UPDATES

ചരിത്രത്തില്‍ ഇന്ന്

1947 ഫെബ്രുവരി 20: ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയായി മൗണ്ട്ബാറ്റണ്‍ പ്രഭുവിനെ നിയമിച്ചു

സ്വാതന്ത്ര്യത്തിലേക്കുള്ള നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി ബര്‍മയിലെ മൗണ്ട്ബാറ്റണ്‍ പ്രഭുവിനെ 1947 ഫെബ്രുവരി 20-ന് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആയി നിയമിച്ചു

സ്വാതന്ത്ര്യത്തിലേക്കുള്ള നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി ബര്‍മയിലെ മൗണ്ട്ബാറ്റണ്‍ പ്രഭുവിനെ 1947 ഫെബ്രുവരി 20-ന് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആയി നിയമിച്ചു. പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി, പ്രത്യേകിച്ച് ജവഹര്‍ലാല്‍ നെഹ്രുവുമായി നല്ല ബന്ധം സ്ഥാപിച്ച അദ്ദേഹത്തിന് പക്ഷെ സംയുക്തമായ ഒരു സ്വതന്ത്ര ഇന്ത്യയുടെ നേട്ടങ്ങളെ കുറിച്ച് മുസ്ലീം നേതാവായ മുഹമ്മദാലി ജിന്നയെ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല. ഒരു സംയുക്ത രാഷ്ട്രം എന്ന പ്രതീക്ഷ മൗണ്ട്ബാറ്റണ്‍ വളരെ പെട്ടെന്ന് തന്നെ നഷ്ടപ്പെടുകയും 1947 ഓഗസ്റ്റ് 14-15 തീയതികളില്‍ ബ്രട്ടീഷ് ഇന്ത്യ, ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കപ്പെടുകയും ചെയ്തു. ഇത് വലിയ ആഭ്യന്തര സാമുദായിക കലാപങ്ങള്‍ക്ക്, പ്രത്യേകിച്ചും കിഴക്കന്‍ ഇന്ത്യയിലെ പഞ്ചാബിലും പടിഞ്ഞാറന്‍ പാകിസ്ഥാനിലും, വഴിവെച്ചു. പാകിസ്ഥാന്റെ ഭാഗമായി കഴിഞ്ഞിരുന്ന പ്രദേശങ്ങളില്‍ നിന്നും 3.5 ദശലക്ഷം ഹിന്ദുക്കളും സിക്കുകാരും പലായനം ചെയ്തപ്പോള്‍ പാകിസ്ഥാനിലേക്ക് ഏകദേശം അഞ്ച് ദശലക്ഷം മുസ്ലീങ്ങള്‍ കുടിയേറി. 1948 ജൂണ്‍ വരെ ഇന്ത്യയുടെ ഇടക്കാല ഗവര്‍ണര്‍ ജനറലായി മൗണ്ട്ബാറ്റണ്‍ തുടര്‍ന്നു.

1900 ജൂണ്‍ 25-നാണ് ലൂയിസ് ഫ്രാന്‍സിസ് ആല്‍ബര്‍ട്ട് വിക്ടര്‍ നിക്കൊളാസ് മൗണ്ട്ബാറ്റണ്‍ പിറന്നത്. ബാറ്റന്‍ബര്‍ഗിലെ ലൂയിസ് രാജകുമാരന്റെയും ഹെസേയിലെ വിക്ടോറിയ രാജ്ഞിയുടെയും പുത്രനായി ഒരു അഭിജാത ജര്‍മ്മന്‍ കുടുംബത്തില്‍ പിറന്ന അദ്ദേഹം, ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു (വിക്ടോറിയ രാജ്ഞി അദ്ദേഹത്തിന്റെ മുതുമുത്തശ്ശിയും ഫിലിപ്പ് രാജകുമാരന്‍ അദ്ദേഹത്തിന്റെ മരുമകനുമായിരുന്നു). ‘ഡിക്കി’ എന്ന ഓമനപ്പേരില്‍ കുടുംബത്തിലും അടുത്ത സുഹൃത്തുക്കള്‍ക്കിടയിലും അറിയപ്പെട്ടിരുന്ന മൗണ്ട്ബാറ്റണ്‍, 1914-ല്‍ ഡാര്‍ട്ട്മൗത്തിലെ റോയല്‍ നേവി കോളേജില്‍ ചേര്‍ന്നതുവരെ വീട്ടില്‍ തന്നെയാണ് വിദ്യാഭ്യാസം നേടിയത്. 1916-ല്‍ റോയല്‍ നേവിയില്‍ ചേര്‍ന്ന അദ്ദേഹം ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തു. യുദ്ധാനന്തരം ഒരു വര്‍ഷം അദ്ദേഹം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസം നേടി. 1934-ല്‍ എച്ച്എംഎസ് ‘ഡാറിംഗ്’ എന്ന നശീകരണക്കപ്പലിലാണ് അദ്ദേഹത്തിന് ആദ്യത്തെ കമാന്റ് ലഭിച്ചത്. 1941 മേയില്‍ അദ്ദേഹത്തിന്റെ കപ്പലായ എച്ച്എംഎസ് കെല്ലി, ജര്‍മ്മന്‍ ബോംബാക്രമണത്തില്‍ മുങ്ങുകയും പകുതിയിലേറെ നാവികര്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് നോയല്‍ കൊവാഡിന്റെ ‘ഇന്‍ വിച്ച് വി സര്‍വ്’ എന്ന ചിത്രത്തിലൂടെ ‘കെല്ലിയും’ അതിന്റെ ക്യാപ്റ്റനും അനശ്വരമാക്കപ്പെട്ടു. 1942 ഏപ്രിലില്‍, അധിനിവേശ യൂറോപ്പിലെ ആക്രമണത്തിന് തയ്യാറെടുക്കാനുള്ള ഉത്തരവാദിത്വത്തോടെ സംയുക്ത ആക്രമണത്തിന്റെ തലവനായി മൗണ്ട്ബാറ്റണ്‍ നിയോഗിക്കപ്പെട്ടു. ഇതേസമയം തന്നെ, അദ്ദേഹം യൂറോപ്യന്‍ തീരങ്ങളിലെമ്പാടും പരിശോധനകള്‍ നടത്തി. ദുരന്തപൂര്‍ണമായി തീര്‍ന്ന 1942 ഓഗസ്റ്റിലെ ഡിപ്പെ റെയ്ഡും ഇതിന്റെ ഭാഗമായിരുന്നു. 1943 ഒക്ടോബറില്‍ അദ്ദേഹം സംയുക്ത സേനയുടെ തെക്ക് കിഴക്കന്‍ ഏഷ്യന്‍ കമാന്റിന്റെ (എസ്ഇഎസി) സുപ്രീം കമാന്ററായി തീര്‍ന്നു. 1946-വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. ജനറല്‍ വില്യം സ്ലിമ്മിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം, ജപ്പാന്റെ ഇന്ത്യയിലേക്കുള്ള മുന്നേറ്റത്തെ പരാജയപ്പെടുത്തുകയും ബര്‍മ തിരികെ പിടിക്കുകയും ചെയ്തു. 1945 സെപ്തംബറില്‍, സിംഗപ്പൂരില്‍ വച്ച് ജപ്പാന്‍കാര്‍ അദ്ദേഹത്തിന് മുന്നില്‍ കീഴടങ്ങി.


1953-ല്‍, പുതിയ നാറ്റോ മെഡിറ്ററേനിയന്‍ കമാന്റിന്റെ കമാന്ററായി അദ്ദേഹം റോയല്‍ നേവിയില്‍ മടങ്ങിയെത്തി. അദ്ദേഹത്തിന്റെ പിതാവ് നാല്‍പത് വര്‍ഷത്തോളം വഹിച്ചിരുന്ന ആദ്യത്തെ സീ ലോഡ് പദവിയിലേക്ക് 1954-ല്‍ മൗണ്ട്ബാറ്റണ്‍ നിയോഗിക്കപ്പെട്ടു. 1959-ല്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായ അദ്ദേഹം 1965-ല്‍ നാവികസേനയില്‍ നിന്നും വിരമിച്ചു. അദ്ദേഹത്തിന്റെ കുടുംബ അവധിക്കാല വസതിയായ ക്ലാസിബാണ്‍ കാസ്റ്റിലിന് സമീപം, അയര്‍ലണ്ടിലെ കൗണ്ടി സ്ലിഗോ തീരത്ത് വച്ച ഐആര്‍എ പോരാളികള്‍ മൗണ്ട്ബാറ്റണിന്റെ ബോട്ട് തകര്‍ത്ത 1979 ഓഗസ്റ്റ് 27-ന് അദ്ദേഹം കൊല്ലപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍