UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

മറ്റൊരു ന്യൂ ജനറേഷന്‍ ‘കലി’പ്പ്

അപര്‍ണ്ണ

സമീർ താഹിർ-ദുല്‍ഖര്‍-സായി പല്ലവി കൂട്ടുകെട്ടിന്റെ പേര് തന്നെ ‘കലി’ക്കു വലിയ പ്രതീക്ഷകളുടെ ഭാരം നല്കി. കലി പൂണ്ട ദുല്‍ഖറിനെയും ചിരിച്ചു മോഹിപ്പിക്കുന്ന സായി പല്ലവിയെയും ട്രയിലറിൽ കണ്ട ആൾക്കൂട്ടം ആദ്യ ഷോക്കു തന്നെ ഇരമ്പി വന്നു. ട്രയിലറിൽ കണ്ട സായി പല്ലവിയുടെ ‘തമിഴാളത്തെ’ ചുറ്റി പറ്റി കുറെ സോഷ്യൽ മീഡിയ ചർച്ചകൾ കണ്ടു. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാവിലെ തീയറ്ററിൽ ഇരുന്നു ചർച്ച നടത്തുന്ന കുറെ പേരെയും കണ്ടു.

സിദ്ധാർഥ് (ദുല്‍ഖർ)എന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ അടക്കാനാവാത്ത ദേഷ്യവും അത് ചുറ്റുമുള്ളവർക്ക് ഉണ്ടാക്കുന്ന വിവിധ തരം പ്രശ്നങ്ങളും ഒക്കെയാണ് ‘കലി’യുടെ പ്രധാന പ്രമേയം. ബാല്യം മുതലേ ഇയാൾ വലിയ ദേഷ്യക്കാരനാണ്. സഹപാഠി അഞ്ജലി (സായി പല്ലവി)യുമായുള്ള  പ്രണയ വിവാഹത്തോടെ പ്രശ്നങ്ങൾ കൂടുതൽ വഷളാവുന്നു. ഇരു വീട്ടുകാരുമില്ലതെ ഒറ്റപ്പെട്ടു ജീവിക്കുന്ന ഇവരുടെ ജീവിതത്തെ സിദ്ധാര്‍ഥിന്റെ കലി എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് അന്വേഷിക്കുന്നു ‘കലി’. ഒപ്പം ചുറ്റുമുള്ളവരെയും. അപ്രതീക്ഷിതമായി ഇവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന ചില ദുരന്തങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. ആ അർത്ഥത്തിൽ സിനിമ പേരിനോട് നീതി പുലർത്തി എന്ന് പറയാം. ആ റോൾ ദുൽഖറിന്റെ കയ്യില്‍ ഭദ്രവുമാണ്‌.

സായി പല്ലവിയുടെ കടുത്ത ആരാധകർ ക്ഷമിക്കുക, സിദ്ധാര്‍ഥിന്റെ ഭാര്യയും ഏക സുഹൃത്തുമായ അഞ്ജലിയുടെ മുഴുനീള റോൾ അവർ നശിപ്പിച്ചു കളഞ്ഞു. പിങ്ക് കവിളും കൊലുന്നനെയുള്ള ശരീരവും നല്കുന്ന കാഴ്ചാനുഭവം മാത്രമായി അവർ ഈ സിനിമയിൽ. തമിഴ് മലയാളത്തെ മസനഗുഡിക്കരിയാക്കി മാറ്റി രക്ഷിച്ചിട്ടും അവർ പ്രേക്ഷകരോട് അകന്നു നില്ക്കുന്നു. സ്വാഭാവിക അഭിനയവും ടൈമിങ്ങും ശരീര ഭാഷയും കൊണ്ട് ചെമ്പൻ വിനോദും സൌബിനും നമ്മളെ രസിപ്പിക്കുമ്പോൾ. വിനായകന്റെ റോൾ അയാളുടെ കഴിഞ്ഞ കാല സിനിമകളുടെ ആവർത്തനം മാത്രമായി മാറി.

പ്രധാന കഥയുമായി ഉപകഥയെ കൂട്ടി മുട്ടിക്കുക എന്ന ന്യൂ ജെനറേഷൻ സിനിമാ രീതിയെ ഒരാവശ്യവും ഇല്ലാതെ കൂട്ട് പിടിച്ചിട്ടുണ്ട് സമീർ താഹിർ. ഒരാളുടെ ക്രോധത്തെ കാണിക്കാൻ എന്തിനാണ് ഏച്ചുകെട്ടിയ ഒരു അധോലോക കഥയും കുറെ സസ്പെന്സുകളും. പലതരം കലികൾ അങ്ങോട്ടും ഇങ്ങോട്ടും വെട്ടി ജയിക്കുന്നത് സിനിമയുടെ പുതുമയെ ഇല്ലാതാക്കി. സിദ്ധാര്‍ഥിനെ പോലൊരു സാധാരണ മനുഷ്യന്റെ ജീവിതത്തിൽ അത്തരം അതിശയോക്തികളുടെ ആവശ്യം ഉണ്ടായിരുന്നില്ല. അനാവശ്യ ഡീറ്റയിലിംഗ്  ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’യിലെ പോലെ ‘കലി’യിലും ഉണ്ട്. പ്രേക്ഷകർക്ക് എളുപ്പത്തിൽ ഊഹിക്കാവുന്ന സസ്പെന്സും ക്ലൈമാക്സും രസംകൊല്ലികൾ ആയി. കാണികൾ വളരെ എളുപ്പത്തിൽ ഓരോ രംഗവും പ്രവചിക്കുന്നത് കേൾക്കാമായിരുന്നു. ക്യാമറ കൊണ്ട് കഥ പറയുന്ന രീതി കൌതുകം ഉണ്ടാക്കുനുണ്ട്. കുഞ്ഞു താക്കോൽ പഴുതിൽ നിന്നും വലിയ ചന്ദ്രനെ കാണിക്കുന്നതിന് പുതുമ ഉണ്ട്. പക്ഷെ പുതുമ മാത്രമേ ഉള്ളു. പാട്ടുകളും പ്രണയവും ട്വിസ്റ്റുകളും കാഴ്ചകളും ഒന്നും ആരെയും പിടിച്ചിരുത്തുന്നില്ല.

ദേഷ്യം കൊണ്ട് നിസ്സഹായനായ, ഒറ്റപ്പെട്ട, ആൾക്കൂട്ടങ്ങളിൽ നിന്നും ഓടിപ്പോകുന്ന നമ്മളൊക്കെ കാണുന്ന ഒരു സാധാരണ ചെറുപ്പക്കാരനിൽ നിന്നാണ് കലി തുടങ്ങുന്നത്. വേണ്ടപ്പെട്ടവര്ക്കും തനിക്ക് തന്നെയും പ്രശ്നങ്ങൾ ഉണ്ടാക്കുന്നവൻ..സിനിമ തീരുമ്പോൾ പക്ഷെ അയാളില്ല. ഒരു നായകൻ അതി ഭയങ്കര പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ കൊടും ഭീകര വില്ലനെ തല്ലാൻ വരുന്ന അതിമാനുഷിക കാഴ്ചയാണ് ബാക്കിയാവുന്നത്. അങ്ങനെ ആവുന്നതിൽ കുഴപ്പമൊന്നുമില്ല. പക്ഷെ കണ്ടിറങ്ങി മറന്നു പോകുന്ന നൂറു കണക്കിന് സിനിമകളിൽ ഒന്നായി ‘കലി’യും മാറി. വ്യതസ്തത ഉള്ള തീമിനെ ഭാവനാ പൂർണമായി വികസിപ്പിക്കാൻ അണിയറ പ്രവർത്തകർക്ക് കഴിയാതെ പോയി. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍