UPDATES

സയന്‍സ്/ടെക്നോളജി

ചെറുപ്പകാലത്തെ സംഗീതോപകരണ പരിശീലനം വാര്‍ദ്ധക്യത്തില്‍ കേള്‍വി ശക്തി നിലനിര്‍ത്തുമെന്ന് പഠനം

Avatar

ആമി എല്ലിസ് നട്ട്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ചെറിയ പ്രായത്തില്‍ ഒരു സംഗീതോപകരണം വായിക്കാന്‍ പഠിക്കുന്നത് വയസുകാലത്ത് കേള്‍വി നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് ജേര്‍ണല്‍ ഓഫ് ന്യൂറോസയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം പറയുന്നു. 

ടോറന്റോയിലെ റോട്ട്മാന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനമാണിതിന്റെ ആധാരം. അമ്പത്തഞ്ചിനും എഴുപത്തഞ്ചിനും മദ്ധ്യേ പ്രായമുള്ള പൂര്‍ണ്ണആരോഗ്യവാന്‍മാരായ  ഇരുപത് പേരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇതില്‍ പകുതി ആളുകള്‍ ചെറുപ്പത്തില്‍ സംഗീതം അഭ്യസിച്ചവരാണ്. ഓരോരുത്തരും ഹെഡ്‌ഫോണുകളുടെ സഹായത്തോടെ ഇലക്‌ട്രോ എന്‍സിഫാലോഗ്രാഫിക്ക് (EEG) വിധേയരായി. എത്ര വേഗത്തില്‍ അവര്‍ക്ക് വേഗത്തിലുള്ള ഒച്ചകള്‍ തിരിച്ചറിയാം എന്നാണു പരീക്ഷിച്ചത്. 

പ്രകടമായ കേള്‍വിക്കുറവ് ഇല്ലെങ്കിലും സംസാരം തിരിച്ചറിയാനുള്ള കഴിവ് പ്രായമേറുമ്പോള്‍ കുറയുന്നതായാണ് കണ്ടത്. എന്നാല്‍ ചെറുപ്പത്തില്‍ ഒരു സംഗീതോപകരണം ഉപയോഗിച്ച ആളുകള്‍ക്ക് ഇരുപതുശതമാനം കൂടുതല്‍ ശബ്ദങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞു. സംഗീതവിദ്യാഭ്യാസം പ്രായവുമായി ബന്ധപ്പെട്ട കേള്‍വിരോഗങ്ങളെ പരിഹരിക്കുമെന്നത്തിന്റെ സൂചനയാണിത്. 

‘ആകര്‍ഷകമായ ഒരു കൊഗ്‌നിറ്റീവ് പരിശീലനമാണ് സംഗീതം.’, പ്രധാന ഗവേഷകനായ ഗാവിന്‍ ബീടല്‍മാന്‍ പറയുന്നു. ‘ഞങ്ങളുടെ പഠനത്തില്‍ വൃദ്ധര്‍ എങ്ങനെ ശബ്ദങ്ങളെ തിരിച്ചറിയുന്നു എന്ന് അടയാളപ്പെടുത്താന്‍ സാധിച്ചു… പഴയ സംഗീതജ്ഞരില്‍ തലച്ചോറിന്റെ പ്രതികരണം മറ്റുള്ളവരെ അപേക്ഷിച്ച് മികച്ചതാണ് എന്ന് കാണാന്‍ കഴിഞ്ഞു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, പഴയ സംഗീതജ്ഞരുടെ തലച്ചോര്‍ ശബ്ദങ്ങളുടെ കുറച്ചുകൂടി വിശദമായ, വൃത്തിയുള്ള, കൃത്യമായ രേഖപ്പെടുത്തലാണ് നടത്തിയത്. സംസാരം മനസിലാക്കാനും തിരിച്ചറിയാനും അവര്‍ക്ക് കൂടുതല്‍ കഴിയുന്നതിന്റെ കാരണം ഇതാവാം.’ 

പതിനാലു വയസിനുമുന്‍പ് സംഗീതം അഭ്യസിക്കുകയും പത്തുവര്‍ഷമെങ്കിലും അത് തുടരുകയും ചെയ്താല്‍ തലച്ചോറില്‍ പ്രകടമായ ഗുണങ്ങള്‍ ഉണ്ടാകുമെന്നാണ് ബീടല്‍മാനും സംഘവും വിലയിരുത്തുന്നത്. 

മുതിര്‍ന്ന പ്രായത്തില്‍ സംഗീതം അഭ്യസിക്കുന്നതിനെ ഇവര്‍ പഠനത്തിന് വിഷയമാക്കിയില്ലെങ്കിലും ഏതു പ്രായത്തിലും ഒരു സംഗീതോപകാരണം പഠിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ് എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട് ഈ പഠനം. 

ഈ വര്‍ഷം ആദ്യം വേര്‍മോന്റ്‌റ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത് ഒരു കുട്ടി ഉപകരണത്തില്‍ പരിശീലനം ചെയ്യുന്തോറും കുട്ടിയുടെ ശ്രദ്ധയും ആകാംഷകളെ കൈകാര്യം ചെയ്യാനുള്ള കഴിവും നന്നാകുന്നുവെന്നും കുട്ടിക്ക് വൈകാരികമായ ഒരു സന്തുലനം ഉണ്ടാകുന്നുവെന്നുമാണ്. 2013ല്‍ മോണ്ട്‌റിയലിലെ ഗവേഷകര്‍ കണ്ടെത്തിയത് ആറിനും എട്ടിനും ഇടയിലുള്ള കുട്ടികളാണ് സംഗീതപഠനം തുടങ്ങേണ്ടതെന്നും ആ പ്രായത്തില്‍ പഠിക്കുന്നത് കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന ഗുണഫലങ്ങള്‍ കുട്ടിയുടെ മോട്ടോര്‍ കഴിവുകളിലും ബുദ്ധിയിലും ഉണ്ടാകുമെന്നുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍