UPDATES

ബീഫ് രാഷ്ട്രീയം

‘ബീഫുമായി ഓടിയ യുവാവിനെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു’; മാനന്തവാടിയില്‍ പ്രതിഷേധത്തിന്റെ വേറിട്ട മുഖവുമായി ഡിവൈഎഫ്‌ഐ

‘ഞാന്‍ കള്ളനല്ലാ.., അല്‍പം പോത്തിറച്ചി കയ്യില്‍ വെച്ചതിനാണോ നിങ്ങളെന്നെ ക്രൂശിക്കുന്നത്..?

മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ ഇന്നലെ വൈകുന്നേരം കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി നയത്തിനെതിരെ നടന്ന പ്രതിഷേധം വേറിട്ടതായി. ഡിവൈഎഫ്‌ഐ ആണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്തോ നെഞ്ചോട് ചേര്‍ത്തുപിടിച്ചോടുന്ന യുവാവിനെ ഒരു കൂട്ടമാളുകള്‍ പോസ്റ്റ് ഓഫീസ് ഭാഗത്തു നിന്നും ഓടിച്ചു കൊണ്ടുവന്ന് ഗാന്ധി പാര്‍ക്കില്‍ വെച്ച് കയ്യേറ്റം ചെയ്യുന്നതു കണ്ട് നാട്ടുകാര്‍ തടിച്ചുകൂടി. എന്നാല്‍ അല്‍പം പോത്തിറച്ചി ആയിരുന്നു യുവാവിന്റെ കൈവശമെന്നും, കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ നടത്തിയ തെരുവ് നാടകത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാമെന്ന് പിന്നീടാണ് ഏവര്‍ക്കും മനസ്സിലായത്.

വൈകുന്നേരം ആറ് മണിയോടെയാണ് ഗാന്ധി പാര്‍ക്കിനെ ഇളക്കിമറിച്ച പ്രതിഷേധം അരങ്ങേറിയത്. സ്വര്‍ണ്ണം തട്ടിപ്പറിച്ചോടിയതോ, കഞ്ചാവ് കൈവശം വെച്ചോടിയതോ അങ്ങനെയെന്തോ കാരണം കൊണ്ടാണ് യുവാവ് ഓടിയതെന്നാണ് നാട്ടുകാര്‍ ഉറപ്പിച്ചത്. ഓടിക്കൂടിയ നാട്ടുകാരും ഇയാളെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. ഒടുവില്‍ പ്രതിഷേധക്കാരുടെ നേരെ വിരല്‍ ചൂണ്ടി കഥാനായകനായ യുവാവ് കരഞ്ഞുകൊണ്ട് ചോദിച്ചു. ‘ഞാന്‍ കള്ളനല്ലാ.., അല്‍പം പോത്തിറച്ചി കയ്യില്‍ വെച്ചതിനാണോ നിങ്ങളെന്നെ ക്രൂശിക്കുന്നത്..?’

ഇതു പറഞ്ഞ് യുവാവ് കയ്യിലെ പൊതി അഴിക്കുകയും ചെയ്തു. അപ്പോഴാണ് അതില്‍ പോത്തിറച്ചിയാണുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. അതേസമയം പോത്തിറച്ചിയാണെന്ന് കണ്ട് കയ്യില്‍ ചരടുകെട്ടിയ ഏതാനും പേര്‍ ഇദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് വിളിച്ച് മര്‍ദ്ദിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. ഇഷ്ടപ്പെട്ട ആഹാരം കഴിക്കാന്‍ പോലും തനിക്ക് അവകാശമില്ലേയെന്ന് യുവാവ് ഈ സമയം ചോദിക്കുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനും ആര്‍എസ്എസിനുമെതിരെ മുദ്രാവാക്യവുമായി ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നതോടെയാണ് നാട്ടുകാര്‍ക്ക് ഇത് പ്രതിഷേധത്തിന്റെ ഭാഗമായുള്ള തെരുവുനാടകമാണെന്നും വ്യക്തമായത്.

സാധാരണ ബീഫ് ഫെസ്റ്റ് നടത്തി പിരിഞ്ഞു പോകുന്നതിലുപരിയായി പൊതു ജനത്തിന്റെ മനസില്‍ ചലനങ്ങള്‍ സൃഷ്ടിക്കണമെന്നുള്ള ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ സമരതന്ത്രമായിരുന്നു ഇത്. ഒടുവില്‍ കാഴ്ചക്കാരായെത്തിയ ആളുകള്‍ക്ക് ബീഫും ബ്രഡും നല്‍കിയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍