അഴിമുഖം പ്രതിനിധി
ദുബായ്- കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചത് മനോനില തെറ്റിയ മലയാളി യാത്രക്കാരാനാണെന്നു വിവരം. മുംബൈയില്‍ അടിയന്തിരമായി വിമാനം ഇറക്കി ഇയാളെ സി ഐ എസ് എഫ് കസ്റ്റഡിയില്‍ വാങ്ങി. നേരത്തെ വന്ന വാര്‍ത്തകള്‍ വിമാനത്തില്‍ ഒരു യാത്രക്കാരന്‍ ഐ എസ് അനുകൂല പ്രസംഗം നടത്തിയെന്ന തരത്തിലായിരുന്നു.
അതേസമയം ഇയാള്‍ ഐ എസ് അനുകൂല പ്രസംഗം നടത്തിയെന്നും അതല്ല താനൊഴികെ വിമാനത്തിലുള്ളവരെല്ലാം ഐ എസ് അനുകൂലികളാണെന്നു പറഞ്ഞ് അക്രമാസക്തനാവുകായായിരുന്നൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാരെയും വിമാനജീവനക്കാരെയും ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയോടെ ഇയാളെ മറ്റുള്ളവര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. ഈ സമയമത്രയും വിമാനത്തിനുള്ളില്‍ വലിയ പരിഭ്രാന്തി നിറഞ്ഞിരുന്നു. ഒടുവില്‍ മുംബൈയില്‍ അടിയന്തിരമായി വിമാനം ഇറക്കി ബഹളംവച്ചയാളെയും ഇയാളുടെ സഹോദരനെയും സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ ശേഷമാണ് വിമാനം കോഴിക്കോടേക്ക് യാത്ര തുടര്‍ന്നത്. അതേസമയം ചോദ്യം ചെയ്തശേഷം ഇരുവരെയും കോഴിക്കോട്ടേയ്ക്ക് തിരിച്ചയക്കുമെന്നാണ് അറിയുന്നത്.
രാവിലെ പത്തുമണിക്ക് എത്തേണ്ടിയിരുന്ന വിമാനം കോഴിക്കോട് ലാന്‍ഡ് ചെയ്യുന്നത് മൂന്നുമണിക്കൂര്‍ വൈകിയാണ്. വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ ഏറെയും മലയാളികളുമായിരുന്നു.