UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡി വൈ എഫ് ഐ ആവുമ്പോ ഫാസിസമല്ലല്ലോ, സാമൂഹിക ദൌത്യമല്ലേ

Avatar

പ്രിയന്‍ അലക്‌സ്

കണ്ണൂരിലെ എരമം കുറ്റൂര്‍ പഞ്ചായത്തിലെ പലയിടത്തും ഡിവൈഎഫ്‌ഐ മദ്യപാനം നിരോധിച്ചുകൊണ്ട് ബോര്‍ഡ് വെച്ചിരിക്കുന്നു. ഇത് ഒരു ഭീഷണിയാണ്. പ്രകൃത്യാ ശുദ്ധഗതിക്കുള്ളതെന്ന് തോന്നിക്കുന്ന സാംസ്‌കാരിക മേല്‍ക്കോയ്മയും സദാചാര പൊലീസിങ്ങുമാണ്. മദ്യപര്‍ക്ക് വഴിനടക്കാന്‍ കഴിയില്ലെങ്കില്‍, അവരെ കൈകാര്യം ചെയ്യുമെങ്കില്‍ അത് മധ്യവര്‍ഗവരേണ്യതയെ മുഖ്യധാരയില്‍ നിര്‍ത്തലാണ്. ബഹുഭൂരിപക്ഷവും കര്‍ഷകത്തൊഴിലാളികളോ കൂലിപ്പണിക്കാരോ അധിവസിക്കുന്ന ഈ പഞ്ചായത്തില്‍ ക്ഷീണിതരായി അല്‍പം മദ്യം കഴിച്ച് നടന്നുവരുന്നവരെ കൈകാര്യം ചെയ്യണമെന്ന് ഡി വൈ എഫ് ഐക്ക് എങ്ങനെ തോന്നി? തൊട്ടടുത്ത ബിവറേജ് ഔട്ട്‌ലെറ്റിലേക്ക് ഇവിടെനിന്ന് 24 കിലോമീറ്റര്‍ ദൂരമുണ്ട് (ആലക്കോട്/ പിലാത്തറ) ഈ ബോര്‍ഡുള്ള സ്ഥലത്തുനിന്ന് പത്ത് ചുവടുനടക്കാനില്ല അനധികൃതമായി മണലുവാരുന്ന കടവിലേക്ക്. അതിനെയാരും തടയാനില്ല. കേവലം മുക്കാല്‍ കിലോമീറ്റര്‍ ദൂരത്തില്‍ നാട്ടുകാരുടെ പരാതി ഏറെയുള്ള ഒരു ക്വാറി പ്രവര്‍ത്തിക്കുന്നു. അതിലും ഡി വൈ എഫ് ഐ ഒന്നും പറയില്ല. ക്വാറിക്കെതിരെ നടന്ന സമരത്തില്‍ ഡി വൈ എഫ് ഐ നിഷ്‌ക്രിയരായിരുന്നു. ഇക്കാര്യം ഞാന്‍ ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റിനോട് ഉന്നയിച്ചപ്പോള്‍ ലഭിച്ച മറുപടി ഇതാണ്: ‘ കണ്ണൂരിനൊരു സംസ്‌കാരമുണ്ട്, അത് ചോദ്യം ചെയ്യുന്ന പാരമ്പര്യമാണ്. അത് ആ നിലയ്ക്ക് തന്നെ തുടരും.’ കണ്ണൂരിന്റെ സംസ്‌കാരം എന്ന പ്രയോഗം തന്നെ പിശകാണ്. കണ്ണൂരിന്റെ സംസ്‌കാരത്തില്‍ (മുത്തപ്പനും തെയ്യവും, വെള്ളാട്ടവും) മദ്യത്തിന്റെ സ്ഥാനം ഇവര്‍ക്കറിയില്ലേ? നെല്ല് ജന്മിയുടെ പത്തായത്തില്‍ അമര്‍ന്നിരുന്നപ്പോഴും കള്ള് ഇവിടുത്തെ കീഴാളന്റെ കയ്യിലമര്‍ന്നിരുന്നു. ഇതൊരു പക്ഷെ കണ്ണൂരിലെ മാത്രം സ്ഥിതിയാവില്ല. എല്ലായിടത്തും സമൂഹത്തെ സാധാരണവത്കരിച്ച് വരേണ്യവത്കരിക്കാനുള്ള ശ്രമമുണ്ട്.

‘ഇത് പൊതുവഴിയല്ല’ എന്ന ബോര്‍ഡ് എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കാണാന്‍ കഴിയുന്നതാണ്. ചില ഗ്രാമങ്ങളിലെങ്കിലും (കണ്ണൂരില്‍) ‘ഇവിടെ പരസ്യമദ്യപാനം നിരോധിച്ചിരിക്കുന്നു’ എന്ന ഫ്‌ളെക്‌സ് എഴുതിവെച്ചിരിക്കുന്നു. പരസ്യമായി മദ്യപിച്ചാല്‍ എന്താണ് കുഴപ്പം? വഴിയരികില്‍ മദ്യപിച്ചാല്‍ എന്താണ് കുഴപ്പം? അന്തരീക്ഷത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറയുകയോ അന്തരീക്ഷ മലിനീകരണമുണ്ടാവുകയോ ഇല്ലല്ലോ? പൊതുജനങ്ങള്‍ക്കു ശല്യമാവുന്നെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ പോലീസുണ്ടല്ലോ. ഒളിസേവയിലൂടെ മാത്രമേ സര്‍ഗാത്മ കലാപം നിറവേറാന്‍ പാടുള്ളൂ എന്നില്ലല്ലോ. പരസ്യമാവുന്നതിനെ ഭയക്കേണ്ടതരം സദാചാരവിക്ഷോഭത്തെ എന്തിനാണ് ഒരു സമൂഹം ആന്തരികവത്കരിക്കുന്നത്. നല്ലൊരു മദ്യപഭൂതകാലം സ്വന്തമായുണ്ടായിരുന്ന നമ്മള്‍ ചായക്കടകളെക്കാള്‍ കള്ളുഷാപ്പുകള്‍ ഇഷ്ടപ്പെട്ടിരുന്നു. അന്തിക്കള്ള് വൈകുന്നേരത്തെ ചായയെക്കാള്‍ റസ്റ്റിക്കാണ്, ഗൃഹഹാതുരമാണ്. അന്നൊക്കെ സ്വീകരിച്ചാനയിക്കാന്‍ ചായയോ കാപ്പിയോ അല്ല, കള്ളോ കഞ്ഞിവെള്ളമോ ആയിരിക്കും ഉപയോഗിച്ചിരിക്കുക. ഊട്ടിയുറപ്പിക്കുന്നതൊക്കെയും അങ്ങനെയാവില്ലേ? എല്ലാ സംസ്‌കാരത്തിലും മദ്യമുണ്ടായിരുന്നു. മഹത്തായ സംസ്‌കാരമെന്നും പൈതൃകമെന്നും (തന്തവഴി) പ്രസംഗിക്കുന്നവര്‍ ഏതു സംസ്‌ക്കാരത്തെയും പൈതൃകത്തെയും പറ്റിയാണ് പറയുന്നതെന്നും അതിലൊളിഞ്ഞിരിക്കുന്ന സാംസ്‌ക്കാരിക മുഖ്യധാരാ അധീശത്വത്തിന്റെ അപകടമെന്തെന്നും തിരിച്ചറിയുന്നുവോ. സംസ്‌ക്കാരം സംസ്‌കാരത്തോട് കാല്‍ കഴുകി പ്രവേശിക്കാനോ, പരസ്പരം വിഴുങ്ങാന്‍ തയ്യാറെടുക്കുന്നതിനെക്കുറിച്ചോ അപകര്‍ഷതയാല്‍ ചൂഴ്ന്നിരിക്കുന്ന കള്ള് നാറ്റത്തെക്കുറിച്ചോ ആരെങ്കിലും വ്യാകുലപ്പെടുന്നുണ്ടോ?

ഒരു തൊഴിലാളിയുടെ ഇമേജ് എന്ന നിലയില്‍ മനോരമയില്‍ യേശുദാസന്‍ ( ഇപ്പോള്‍ ദേശാഭിമാനിയില്‍ യേശുദാസന്‍ അങ്ങനൊന്നും വരയ്ക്കില്ല ) വരച്ചിരുന്ന ജെട്ടി പുറത്ത് കാണുന്ന കൊമ്പന്‍ മീശക്കാരനായ തെറുത്ത് കയറ്റിയ ഷര്‍ട്ടിട്ട. ശകലം മദ്യപാനിയെന്ന് ധ്വനിപ്പിക്കുന്ന ഒരാളെ ഓര്‍ക്കുമല്ലോ. കുഞ്ചുക്കുറുപ്പ് എന്ന ബോക്‌സ് കാര്‍ട്ടൂണില്‍ ഈ കഥാപാത്രം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. സര്‍ക്കാരുദ്യോഗസ്ഥരുടെ ലീവ് സറണ്ടര്‍ പോലെയേ ഉള്ളു ഈ നോക്കുകൂലി എന്നിരിക്കിലും തൊഴിലാളിക്ക് നാലുകാശുകിട്ടിയാല്‍ അത് ‘പൊതു’സമൂഹത്തിന് ഇഷ്ടപ്പെടില്ലല്ലോ. ഈ ‘പൊതു’സമൂഹത്തിനു വേണ്ടിയാണല്ലോ ‘പൊതു’വഴിയില്‍ മദ്യപിക്കരുത് എന്നെഴുതിവെക്കുന്നത്. ആരുടെതാണ് ഈ പൊതുവഴി, ആര്‍ക്കാണ് ഈ പൊതുവായതിന്റെ ഉടമസ്ഥാവകാശം. ആരാണ് അതാവശ്യപ്പെടുന്നത്. ‘ വീടില്ലാത്തൊരുവനോട് വീടിനൊരു പേരിടാനും മക്കളില്ലാത്തൊരുവനോട് കുട്ടിക്കൊരു പേരിടാനും ചൊല്ലവേ നീ കൂട്ടുകാരാ രണ്ടുമില്ലാത്തവന്റെ നെഞ്ചിലെത്തീ കണ്ടുവോ’ എന്ന് എ അയ്യപ്പന്‍ എഴുതിയിട്ടുണ്ട്. തെരുവിലുറങ്ങുന്നവര്‍ വ്യവസ്ഥിതിയാല്‍ പുറന്തള്ളപ്പെട്ടവരാണ്, അവര്‍ സമരത്തിലാണ്. വീട് നല്‍കാത്തതെന്തോ അത് അവര്‍ക്ക് പൊതുവഴി നല്‍കുന്നു. അതിനെ ‘പൊതു’ ബോധം പിന്താങ്ങണമെന്നില്ല. അത് അധീശത്വം സ്ഥാപിക്കുന്ന പൊതുബോധമാണ്. പൊതുബോധം പിന്താങ്ങില്ല എന്നറിഞ്ഞുകൊണ്ട് തന്നെ മദ്യപാനി വഴിയില്‍ കിടന്നുറങ്ങിപ്പോവുന്നു. മദ്യം അയാള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു. വിമോചിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ കരഘോഷത്തോടെ പ്രതിബോധം വേട്ടയാടാത്ത അമൂര്‍ത്തമായ അനുഭൂതിയിലെത്തിക്കുന്നു. എല്ലാം മറന്നുറങ്ങാനാഗ്രഹിക്കുന്ന അയാള്‍ പൊതുവഴി തന്നെ തെരഞ്ഞെടുത്തത് വെറുതേയല്ല. പൊതുവഴിയില്‍ ആരുമൊന്നും സ്വന്തമാക്കുന്നില്ല. ആരു മരിച്ചാലും ആരു ജനിച്ചാലും അത് കടന്നുപോകാനുള്ളതാണ്, മറികടക്കാനുള്ളതാണ്. stopping by woods in a snowy evening എന്ന കവിതയോ പാട്ടുകെട്ടലോ നടത്താന്‍ ആരും മിനക്കെടില്ല. അതിനുമുമ്പേ മഷി കുടഞ്ഞു കളഞ്ഞു വഴിയില്‍നിന്ന് വീട്ടിലേക്ക് രക്ഷപ്പെടുന്നു.

പൊതുവഴിയില്‍ മറ്റെന്തുമാവാം ബിവറേജ് ഷോപ്പോ(കോടതി ഉവാചാ) മദ്യപനോ (ഡി വൈ എഫ് ഐ ഉവാചാ ) പാടിലെന്ന് ശഠിക്കുന്നതെന്ത്? സ്വബോധം സുബോധമാണെന്ന് ആരാണിത്രയേറെ വിശ്വസിച്ചുപോയത്. ആ വിശ്വാസം ആരെയാണ് രക്ഷിക്കുന്നത്? വ്യാജസദാചാരത്തെയും കാപട്യം നിറഞ്ഞ സാമൂഹികാന്തരീക്ഷത്തെയുമല്ലാതെ എന്തിനെയാണത് പ്രോത്സാഹിപ്പിക്കുന്നത്? അത്തരമൊരു സമൂഹം, സ്വപനബന്ധമില്ലാത്ത സമൂഹം വീട്ടിലേക്കെത്തുമ്പോള്‍ വീട് ജനാധിപത്യരഹിതമായ ഫാസിസ്റ്റ് കേന്ദ്രമാണ്, കേവലധാര്‍മ്മികതയുടെയും ആത്മപീഡയുടെയും സാമ്പത്തിക അടിച്ചമര്‍ത്തല്‍ നിറഞ്ഞയിടം. വീട്ടിലിരുന്നു കുടിക്കാനാവില്ല, ബാറുകളില്‍ മദ്യമില്ല, വഴിയില്‍ നമ്മെപ്പിടിക്കാന്‍ ഡിവൈഎഫ്‌ഐയുമുണ്ട്. എന്തൊക്കെ നമ്മള്‍ സഹിക്കണം?

ഇത്തരത്തില്‍ നമ്മളൊരു തുറന്ന ജയിലിനുള്ളില്‍ ജീവിക്കുകയാണ്. ലൈംഗികതയും ലഹരിയും വിലക്കപ്പെടുന്ന ജയില്‍. മദ്യഗ്ലാസ് നിറച്ച് വെച്ച് കവിതയെഴുതിയിരുന്ന ചങ്ങമ്പുഴയും തെരുവില്‍ ജീവിച്ച അയ്യപ്പനും ‘എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ’ എന്നെഴുതിയ ചുള്ളിക്കാടും ഇവിടെ ജീവിച്ചിട്ടില്ല. ‘മുമ്പ് നാം സ്‌നേഹിച്ചവര്‍ അകന്നോ മൃതിപ്പെട്ടോ വന്‍ പകയോടെ ചേരിമാറിയോ പോയ്‌പ്പോകുന്നു.’ എന്ന് വൈലോപ്പിള്ളിക്കവിത കേള്‍ക്കുന്നു. അവര്‍ മരിച്ചതിന്റെ തലേന്നാള്‍ മരിച്ചവരാണ് നമ്മള്‍. ഇത് പൊതുവഴിയല്ലെന്നും മദ്യപാനം തടയുമെന്നും ബോര്‍ഡ് എഴുതിവെച്ചവര്‍.

പൊതുവഴിയല്ലെന്ന ബോര്‍ഡ് നമ്മെ മറ്റു പലതും ഓര്‍മ്മിപ്പിക്കും. ഓര്‍മ്മയുടെ നെല്ലിമരങ്ങള്‍ കയ്പ്പുള്ള മധുരങ്ങള്‍ ചൊരിയും. സൈക്കിളോടിക്കാന്‍ പഠിച്ചതില്‍പ്പിന്നെ, വേനലവധിക്ക് പുതിയ പുതിയ വഴികള്‍ കണ്ടെത്താനായി വെയിലുകൊണ്ടും വിയര്‍ത്തും, വീണു ചെളിപറ്റിയും, ഇപ്പോഴും കുട്ടികള്‍ പോകുന്നുണ്ടാവുമോ? അവര്‍ മതിലുകള്‍ ചാടിക്കടന്നു ഡപ്പയും ഏറുപന്തും കളിക്കുന്നുണ്ടാവുമോ? വെയില്‍ ചായുന്ന കശുമാവിന്‍ തോട്ടത്തില്‍ മൂക്കാനായി കുഴിച്ചിട്ട വാഷ് ഖനനം ചെയ്‌തെടുക്കുമോ? അതോ ഇത് പൊതുവഴിയല്ലെന്ന ബോര്‍ഡ് വായിച്ചു പകച്ചു നില്‍ക്കുന്നുണ്ടാവുമോ? വഴികളെല്ലാം റോഡുകളാവുമ്പോള്‍ പുതിയ വഴികള്‍ കണ്ടെത്താനോ കൂട്ടുകൂടാനോ നേരമില്ലാതെ വ്യാമോഹങ്ങള്‍ മാത്രമായേക്കുമോ? നമ്മുടെ ജീവിതത്തില്‍നിന്ന് ഒഴിഞ്ഞുപോവുന്ന കീഴാളപരിപ്രേക്ഷ്യമെന്തെന്നും അതിനെ മധ്യവര്‍ഗവ്യാമോഹവും, ഭരിക്കുന്നവന്റെ പാര്‍ലമെന്ററി അര്‍ബുദവും കൊണ്ട് പകരം വെക്കുകയാന്നെന്നും ആരോര്‍മ്മിക്കുന്നു? നമ്മുടെ ദുരിതങ്ങളും സ്വപ്നങ്ങളും ആവിഷ്‌ക്കരിക്കാനാവാത്ത വൈകാരികതയോട് സര്‍ഗപരമായി ഏറ്റുമുട്ടി പരാജിതനാവുന്ന ഓരോ വ്യക്തിയും മദ്യപാനം ഒരു രാഷ്ട്രീയവിഷയമായി തിരിച്ചറിയും. നമ്മുടെ ശരീരത്തെയും ബോധത്തെയും അച്ചടക്കത്തിലാക്കുന്നതിനുള്ള ഭരണവര്‍ഗത്തിന്റെ ശ്രമത്തെ തിരസ്‌കരിക്കുന്ന വിപ്ലവപ്രവര്‍ത്തനമായി അത് മാറുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പ്രസക്തിയും പ്രയോഗവും ഇങ്ങനെയൊക്കെയേ നിലവില്‍ വരാനാവുകയുള്ളല്ലോയെന്നത് ഒരു പ്രതിസന്ധിയാവാം. ഈ പ്രതിസന്ധിയിലും എല്ലാം മറന്നൊന്നുറങ്ങാന്‍ ഇതേ വഴിയുള്ളൂ.

അതുകൊണ്ട് വഴിയിലെ ഇത്തരം ബോര്‍ഡുകളെ നേരിടേണ്ടതുണ്ട്. മുക്കുത്തി അണിയാന്‍ സമരം വേണ്ടി വന്നിട്ടുണ്ട് കീഴാളര്‍ക്ക്. മീശ വെക്കാന്‍ കരം കൊടുക്കണമായിരുന്നു. മുടി വളര്‍ത്തിയാല്‍ പോലീസ് പിടിക്കുമായിരുന്നു. മദ്യപിച്ചാല്‍ ഡി വൈ എഫ് ഐ പിടിക്കുമെങ്കില്‍ അതൊന്നു കാണണമല്ലോ. എന്ത് കഴിക്കണം എന്ന് തീരുമാനിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തതു മാത്രമല്ല, എന്ത് കുടിക്കണമെന്ന് സ്വാതന്ത്ര്യമില്ലാത്തതും ഫാസിസമാണ്. നേരിടുമെന്ന് പറയുന്ന പഞ്ചായത്ത് പ്രസിഡന്റുമാരെയും നേരിടേണ്ടതുണ്ട്. സാംസ്‌കാരിക ദൗത്യമെന്ന പേരില്‍ ഫാസിസം വെച്ചു പുലര്‍ത്തുന്നതിലെ പൊള്ളത്തരം വിളിച്ചു പറയേണ്ടതുണ്ട്.

(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍