UPDATES

ഡോ. വീണാ മണി

കാഴ്ചപ്പാട്

ഡോ. വീണാ മണി

ന്യൂസ് അപ്ഡേറ്റ്സ്

ദുതി ചന്ദ്: ഇതൊരു ഓട്ടത്തിന്റെ മാത്രം പ്രശ്നമല്ല

ദുതീ ചാന്ദ്: ഓഗസ്ത് അഞ്ചിന് ആരംഭിക്കുന്ന റിയോ ഒളിംപിക്‌സില്‍ നൂറു മീറ്റര്‍ ഓട്ടമത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവള്‍. 1980-ലും പിന്നീടും 84-ലും പി ടി ഉഷ പ്രതിനിധീകരിച്ച അതേ ഇവന്റിന് മുപ്പതോളം വര്‍ഷത്തിന് ശേഷം ഒളിംപിക്‌സിന് യോഗ്യത നേടിയവള്‍. ഈ 20 വയസ്സുകാരിക്കും മറ്റു പലര്‍ക്കും ഈ മത്സരം ഒളിംപിക്‌സിന്റെ സ്വര്‍ണത്തിളക്കത്തെക്കാള്‍ ഒത്തിരി വിലയുണ്ട്. നൂറ്റാണ്ടുകളുടെ ലിംഗപരമായ വേര്‍തിരിവുകളുടെയും അവയുടെ അളക്കലുകളുടെയും ഇന്നും തുടരുന്ന ഒരു നിര്‍ണായക പോരാട്ടത്തിന്റെ നടുവിലാണ് ദുതി ഇപ്പോള്‍.

 

കോമ്മണ്‍വെല്‍ത്ത് മത്സരങ്ങളില്‍ നിന്നുള്ള പുറത്താക്കല്‍
2014-ല്‍ കോമണ്‍വെല്‍ത് മത്സരത്തില്‍ നിന്നും അവസാന നിമിഷം ദുതിയെ അയോഗ്യയായി പ്രഖ്യാപിക്കുകയായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ടോപ്പിങ്ങൊ മറ്റു വഞ്ചനയോ ആരോപിച്ചല്ല, മറിച്ച് അവരുടെ ആന്‍ഡ്രോജെന്‍സ്, അതില്‍ തന്നെ പുരുഷ ഹോര്‍മോണുകള്‍ എന്നു വിളിക്കപ്പെടുന്ന റ്റെസ്സ്‌റ്റോസ്റ്റീറോണുകള്‍ പൊതുവെ സ്ത്രീകളില്‍ കാണുന്നതില്‍ നിന്നും കൂടുതലാണെന്നു ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. സ്ത്രീകളില്‍ പൊതുവെ 1.0 മുതല്‍ 3.3 നാനോമോള്‍സ് അളവാണ് ഒരു ലിറ്റര്‍ രക്തത്തില്‍ ഉള്ളതെന്നും, പുരുഷന്മാര്‍ക്ക് പത്തില്‍ കൂടുതല്‍ നാനോമോള്‍സ് ഉണ്ടാകുമെന്നാണ് അംഗീകരിച്ചിട്ടുള്ള കണക്കുകള്‍. ദുതിയുടെ ടെസ്‌റ്റോസ്റ്റിറോണ്‍ കണക്കുകള്‍ പുറത്തുവിടാതിരിക്കുകയും അവ ‘പുരുഷ അളവില്‍’ അകപ്പെടുന്നു എന്നുമായിരുന്നു ഔദ്യോഗിക ഭാഷ്യം. അങ്ങനെ ഏറെ പ്രതീക്ഷകള്‍ ഉണ്ടായിട്ടും ഒട്ടും വസ്തുനിഷ്ഠമല്ലാത്ത ഒരു അളവുകോലിന്റെ പുറത്ത് ദുതി കോമണ്‍വെല്‍ത്ത് മത്സരങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ടു. അവരുടെ സ്ത്രീ എന്ന അവസ്ഥ തന്നെ ചോദ്യം ചെയ്യപ്പെടുകയും തുടര്‍ന്നു വളരെയേറെ നാണം കെടലിനും പരിഹാസത്തിനും ഇരയാകേണ്ടി വന്നു.

 

എന്തു കൊണ്ടാണ് ഇത്തരം ലിംഗനിര്‍ണയ മാര്‍ഗങ്ങള്‍ വസ്തുനിഷ്ടമല്ല എന്നു പറയപ്പെടുന്നത്?
സ്പോര്‍ട്സില്‍ ലിംഗനിര്‍ണയം സ്ത്രീകളുടെ മത്സരങ്ങളില്‍ മാത്രമാണുള്ളത്. വേഷം മാറി വരുന്ന പുരുഷന്മാരെയും ഇന്റര്‍സെക്‌സ് വിഭാഗത്തില്‍പ്പെടുന്ന വ്യക്തികളെയും പുറംതള്ളാനാണ് ഈ സംവിധാനം രൂപപ്പെടുത്തിയത്. എന്നാല്‍ ഇതിനു വേണ്ടി വളരെ അശാസ്ത്രീയവും പങ്കെടുക്കുന്ന കായികതാരങ്ങളുടെ മാന്യതയെ ചോദ്യംചെയ്യുന്ന രീതിയിലുമായിരുന്നു എല്ലാ കാലവും ഇവ നടത്തിപ്പോന്നിരുന്നത്. ആദ്യ കാലങ്ങളില്‍ ഡോക്ടര്‍മാരുടെ മുന്നിലൂടെ ഇവരെ നഗ്‌നരാക്കി നടത്തുകയാണ് ചെയ്തിരുന്നത്. പിന്നീട് റ്റെസ്സ്‌റ്റോസ്റ്റീറോണ്‍ അളവും ക്രോമസോമിന്റെ ഘടനയും മറ്റും അളന്നു കൊണ്ടുള്ള നിര്‍ണയ രീതികള്‍ ഉപയോഗിച്ചു തുടങ്ങി. എന്നാല്‍ ഇതിലെ ഒരു പ്രശ്നം പല എന്‍ഡോക്രിനോളജിസ്റ്റുകളും ജെനറ്റിസിസ്റ്റുകളും പറയുന്നത് പ്രകൃതി വരക്കാത്ത വര ശാസ്ത്രത്തെ കൊണ്ടു കണ്ടുപിടിക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത് എന്നാണ്. അതായത്, ജൈവികമായുള്ള സത്യത്തിനെ ശാസ്ത്രത്തിനു കണ്ടുപിടിക്കാനാകും, അതിനെ ഉപയോഗത്തില്‍ പരിഷ്‌കരിക്കാനും ശാസ്ത്രത്തിനു സാധിക്കും. എന്നാല്‍ ഇവിടെ ഇല്ലാത്ത ലിംഗപരിധികള്‍ നിര്‍ണയിക്കാനാണ് സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ ശ്രമിക്കുന്നത്.

 

 

റ്റെസ്സ്‌റ്റോസ്റ്റീറോണിന്റെ അളവ് മാത്രം വച്ച് ഒരു വ്യക്തിക്ക് മറ്റുള്ള കായികതാരങ്ങളുടെ മേല്‍ ഗുണം പറയാന്‍ സാധിക്കില്ല. അതിനു മറ്റു പല അന്തര്‍ഗ്രന്ഥി സ്രവങ്ങളുടെയും സഹായവും മറ്റ് അനുകൂല സാഹചര്യങ്ങളും വേണം. ഇതു കൂടാതെ ചില ശരീരങ്ങളില്‍ റ്റെസ്സ്‌റ്റോസ്റ്റീറോണിന്റെ ആധിക്യം മൂലമുള്ള അനന്തരഫലത്തെ ശരീരം തന്നെ നിയന്ത്രിക്കുന്നു. അതായത് ദുതിയുടെ വിഷയത്തില്‍ അവര്‍ക്കു റ്റെസ്സ്‌റ്റോസ്റ്റീറോണിന്റെ അളവ് പൊതുവായി സ്ത്രീകളില്‍ കാണുന്ന അളവിനെക്കാള്‍ കൂടുതലെന്ന് പറഞ്ഞാലും അതിന്റെ ഗുണം അവര്‍ക്കു ലഭിക്കുന്നു എന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

 

രാജ്യാന്തര ഇടപെടലുകള്‍
കോമണ്‍വെല്‍ത്ത് മല്‍സരങ്ങളില്‍ നിന്നും ദുതി പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന്‍ സ്‌പോര്‍ട്‌സിലെ ലിംഗപരതയെക്കുറിച്ചു പഠനം നടത്തുന്ന പായോഷിനി മിത്ര, ദുതിയോട് ഈ വിധിക്കെതിരെ പൊരുതാന്‍ പ്രോത്സാഹിപ്പിച്ചു. ഈ വിധി നീതിയല്ലെന്നു ചൂണ്ടിക്കാട്ടി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് കത്തെഴുതാനായിരുന്നു ഉപദേശം. ഈ കേസ് ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഫോര്‍ ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്സില്‍ എത്തിക്കുകയും അവിടെ ഒട്ടേറെ രാജ്യാന്തര താരങ്ങളും സംഘടനകളും ദുതിക്കു വേണ്ടി നിലയുറപ്പിക്കുകയും ചെയ്തു. ഓസ്ട്രേലിയന്‍ ഇന്റര്‍സെക്‌സ് വക്താക്കള്‍ ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മറ്റിയുടെ ഹൈപ്പര്‍ ആന്‍ഡ്രോഗൈനിസം ചൂണ്ടിക്കാണിച്ചുള്ള അയോഗ്യതകളെ ശക്തമായി അപലപിച്ചു.

 

ഇവയിലൊക്കെയും എന്റെ ശ്രദ്ധ ആകര്‍ഷിച്ചത് 2008 ഒളിംപിക്‌സില്‍ പങ്കെടുത്ത മെഡലിന്‍ പെപ്പിന്റെ സാക്ഷ്യമാണ്. 2009 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ലിംഗ നിര്‍ണയത്തിന്റെ പേരില്‍ ആരോപണവിധേയയാക്കപ്പെട്ട കാസ്റ്റര്‍ സെമന്യക്കൊപ്പം മത്സരത്തില്‍ പങ്കെടുത്തിരുന്നു മെഡലിന്‍. ‘അന്ന് ഞാന്‍ കരുതിയിരുന്നു, ഇത്തരക്കാരെ മത്സരിപ്പിക്കാന്‍ പാടില്ല എന്ന്‍. എന്നാല്‍ ഇപ്പോള്‍ എന്റെ ഓട്ടത്തിന്റെ നാളുകള്‍ കഴിയുകയും ഇപ്പോള്‍ വിമര്‍ശനപരമായി ഇത്തരം വിഷയങ്ങള്‍ ഞാന്‍ പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു’. ലിംഗനിര്‍ണയത്തെക്കുറിച്ചും ലിംഗവ്യത്യാസങ്ങളെ കുറിച്ചുമുള്ള ശാസ്ത്രപഠനങ്ങള്‍ കലഹങ്ങള്‍ നിറഞ്ഞതാണെന്നും അവ മാറിക്കൊണ്ടിരിക്കുന്നവയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘റിയോയില്‍ അവള്‍ ഓടുന്നത് കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്’ എന്നായിരുന്നു മെഡലിന്‍ അത്യധികം ആവേശത്തോടെ ദുതിയെക്കുറിച്ച് പറഞ്ഞത്. പഠിക്കുന്ന വിഷയവും ജീവിക്കുന്ന ജീവിതവും തമ്മിലുള്ള ദൂരം ഇവരൊക്കെ ഓടിത്തീര്‍ത്ത പോലെ തോന്നിപ്പോയി.

 


കാസ്റ്റര്‍ സെമന്യ

 

കഴിഞ്ഞ ജൂലൈയില്‍ വന്ന വിധി അനുസരിച്ച് ദുതിക്ക് മത്സരിക്കാം. രണ്ടു വര്‍ഷത്തിനുള്ളില്‍ റ്റെസ്സ്‌റ്റോസ്റ്റീറോണിന്റെ അളവ് ഉപയോഗിച്ചുള്ള ടെസ്റ്റിംഗിന്റെ വാലിഡിറ്റി സംശയങ്ങള്‍ക്ക് അതീതമായി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്‍ സ്ഥാപിക്കണം. ഇല്ലെങ്കില്‍ ഈ നിര്‍ണയ നീതി കോടതി അസാധുവാക്കും. ഇതുപക്ഷേ, വളരെ ചരിത്രപരമായ പ്രതീക്ഷ നല്‍കുന്നതുമായ വിധിയാണ്.

 

ലിംഗപരമായ വ്യത്യാസങ്ങളും അതിന്റെ നിര്‍ണയങ്ങളും ഇപ്പോഴും കുരുക്കഴിയാത്ത ചോദ്യങ്ങളാണ്. താത്ക്കാലികമായി ഇതിനൊക്കെ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുമ്പോഴും നിരന്തരം ചോദ്യംചെയ്യലിന് കീഴില്‍ വരുന്ന വിഷയങ്ങള്‍. കാരണം ലിംഗപദവി എന്നുള്ളത് എല്ലാ സ്വത്വങ്ങളുടെയും മുകളില്‍ ഏച്ചു കെട്ടുന്നവയല്ല, മറിച്ച് എല്ലാവരുടെയും ജീവിതത്തിന്റെ അവസ്ഥയനുസരിച്ച് ഇടക്കെങ്കിലും കേന്ദ്രസ്ഥാനത്ത് വരുന്നതാണ്. ആധിപത്യ ആണത്തങ്ങള്‍ക്ക് ഇവ അദൃശ്യമാവുമ്പോള്‍ മറ്റു പലര്‍ക്കും ഇതു ദൈനംദിന ജീവിതത്തിന്റെ അടിസ്ഥാന പ്രശ്‌നമാണ്.

 

ഇതൊരു ഓട്ടത്തിന്റെ മാത്രം പ്രശ്‌നമല്ല.

 

കടപ്പാട്: ന്യുയോര്‍ക്ക് ടൈംസില്‍ റൂത് പടവെര്‍ എഴുതിയ The Humiliating Practice of Sex-Testing Female Athletes എന്ന ലേഖനം. 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. വീണാ മണി

ഡോ. വീണാ മണി

കാണുന്നതും കേൾക്കുന്നതും പഠിക്കുന്നതുമായ ഈ ലോകത്തെ എങ്ങനെ നിരന്തരം സൃഷ്ടിക്കുന്നു എന്ന പറച്ചിലുകളാകുന്നു ഈ (അപ)ശബ്ദങ്ങൾ. തികച്ചും എന്നാൽ ഇവയൊക്കെ തികച്ചും അപരമായ ശബ്ദങ്ങളാകുന്നുമില്ല. ഇപ്പോള്‍ ചെന്നൈയില്‍ ഇംഗ്ലീഷ് ആന്‍ഡ് കള്‍ച്ചറള്‍ സ്റ്റഡീസില്‍ അസി. പ്രൊഫസര്‍.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍