) ഏഴു മണിക്ക് വീട്ടില്‍ കയറി എട്ടുമണിക്ക് ആഹാരവും കഴിച്ച് കിടന്നുറങ്ങാന്‍ താത്പര്യപ്പെടുന്നവരല്ല. നഗരത്തിലായാലും ഗ്രാമത്തിലായാലുമൊക്കെ സ്ഥിതി ഇതാണ്.
പിന്നെ ഇത്തരമൊരു ലക്ഷണം എഴുതിവയ്ക്കുമ്പോള്‍ ലേഖകനില്‍ ഒളിഞ്ഞിരിക്കുന്ന സദാചാരവാദി പുറത്തേക്കു വരുന്നതു കാണാം. ഇരുട്ട് സകല അരുതായ്മകളുടെയും ഇടമാണല്ലോ. അതിന്റെ പങ്കാളികള്‍ സര്‍വത്ര കുഴപ്പമാണ്. സമൂഹത്തിന്റെ ശരിയനുസരിച്ച് ജീവിക്കുന്നവരാണെങ്കില്‍ രാത്രി വീട്ടില്‍ കഴിയണം. ക്രിയേറ്റിവ് വര്‍ക്ക് ചെയ്യുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍, ഐടി കാര്‍ എന്നിവരെല്ലാം രാത്രികാലകളില്‍ പുറത്തു സഞ്ചരിക്കേണ്ടി വരുന്നവരാണ്. എന്നാല്‍ നമ്മുടെ പൊലീസിന് രാത്രിയിലിറങ്ങി നടക്കുന്നവരൊക്കെ പ്രശ്‌നക്കാരാണ്. മാന്യതയുടെ ഒരു പരിഗണനയും നല്‍കാതെയുള്ള തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യലുകള്‍. ചിലപ്പോള്‍ സ്‌റ്റേഷനിലും കൊണ്ടുപോയെന്നിരിക്കും. രാത്രിയോടുള്ള വിരോധം തീരാത്ത നമ്മുടെ സദാചാരക്കാര്‍ക്കും പൊലീസുകാര്‍ക്കും ഇനി വീട്ടിലെത്താതെ പുറത്തു നടക്കുന്നവനെ ചോദ്യം ചെയ്യാന്‍ ഒരു കാരണം കൂടിയായി; നീ കഞ്ചാവല്ലേടാ…
ആഹാരം കുറയുക, വെള്ളം ധാരളമായി കുടിക്കുക, അമിതമായി ശരീരം ക്ഷീണിക്കുക
ഷാ: ഇതൊരുപക്ഷേ കഞ്ചാവ് ഉപഭോഗത്തിന്റെ ലക്ഷണമാകാം. ഞാനിതുവരെ ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ ഉറപ്പിച്ച് പറയാനും പറ്റില്ല.
പക്ഷേ ലഹരി ഉപയോഗം തടയാനും അതുപയോഗിക്കുന്നവരെ നിമയത്തിനു പിടികൂടാനുമാണ് ഇത്തരം വാര്‍ത്തകളും ലക്ഷണങ്ങളും എഴുതുന്നതെങ്കില്‍ ഇനിമേലിലെങ്കിലും ഇത്തരം വിഡ്ഡിത്തങ്ങള്‍ എഴുതാതിരിക്കണം. സയന്റിഫിക്കായി തന്നെ ലഹരി ഉപഭോഗത്തിന്റെ ലക്ഷണങ്ങള്‍ പറയാവുന്നതാണ്. അങ്ങനെയായിരുന്നെങ്കില്‍ .യഥാര്‍ത്ഥ ഉപഭോക്താക്കളെ കണ്ടെത്താന്‍ പൊലീസിനും സഹായകമായേനെ.
ഇതുപക്ഷേ ചില ഉദ്ദേശ്യങ്ങള്‍ വച്ചുള്ള ലക്ഷണം പറച്ചിലായി. മനോരമയുടെയോ അതോ ലേഖകന്റെയോ സദാചാരബോധത്തിന്റെ ലക്ഷണങ്ങള്‍ എഴുതിവച്ചതുപോലെയുണ്ട്. പറഞ്ഞിരിക്കുന്ന കാരണങ്ങളില്‍ തിരിച്ചിട്ടു നോക്കിയാല്‍ എങ്ങനെ ഒരു ഉത്തമ പൗരനായി നിങ്ങള്‍ക്ക് നടക്കാം എന്നതിനുള്ള പത്തുകല്‍പ്പനകളായും ഇതിനെ വായിക്കാം. ഈ കല്‍പ്പനകള്‍ അനുസരിക്കാത്തവനെയൊക്കെ കഞ്ചാവു വലിക്കാരനാക്കുമെന്ന മുന്നറിയിപ്പും മനോരമ തരുന്നുണ്ട്… ജാഗ്രതൈ…