UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശിവസേനയുടെ സാദാചാര ഗുണ്ടായിസത്തിനെതിരെ മറൈന്‍ ഡ്രൈവറില്‍ സ്‌നേഹ ഇരുപ്പ് സമരം

സൗഹാര്‍ദ്ദം സദാചാര വിരുദ്ധമല്ലെന്നും സദാചാര പോലീസ് നാടിനാവശ്യമില്ലെന്നും ആഹ്വാനം

ഇന്നലെ കൊച്ചി മറൈന്‍ ഡ്രൈവറില്‍ ശിവസേന നടത്തിയ സദാചാര ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ചേര്‍ന്ന് നടത്തുന്ന സ്‌നേഹ ഇരുപ്പ് സമരം മറൈന്‍ ഡ്രൈവില്‍ ആരംഭിച്ചു.

രാവിലെ പതിനൊന്ന് മണിയോടെയാണ് സമരം ആരംഭിച്ചത്. സൗഹാര്‍ദ്ദം സദാചാര വിരുദ്ധമല്ലെന്നും സദാചാര പോലീസ് നാടിനാവശ്യമില്ലെന്നും ആഹ്വാനം ചെയ്താണ് സമരം സംഘടിപ്പിക്കുന്നത്. സാദാചാര ഗുണ്ടായിസത്തെ എന്തുവില കൊടുത്തും ചെറുത്തുതോല്‍പ്പിക്കുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു. ഡിവൈഎഫ്‌ഐ എറാണുകുളം ജില്ലാ പ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസിന്റെ അധ്യക്ഷതയിലാണ് യോഗം.

നടപ്പാതയിലൂടെ സഞ്ചരിച്ചവരെ ക്രൂരമായി മര്‍ദ്ദിച്ച നടപടി തികച്ചും സദാചാര ഗുണ്ടായിസമാണെന്ന് ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പുരോഗമന കാഴ്ചപ്പാടുകളെ തകര്‍ത്ത് സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണ് മറൈന്‍ ഡ്രൈവ് സംഭവം. മുഴുവന്‍ കുറ്റവാളികളെയും ഉടന്‍ അറസ്റ്റ് ചെയ്യണം. സമൂഹത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ട് നയിക്കുന്ന ഇത്തരം സദാചാര ഗുണ്ടായിസത്തെ എന്തുവില കൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് സമരം ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍, ഡോ. കെഎസ് ഡേവിഡ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ടി വി അനിത, ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറി അരുണ്‍കുമാര്‍, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസിഡന്റ് നിഖില്‍ ബാബു എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.

എവിടെയെങ്കിലും പുരുഷനും സ്ത്രീയും ഒന്നിച്ചിരുന്നാല്‍ സാദാചാര ഗുണ്ടകളുടെ ഇടപെടലുണ്ടാകുന്നതോടൊപ്പം മൂന്ന് വയസുള്ള കുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് പി രാജീവ് പറഞ്ഞു.

പൊതുചടങ്ങിന് ശേഷം പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവില്‍ ഇരുന്ന് സമരം ആരംഭിച്ചു. പ്രകടനത്തില്‍ ശിവസേന നിരോധിക്കണമെന്ന ആവശ്യമാണ് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും മുഖ്യമായും ആവശ്യപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍