UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വലിയൊരു സാമ്രാജ്യം സംരക്ഷിക്കാനുള്ള രക്തസാക്ഷിത്വമാണ് ഈ രാജി

സാജു കൊമ്പന്‍

ഒടുവില്‍ ഇപി ജയരാജന്‍ മന്ത്രി രക്തസാക്ഷിയായി. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഇരു പാര്‍ട്ടികളിലും പെട്ട ഓരോ മനുഷ്യജീവനുകള്‍ വെട്ടേറ്റ് പിടഞ്ഞു വീണതിന് തൊട്ടടുത്ത ദിവസമാണ് ഇത് സംഭവിച്ചത് എന്നത് ചില ആലോചനാ സാധ്യതകള്‍ തുറന്നിടുന്ന യാദൃശ്ചികതയാണ്. എന്താണോ ഈ രണ്ടു മനുഷ്യര്‍ (ഇവര്‍ക്ക് മുന്‍പേ കുറേ മനുഷ്യര്‍) രക്തസാക്ഷികള്‍ അല്ലെങ്കില്‍ ബലിദാനികള്‍ ആയത്, അതേ കാരണം തന്നെയാണ് ജയരാജന്‍ മന്ത്രിയേയും രക്തസാക്ഷിയാക്കിയത്. ഒരു തരം ഇന്‍സ്റ്റിറ്റ്യൂഷണല്‍ മര്‍ഡര്‍. കണ്ണൂരിലെ സിപിഎം എന്ന സ്ഥാപനം നടത്തിയ ഒന്ന്.

എന്‍റെ അച്ഛന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്, കണ്ണൂരില്‍ അച്ഛന്റെ നാട്ടിലെ സഹകരണ ബാങ്കുകളുടെ മുന്‍ഗാമിയായ ഐക്യ നാണയ സംഘം എങ്ങനെയാണ് കോണ്‍ഗ്രസിന്റെ കൈകളില്‍ നിന്നു സിപിഎം പിടിച്ചെടുത്തത് എന്ന്. ഒരാള്‍ക്ക് മാത്രം കയറാന്‍ പറ്റുന്ന കോണിപ്പടിയുള്ള കെട്ടിടത്തിന്റെ മുകളിലാണ് സംഘം തെരഞ്ഞെടുപ്പ്. കോണിപ്പടിയുടെ ഇരുവശവും സഖാക്കള്‍ കാവല്‍ നിന്ന്‍ വോട്ട് ചെയ്യാന്‍ വരുന്ന കോണ്‍ഗ്രസ്സുകാരെ ഉന്തിയും തള്ളിയും, പ്രതിരോധിച്ചവരെ ചവിട്ടി വീഴ്ത്തിയുമൊക്കെയാണ് ഇത് സാധിച്ചത്. ജനാധിപത്യത്തിന്റെ അരുംകൊല എന്ന് വേണമെങ്കില്‍ നമുക്കിപ്പോള്‍ വ്യാഖ്യാനിക്കാം. പക്ഷേ അതിനേക്കാള്‍ വലിയ ജനാധിപത്യ കൊല അടിയന്തരാവസ്ഥയുടെ രൂപത്തില്‍ രാജ്യമൊട്ടാകെ കോണ്‍ഗ്രസ്സ് ആഘോഷിച്ചതിന് ശേഷമാണ് കണ്ണൂരിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഈ ജനാധിപത്യ കൊല അരങ്ങേറിയത് എന്നതുകൊണ്ട് അതത്രയൊന്നും ആരും കാര്യമാക്കിയില്ല. എന്‍റെ അച്ഛന്റെ ഗ്രാമത്തില്‍ ഇത് നടക്കുന്നതിന് മുന്‍പും ശേഷവുമൊക്കെ കണ്ണൂരിലെ വിവിധ ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും പട്ടണങ്ങളിലുമൊക്കെ ഇത്തരം സഹകരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ഇതുപോലെ കൈയ്യടക്കപ്പെട്ടു. ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളും പതിയെ പതിയെ സിപിഎമ്മിന്റെ കയ്യിലായി. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ ധനികന്‍ (പണം കൈകാര്യം ചെയ്യുന്ന ഏജന്‍സി) സിപിഎം ആയി മാറി.  

പിന്നീട് സിപിഎമ്മില്‍ നിന്നു പുറത്താക്കപ്പെട്ട എംവി രാഘവനാണ് ഈ കയ്യൂക്കിന്റെ ജനാധിപത്യ രീതി വ്യാപകമായി കണ്ണൂരില്‍ നടപ്പിലാക്കിയത് എന്ന് കേട്ടിട്ടുണ്ട്. അതുവരെ തുല്യശക്തിയായി നിലകൊണ്ടിരുന്ന കോണ്‍ഗ്രസ്സിനെ മെരുക്കിയെടുക്കുകയും അതിന്റെ അടിത്തറ തോണ്ടുകയും ചെയ്തത് ഈ കാലത്താണ്. എസ്എഫ്ഐയുടെ രോമാഞ്ച കലാലയമായി തലശ്ശേരി ബ്രണ്ണന്‍ കോളേജ് ഒക്കെ മാറുന്നത് നാട്ടിലാകെ നടന്ന സിപിഎം സംഘടനാ മെഷീനറിയുടെ എണ്ണയിട്ട ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്. കണ്ണൂരില്‍ ദിനേശ് ബീഡി സഹകരണ സംഘങ്ങള്‍ വ്യാപിക്കുന്നതും അതിലൂടെ പാര്‍ട്ടി വിദ്യാഭ്യാസം നേടിയ ഒരു തലമുറയുണ്ടാകുന്നതും ഈ കാലത്താണ്. (ബീഡി കമ്പനിയിലെ കൂട്ടമായുള്ള പത്ര വായനയാണ് ഒരു കാരണം. വലിയ നീളമേറിയ ഹാളിന്റെ ഒരറ്റത്ത് ഒരാള്‍ ഉച്ചത്തില്‍ പത്രം വായിക്കും. ദേശാഭിമാനി മാത്രമല്ല. എല്ലാ പത്രങ്ങളും. അയാളുടെ അന്നത്തെ പണി – ബീഡി തെറുപ്പ് – മറ്റുള്ളവര്‍ എടുത്തു കൊടുക്കും). ഓരോ നാട്ടിലെയും വ്യക്തികളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ ജനസമാന്യത്തിനിടയില്‍ സിപിഎമ്മിന്റെ സ്വാധീനവും വര്‍ദ്ധിച്ചു. അത് വിവിധ തട്ടിലുള്ള ജനായത്ത സഭകളില്‍ പാര്‍ട്ടിയുടെ പ്രാതിനിധ്യവും ശക്തിയും വര്‍ധിപ്പിച്ചു. നാട്ടിലെ എംപിയും എംഎല്‍എമാരും തദ്ദേശഭരണ സ്ഥാപനങ്ങളും സിപിഎമ്മിന്റെ കയ്യിലായി. കോണ്‍ഗ്രസ്സ് കണ്ണൂരിന്റെ ക്രിസ്ത്യന്‍ ഭൂരിപക്ഷ കുടിയേറ്റ മേഖലയിലേക്ക് അരികുവല്‍ക്കരിക്കപ്പെട്ടു. കണ്ണൂരിന്റെ മുഖ്യധാരയും അധികാരകേന്ദ്രവും സിപിഎമ്മായി മാറി.

പാര്‍ട്ടി ഇങ്ങനെയൊരു പരിവര്‍ത്തനത്തിലൂടെ കടന്നു പോകുന്ന ഘട്ടത്തില്‍ പരുവപ്പെട്ട നേതാക്കന്‍മാരാണ് നാം ഇന്ന് സിപിഎമ്മിന്റെ തലപ്പത്ത് കാണുന്ന പിണറായി വിജയനും ഇപി ജയരാജനും കോടിയേരി ബാലകൃഷ്ണനും പി ജയരാജനുമെല്ലാം. വേണമെങ്കില്‍ എംവി രാഘവന്റെ ശിഷ്യ ഗണങ്ങള്‍ എന്ന് പറയാം. പാര്‍ട്ടിയുടെ സംഘടനാ ശരീരം തങ്ങളുടേതായി താദാത്മ്യപ്പെട്ട സ്റ്റാലിനിസ്റ്റുകള്‍ എന്ന് പുറംലോകം വിളിക്കുന്ന ഈ തലമുറയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് കണ്ണൂരിലെ പാര്‍ട്ടിയെ ഇത്ര കെട്ടുറപ്പുള്ള ഉരുക്ക് ഘടനയാക്കി മാറ്റിയത്. എം വിരാഘവന്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോയിട്ടും അയാളുടെ കൂടെ പോകാതെ സംഘടനയാണ് പരമപ്രധാനം എന്ന് ചിന്തിച്ച് അയാളെ തള്ളിക്കളയാന്‍ ഇവര്‍ക്ക് സാധിച്ചു. പിന്നീട് രാഘവനുമായുള്ള നിരന്തര കലഹത്തില്‍ കൂത്തുപറമ്പില്‍ 5 പേര്‍ വെടിയേറ്റ് മരിക്കുകയും രാഘവന്റെ ഉടമസ്ഥതയിലുള്ള പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക് കത്തിക്കുകയും മിണ്ടാപ്രാണികളായ ജീവികളെ വെട്ടിക്കൊല്ലുകയും പാപ്പിനിശേരിയിലെ രാഘവന്റെ വീടിന് തീയിടുകയും രാഘവന് രായ്ക്ക് രാമാനം കണ്ണൂരില്‍ നിന്നു ഒളിച്ചോടേണ്ടി വരികയും ചെയ്തത് ചരിത്രം. സിപിഎമ്മിലായിരിക്കുമ്പോള്‍ രാഘവന്റെ കാര്‍മ്മികത്വത്തില്‍ സ്ഥാപിച്ച എകെജി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മന്ത്രി എന്ന അധികാരവും പഴയ തന്ത്രവും ഉപയോഗിച്ച് രാഘവന്‍ പിടിച്ചെടുത്തപ്പോള്‍ അതിനു മുന്‍പില്‍ പോയി സമരം ചെയ്ത് പോലീസിന്റെ ചവിട്ടും തല്ലും കൊണ്ട് വീണത് ഇപി ജയരാജനടക്കമുള്ള എംവിആറിന്റെ പഴയ സഖാക്കളാണ്. 

1960-കളുടെ അവസാനത്തില്‍ മാംഗ്ലൂര്‍ ഗണേഷ് ബീഡി കമ്പനിയിലെ തൊഴിലാളി തര്‍ക്കമായി രൂപപ്പെട്ട കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷവും കൊലപാതകവും സിപിഎം കൂടുതല്‍ ശക്തിപ്പെടുന്നതിനനുസരിച്ച് അതിതീവ്രമാകുന്നതാണ് പിന്നീട് കണ്ടത്. 80-കളുടെ ഒടുവിലും 90-കളിലും അത് കണ്ണൂരിലെ ഗ്രാമങ്ങളില്‍ ചുടല നൃത്തമാടി. നിരപരാധികളും അപരാധികളും കൊല്ലപ്പെട്ടു. ഇരുപക്ഷത്തും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അംഗവൈകല്യം വന്നവരും മാനസിക വിഭ്രാന്തി ബാധിച്ചവരും നാട്ടിലുണ്ടായി. അപ്പോഴും പാര്‍ട്ടി അനുദിനം പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കുകയും എതിര്‍പാളയം, പ്രത്യേകിച്ചും കോണ്‍ഗ്രസ്സ് ദുര്‍ബലമാകുകയും ചെയ്തു. സംഘടനപരമായും സാമ്പത്തികമായും തകര്‍ന്ന കോണ്‍ഗ്രസ്സിന്റെ ശൂന്യതയിലേക്കാണ് സംഘപരിവാര്‍ കടന്നു വരുന്നത്. തങ്ങളെപ്പോലെ കേഡര്‍ സ്വഭാവമുള്ള ആര്‍എസ്എസിന്റെ കടന്നു വരവ് സിപിഎമ്മിനെ ജാഗ്രവത്താക്കി. സിപിഎമ്മിനെ അതിന്റെ കേന്ദ്രത്തില്‍ ചെന്നടിക്കാന്‍ ആര്‍എസ്എസും പ്രതിരോധിക്കാന്‍ ആവശ്യം വന്നാല്‍ കയറി അടിക്കാന്‍ സിപിഎമ്മും തയ്യാറായപ്പോള്‍ കണ്ണൂര്‍ കുരുതിക്കളമായി മാറി. പാര്‍ട്ടി ഗ്രാമം, അതാരുടേതായലും അതിക്രമിച്ചു കയറുന്നവരെ വഴിയില്‍ തടയേണ്ടതും തിരിച്ചു വിടേണ്ടതും പോയില്ലെങ്കില്‍ തല്ലിയും കൊന്നും ഉന്മൂലനം ചെയ്യേണ്ടതും സംഘടനയുടെ അഥവാ പാര്‍ട്ടി പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളുടെ സംരക്ഷണത്തിന്റെ ആവശ്യമായി മാറി. അങ്ങനെ നോക്കുമ്പോള്‍ കണ്ണൂരിലെ ഓരോ പാര്‍ട്ടി കൊലപാതകവും അധികാരം പിടിച്ചടക്കാനോ അല്ലെങ്കില്‍ ഉള്ള അധികാരം സംരക്ഷിക്കാനോ ഉള്ള യുദ്ധങ്ങളാണ്. ആ യുദ്ധത്തിന്റെ ജനാധിപത്യ ഫലമാണ് ഒരു സഹകരണ സംഘം സമിതിയുടെ അംഗം മുതല്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കുന്ന എംപി വരെ. കണ്ണൂരിന്റെ മണ്ണില്‍ വീഴുന്ന ചോരയിലാണ് ജനാധിപത്യം പുഷ്പിക്കുന്നത്. 

ഇനി ഇപി ജയരാജനിലേക്ക് വരാം. കേരളത്തില്‍ മറ്റൊരിടത്ത് ഇല്ലാത്തവണ്ണം സ്ഥാപനവത്ക്കരിക്കപ്പെട്ട പാര്‍ട്ടിയാണ് കണ്ണൂരിലെ സിപിഎം. പാര്‍ട്ടി ഓഫീസുകളുടെ രൂപത്തിലും ഭൂമിയുടെ രൂപത്തിലും കോടികളുടെ സ്വത്താണ് പാര്‍ട്ടിക്കുള്ളത്. അതെല്ലാം എവിടെ നിന്നെങ്കിലും കട്ടിട്ടോ മോഷ്ടിച്ചോ ഉണ്ടാക്കിയതല്ല. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയും പാര്‍ട്ടി അംഗങ്ങള്‍ നല്കിയ ലെവിയിലൂടെയും പടുത്തുയര്‍ത്തിയതാണ്. കൂടാതെ പാര്‍ട്ടിക്ക് നിയന്ത്രണമുള്ള വായനശാലകള്‍, ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബുകള്‍, സഹകരണ ബാങ്കുകള്‍, ആശുപത്രികള്‍, വ്യവസായ സഹകരണ സംഘങ്ങള്‍ എന്നിങ്ങനെ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ഈ സ്ഥാപന ശൃംഖലകള്‍ എല്ലാം ചേര്‍ന്ന് പ്രത്യക്ഷമായും പരോക്ഷമായും ഇവിടത്തെ ജനതതിയുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ പ്രാപ്തിയുള്ള ബൃഹത് ഘടനയാക്കി സിപിഎമ്മിനെ മാറ്റി. പാര്‍ട്ടി അംഗവും അനുഭാവിയും മാത്രമല്ല എതിരാളികളും ഇതിന്റെ ഗുണഭോക്താക്കളായി മാറി. സംസ്ഥാനത്ത് പാര്‍ട്ടി ഭരണത്തില്‍ വരുമ്പോള്‍ നിയമാനുസൃതമായ പണം വമ്പിച്ച രീതിയില്‍ ഈ സഹകരണ സംഘങ്ങളിലൂടെ ഒഴുകി ജനജീവിതത്തെ മെച്ചപ്പെടുത്തി. (പിണറായി വിജയന്‍ വൈദ്യുതി മന്ത്രി ആയിരിക്കുമ്പോഴാണ് പിണറായി ഇന്‍ഡസ്ട്രിയല്‍ സഹകരണ സംഘത്തിന് കോണ്‍ക്രീറ്റ് ഇലക്ട്രിക്ക് പോസ്റ്റുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ കെഎസ്ഇബി നല്‍കിയത് എന്നു കേട്ടിട്ടുണ്ട്) ഒരു സര്‍വീസ് പ്രൊവൈഡറും ഗുണഭോക്താവും എന്ന നിലയില്‍ പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം മാറി. പ്രത്യയശാസ്ത്രത്തിന് ഇടം നഷ്ടപ്പെട്ടു. നേതാക്കന്‍മാര്‍ ബാങ്ക് ഡയറക്ടര്‍മാരും സഹകരണ സംഘം സെക്രട്ടറിമാരും കുടുംബശ്രീ അധ്യക്ഷകളും ആശുപത്രികളുടെ ചെയര്‍മാന്‍മാരുമായി മാറി. ജനകീയാസൂത്രണ പരിപാടിയുടെ കാലത്ത് കരാറുകാരന്‍ വേഷം മാറി പാര്‍ട്ടി പ്രവര്‍ത്തകനാവുകയും റോഡ് പണിയുടെ ഗുണഭോക്തൃ കണ്‍വീനര്‍മാരാവുകയും ചെയ്തു. സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന ഗ്രാന്‍റുകള്‍ക്ക് അപ്പുറം സ്ഥാപന വളര്‍ച്ചയ്ക്ക് സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വന്നു. മുതലാളിമാര്‍ നല്ല ചങ്ങാതിമാരായി. നമ്മള്‍ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രാദേശിക വകഭേദങ്ങള്‍ ഉണ്ടായി. പിഡബ്ല്യുഡി കരാറുകാരന്റെ കാറില്‍ ലോക്കല്‍ സെക്രട്ടറി എന്ന പാര്‍ട്ടി ബ്യൂറോക്രാറ്റ് സഞ്ചരിക്കാന്‍ തുടങ്ങി. അത് മേലോട്ട് വളര്‍ന്ന് ചാക്ക് രാധാകൃഷ്ണനും കല്യാണ്‍ സ്വാമിയും സാന്‍റിയാഗോ മാര്‍ട്ടിനും ഒക്കെയായുള്ള ചങ്ങാത്തമോ (ഇപി ജയരാജന്റെ മകന്റെ കല്യാണത്തിന് കല്യാണ്‍ സ്വാമി കണ്ണൂരില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങി എന്ന കഥ ഓര്‍ക്കുക) കൊടുക്കല്‍ വാങ്ങലുകളോ (ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്റെ കയ്യില്‍ നിന്നു ദേശാഭിമാനിക്ക് വേണ്ടി 2 കോടി വാങ്ങിയ വാര്‍ത്ത) ആയി മാറി.

അതേ, ഇപി ജയരാജന്‍ എന്ന കഴിവുറ്റ സംഘടനാ മനുഷ്യന്റെ പരിണതി വളരെ ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങനെയൊക്കെയാണ്. വലിയൊരു സാമ്രാജ്യം സംരക്ഷിക്കാനുള്ള രക്തസാക്ഷിത്വമാണ് ഇപിയുടെ മന്ത്രിപദം ഉപേക്ഷിക്കല്‍. സിപിഎം എന്ന മഹാസ്ഥാപനത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമം. ഒരു സംഘടനാ മനുഷ്യന്റെ മുന്നിലെ ഏക വഴി. ഒരു കാലത്ത് ഫാസിസത്തിനെതിരെയുള്ള പ്രതിരോധമായി എംഎന്‍ വിജയന്‍ ന്യായീകരിക്കുകയും പിന്നീടൊരിക്കല്‍ നിങ്ങള്‍ പടുത്തുയര്‍ത്തുന്ന കെട്ടിടങ്ങളില്‍ സമ്മേളനമിരിക്കാന്‍ ജനങ്ങളുണ്ടാവില്ല എന്നു വിജയന്‍ മാഷ് തന്നെ വിലപിക്കുകയും ചെയ്ത കണ്ണൂരിലെ പാര്‍ട്ടിയെ (ലോബി എന്ന് ചില സിന്‍ഡിക്കേറ്റന്‍മാര്‍ വിളിക്കും) രക്ഷിക്കാനുള്ള അത്യുജ്ജ്വലമായ ഒരു വിപ്ലവ പ്രവര്‍ത്തനം.

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍