UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നേരത്തെയുള്ള ആര്‍ത്തവാരംഭം ഗര്‍ഭകാല പ്രമേഹത്തിനുള്ള സാധ്യത കൂട്ടും

ഗര്‍ഭകാല പ്രമേഹം, ഇന്ന് വര്‍ധിച്ചുവരുന്ന ഗര്‍ഭകാല സങ്കീര്‍ണതകളില്‍ ഒന്നാണ്

സഹന ബിജു

സഹന ബിജു

നേരത്തെ ഋതുമതികള്‍ ആകുന്ന പെണ്‍കുട്ടികളില്‍ അന്‍പത് ശതമാനത്തിലധികം പേര്‍ക്കും ഗര്‍ഭകാല പ്രമേഹം ബാധിക്കാന്‍ സാധ്യത എന്ന് പഠനം. അമ്മമാരിലും അവരുടെ കുഞ്ഞുങ്ങളിലും നീണ്ടു നില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഗര്‍ഭകാല പ്രമേഹം, ഇന്ന് വര്‍ധിച്ചുവരുന്ന ഗര്‍ഭകാല സങ്കീര്‍ണതകളില്‍ ഒന്നാണ്. ഓസ്ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡ് സര്‍വകലാശാല ഗവേഷകര്‍ 4700-ലധികം സ്ത്രീകളുടെ വിവരങ്ങള്‍ അപഗ്രഥിച്ചു നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍ കണ്ടെത്തിയത്.

ഗവേഷണം നടത്തിയ സ്ത്രീകളില്‍ ആദ്യ ആര്‍ത്തവം നേരത്തെ വന്നവരില്‍ പിന്നീട് ഗര്‍ഭകാല പ്രമേഹം ബാധിച്ചതായി കണ്ടു. ആദ്യ ആര്‍ത്തവം പതിനൊന്ന് വയസ്സിലോ അതില്‍ താഴെയോ ആരംഭിച്ചവരില്‍, പതിമൂന്ന് വയസില്‍ ആദ്യ ആര്‍ത്തവം വന്നവരേക്കാള്‍ ഗര്‍ഭകാല പ്രമേഹത്തിനുള്ള സാധ്യത അമ്പതു ശതമാനത്തില്‍ അധികം ആണെന്നും കണ്ടു.

ഗര്‍ഭകാല പ്രമേഹം വരാന്‍ സാധ്യത ഉള്ളവരെ തിരിച്ചറിയാനായി ഒരു സ്ത്രീയോട് എന്നാണ് ആദ്യ ആര്‍ത്തവം ആരംഭിച്ചത് എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചോദിയ്ക്കാന്‍ തുടങ്ങുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡാനിയല്‍ ഷൂനേകര്‍ പറഞ്ഞു. ഗര്‍ഭകാല പ്രമേഹം ഉള്‍പ്പെടെ നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചകമാണ് നേരത്തെയുള്ള ആര്‍ത്തവാരംഭം എന്ന് ഇന്ത്യന്‍ വംശജയും ഓസ്ട്രേലിയന്‍ ലോഞ്ചി ട്യൂഡി നല്‍ സ്റ്റഡി ഓണ്‍ വുമണ്‍സ് ഹെല്‍ത്തിന്റെ ഡയറക്ടറുമായ ഗീത മിശ്ര പറഞ്ഞു.

ഗര്‍ഭ കാലത്ത് പ്രമേഹം ബാധിക്കുന്നവരില്‍ ഭൂരിഭാഗവും അമിതവണ്ണം ഉള്ളവരോ പൊണ്ണത്തടി ഉള്ളവരോ ആണ്. ഇവരില്‍ ആര്‍ത്തവാരംഭം നേരത്തെ ആയിരുന്നവരില്‍ ഗര്‍ഭിണിയാകും മുന്‍പ് ശരീരഭാരം നിയന്ത്രിച്ചാല്‍ ഗര്‍ഭകാല പ്രമേഹം ബാധിക്കാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും എന്നും അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് എപിഡെമിയോളജി യില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ പറയുന്നു.

ആരോഗ്യകരമായ ശരീര ഭാരം പോലെ തന്നെ ഹോര്‍മോണ്‍ വ്യതിയാനവും ഇതിന് കാരണമാണെന്നും കൂടുതല്‍ പഠനങ്ങള്‍ ഇതേപ്പറ്റി ആവശ്യമാണെന്നും ഷൂനേക്കര്‍ പറഞ്ഞു. ബോഡി മാസ് ഇന്‍ഡക്‌സ്, ശൈശവം, പ്രത്യുല്പാദന ജീവിത ശൈലീ ഘടകങ്ങള്‍ ഇവയൊന്നും ഗര്‍ഭകാല പ്രമേഹത്തെ ബാധിക്കുന്നതായി കണ്ടില്ല.

ഇപ്പോള്‍ ലോകവ്യാപകമായി പെണ്‍കുട്ടികളില്‍ ചെറിയ പ്രായത്തില്‍ തന്നെ ആര്‍ത്തവം ആരംഭിക്കുന്നതിനാല്‍ ഈ വിഷയത്തിലെ ഗവേഷണം പൊതുജനാരോഗ്യത്തിന് വളരെ പ്രധാനം ആണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍