UPDATES

ജോലി തേടി ഗള്‍ഫില്‍ പോകുന്നവര്‍ക്കുള്ള ഇ-മൈഗ്രേറ്റ് സംവിധാനം ലഘൂകരിക്കും

ജോലി തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കായുള്ള ഇ-മൈഗ്രേറ്റ് സംവിധാനം ലഘൂകരിക്കണമെന്ന് മുംബെ ഹൈക്കോടതി ഉത്തരവിട്ടു. രണ്ട് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇന്നലെ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇ-മൈഗ്രേറ്റ് സംവിധാനത്തില്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇമിഗ്രേഷന്‍ നടപടികള്‍ ലളിതവും സുതാര്യവും ആക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം ആവിഷ്‌കരിച്ച പദ്ധതിയാണ് ഇ-മൈഗ്രേറ്റ് സംവിധാനം.

വിസ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാതടസം ഉണ്ടാവാത്ത വിധത്തില്‍ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി മൂന്നുമാസത്തെ സമയം കോടതി സര്‍ക്കാരിന് അനുവദിച്ചിട്ടുണ്ട്. ഏജന്‍സികള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ വിദേശത്തേക്ക് അയയ്ക്കുന്നതില്‍ പുതിയ പരിഷ്‌കാരം തടസമാകരുതെന്ന് കോടതി പറഞ്ഞു. ഇതേ തുടര്‍ന്നാണ് പദ്ധതിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കുറ്റസമ്മതം നടത്തിയത്.

നേരത്തെ ഉദ്യോഗസ്ഥര്‍ നേരിട്ട് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍വഹിച്ചിരുന്നപ്പോള്‍ പ്രതിദിനം 7000 അപേക്ഷകളില്‍ തീരുമാനം എടുത്തിരുന്നതായും എന്നാല്‍ കഴിഞ്ഞ ജൂണില്‍ ഇലക്ട്രോണിക് സംവിധാനം നിലവില്‍ വന്ന ശേ,ം ഇതുവരെ 300 അപേക്ഷകളില്‍ പോലും തീരുമാനമായിട്ടില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് ന്യൂനതകള്‍ പരിഹരിക്കപ്പെടുന്നതുവരെ ഇ-മൈഗ്രേറ്റ് സംവിധാനം സ്റ്റേ ചെയ്യണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. എന്നാല്‍ രാജ്യത്ത് എണ്ണൂറോളം റിക്രൂട്ട്‌മെന്റ് ഏജന്‍സികളുണ്ടെന്നും പുതിയ സംവിധാനം അവരൊന്നും പരാതിപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് കൂടുതല്‍ പരാതി വരുന്നപക്ഷം ഇക്കാര്യം പരിഗണിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍