UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി ജയരാജന്റെ പരാജയ കാലം

Avatar

അഴിമുഖം പ്രതിനിധി 

2016 മേയ് മാസം 16-ആം തീയതി രാവിലെ എട്ടുമണി. കണ്ണൂർ കളക്ട്രേറ്റിനടുത്ത തെക്കീ ബസാർ മൈത്രി വൃദ്ധസദനം. 36  അന്തേവാസികളും ടെലിവിഷൻ ചാനലിന്റെ മുന്നിൽ ആകാംഷയോടെ കാത്തിരിക്കുകയാണ്. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ്  ഫലമല്ല  മറിച്ചു മട്ടന്നൂർ മണ്ഡലത്തിലെ വിജയമാണ് അവർ കാത്തിരുന്നത്. മൈത്രി സ്ഥാപകരിൽ ഒരാൾ കൂടി ആയ ഇ.പി. ജയരാജന്റെ വിജയമാണ് അവർ ആഗ്രഹിച്ചത്. 2011ൽ രൂപീകൃതമായ മട്ടന്നൂർ മണ്ഡലത്തിൽ നിന്നും വീണ്ടും നിയമസഭയിലെത്തിയ അദ്ദേഹം മുൻകാലത്തു നേടിയ 30512 ഭൂരിപക്ഷം ഇത്തവണ  43381 ആയി വർദ്ധിപ്പിച്ചു നേടിയ വിജയം ലഡ്ഡുവിന്റെ മധുരം പങ്കിട്ടു ആഘോഷിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപായി ഓരോരുത്തരുടേയും അടുത്ത് ചെന്ന് അനുഗ്രഹം വാങ്ങിയാണ് പോയത്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമെത്തിയത് ഈ മന്ദിരത്തിലേക്കായിരുന്നു. എല്ലാ അമ്മമാരുടെയും അച്ഛന്മാരുടെയും മകന്റെ സ്ഥാനമാണ് ഇ പി ക്കു ഇവിടെയുള്ളത്. 

ഡംഡം സമ്മേളനത്തിൽ ബസവ പുന്നയ്യ ഇ പിയെ ചൂണ്ടിക്കാട്ടി കേരളത്തെ അപ്പാടെ വിമർശിച്ചു എന്ന് പറഞ്ഞാലും കഴുത്തിൽ വെടിയുണ്ട ഉണ്ടെന്നു പറയുന്നത് കളവാണ് എന്ന് പറഞ്ഞാലും ഇവർ തള്ളിപ്പറയില്ല. എങ്കിലും ബന്ധുക്കൾക്ക് നിയമനം നൽകിയ നടപടി ശരിയായില്ല എന്ന് തന്നെ ആണ് ഇവരുടെ അഭിപ്രായം.  

പാർട്ടിക്ക് അകത്തും പുറത്തും ഇ പിക്ക് രണ്ടു തരം ആളുകൾ ആണ് ഉള്ളത്. ഒന്നുകിൽ കടുത്ത വിമർശകർ, അല്ലെങ്കിൽ കടുത്ത ആരാധകർ. 1991-ല്‍ അഴീക്കോട്‌ നിന്ന്‌ നിയമസഭയിലെത്തിയ ഇ പി  മികച്ച നിയമസഭാ സാമാജികനായി ചുരുങ്ങിയകാലത്തിനകം ശ്രദ്ധ പിടിച്ചുപറ്റി. എക്സൈസ്‌ മന്ത്രിയായിരുന്ന രഘുചന്ദ്രബാലിന്റെ അഴിമതി എടുത്തുയർത്തി നിയമസഭയിൽ ഭരണപക്ഷത്തെ പ്രതിരോധ ത്തിലാക്കി.  ദീര്‍ഘകാലം സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. തൃശ്ശൂര്‍ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയില്‍ കൂടിയാന്മല രക്തസാക്ഷി അനുസ്മരണത്തില്‍ പ്രസംഗിച്ചതിന്‍റെ പേരില്‍ ആറുമാസം തടവിന്‌ ശിക്ഷിക്കപ്പെട്ടു. 71-ല്‍ നടന്ന ട്രാന്‍പോര്‍ട്ട്‌ തൊഴിലാളി സമരത്തിന്‌ നേതൃത്വം നല്‍കിയതിന്റെ പേരിലും ശിക്ഷിക്കപ്പെട്ട്‌ ജയില്‍വാസം അനുഷ്ഠിച്ചു. ഇങ്ങനെയൊക്കെ പടരുകയാണ് സോഷ്യൽ മീഡിയയിലെ വാഴ്ത്തുകൾ.

ചരിത്രം ഇങ്ങനെയൊക്കെയാണെങ്കിലും കമ്യൂണിസ്റ്റുകാരന് നിരക്കാത്ത ജീവിത ശൈലി പിന്തുടർന്ന ആളാണ് ജയരാജൻ എന്ന ആരോപണം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം ഒരുപാടായി. മെഷീന്‍ വെട്ടുക്കല്ലിനെതിരെ കണ്ണൂരിൽ സിപിഎമ്മിന്റെ സമരം നടക്കുമ്പോൾ ആണ് ഇ പി ജയരാജൻ വെട്ടുകല്ല് കൊണ്ട് വീടുവയ്ക്കുന്നത്. ഫാരിസിനെതിരെ വി എസ് ശക്തമായ നിലപാട് എടുക്കുമ്പോൾ ആണ് നായനാർ ഫുട്ബോളിനു ഫാരിസിൽ നിന്നും  ഫണ്ട് വാങ്ങുന്നത്. അന്ന് പാർട്ടി ഔദ്യോഗിക നേതൃത്വത്തിന് ഫാരിസ് അനഭിമതൻ ആയിരുന്നില്ല. ലോട്ടറി രാജാവ്  സാന്റിയാഗോ മാർട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായപ്പോഴും രണ്ടുകോടി രൂപ ദേശാഭിമാനിക്കായി വാങ്ങിയതും. പിന്നീട് തിരിച്ചു കൊടുത്തപ്പോഴും അത് മാർട്ടിൻ വാങ്ങാതെ തിരിച്ചയച്ചപ്പോഴും ശിക്ഷാ നടപടി കേവലം ശാസനയിൽ ഒതുങ്ങി.

ഇനി ജയരാജന്റെ പരാജയ കാലമാണ്‌. കേന്ദ്രക്കമ്മറ്റിയിൽ നിന്നും അടുത്ത നടപടി വരാൻ ഇരിക്കുന്നതേയുള്ളു. അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ നടപടി ജനങ്ങളെയും പാർട്ടിയെയും ബോധ്യപ്പെടുത്തണം എന്ന യെച്ചൂരിയുടെ നിലപാടിന്റെ വിജയം കൂടിയാണിത്. എല്ലാക്കാലവും ജയരാജനെ ചിറകിനടിയിൽ ഒതുക്കിയ പിണറായിക്കു ഇത്തവണ രക്ഷിക്കാൻ കഴിയാതെ വന്നത് യെച്ചൂരിയുടെ ഭീഷണിക്കത്ത് കൂടി കൊണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍