UPDATES

യാത്ര

ദൂത് സാഗര്‍: പാല്‍ പോലെ തൂവുന്ന ഒരു വെള്ളച്ചാട്ടം

Avatar

യാസിര്‍ ഗഫൂര്‍

മനസില്‍ തങ്ങി നില്ക്കുന്ന ട്രയിന്‍ യാത്രകള്‍ ഓര്‍ത്തെടുക്കാന്‍ പറഞ്ഞാല്‍ അതില്‍ പ്രഥമ സ്ഥാനത്ത് ഗോവ – ഹോസ്പെറ്റ് റൂട്ടില്‍ ഗോവയില്‍ നിന്ന് ഹൌറ എക്സ്പ്രസ്സില് കഴിഞ്ഞ വര്‍ഷം നടത്തിയ യാത്രയാണ് നിറഞ്ഞു നില്ക്കുക. വിജയനഗര സാമ്രാജ്യ തലസ്ഥാനമായിരുന്ന ഹംപിയെന്ന ചരിത്ര നഗരി സന്ദര്‍ശിക്കാനുള്ള റൂട്ട് മാപ്പ് തയ്യാറാക്കിയപ്പോള്‍ ഒരു ചങ്ങാതിയാണ് ആദ്യം ഗോവയില്‍ ചെന്ന് അവിടെ നിന്ന് ഹോസ്പെറ്റിലേക്കുള്ള യാത്രാമാര്‍ഗ്ഗം നിര്‍ദ്ദേശിച്ചത്. കാണാനിരിക്കുന്ന ഹംപിയെപ്പോലെത്തന്നെ ഈ യാത്രയും മറ്റൊരു ത്രസിപ്പിക്കുന്ന അനുഭവമായിരിക്കുമെന്ന് പറഞ്ഞപ്പോള്‍ ബോറടിപ്പിക്കാതിരിക്കുന്ന ചില കാഴ്ചകള്‍ മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ.

ചാണ്ഡീഗഡിലേക്കുള്ള സമ്പര്‍ക്കക്രാന്തി എക്സ്പ്രസില്‍ കോഴിക്കോട് നിന്നും മറ്റു മൂന്നു പേരോടൊപ്പം ട്രയിന്‍ കയറി. പിറ്റേന്ന് പുലര്‍ച്ചെ ഗോവയിലെ മഡ്ഗാവ് റയില്‍വെ സ്റ്റേഷനിലിറങ്ങി. തുടര്‍ന്ന് ഹൌറ എക്സ്പ്രസിലായി യാത്ര.  ഇരുവശത്തുമുള്ള മരങ്ങള്‍ക്കിടയിലൂടെ നീണ്ട് കിടക്കുന്ന റയില്‍ പാളങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര രസകരമായിരുന്നു. ഈ അനുഭവമായിരിക്കണം സുഹൃത്ത് ഉദ്ദേശിച്ചെതെന്നതായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നെ പിന്നെ മലയിടുക്കുകളിലൂടെയും തുരങ്കങ്ങളിലൂടെയും ട്രയിന്‍ കടന്നുപോയ്ക്കൊണ്ടിരുന്നു. ഒരു ഭാഗത്ത് മലകളും മറുഭാഗത്ത് അഗാധമായ താഴ്ചകളും നിറഞ്ഞ കാഴ്ചകളായി പിന്നെ. നനുത്ത മഞ്ഞിലൂടെയുള്ള യാത്ര മനസ്സിനും ശരീരത്തിനും കുളിര്‍മ്മയേകി.

അപ്പോഴാണ് ദൂരെ ഇടതു വശത്തായി ഒരു വെള്ളച്ചാട്ടം കാണുന്നത്. ട്രയിനിലുള്ളവര്‍ ഞങ്ങളോട് വലതു വശത്തിരുന്നാല്‍ ട്രയിന്‍ അടുത്ത വളവ് തിരിയുമ്പോള്‍ വെള്ളച്ചാട്ടം കൂടുതല്‍ വ്യക്തമായി കാണാം എന്നു പറഞ്ഞു. ട്രയിന്‍ ഒരു വളവ് പിന്നിട്ടപ്പോള്‍ ഒരു മലമുകളില്‍ നിന്നെന്ന വണ്ണം താഴേക്ക് പതിക്കുന്ന ദൂത് സാഗര്‍ വെള്ളച്ചാട്ടം കാഴ്ചയില്‍ നിറഞ്ഞു.

പതഞ്ഞു പൊങ്ങുന്ന വെള്ളം പാലുപോലെ തോന്നിപ്പിക്കുന്നതിനാലാകണം ഇതിനു ദൂത് സാഗര്‍ എന്നു പേരു വീണത്. ഇതുമായി ബന്ധപ്പെട്ട ഒരു മിത്തുണ്ട്. ഇവിടം ഭരിച്ചിരുന്ന രാജാവിന്റെ ഏകമകള്‍ എന്നും കൊട്ടാരത്തിനടുത്തുള്ള ഈ തടാകത്തില്‍ കുളിക്കാന്‍ വരുമായിരുന്നു. കുളിക്കുന്നതിനോടൊപ്പം തന്റെ സ്വര്‍ണ്ണ പാത്രത്തില്‍ നിന്നും പാല്‍ കുടിക്കുക എന്നത് രാജകുമാരിയുടെ ഒരു പതിവായിരുന്നു. ഒരു ദിവസം ഇതു പോലെ പാല്‍ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാരോ മരങ്ങള്‍ക്കിടയില്‍ ഒളിഞ്ഞു നിന്നുകൊണ്ട് വീക്ഷിക്കുന്നതായി രാജകുമാരിയുടെ ശ്രദ്ധയില്‍പ്പെട്ടു. അയാളുടെ കാഴ്ചയെ മറയ്ക്കാനായി  പാത്രത്തിലിരുന്ന പാല്‍ അയാള്‍ക്ക് നേരെ കുടയുകയും ഞൊടിയിടയില്‍ തൊഴിമാര്‍ രാജകുമാരിയെ ഉടയാടകളുടുപ്പിക്കുകയും ചെയ്തു. രാജകുമാരിയുടെ അഭിമാനം രക്ഷിച്ചതിന്റെ തുടര്‍ച്ചയായിട്ടാണു പതഞ്ഞു പൊങ്ങുന്ന പാല്‍ കണക്കെ ഇപ്പോഴും ധൂത് സാഗര്‍ വെള്ളച്ചാട്ടം നിലനില്ക്കുന്നതെന്നാണ് ഐതിഹ്യം.

ഐതിഹ്യങ്ങളെന്തുമാവട്ടെ, ഈ ദൂത് സാഗര്‍ നയന മനോഹരമായ ഒരു കാഴ്ച തന്നെയാണ്. മാണ്ഡവി നദിയിലെ ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ വെള്ളച്ചാട്ടമാണ്. ഷാറൂഖ് ഖാന്‍ നായകനായി അഭിനയിച്ചിട്ടുള്ള ചെന്നൈ എക്സ്പ്രസ് എന്ന ഹിന്ദി സിനിമയില്‍ ഈ വെള്ളച്ചാട്ടം ചിത്രീകരിച്ചിട്ടുണ്ട്. ധാരാളം വിനോദ സഞ്ചാരികള്‍ ട്രക്കിംഗിനു തെരെഞ്ഞെടുക്കുന്ന ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം ഒക്ടോബര്‍ മാസമാണ്. തൊട്ടടുത്തുള്ള കാസ്റ്റല് റോക്ക് റെയില്‍വേ സ്റ്റേഷനാണ് ഇവിടം എത്തിച്ചേരാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. 

(മലപ്പുറം സ്വദേശി.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബി ടെക്ക് പൂര്‍ത്തീകരിച്ച ശേഷം പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിനാന്‍സ് മാനേജ്‌മെന്റില്‍ എം ബി എ  കരസ്ഥമാക്കി.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍