UPDATES

സുപ്രീം കോടതി ചട്ടങ്ങള്‍ മറികടന്ന് അദാനി ഗ്രൂപ്പിന്റെ കേസുകള്‍ പ്രത്യേക ബഞ്ചിന് നല്‍കിയെന്ന് ആരോപണം, നടപടിക്രമത്തിലെ പിഴവ് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസിന് മുതിർന്ന അഭിഭാഷകന്റെ കത്ത്

അടിയന്തരപ്രധാന്യമില്ലാത്ത കേസുകള്‍ അവധിക്കാല ബഞ്ച് പരിഗണിച്ച്തിനെതിരായാണ് ആരോപണം

സുപ്രീം കോടതിയുടെ കീഴ് വഴക്കങ്ങള്‍ ലംഘിച്ച് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കേസുകള്‍ ചില പ്രത്യേക ബഞ്ചിന് നല്‍കിയെന്ന് ആരോപണം. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയാണ് ഇത്തരം കാര്യങ്ങളില്‍ തിരുത്തല്‍ നടപടിയാവശ്യപ്പെട്ട് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്ക് കത്തെഴുതിയത്.

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ കോടതി പരിഗണിച്ച രീതിയെക്കുറിച്ചാണ് ദുഷ്യന്ത് ദാവെ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലാതിരുന്നിട്ടും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ അവധിക്കാല ബഞ്ചിന്റെ പരിഗണനയില്‍ വന്നതിനെക്കുറിച്ചാണ് ദുഷെന്ത് ദാവെ സംശയങ്ങള്‍ ഉന്നയിക്കുന്നത്.

കേസ് നീട്ടിവെയ്ക്കണമെന്ന ബന്ധപ്പെട്ട അഭിഭാഷകരുടെ അപേക്ഷ പരിഗണിക്കാതെയാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചു.

2018 ലെ രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധിക്കെതിരെ അദാനിയുടെ അനുബന്ധ സ്ഥാപനമായ പാര്‍സ കെന്റെ കോല്ലീറീസ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിലാണ് അവധിക്കാല ബഞ്ച് പരിഗണിച്ച് തീരുമാനമെടുത്തത്. അവധിക്കാല ബഞ്ചിന്റെ പരിഗണനയ്ക്ക് വരാന്‍ മാത്രം അടിയന്തര പ്രാധാന്യം കേസിനില്ലായിരുന്നുവെന്നാണ് ദാവെ ചൂണ്ടിക്കാട്ടുന്നത്. രാജസ്ഥാന്‍ വൈദ്യുത് ഉത്പാദന്‍ നിഗം ലിമിറ്റിഡിനെതിരെയായിരുന്നു ഹര്‍ജി.

ജസ്റ്റീസ് അരുണ്‍ മിശ്രയും എം ആര്‍ ഷായുമാണ് കേസ് പരിഗണിച്ചത്. കേസില്‍ അടിയന്തരമായി തീര്‍പ്പ് കല്‍പ്പിക്കേണ്ടതുണ്ടോ എന്ന കാര്യം അന്വേഷിച്ചില്ലെന്നും ദുവെ ആരോപിക്കുന്നു.

അദാനി പവര്‍ ലിമിറ്റഡും ഗുജറാത്ത് ഇലക്ട്രസിറ്റി റഗുലേറ്ററി കമ്മീഷനും തമ്മിലുള്ള കേസാണ് അവധിക്കാല ബഞ്ച് പരിഗണിച്ചത്. കേസ് പരിഗണിക്കരുതെന്ന അപേക്ഷ അഭിഭാഷകന്‍ മുന്നോട്ടുവെച്ചെങ്കിലും കോടതി പരിഗണിച്ചില്ലെന്നും ദുഷ്യന്ത് ദാവെ പറഞ്ഞു. മെയ് 24 നും ഇക്കാര്യം കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പരിഗണിക്കാതെ കേസുമായി മുന്നോട്ടുപോകുകയാണ് കോടതി ചെയ്തത്.

അരുണ്‍ മിശ്ര, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ട് കേസുകളിലും അദാനി ഗ്രൂപ്പിന് അനുകൂലമായാണ് തീരുമാനമുണ്ടായത്. സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചല്ല ഈ കേസുകള്‍ പരിഗണിച്ചതെന്നും ദാവെ ആരോപിച്ചു.

വന്‍കിട കമ്പനികളുടെ സാധാരണ കേസുകള്‍ അവധിക്കാലത്ത് പരിഗണിക്കുകയും അവര്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുകയും ചെയ്യുന്ന അവസ്ഥ ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോടതി വിധിയെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുകയല്ല താന്‍ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസുകള്‍ എടുക്കുന്നതിന് മുമ്പ് റജിസ്ട്രീ ചീഫ് ജസ്റ്റീസിന്റെ അനുമതി തേടിയിട്ടുണ്ടോ എന്നും ദാവെ ചോദിച്ചു.

ജസ്റ്റീസ് ദീപക് മിശ്ര ചീഫ് ജസ്റ്റീസ് ആയിരിക്കുമ്പോള്‍ ചില പ്രത്യേക കേസുകള്‍ ചില പ്രത്യേക ബഞ്ചിന് നല്‍കുന്നതിനെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത് ഓര്‍മ്മിപ്പിച്ചാണ് കത്ത് ആരംഭിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍