UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡിലന്‍: അവിശ്വസനീയമായ ഒരു തിരിച്ചുവരവ്

Avatar

റബേക ഹബര്‍ട്ട് വില്യംസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ അവന്റെ ജൂനിയര്‍ വര്‍ഷത്തിന്റെ തുടക്കത്തിലാണ് എന്റെ മകന്‍ ഡിലനെ ഒരു കാര്‍ ഇടിച്ചത്. കാറിന്റെ വിന്‍ഡ്ഷീല്‍ഡ് കൊണ്ട് അവന്റെ തലയില്‍ ഒരു തുളയുണ്ടായി. തലച്ചോറിനേറ്റ ക്ഷതം കാരണം സ്ഥിരമായ വൈകല്യങ്ങള്‍ അവനുണ്ടായേക്കും അന്ന് ആദ്യമേ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഒരുപക്ഷെ ഇനി ഒരിക്കലും അവന് തനിയെ ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല.

ആംബുലന്‍സില്‍ നിന്ന് വിളി വരുമ്പോള്‍ ഞാന്‍ സുഖകരമായ ഒരു കസേരയില്‍ ‘ദി ബ്ലാക്ക് സ്വാന്‍: ദി ഇമ്പാക്റ്റ് ഓഫ് ദി ഹൈലി ഇംപ്രൊബബിള്‍’ എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായ സംഭവങ്ങള്‍ക്ക് നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഫലങ്ങളെപ്പറ്റിയാണ് നാസിം നിക്കോളാസ് താലെബ് ആ പുസ്തകത്തില്‍ പറയുന്നത്. ഡിലന്റെ അപകടവും അതുപോലെ ഒരു സംഭവമായിരുന്നു. ഒരു സെക്കന്റില്‍ സംഭവിച്ച അപകടം ഞങ്ങളുടെ കുടുംബത്തെ മാസങ്ങള്‍ മുള്‍മുനയില്‍ നിറുത്തി. അവന്‍ ആലോചിച്ചിരുന്നതുപോലെ ജര്‍മനിയില്‍ പഠിക്കുന്നതിനുപകരം ആ വര്‍ഷം മുഴുവന്‍ ഡോക്ടര്‍മാരുടെയും തെറാപ്പിസ്റ്റുകളുടെ കൂടെയുമാണ് അവന്‍ ചെലവഴിച്ചത്. 

ഓരോ വര്‍ഷവും നിരവധി അമേരിക്കക്കാര്‍ ട്രോമാറ്റിക് ബ്രെയിന്‍ ഇന്‍ജ്വറി അനുഭവിക്കുന്നു. ഡിലന് സംഭവിച്ചതുപോലെ തീവ്രമായ അപകടം സംഭവിച്ചവര്‍ തിരിച്ചുവരാന്‍ വര്‍ഷങ്ങളെടുക്കും. ശ്രമങ്ങള്‍ പൂര്‍ണ്ണമായി വിജയിചെന്നുവരില്ല താനും. ഡിലന്‍ അവിശ്വസനീയമായ തിരിച്ചുവരവാണ് നടത്തിയത്. കുടുംബത്തെയും സുഹൃത്തുക്കളേയും മാത്രമല്ല ചികിത്സിച്ച ഡോക്ടര്‍മാരെയും നേഴ്‌സ്മാരെയും വരെ അത് അതിശയിപ്പിച്ചു. ആദ്യ ബ്രെയിന്‍ സ്‌കാന്‍ കണ്ടതിനുശേഷം ന്യൂറോളജിസ്റ്റ് കരുതിയത് ഇപ്പോഴുള്ളതിന്റെ പതിനായിരത്തിലൊരംശം പോലും തിരിച്ചുവരവ് അവന് സാധ്യമല്ലെന്നാണ്.

ഇങ്ങനെയാണ് അത് സംഭവിച്ചത്.
ഒരു ഡ്രൈവറുടെ ശ്രദ്ധക്കുറവാണ് ഡിലന് നിര്‍ഭാഗ്യമായെത്തിയത്. എന്നാല്‍ ചെറിയ ഭാഗ്യം കൊണ്ട് മരണം സംഭവിച്ചില്ല. രാത്രി എട്ടരയ്ക്കാണ് അപകടം സംഭവിച്ചത്. ബോസ്റ്റണിലെ ഏറ്റവും തിരക്കുള്ള സമയമായിരുന്നില്ല അത്. അരമണിക്കൂറിനുള്ളില്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചു. ഏതെങ്കിലും ആശുപത്രിയിലല്ല, മികച്ച ന്യൂറോസയന്‍സ് ഐസിയു ഉള്ള മസാച്ചുസെറ്റ്‌സ് ജെനെരല്‍ ആശുപത്രിയിലാണ് ഡിലനെ എത്തിച്ചത്. വേഗം തന്നെ തലയോടിലേയ്ക്ക് ഒരു ഡ്രെയിന്‍ ട്യൂബ് ഇട്ടതുകൊണ്ട് തലച്ചോറിലെ സമ്മര്‍ദം കുറഞ്ഞു. അതുകൊണ്ടു ഡിലന് തലയോടിന്റെ ഭാഗം നീക്കം ചെയ്യേണ്ടിവന്നില്ല. വേഗം തന്നെ ഐസിയുവിലെത്തിച്ച ഡിലനെ വെന്റ്റിലെറ്ററും ഫീഡിംഗ് ട്യൂബും ഘടിപ്പിച്ചു. അപകടം നടന്നു ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരു എംആര്‍ ഐ സ്‌കാന്‍ എടുത്തു.

സ്‌കാന്‍ വിവരങ്ങള്‍ അത്ര പ്രതീക്ഷ തരുന്നതായിരുന്നില്ല. ഡിലന്റെ ക്ഷതം റൊട്ടേഷണലായിരുന്നു. അതായത് തലയോടിനുള്ളില്‍ തലച്ചോറ് ഒരുവട്ടം കറങ്ങിപ്പോയിരുന്നു. സെല്ലുലാര്‍ ലെവലില്‍ കൂടുതല്‍ ക്ഷതങ്ങള്‍ ഉണ്ടായിരുന്നു. ഗ്രേഡ് ത്രീ ഡിഫ്യൂസ് ആക്‌സോണല്‍ ഇന്‍ജ്വറി എന്നായിരുന്നു ഡോക്ടര്‍മാരുടെ ഭാഷ്യം. തലച്ചോറിനുള്ളില്‍ ഇലകട്രിക് ഇംപ്ലസുകള്‍ കൈമാറുന്ന ആക്‌സണുകള്‍ തകര്‍ന്നുപോയിരുന്നതിനാല്‍ തലച്ചോറിനുള്ളില്‍ സംഭവിച്ചിരുന്ന ആശയവിനിമയത്തിന് തടസം വന്നു. ബ്രെയിന്‍ സ്‌റെമ്മിനു സമീപവും എംആര്‍ഐയില്‍ ഇരുണ്ട ഭാഗങ്ങള്‍ കണ്ടിരുന്നു. ഉണര്‍ച്ചയെ കൈകാര്യം ചെയ്യുന്ന പ്രദേശങ്ങള്‍ക്ക് അപകടം സംഭവിച്ചിരുന്നു. ഡിലന്‍ എണീറ്റാല്‍ തന്നെ ജീവിതാവസാനം വരെ ചിലപ്പോള്‍ എല്ലാ കാര്യത്തിലും സഹായം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

ഭാഗ്യവശാല്‍ ഉയര്‍ന്ന തലത്തില്‍ പ്രോസസിംഗ് നടത്തുന്ന നിയോകോര്‍ട്ടക്‌സിനു അപകടമൊന്നും സംഭവിച്ചിരുന്നില്ല. മറ്റൊരു പ്രധാനഗുണം ഡിലന്റെ യുവത്വമായിരുന്നു. ന്യൂറോപ്ലാസ്റ്റിയിലെ ഒരു പ്രധാനഘടകം തന്നെയാണ് യൗവനം. ബ്ലോക്ക് ആവുകയോ കേടുവരികയോ ചെയ്ത തലച്ചോറിലെ കണക്ഷനുകള്‍ക്ക് പകരം പുതിയവയുണ്ടാക്കാനും ചിലപ്പോള്‍ പഴയവയ്ക്ക് പുതിയ ഉപയോഗങ്ങള്‍ കണ്ടെത്താനും യൗവനത്തില്‍ സാധിക്കും. ചെറുപ്പക്കാര്‍ക്ക് തലച്ചോറിലെ കേടുപാടില്ലാത്ത ഭാഗങ്ങളുടെ സഹായത്തോടെ പുതിയ കഴിവുകളാര്‍ജിക്കാന്‍ പ്രായമായവരെക്കാള്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുവരോഗികളുടെ ആരോഗ്യഅവസ്ഥയും, രക്തസംക്രമണം, ഓക്‌സിജന്‍ എന്നിവയുടെ പ്രവര്‍ത്തനശേഷിയും പൊതുവേ പോസിറ്റീവ് ആയ മെറ്റാബോളിക് അവസ്ഥയും വേഗം സുഖപ്പെടാന്‍ സഹായിക്കും.

ആകെ നമുക്ക് ചെയ്യാനാവുക കാത്തിരിക്കുകയും പ്രതീക്ഷിക്കുകയുമാണ്.
ദിവസങ്ങള്‍ കടന്നുപോയി. ഡിലന്റെ തലച്ചോറിലെ സമ്മര്‍ദം വിജയകരമായി നിയന്ത്രണത്തിലാണ്. അതിരു നല്ല സൂചനയാണ്. എന്നാല്‍ ഡിലന്റെ കോമാ അവസ്ഥ പേടിപ്പിക്കുന്നതായിരുന്നു. ഓരോ നാലുമണിക്കൂറിലും ഡോക്ടര്‍മാര്‍ ക്രൂരമെന്ന് തോന്നുന്ന ഒരു തരം പരിശോധന നടത്തിയിരുന്നു: അവര്‍ ഡിലന്റെ ചെവിയിലേയ്ക്ക് അലറിവിളിക്കുകയും കാല്‍പ്പാദം ചുരണ്ടുകയും കൈയ്യില്‍ നുള്ളുകയും ചെയ്തു. ബലമായി കണ്ണുതുറന്ന് അതിലേയ്ക്ക് വെളിച്ചമടിച്ചു. ഒരു പ്രതികരണവുമുണ്ടായില്ല. നിങ്ങള്‍ക്ക് നന്നായറിയാവുന്ന കണ്ണുകളില്‍ നിന്ന് തിരിച്ച് ഒരു തുറിച്ചുനോട്ടം മാത്രമുണ്ടാകുന്ന കാഴ്ച സഹിക്കാനാകില്ല.

എന്തായാലും ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഡിലന്റെ കൃഷ്ണമണി വികസിക്കാന്‍ തുടങ്ങി. എട്ടാം ദിവസം സ്വയം കണ്ണുതുറന്നു. പിന്നീട് കണ്ണുകള്‍ ശബ്ദത്തെ പിന്തുടരാന്‍ തുടങ്ങി. പിന്നെ കാല്‍വിരല്‍ അനക്കി. ഓരോ ചെറുചലനവും ആളുകള്‍ ആഘോഷിച്ചു. ഇതില്‍ കൂടുതലും ഡിലന്റെ സുഹൃത്തുക്കളായിരുന്നു.
തന്റെ കൂടെ നില്‍ക്കുന്നവരുടെ ശക്തിയാണ് ഈ തിരിച്ചുവരവ് കുറെയധികം സാധ്യമാക്കിയത്. തീര്‍ച്ചയായും കുടുംബം ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ധീരമെന്ന് മാത്രം വിശേഷിപ്പിക്കാവുന്ന രീതിയില്‍ സുഹൃത്തുക്കള്‍ അവന്റെ കൂടെ നിന്നു. ചിലര്‍ അപകടം നടന്ന രാത്രി ഉറക്കമളച്ചു കൂടെ നിന്നു. പത്തുപന്ത്രണ്ടോളം ഇരുപതുകാര്‍ രണ്ടുമാസത്തോളം ഐസിയുവും ആശുപത്രിയും കയറിയിറങ്ങി. അവര്‍ ചിലപ്പോള്‍ കൂട്ടമായി എത്തി, ചിലപ്പോള്‍ തനിച്ചും. അവര്‍ സംസാരിച്ചു, വായിച്ചു, പാട്ടുകള്‍ പാടി. അവന്റെ കൈപിടിച്ചു. അവന് പരിചിതമായിരുന്ന ഉല്ലാസം നിറഞ്ഞ ലോകം സൃഷ്ടിച്ചു. അവന്റെ ഹൈസ്‌കൂള്‍ സുഹൃത്തായിരുന്ന എറിന്‍ കോളേജില്‍ നിന്ന് അവധിയെടുത്ത് ആശുപത്രിയില്‍ അവന്റെ കൂടെനിന്നു.

എന്റെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് അവന്റെ സുഹൃത്ത് ടീഗ്ലോര്‍ അവളുടെ ഫ്‌ലോറന്‍സ് സെമസ്റ്റര്‍ വേണ്ടെന്നുവെച്ചു. അവളും നിക്ക് എന്ന മറ്റൊരു സുഹൃത്തും ടഫ്ട്ട്‌സ് കോളേജില്‍ നിന്ന് ഹാവര്‍ഫോര്‍ഡ് കോളെജിലേയ്ക്ക് ഒരു സെമസ്റ്റര്‍ പഠനത്തിനു അനുമതിവാങ്ങി. പെന്‍സില്‍വാനിയയിലെ വീട്ടില്‍ ഡിലന്‍ താമസിക്കുമ്പോള്‍ അവനെ സഹായിക്കാനുള്ള എളുപ്പത്തിനുവേണ്ടിയായിരുന്നു ഇത്.

വിഷാദത്തില്‍ വീണുപോകാതിരിക്കാന്‍ ഇത്തരം വൈകാരികപിന്തുണ സഹായിക്കും. സൗഖ്യത്തെയും ഇത് നന്നായി സഹായിക്കും. ഡോക്ടര്‍മാര്‍ പറയുന്നത് അപകടത്തിനുശേഷമുള്ള ആദ്യ ആഴ്ചകളിലും മാസങ്ങളിലുമാണ് നെര്‍വ് സെല്ലുകള്‍ പുതിയ കണക്ഷണുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുക. അപ്പോള്‍ ഉപയോഗമില്ലാത്ത സെല്ലുകള്‍ നശിച്ചുപോകാനിടയുണ്ട്. സാമൂഹികബന്ധങ്ങള്‍ കുറയുകയോ മാനസികമായ തളര്‍ച്ചയിലായാലോ ആണ് ഇത് കൂടുതലായും സംഭവിക്കുക.

ഐസിയുവിലെ രണ്ടാമത്തെ ആഴ്ച കഴിഞ്ഞപ്പോഴും ഡിലനു സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അവന് ആംഗ്യങ്ങള്‍ കാണിക്കാന്‍ കഴിഞ്ഞിരുന്നു. അവന്‍ ആംഗ്യഭാഷ പോലും ഉപയോഗിച്ചു. അവനത് അറിയുമായിരുന്നു എന്നുപോലും എന്റെ ഭര്‍ത്താവിനു അത്ഭുതമായിരുന്നു. ആശുപത്രി ടിവിയില്‍ വാര്‍ത്തവെച്ചപ്പോള്‍ അവന്‍ തംബ്‌സ് ഡൗണ്‍ ആംഗ്യം കാണിച്ചു. എന്റെ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചു: ‘അവന്റെ രാഷ്ട്രീയത്തിനു മാറ്റമില്ല.’

ഡോക്ടര്‍മാര്‍ പതിയെ പോസിറ്റീവ് ആയ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി. ഡിലന്റെ പുരോഗതി ‘ഒന്നും പറയാനാകില്ല’ എന്ന അവസ്ഥയില്‍ നിന്ന് മാറിത്തുടങ്ങി.
പതിനെട്ടാം ദിവസം ഞാന്‍ മാത്രമുണ്ടായിരുന്നപ്പോഴാണ് അവന്‍ പേനയും പേപ്പറും ആവശ്യപ്പെട്ടത്.
‘ഗുഡ്‌മോര്‍ണിംഗ്.’ അവന്‍ എഴുതി. പിന്നീട്  ‘മുറിവുകള്‍… നിക്കിന് അപകടം സംഭവിച്ചു.’
‘അല്ല നിനക്കാണ് അപകടമുണ്ടായത്. പൗഡര്‍ഹൗസ് ആന്‍ഡ് പാക്കര്‍ഡില്‍ വെച്ച് നിന്നെ ഒരു കാറിടിച്ചു.’
‘അല്ല നിക്കിനാണ് അവിടെ അപകടം ഉണ്ടായത്.’
‘അതെ, അത് ഫെബ്രുവരിയിലായിരുന്നു. പിന്നെ നവംബറില്‍ നിനക്ക് അപകടമുണ്ടായി. കൂടുതല്‍ സാരമായ അപകടം.’
‘അത് വളരെ വിചിത്രമാണ്’, അവന്‍ എഴുതി. ‘എന്റെ മനസിന് കുറച്ചു ആശ്വാസം തരൂ. ഇത് എന്റെ കുഴപ്പം കൊണ്ട് സംഭവിച്ചതാണോ? ഇത് ഞാന്‍ ചെയ്തതല്ല.’
‘അല്ല, ഇത് നിന്റെ തെറ്റുകൊണ്ട് ഉണ്ടായതല്ല. മഞ്ഞവെളിച്ചത്തില്‍ നീ റോഡ് മുറിച്ചുകടക്കുകയായിരുന്നു, ലൈബ്രറിയില്‍ നിന്ന് വീട്ടിലേയ്ക്ക് വരികയായിരുന്നു.’
‘മമ്മാ, ഞാന്‍ മരിക്കാന്‍ പോകുന്നതുപോലെ തോന്നുന്നു. ഞാന്‍ പകല്‍ ഉറങ്ങുന്നതെന്താ? ഇത് സ്വപ്നമാണോ?’
ഞങ്ങളുടെ സംഭാഷണം തുടര്‍ന്നു. ആ എഴുത്തുകള്‍ ഇപ്പോഴും എന്റെ പക്കലുണ്ട്. ഡോക്ടര്‍മാര്‍ പോസ്റ്റ് ട്രോമാറ്റിക് കണ്ഫ്യൂഷന്‍ സ്‌റേറ്റ് എന്ന് വിളിക്കുന്ന അവസ്ഥയെ മനസിലാക്കാനുള്ള അവന്റെ ശ്രമമായിരുന്നു അത്.
‘എന്നെ കെട്ടിയിട്ടിരിക്കുന്നതായും ചെവിയില്‍ ബീപ് ശബ്ദം മുഴങ്ങുന്നതായും ഞാന്‍ സ്വപ്നം കാണുന്നു.’
എന്റെ ജീവിതം അവധിക്ക് വെച്ചത് പോലെ. തിരികെ സ്‌കൂളില്‍.
വെള്ളത്തിനടിയില്‍ രണ്ടുമാസം ജീവിച്ചതുപോലെ… എന്റെ തലച്ചോറ് പ്രവര്‍ത്തിക്കുന്നുണ്ടോ?
എന്റെ മനസു കീഴ്‌മേല്‍ മറിഞ്ഞത് പോലെ. ഞാന്‍ എന്റെ ജീവിതം തിരിച്ചുജീവിക്കുകയാണോ?
എന്നാണ് എന്റെ ജ•ദിനം?
എന്റെ തലയിലുള്ളവ എന്റെ തല തുന്നിച്ചേര്‍ക്കാന്‍ ഉപയോഗിച്ചതാണോ?
ഞാന്‍ മരിച്ചില്ലെങ്കില്‍ ഞാന്‍ എന്റെ തലയിലാണ് ജീവിക്കുന്നത്, ശരീരത്തിനുവെളിയില്‍.
എനിക്ക് സംസാരിക്കാന്‍ പാടുള്ളതാണോ?
മനസ് ചുരുങ്ങുന്നു.
അപകടത്തിനുശേഷം ആദ്യമായി ഞങ്ങള്‍ അവന്റെ ‘ശബ്ദം’ കേള്‍ക്കുകയായിരുന്നു.

രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അവന്‍ സംസാരിക്കാന്‍ തുടങ്ങി. വൈകാതെ മാസ് ജെനറല്‍ വിട്ടു അവന്‍ സ്‌പോള്‍ടിംഗ് ആശുപത്രിയിലേക്ക് മാറി. അവിടെ അവന്‍ നടക്കാനും പാത്രങ്ങള്‍ ഉപയോഗിക്കാനും പഠിച്ചു. ഒരുമാസം ന്യൂറോ ഐസിയു, ഒരുമാസം ഇന്‍പേഷ്യന്റ് ചികിത്സ, ആറുമാസം വീട്ടില്‍ ഫിസിക്കല്‍, ഭാഷാ തെറാപ്പികള്‍. രണ്ടുവട്ടം മുട്ടു ശസ്ത്രക്രിയ. ജൂണ്‍ 2013ല്‍ ഒരു ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കി. ജൂലൈയില്‍ ഒരു സമ്മര്‍ കോഴ്‌സ് ചെയ്തു. സെപ്റ്റംബറില്‍ മുഴുവന്‍സമയസ്‌കൂള്‍ തുടങ്ങി.

സംഭവിച്ച ക്ഷതങ്ങള്‍ക്ക് മേലെയും ഡിലന്റെ തലച്ചോറ് പ്രവര്‍ത്തിക്കുന്നു.
ഈ വേനലില്‍ ചരിത്രത്തില്‍ മികച്ച വിജയത്തോടെ ഡിലന്‍ പഠനം പൂര്‍ത്തിയാക്കുകയാണ്. ഡിലന്റെ ന്യൂറോളജിസ്റ്റ് ആയ ബ്രിയാന്‍ എട്‌ളോ പറയുന്നത് ‘അപകടത്തിനുശേഷമുള്ള ഡിലന്റെ എംആര്‍ഐ സ്‌കാന്‍ കണ്ടാല്‍ ഒരു ഡോക്ടര്‍ പോലും അവന്‍ തിരിച്ചുവരുമെന്ന് പറയില്ല’ എന്നാണ്.
തലച്ചോറിനുള്ള ക്ഷതത്തില്‍ നിന്ന് തിരിച്ചുവരുന്നതിനെപ്പറ്റി ഡോക്ടര്‍മാര്‍ക്ക് പ്രവചിക്കല്‍ സാധ്യമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഓരോ കേസും വ്യത്യസ്തമാണ്. അപകടസമയത്ത് തലച്ചോറിനേറ്റ ക്ഷതത്തിന്റെ ആഴം, തലയുടെ പൊസിഷന്‍, ഇടിച്ച വസ്തുവിന്റെ വേഗം, തറയില്‍ ആള്‍ വീണതിന്റെ വേഗം എന്നിവയെല്ലാം പ്രധാനമാണ്.

ഓരോ രോഗിയുടെയും സ്വഭാവസവിശേഷതകളും പ്രധാനമാണ്. മിടുക്കരായ, വിദ്യാഭ്യാസമുള്ള ഡോക്ടര്‍മാര്‍ പറയുന്ന തരം മികച്ച പ്രോട്ടോപ്ലാസം ഉള്ള അല്ലെങ്കില്‍ നല്ല കൊഗ്‌നിട്ടീവ് റിസേര്‍വ് ഉള്ള ആളുകള്‍ വേഗം തിരിച്ചുവരും. മനക്കരുത്തും ക്ഷമയും പ്രധാനമാണ്. ഡിലന്‍ ചെറുപ്പം മുതല്‍ ലക്ഷ്യത്തിലെത്താന്‍ പരിശ്രമിക്കുന്ന ഒരാളാണ്. ആ അച്ചടക്കമാണ് രോഗത്തില്‍ നിന്ന് തിരിച്ചുവരാനും സഹായിച്ചത്. മണിക്കൂറുകളോളം തലച്ചോറിനെ പരിശീലിപ്പിക്കാന്‍ അവന്‍ ശ്രമിച്ചു. കൂട്ടുകാരുടെയൊപ്പം ബ്രെയിന്‍ ഗെയിമുകള്‍ കളിച്ചു. ജര്‍മ്മന്‍ പ്രൊഫസറുമായി സ്‌കൈപ്പില്‍ സംസാരിച്ചു. ഡിലന്റെ തിരിച്ചുവരവില്‍ ഉത്തരം കിട്ടാത്ത, ഇനിയും ഗവേഷണം വേണ്ട പല കാര്യങ്ങളുമുണ്ട്. പ്രതികരിക്കാത്ത ഒരു രോഗിയുടെ എംആര്‍ഐ ഉപയോഗിച്ചു ഡോക്ടര്‍മാര്‍ക്ക് അയാളുടെ തലച്ചോറിന് തിരിച്ചുവരാനുള്ള കഴിവു പ്രവചിക്കനാകുമോ എന്നൊക്കെയുള്ള പഠനങ്ങള്‍ ഡിലന്റെ കേസ് മുന്‍നിറുത്തി നടന്നുവരുന്നു. പ്ലാസ്റ്റിസിറ്റി വര്‍ധിപ്പിക്കുന്നതിനും കേടുവന്ന നെര്‍വ് സെല്ലുകള്‍ സുഖപ്പെടുത്തുന്നതിനുമുള്ള മരുന്നുകളും തെറാപ്പികളും വികസിപ്പിക്കലാണ് മറ്റൊരു ലക്ഷ്യം. ഇതുവരെ പല ചികിത്സാരീതികളും പരീക്ഷിച്ചുവെങ്കിലും ഒന്നും മനുഷ്യരില്‍ ഫലം കണ്ടിട്ടില്ല.

ഡിലന്റെ അപകടം അപ്രതീക്ഷിതമായിരുന്നിരിക്കണം. ഇതേപോലെ തന്നെയായിരുന്നു അവന്റെ തിരിച്ചുവരവും. മികച്ച ആരോഗ്യപരിരക്ഷയും ഊര്‍ജസ്വലമായ വൈകാരികപിന്തുണയും സ്വന്തം പരിശ്രമവും ബ്രെയിന്‍ പ്ലാസ്റ്റിസിറ്റിയുടെ അത്ഭുതങ്ങളും ഒക്കെയാണ് ട്രോമ രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്ന കഥയായി ഡിലന്റെ കഥയെ മാറ്റുന്നത്.
എട്‌ലോ പറയുന്നു, ‘ഏതെങ്കിലും ഡോക്ടര്‍ ഒരു രോഗിയെപ്പറ്റി പ്രതീക്ഷ കൈവിടുമ്പോള്‍ ഞാന്‍ അവരെ ഡിലന്റെ സ്‌കാന്‍ കാണിക്കും. ഈ കുട്ടി തിരിച്ചുവരുമോ? പിന്നെ ഞാന്‍ പറയും അവന്‍ എത്ര നന്നായിരിക്കുന്നുവെന്ന്. അപ്പോള്‍ എല്ലാവരും അമ്പരക്കും. രോഗികളെപ്പറ്റി വേഗം പിന്നെയാരും വിലയിരുത്തില്ല.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍