UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വകാര്യ ഇടതുപക്ഷം അഥവാ അധികാരത്തിനു വേണ്ടി ഒരു കൂട്ടുകച്ചവടം

കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയ സ്വജനപക്ഷപാതവും അഴിമതിയും കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്‌ക്കോ അവരുടെ നേതാക്കന്‍മാര്‍ക്കോ കാര്യമായ പ്രതിച്ഛായ പ്രശ്‌നം ഉണ്ടാക്കിയില്ല എന്നത് വസ്തുതയാണ്. കാരണം വലത് മുന്നണിയിലെ ഘടകകക്ഷികള്‍ ആരും തന്നെ ആദര്‍ശരാഷ്ട്രീയത്തിന്റെ വക്താക്കള്‍ ആകാന്‍ ശ്രമിച്ചിട്ടില്ല. അവര്‍ മുന്നോട്ട് വച്ചത് പ്രായോഗിക രാഷ്ട്രീയത്തിന്റെ സംഘടനാ രൂപം തന്നെയായിരുന്നു. ഇടതുപക്ഷം വലതുപക്ഷത്തെ പ്രതിരോധിക്കാന്‍ ഉപയോഗിച്ചതും ഈ പ്രായോഗിക രാഷ്ട്രീയം തന്നെയായിരുന്നു. അതായത് അഴിമതിവിരുദ്ധതയും അതോടൊപ്പം ജനത്തിന് സ്വീകാര്യമായ പ്രായോഗികതയില്‍ ഊന്നിയ രാഷ്ട്രീയം മുന്നോട്ടുവെച്ചതു കൊണ്ടുകൂടിയാണ് ഇന്നും നിരവധി പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്നുപോകുമ്പോഴും ഇടതുപക്ഷത്തിന് ചില പൊതു സ്വീകാര്യത ഉണ്ടാകുന്നത്.

എന്നാല്‍ ഇടതുപക്ഷത്തിന്റെ അഴിമതി വിരുദ്ധത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നത് കേവലം വ്യക്തികളെ മാത്രം ആശ്രയിച്ച് വിശകലനം ചെയ്യേണ്ട ഒന്നല്ല. എന്നാല്‍ പാര്‍ട്ടി നേതൃത്വം പലപ്പോഴും ഇതിനെ വ്യക്തിയില്‍ ചുരുക്കി അതിന്റെ പിന്നില്‍ ഉണ്ടായിവരുന്ന രാഷ്ട്രീയ അപചയത്തെ വിസ്മരിക്കുകയും ചെയ്യും. ഇ.പി. ജയരാജന്റെ വിഷയത്തിലും അത് തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും. ജയരാജന്‍ വലിയ വീട് വച്ചപ്പോഴും പാര്‍ട്ടി പത്രത്തിന് വേണ്ടി കള്ളലോട്ടറിക്കാരനില്‍ നിന്നും പണം വാങ്ങിയിപ്പോഴും ഒന്നും തന്നെ പാര്‍ട്ടി ജയരാജന് മേല്‍ രാഷ്ട്രീയ നടപടികള്‍ ഒന്നും എടുത്തിരുന്നില്ല. അതേസമയം വി.എസ്. അച്യുതാനന്ദന്റെ സെക്രട്ടറി അടക്കമുള്ളവരെ രാഷ്ട്രീയ നടപടി എന്ന പേരിൽ  പുറത്താക്കുകയും ചെയ്തു. ഈയൊരു വൈരുദ്ധ്യമാണ് പാര്‍ലമെന്ററി ഇടതുപക്ഷം നേരിടുന്നത്. കാരണം പാര്‍ട്ടി ജയരാജനെ സംരക്ഷിക്കുന്നതിന്റെ പിന്നില്‍ രാഷ്ട്രീയത്തേക്കാള്‍ പ്രധാനം  സാമ്പത്തികം തന്നെയാണ്. അത്തരം സമ്പത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പെടുത്തതല്ല പാര്‍ട്ടി അടിത്തറ എന്ന് പൊതുസമൂഹത്തെ ബാധ്യപ്പെടുത്തേണ്ട ബാധ്യത ഇന്ന് പാര്‍ലമെന്ററി ഇടത് രാഷ്ട്രീയത്തിന് നഷ്ടപ്പെട്ടിരിക്കുന്നു.

ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ അഴിമതിയെ മാനദണ്ഡമാക്കിക്കൊണ്ട് ഇ.പി.ജയരാജന്‍ നടത്താന്‍ നിര്‍ബന്ധിക്കപ്പെട്ട വഴിവിട്ട നിയമനങ്ങള്‍ക്ക് ജയരാജനെ മാത്രം പ്രതിയാക്കുന്ന രീതിയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കാരണം ഒരു എം.പി.യുടെ മകനെയാണ് അദ്ദേഹം ക്രമനടപടികള്‍ പാലിക്കാതെ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചത്. ഇപ്പറഞ്ഞ എം.പി.ക്കും ഇതില്‍ ധാര്‍മ്മികമായ ഉത്തരവാദിത്വം ഉണ്ട്. എന്തുകൊണ്ട് അവര്‍ക്കെതിരെ നടപടിയുണ്ടായില്ല. ദേശീയ ദിനപത്രങ്ങള്‍ തന്നെ എം.പിയുടെ ബന്ധത്തെ കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നു. വ്യക്തികള്‍ക്ക് ജോലി സുരക്ഷ ഉണ്ടാകുന്നത് ആരും എതിര്‍ക്കേണ്ടതല്ല. എന്നാല്‍ അത്തരം സാമ്പത്തിക സുരക്ഷിതത്വം നിലവിലുള്ള സാമൂഹികനീതിയെ അട്ടിമറിക്കുന്നതാണെങ്കില്‍ മാത്രമേ അത് സാമൂഹികപ്രശ്‌നം ആയി മാറുന്നുള്ളു.

അധികാരകേന്ദ്രങ്ങളോടുള്ള അടുപ്പം എന്നതിനപ്പുറം ഇവര്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളത് എന്നതാണ് വിഷയം. കഴിവുള്ള വ്യക്തികളെ ഇതിന് മുമ്പും സര്‍ക്കാര്‍ തസ്തികകളിലും നിയമിച്ചിട്ടുണ്ട്. എന്നാല്‍  അസാധാരണത്വം ഒട്ടും ഇല്ലാത്ത വ്യക്തികളെ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാക്കുന്നത് ആദ്യം എതിര്‍ക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തന്നെയാണ്. കാരണം അവര്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരും ജനാധിപത്യ സംവിധാനങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരും കൂടിയാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടി തന്നെയായിരുന്നു ഇതിനെ എതിര്‍ക്കേണ്ടിയിരുന്നത്. പിന്നീട് പത്രവാര്‍ത്തകളെ തുടര്‍ന്ന് നിയമനം നിഷേധിച്ചുവെങ്കിലും ഫലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വ്യക്തി അധികാരകേന്ദ്രമായി മാറുന്നു എന്ന് വ്യക്തം. എം.എന്‍. വിജയനെ പുറത്താക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിന്റെ ഫലമായി എം.എന്‍.വിജയന്‍ പുരയ്ക്ക് മേലെ ചാഞ്ഞ മരം എന്ന് വിശേഷിപ്പിക്കുകയും ആ പേരില്‍ പാര്‍ട്ടി ബുദ്ധിജീവികള്‍ പുസ്തക രചന നടത്തുകയും ചെയ്ത പാര്‍ട്ടിയില്‍ വ്യക്തികളുടെ സ്വകാര്യ താല്‍പ്പര്യങ്ങള്‍ പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ പ്രതിഷ്ഠിക്കുന്നത് പ്രസ്ഥാനത്തിന്റെ അപചയത്തിന് കാരണമാകും. പാർട്ടിയിൽ സൈദ്ധാന്തിക പ്രശ്‌നം ഉയര്‍ത്തിയ എം.എന്‍. വിജയന്‍ പാര്‍ട്ടി വിരുദ്ധനാവുകയും പാര്‍ട്ടികൊണ്ട് സമ്പത്ത് ആര്‍ജ്ജിക്കുന്നവര്‍ പ്രവര്‍ത്തകര്‍ ആയി മാറുന്നതും വൈരുദ്ധ്യം തന്നെയാണ്. ഇത്തരം വൈരുദ്ധ്യം പാർലിമെന്ററി ഇടതുപക്ഷത്തിൽ ഉയർന്നു വരുന്നത് കൊണ്ടുകൂടിയാണ് ഭരണകൂട രാഷ്ട്രീയ നിർവ്വചനങ്ങൾക്കപ്പുറം ഒരു പൊതു ഇടതു രാഷ്ട്രീയം രൂപപ്പെടാത്തതും പാർലമെന്ററി  ഇടതുപക്ഷം അധികാര പാർട്ടിയായി ചുരുങ്ങുന്നതും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍