UPDATES

ട്രെന്‍ഡിങ്ങ്

ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞ് വീണപ്പോള്‍ തന്നെ മരിച്ചിരുന്നതായി മാധ്യമപ്രവര്‍ത്തകന്‍

രാഷ്ട്രീയം മനുഷ്യനെ ഇത്രയ്ക്ക് തരം താഴ്ത്തുമോ എന്നും ഇന്നലെ തന്നെ ഇ അഹമ്മദിന്റെ മരണവിവരം പുറത്തറിയിക്കുന്നതില്‍ സര്‍ക്കാരിന് എന്തായിരുന്നു തടസമെന്നും എ രശീദുദ്ദീന്‍ ചോദിക്കുന്നു.

ഇ അഹമ്മദ് എംപി, പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇന്നലെ കുഴഞ്ഞ് വീണപ്പോള്‍ തന്നെ മരിച്ചിരുന്നതായി മാധ്യമപ്രവര്‍ത്തകനായ എ. രശീദുദ്ദീന്‍. അഹമ്മദ് കുഴഞ്ഞ് വീണയുടന്‍ അടുത്തെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അദ്ദേഹം അപ്പോള്‍ തന്നെ മരിച്ചു എന്നാണ് പറഞ്ഞത്. ഡോക്ടര്‍ കൂടിയായ കേന്ദ്രമന്ത്രിക്ക് അടുത്തെത്തിയപ്പോള്‍ ഇക്കാര്യം ബോധ്യമായിരുന്നു. പക്ഷെ അദ്ദേഹം കൃത്രിമ ശ്വാസം ന്ല്‍കാന്‍ നിര്‍ദ്ദേശിക്കുകയാണ്. മറ്റുള്ളവരെ മാറ്റി നിര്‍ത്തിയിരുന്നു. മരിച്ച ഇ അഹമ്മദിനെയാണ് രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ കൊണ്ടുപോവുകയും ഐസിയുവിലും വെന്റിലേറ്ററിലുമെല്ലാം കിടത്തുകയും ചെയ്തതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ആശുപത്രിയിലെത്തിച്ച ശേഷവും മന്ത്രി ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. രാഷ്ട്രീയം മനുഷ്യനെ ഇത്രയ്ക്ക് തരം താഴ്ത്തുമോ എന്നും ഇന്നലെ തന്നെ ഇ അഹമ്മദിന്റെ മരണവിവരം പുറത്തറിയിക്കുന്നതില്‍ സര്‍ക്കാരിന് എന്തായിരുന്നു തടസമെന്നും മീഡിയ വണ്‍ ചാനലിന്റെ ഡല്‍ഹി ബ്യൂറോ തലവനായ രശീദുദ്ദീന്‍ ചോദിക്കുന്നു.

ഇ അഹമ്മദിന്റെ മൃതദേഹം ബജറ്റ് തീരും വരെ ആശുപത്രിയില്‍ വയ്ക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നതെന്നും ഇത് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ പ്രവൃത്തിയായി പോയെന്നും മൃതദേഹം അഴുകിത്തുടങ്ങിയിരുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ഇന്നലെ ഇ അഹമ്മദിനെ കാണാന്‍ മക്കളടക്കമുള്ള ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. ഇത് വിവാദമാവുകയും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. മക്കളെ പോലും അകത്തേയ്ക്ക് കയറ്റി വിടാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും തമ്മില്‍ വാഗ്വാദമുണ്ടാവുകയും ചെയ്തു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് രാത്രി രണ്ട് മണിക്ക് ശേഷം മക്കളെ കാണാന്‍ അനുവദിക്കുകയും അല്‍പ്പസമയത്തിനകം അഹമ്മദിന്റെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

എ റശീദുദ്ദീന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

അതേസമയം ഇ അഹമ്മദ് എംപിയുടെ ആരോഗ്യനിലയെക്കുറിച്ച് മക്കളോടു പോലും ഒന്നും പറയാതിരുന്ന കേന്ദ്ര സർക്കാർ നടപടിയിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായിട്ടുണ്ട്. ഇന്നലെ രാവിലെ പതിനൊന്നോടെ പാർലമെന്റിൽ കുഴഞ്ഞുവീണ അഹമ്മദിനെ സർക്കാർ നിയന്ത്രണത്തിലുള്ള രാം മനോഹർ ലോഹ്യ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. ഗൾഫിൽനിന്നു മകൾ ഡോ. ഫൗസിയയും മകൻ നസീർ അഹമ്മദും വന്നിട്ടും അവരെയും അഹമ്മദിന്റെ അടുത്തേക്കു വിട്ടില്ല.

സംഭവമറിഞ്ഞ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ആശുപത്രിയിൽ എത്തിയത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. പൊതു ബജറ്റ് അവതരണത്തെ ബാധിക്കും എന്നതുകൊണ്ടാണ് അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ആരോഗ്യനില സംബന്ധിച്ച യാതൊരു വിവരവും പുറത്തുവിടാതിരുന്നത് എന്ന് ആരോപണം ഉയര്‍ന്നു. സിറ്റിംഗ് എംപിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ ദിവസത്തെ സഭാ സമ്മേളനം റദ്ദ് ചെയ്യേണ്ടിവരും. ബജറ്റ് അവതരണമായതിനാൽ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നടത്തിയ നീക്കമാണെന്നായിരുന്നു ആരോപണം.

ആദ്യം തീവ്രപരിചരണ വിഭാഗത്തിലാണ് അഹമ്മദിനെ എത്തിച്ചത്. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് സന്ദർശിച്ചതിനു തൊട്ടുപിന്നാലെ ട്രോമ കെയർ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. ഏറെ നീണ്ട വാഗ്വാദത്തിനൊടുവിലാണ് ട്രോമ കെയർ വിഭാഗത്തിന്റെ ചില്ലുവാതിലിൽ കൂടി അഞ്ചു സെക്കൻഡ് അഹമ്മദിനെ കാണാൻ മകള്‍ ഡോ. ഫൗസിയക്ക് അനുമതി നൽകിയത്. ഓപ്പൺ ഐസിയുവിൽനിന്ന് ട്രോമ കെയർ വിഭാഗത്തിലേക്ക് അഹമ്മദിനെ മാറ്റുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ മൂടിയിരുന്നെന്ന് ഒരു സഹായി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. തുടര്‍ന്ന് മുൻ കേന്ദ്രമന്ത്രി വയലാർ രവി, എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, എം കെ രാഘവൻ, പി വി അബ്ദുൾ വഹാബ് എന്നിവർ ഇന്നലെ വൈകിട്ടു മുതൽ ട്രോമ കെയർ വിഭാഗത്തിനു പുറത്തെത്തി.

രാത്രി പതിനൊന്നോടെ ആർഎംഎല്ലിലെത്തിയ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും അഹമ്മദിനെ കാണാൻ അനുവദിച്ചില്ല. പന്ത്രണ്ടേകാലോടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും ഗുലാം നബി ആസാദും ആശുപത്രിയിലെത്തി. കുടുംബത്തെ പോലും അകത്തു കയറ്റാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന്‍ ഇവര്‍ക്ക് ആശുപത്രി അധികൃതരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടേണ്ടി വന്നു. ഒടുവില്‍ വെളുപ്പിനെ 2.15-ന് അന്തരിച്ച വിവരം സ്ഥിരീകരിക്കുകയായിരുന്നു. ബജറ്റ് അവതരിപ്പിക്കുന്നത് മുടങ്ങാതിരിക്കാന്‍ മരണം സംഭവിച്ചത് മറച്ചു വയ്ക്കുകയായിരുന്നു എന്നുള്ളതിന്റെ കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍