UPDATES

‘അദ്ദേഹം നിശബ്ദനാക്കപ്പെടുകയായിരുന്നു’; ഇ അഹമ്മദിനു നേരിടേണ്ടി വന്ന കടുത്ത അവഹേളനം തുറന്നു പറഞ്ഞു മക്കള്‍

ഒരു അച്ഛനും ഒരു മനുഷ്യജീവിയും ഇത്തരത്തില്‍ അസ്വീകാര്യവും അധാര്‍മ്മികവുമായ ചികിത്സയ്ക്ക് ഒരു ആശുപത്രിയിലും വിധേയരാവരുത്

മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും പാര്‍ലമെന്റ് അംഗവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ അഹമ്മദിന്റെ നിര്യാണത്തിനു മുന്നോടിയായി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ഇ അഹമ്മദ് എംപിയുടെ കുടുംബം നല്‍കുന്ന പ്രസ്താവനയുടെ പൂര്‍ണ രൂപം.

31-01-17ന് രാവിലെ 11.45ന് ശ്രീ ഇ അഹമ്മദ് എംപിയെ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും ഒരു ആംബുലന്‍സില്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ എത്തിക്കുകയും ഉടനടി എംഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

രാത്രി 8.30ന് മകള്‍ ഡോ. ഫൗസിയ ഷെര്‍ഷാദും മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദും ദുബായില്‍ നിന്നും ആര്‍എംഎല്‍ ആശുപത്രിയില്‍ എത്തി. അവരെ സ്വീകരിച്ച ഡോക്ടര്‍, അദ്ദേഹത്തിന്റെ അവസ്ഥ അതീവ ഗുരുതരമാണെന്ന് പറയുകയും ട്രോമ ഐസിയുവില്‍ നിന്നുകൊണ്ട് മറ്റൊരു മുറിയില്‍ ഇരുന്ന ഒരു ഇസിജി മോണിറ്ററിലേക്ക് നോക്കുകയും ചെയ്തതൊഴിച്ചാല്‍ ഒരു വിശദാംശങ്ങളും നല്‍കിയില്ല. സ്വയം പരിചയപ്പെടുത്താന്‍ ഡോക്ടര്‍ തയ്യാറായില്ല. പിന്നീടാണ് അദ്ദേഹം ഒരു ബിരുദാന്തര വിദ്യാര്‍ത്ഥി (റസിഡന്റ്) മാത്രമാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത്. ഞങ്ങളുടെ പിതാവിനെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ഒരു മുതിര്‍ന്ന ഡോക്ടര്‍ ഉടനെ എത്തുമെന്നും അതിന് ശേഷം അദ്ദേഹത്തെ കാണാന്‍ കൊണ്ടുപോകാമെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ നിരവധി മണിക്കൂര്‍ നേരത്തേക്ക് ഒരു മുതിര്‍ന്ന ഡോക്ടറും എത്തിയില്ല.

ഇത്ര നീണ്ട നേരത്തേക്ക് അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ പരിചരിക്കാന്‍ എന്തുകൊണ്ടാണ് ഒരു ജൂനിയര്‍ ഡോക്ടര്‍ മാത്രം ഉണ്ടായത്? യഥാര്‍ത്ഥത്തില്‍ ആര്‍എംഎല്‍ ആശുപത്രി ലഭ്യമായ ഏറ്റവും മികച്ച ശുശ്രൂഷയാണോ അദ്ദേഹത്തിന് നല്‍കി കൊണ്ടിരുന്നത്?
ട്രോമ ഐസിയുവിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന് ‘മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം,’ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് മറ്റൊരു അവസരത്തില്‍ ആ ജൂനിയര്‍ ഡോക്ടര്‍ ഞങ്ങളോട് പറഞ്ഞു.
ആരാണ് അദ്ദേഹത്തിന് ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്?

ഇതാണ് ആശുപത്രിയുടെ നടപടിക്രമമെന്നാണ് മറ്റൊരു അവസരത്തില്‍ അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. നിരവധി മണിക്കൂറുകള്‍ നീണ്ട അപേക്ഷയ്ക്ക് ശേഷം, നടപടിക്രമത്തിന്റെ രേഖകള്‍ കാണിക്കാന്‍ ഞങ്ങള്‍ ആവരോട് ആവശ്യപ്പെട്ടപ്പോള്‍, എഴുതി തയ്യാറാക്കിയ ഒരു നടപടിക്രമ രേഖ തങ്ങള്‍ക്കില്ലെന്നായിരുന്നു അവരുടെ മറുപടി.

ഒരോ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലും കര്‍ശനമായും നടപടിക്രമ രേഖ എവിടെയായിരുന്നു?

രാത്രി 9.30ന് ഇളയമകന്‍ നസീര്‍ അഹമ്മദും 11.15ന് മൂത്ത മകന്‍ റയീസ് അഹമ്മദും എത്തിയപ്പോള്‍ ഇരുവരെയും അകത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി. എന്നാല്‍, ഒരു ചികിത്സ ‘പ്രക്രിയയ്ക്കായി’ ഞങ്ങളുടെ പിതാവിനെ കൊണ്ടുപോകുന്നതിനാല്‍ വരാന്തയില്‍ നിന്ന് ഞങ്ങള്‍ അദ്ദേഹത്തെ കാണാമെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. ചികിത്സയ്ക്കായി ഒരു കാര്‍ഡിയാക് സര്‍ജന്‍ എത്തിയതായി അര്‍ദ്ധരാത്രിയോടെ ഞങ്ങള്‍ മനസിലാക്കി. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍, അദ്ദേഹം ഇസിഎംഒ ചെയ്യാന്‍ പോവുകയാണെന്നായിരുന്നു മറുപടി. അവിടെ സന്നിഹിതരായിരുന്ന രോഗിയുടെ മക്കളോട് ആലോചിക്കാതെ അവര്‍ ഇസിഎംഒ ചെയ്യാന്‍ തീരുമാനിച്ചു എന്ന അറിവ് ഞെട്ടിക്കുന്നതായിരുന്നു.

ദൈര്‍ഘ്യമേറിയ ഒരു ഇടപെടല്‍ പ്രക്രിയ നടത്താന്‍ തീരുമാനിക്കുന്നതിന് മുമ്പ് എന്തുകൊണ്ടാണ് അവര്‍ കുടുംബവുമായി ആലോചിക്കാതിരുന്നത്? യോഗ്യതയുള്ള ഡോക്ടര്‍മാരായ അദ്ദേഹത്തിന്റെ മക്കള്‍ സന്നിഹിതരായിക്കെ എന്തുകൊണ്ടാണ് അവരെ വിവരങ്ങള്‍ അറിയിക്കാതിരുന്നത്?  

ഇസിഎംഒ നടത്താന്‍ തീരുമാനിച്ചു കഴിഞ്ഞപ്പോള്‍, ബ്രയിന്‍ സ്‌റ്റെം പരിശോധനകള്‍ നടത്തിയോ എന്ന് ഡോ. ബാബു ഷെര്‍ഷാദ് അവരോട് ആരാഞ്ഞു. ‘ഇല്ല’ എന്ന ഞെട്ടിക്കുന്ന മറുപടിയായിരുന്നു ലഭിച്ചത്. ഈ ഘട്ടത്തില്‍ ക്ലിനിക്കലായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത വിധത്തില്‍ ദൈര്‍ഘ്യമേറിയ ഒരു പ്രക്രിയയാണ് ഇസിഎംഒ എന്നതിനാലാണ് അവരുടെ മറുപടി ഞെട്ടിച്ചത്.

എന്തുകൊണ്ടാണ് ബ്രെയിന്‍ സ്റ്റെം പ്രവര്‍ത്തനം പരിശോധിക്കാതെ ഇസിഎംഒയുമായി മുന്നോട്ടു പോകാന്‍ അവര്‍ തീരുമാനിച്ചത്?

ഉടനടി ബ്രെയ്ന്‍ സ്‌റ്റെം പരിശോധന നടത്തുമെന്ന് അര്‍ദ്ധരാത്രിയോടെ അവര്‍ ഞങ്ങളെ അറിയിച്ചു. 01-02-17 പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തിന്റെ ബ്രെയ്ന്‍ സ്‌റ്റെം പ്രവര്‍ത്തനം നിശ്ചലമായതായി ഞങ്ങളെ അറിയിച്ചത്.

ഒരു ബ്രെയ്ന്‍ സ്റ്റെം പരിശോധന നടത്താന്‍ എത്ര നേരം വേണം? എന്തുകൊണ്ടാണ് അത്ര വലിയ താമസം ഉണ്ടായത്?

ഓട്ടോപള്‍സ് എന്ന് പേരുള്ള ഒരു ചെസ്റ്റ് കമ്പ്രഷന്‍ ഉപകരണം ഉപയോഗിക്കുന്നതായി പിന്നീട് ഞങ്ങള്‍ക്ക് മനസിലായി. 31-01-17 ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ 01-02-17 രാത്രി ഒരു മണി വരെ അദ്ദേഹം ഓട്ടോ പള്‍സ് യന്ത്രത്തിലായിരുന്നു.

ഞങ്ങളുടെ 78 വയസുള്ള പിതാവിന് എന്തിനാണ് 12 മണിക്കൂര്‍ ചെസ്റ്റ് കമ്പ്രഷന്‍ ഉപകരണം (ഓട്ടോ പള്‍സ്) ഉപയോഗിച്ചത്? ഇതുകൊണ്ടാണോ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ അദ്ദേഹത്തിന്റെ ശരീരം വീര്‍ത്തിരുന്നത് (സബ്ക്യുട്ടാനിയസ് എംഫൈസെമ)?

അവസാനം നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷം പുലര്‍ച്ചെ രണ്ടു മണിയോടെ കാര്‍ഡിയാക് സര്‍ജനും ന്യൂറോളജിസ്റ്റും ഞങ്ങളെ അകത്തേക്ക് വിളിച്ചു. ബ്രെയിന്‍ സ്‌റ്റെം പ്രവര്‍ത്തനം ഇപ്പോഴില്ലെന്ന് ന്യൂറോളജിസ്റ്റ് ഞങ്ങളെ അറിയിച്ചു. അതിനര്‍ത്ഥം അദ്ദേഹത്തിന്റെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ്. വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന് കൃത്രിമ ഓക്‌സിജന്‍ ലഭിക്കുന്നുണ്ടായിരുന്നെങ്കിലും രക്തത്തിലെ ഓക്‌സിജന്‍ വ്യാപനം നടക്കുന്നുണ്ടായിരുന്നില്ല. അതിനര്‍ത്ഥം അദ്ദേഹത്തിന്റെ ശ്വാസകോശം പ്രവര്‍ത്തിക്കുന്നില്ലെന്നാണ്. അദ്ദേഹം വൈദ്യശാസ്ത്രപരമായി മരിച്ചു കഴിഞ്ഞെന്നും കൂടുതല്‍ ചികിത്സ പ്രക്രിയകള്‍ ആവശ്യമില്ലെന്നും കൂടി അതിന് അര്‍ത്ഥമുണ്ട്.

അദ്ദേഹത്തിന്റെ തലച്ചോറും ശ്വാസകോശവും പ്രവര്‍ത്തിക്കാതിരിക്കുന്ന സാഹചര്യത്തില്‍ എന്തിനാണ് അവര്‍ അദ്ദേഹത്തെ ഇസിഎംഒയ്ക്ക് വിധേയനാക്കുന്നത്?

കുഴഞ്ഞുവീണ ശേഷം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍, അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചികിത്സ ആര്‍എംഎല്‍ ആശുപത്രി നല്‍കുമെന്ന് കുടുംബം വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്തു.

ഞങ്ങള്‍ വിശ്വാസത്തെ നിങ്ങള്‍ ദുരുപയോഗം ചെയ്‌തോ?

തന്റെ ജീവിതത്തിലുടനീളം ഞങ്ങളുടെ പിതാവ് ശ്രീ ഇ അഹമ്മദ് അനീതിക്കെതിരെ ശബ്ദമുയര്‍ത്തുകയും നിലകൊള്ളുകയും ചെയ്ത വ്യക്തിയാണ്. ആ ദിവസം, 31-01-17 ഉച്ചയ്ക്ക് 11.30 മുതല്‍ 01-02-17 പുലര്‍ച്ച 2.15 വരെ അദ്ദേഹത്തിന്റെ ശബ്ദം നിശബ്ദമാക്കപ്പെട്ടു. അദ്ദേഹം അനുഭവിക്കേണ്ടി വന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്ക് കടുത്ത ആഘാതം സൃഷ്ടിക്കുന്നു. മനുഷ്യാന്തസിനോടുള്ള അങ്ങേയറ്റത്തെ അവഹേളനമാണ് ആല്‍എംഎല്‍ ആശുപത്രിയില്‍ നിന്നുമുണ്ടായത്. ഇപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ ശബ്ദം നല്‍കുകയും, ഒരു അച്ഛനും ഒരു മനുഷ്യജീവിയും ഇത്തരത്തില്‍ അസ്വീകാര്യവും അധാര്‍മ്മികവുമായ ചികിത്സയ്ക്ക് ഒരു ആശുപത്രിയിലും വിധേയരാവരുത് എന്ന് ഉറക്കെ പറയുകയും ചെയ്യുന്നു.

ഇ അഹമ്മദിന്റെ മക്കള്‍,

ഡോ. ഫൗസിയ ഷെര്‍ഷാദ്, മി. റായീസ് അഹമ്മദ്, മി. നസീര്‍ അഹമ്മദ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍