UPDATES

നേപ്പാള്‍; അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നത് 80 മണിക്കൂര്‍; റിഷി ഖനാലിന് ഇത് പുനര്‍ജന്‍മം

അഴിമുഖം പ്രതിനിധി

നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ 80 മണിക്കൂര്‍ കുടുങ്ങിക്കിടന്ന 28കാരനെ നേപ്പാളി-ഫ്രഞ്ച് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. റിഷി ഖനാല്‍ കുടുങ്ങിക്കിടന്ന ഫ്‌ളാറ്റിലെ മുറിയില്‍ നിന്നും മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ മരണസംഖ്യ 5000 കടന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തില്‍ പതിനായിരം ജീവനഷ്ടങ്ങളെങ്കിലും സംഭവിക്കാമെന്ന് ആശങ്കപ്പെടുന്നതായി ഇന്നലെ നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയിരാള പറഞ്ഞിരുന്നു.

ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട രണ്ട് മലയാളി ഡോക്ടര്‍മാരായ എഎസ് ഇര്‍ഷാദിന്റെയും ദീപക് തോമസിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. കാഠ്മണ്ഡുവില്‍ നിന്നും ദില്ലിയില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ കോഴിക്കോട്ടോ മംഗലാപുരത്തോ എത്തിക്കാനാണ് ശ്രമമെന്ന് പ്രവാസി കാര്യ മന്ത്രി കെസി ജോസഫ് അറിയിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന ഡോ. അഭിന്‍ സൂരിയെ ഇന്ന് പുലര്‍ച്ചെ ന്യൂഡല്‍ഹിയില്‍ എത്തിച്ചു. അദ്ദേഹത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതിനിടെ യുഎന്‍ സഹായനിധിയുടെ അദ്ധ്യക്ഷന്‍ വാലേറി അമോസ് നേപ്പാളിലേക്ക് വ്യാഴാഴ്ച തിരിക്കും. ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുകയുമാണ് അമോസിന്റെ ദൗത്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍