UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇ-ടോയ്‌ലറ്റുകളല്ല, വേണ്ടത് നാടിന് ചേര്‍ന്നത്; ഒപ്പം സമൂഹവും മാറണം

Avatar

പൊതു ഇടങ്ങളില്‍ ടോയ്‌ലറ്റ് സൌകര്യം ഉറപ്പുവരുത്തണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഈ ആവശ്യം ഉള്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന സംവാദത്തില്‍ അഴിമുഖവും പങ്കുചേരുന്നു. മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസാണ് ഫേസ്ബുക്കില്‍ ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് നിരവധി പേര്‍ പ്രതികരണങ്ങളായും പോസ്റ്റുകളായും രംഗത്തെത്തി. സി പി ഐ എം പൊളിറ്റ്ബ്യൂറോ  അംഗം പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഇതിനോട് പ്രതികരിച്ചുകൊണ്ട് കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.സാമൂഹ്യപ്രവര്‍ത്തകയായ ജ്യോതി നാരായണന്‍ പ്രതികരിക്കുന്നു. തയാറാക്കിയത്: ദില്‍ന മധു

ആവശ്യത്തിനനുസരിച്ച് പൊതു ഇടങ്ങളില്‍ ടോയ്‌ലറ്റ് സൗകര്യം വേണം എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. യാത്രക്കിടയില്‍ മാത്രമല്ല മാര്‍ക്കറ്റുകളില്‍, ഓഫിസുകളില്‍, മറ്റ് പൊതു സ്ഥലങ്ങളിലെല്ലാം ഈ സംവിധാനങ്ങളുടെ അപര്യാപ്തത ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് സ്ത്രീകള്‍ക്കാണ്. കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്ക് അവസരമുണ്ട്. എന്നാല്‍ പലപ്പോഴും താമസത്തിനും മറ്റും സൗകര്യം കണ്ടെത്തല്‍ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ മൂലം ജോലി ഉപേക്ഷിക്കുന്നവര്‍ പോലുമുണ്ട്.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ടോയ്‌ലറ്റ് വെച്ച് പുരുഷന് വെള്ളം ഉപയോഗിക്കാത്തതും സ്ത്രീകള്‍ക്ക് വെള്ളം ഉപയോഗിക്കുന്നതുമായ സംവിധാനം മിക്ക ഓഫീസുകളിലും ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. വാതില്‍ പോലും അടയ്ക്കാതെ പുരുഷന്‍മാര്‍ മൂത്രം ഒഴിക്കുമ്പോള്‍ പലപ്പോഴും സ്ത്രീകള്‍ക്ക് ടോയ്‌ലറ്റ് ആവശ്യത്തിന് ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥ വരുന്നു. സിനിമ തിയേറ്റര്‍ തൊട്ട് വലിയ കെട്ടിടങ്ങളില്‍ വരെ ഏതെങ്കിലും മൂലയ്ക്കായിരിക്കും പലപ്പോഴും ടോയ്‌ലറ്റ് സംവിധാനം. മിക്കവാറുമിവ പൂട്ടിയിട്ടിരിക്കും. അല്ലെങ്കില്‍ വാതിലടക്കം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരിക്കും. വെള്ളം ഉണ്ടാകണമെന്നില്ല. പൈപ്പ് ഉണ്ടായാല്‍ തന്നെ ബക്കറ്റ് വെയ്ക്കാന്‍ പോലും സ്ഥലമില്ലാത്തത്ര ഇടുങ്ങിയതായിരിക്കും. ഒന്ന് കയറിപ്പറ്റുക തന്നെ അസാധ്യം. ബസ് സ്റ്റാന്‍ഡുകളിലെ കംഫര്‍ട്ട് സ്‌റ്റേഷനുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. ഏതെങ്കിലും ഇരുണ്ട ഭാഗത്തായിരിക്കും ടോയ്‌ലറ്റ്. രാത്രി പെണ്‍കുട്ടികള്‍ക്ക് പോകാന്‍ സുരക്ഷിതമല്ലാത്ത ഇടങ്ങള്‍. പുരുഷന്മാരോ ചിലപ്പോള്‍ ഭാഷപോലും അറിയാത്ത ഇതര സംസ്ഥാനക്കാരോ ആയിരിക്കും പണം വാങ്ങാന്‍ ഇരിക്കുന്നത്. ഒരു രൂപമാത്രമേ വാങ്ങാവൂ എന്ന് എഴുതി വെച്ചാലും പത്ത് രൂപവരെ ഒന്ന് മൂത്രമൊഴിക്കാന്‍ കൊടുക്കേണ്ടിവരും. ആര്‍ത്തവ സമയത്തും ഗര്‍ഭകാലത്തും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. അതുകൊണ്ടു തന്നെ പല സ്ത്രീകളും യാത്ര ഒഴിവാക്കുന്നു. യാത്രയ്ക്കായി ട്രെയിന്‍ കൂടുതലായി ആശ്രയിക്കുന്നതും പലപ്പോഴും ഇതുകൊണ്ടാണ്.

സമൂഹത്തില്‍ പകുതിയില്‍ ഏറെ വരുന്ന സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിട്ടും ഇവ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടാത്തതിനും ഒരു പരിധി വരെ തിരസ്‌കരിക്കപ്പെടാനും കാരണം നമ്മുടെ സമൂഹം പുരുഷ കേന്ദ്രീകൃതമാണ് എന്നതാണ്. അവര്‍ക്ക് എവിടെ വേണമെങ്കിലും തിരിഞ്ഞു നിന്ന് മൂത്രമൊഴിക്കാം. ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ആരും ചര്‍ച്ച ചെയ്യുന്നില്ല. സ്ത്രീ, വികസനം, പരിസ്ഥിതി, വ്യവസായം തുടങ്ങി എല്ലാം അവരുടെ നിലനില്‍പ്പിന് വേണ്ടിയാണ്. സമൂഹത്തിന്റെ അടിസ്ഥാനം ഇതാണ്. അതുകൊണ്ടു തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുക ഒന്നാമത്തെ പരിഗണനാ വിഷയം ആകുന്നില്ല. പുരുഷന്മാരെ കൂടി നേരിട്ട് ബാധിക്കുന്ന വിഷയമാണ് മുഖ്യധാരാവിഷയമായി വരുന്നത്. പുരുഷന്മാരും വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്ന സാഹചര്യം വരണം. അതിന് ആവശ്യമായ സൗകര്യമാണ് ആദ്യം ഒരുക്കേണ്ടത്. അപ്പോള്‍ മാത്രമേ അതൊരു നിര്‍ബന്ധിത വ്യവസ്ഥയായി അവതരിപ്പിക്കാന്‍ സാധിക്കൂ.

പൊതു ഇടങ്ങളിലെ ടോയ്‌ലറ്റുകള്‍ സാര്‍വത്രികമാക്കും-ടി എം തോമസ് ഐസക്
പൊതു ഇടങ്ങളിലെ സ്ത്രീ സൌഹൃദ ടോയിലറ്റ്; പിണറായി വിജയന്‍റെ പ്രതികരണം
മൂത്രമൊഴിക്കാന്‍ പോലും ഇടമില്ലാത്തപ്പോള്‍ ഏത് വികസനത്തെക്കുറിച്ചാണ് പറയുന്നത്?

പൊതു ഇടങ്ങളിലെ ടോയ്‌ലറ്റുകള്‍ സുരക്ഷിതവും സൗകര്യപ്രദവും വൃത്തിയുള്ളതും ആയിരിക്കണം. നമ്മുടെ നാടിനും രീതിക്കും അനുയോജ്യമായ, പ്രയോഗികമായ സംവിധാനങ്ങളാണ് ഇവിടെ ആവശ്യം. ഇ-ടോയ്‌ലറ്റ് എന്ന് പറയുന്നത് ഭയങ്കര തട്ടിപ്പാണ് ഇന്നത്തെ സാഹചര്യത്തില്‍. ഇത് ഉപയോഗിക്കാന്‍ നമ്മുടെ നാട്ടില്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. അപ്പോള്‍ ഇത്ര ലക്ഷങ്ങള്‍ ചെലവഴിക്കേണ്ട കാര്യമില്ല. പൊതു സ്ഥലങ്ങളിലെ എത്ര ഇ-ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തനക്ഷമമാണ്, പ്രവര്‍ത്തിക്കുന്നു എന്ന് പഠിക്കേണ്ടതാണ്. യൂറോപ്യന്‍ ക്ലോസറ്റിന്റെ ഫ്ലെഷ് ഉപയോഗിക്കാന്‍ പോലും നമ്മുടെ സാധാരണ ആള്‍ക്കാര്‍ക്ക് അറിയില്ല. കഴിയുന്നതും ഇന്ത്യന്‍ ക്ലോസെറ്റ് നിര്‍മ്മിക്കുക. ഏറ്റവും വൃത്തിയായി നിലനിര്‍ത്താന്‍ സാധ്യതയും ഇന്ത്യന്‍ ക്ലോസെറ്റാണ്. രണ്ടെണ്ണം ഉണ്ടെങ്കില്‍ ഒന്ന് യൂറോപ്യന്‍ ക്ലോസെറ്റ് വെയ്ക്കുന്നതില്‍ തെറ്റില്ല. ഇരിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് ഉപയോഗപ്പെടും. വെള്ളത്തിന്റെ റീ സര്‍ക്കുലേഷന്‍ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി, ലാഭകരമായി പൊതു സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. വിദേശത്ത് വിജയകരമാണെന്ന് കണ്ടത് കൊണ്ട് ഇവിടെ അത് ഇപയോഗപ്രദമാകണം എന്നില്ല. എന്തായാലും ഈ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് തന്നെ പോസിറ്റീവായ കാര്യമാണ്. നിരന്തരമായ ഉന്നയിച്ചാല്‍ മാത്രമേ പലതും നടപ്പിലാക്കപ്പെടുകയുള്ളു.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍