UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാക് ബീഫ് മസാലയും ഇന്ത്യന്‍ മാധ്യമങ്ങളുടെ ദേശസ്നേഹ പ്രകീര്‍ത്തനങ്ങളും

Avatar

എഡിറ്റോറിയല്‍/ടീം അഴിമുഖം

ദേശാഭിമാനവുമായി ബന്ധപ്പെട്ടതെന്ന് തങ്ങള്‍ വിചാരിക്കുന്ന കാര്യങ്ങളില്‍ അല്ലെങ്കില്‍ ദേശാഭിമാനത്തിന് കോട്ടംതട്ടുമെന്ന് അവര്‍ വിചാരിക്കുന്ന കാര്യങ്ങളില്‍ അതിവൈകാരികമായി ഇടപെടുക എന്നത് ഇന്ത്യന്‍ സാമൂഹിക മാധ്യമങ്ങളുടെയും ഇന്ത്യന്‍ മാധ്യമങ്ങളുടെ തന്നെയും പൊതുസ്വഭാവമാണ്. അസ്ഥാനത്തുള്ള ദേശസ്‌നേഹം മാത്രമായി ഇവയില്‍ മിക്കതും അവസാനിക്കുകയും ചെയ്യും. ദേശാഭിമാനത്തില്‍ പൊതിഞ്ഞ യുദ്ധതല്‍പരതയാണ് ഇവരില്‍ പലരും പ്രദര്‍ശിപ്പിക്കുന്നത്.

ഈ  വര്‍ഷത്തെ റിപബ്ലിക് ദിനത്തില്‍ യുഎസ് പ്രസിഡന്റ് ബാരക് ഒബാമ മുഖ്യാതിഥിയായി എത്തിയപ്പോള്‍ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പകര്‍ച്ചവ്യാധിയായി. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി മനോഹര്‍ പരേഖറും ഒക്കെ ദേശീയ പതാകയെ സല്യൂട്ട് അടിച്ച് നില്‍ക്കുകയും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അറ്റന്‍ഷനായി നില്‍ക്കുകയും ചെയ്യുന്ന ചിത്രമായിരുന്നു അത്. ഭ്രാന്തരായ  ട്വിറ്റര്‍ എഴുത്തുകാര്‍ ഈ ചിത്രം കണ്ട് രോഷാകുലരാവുകയും അന്‍സാരിയെ വഞ്ചകന്‍, ജിഹാദി അനുയായി തുടങ്ങിയ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് അവഹേളിക്കുകയും ചെയ്തു. എന്നാല്‍ മുന്‍നയതന്ത്ര ഉദ്യോഗസ്ഥനായ അന്‍സാരി ചെയ്തതായിരുന്നു ശരി. ഇന്ത്യയുടെ ദേശീയപതാക നിയമാവലിയുടെ ആറാം വകുപ്പില്‍ പറയുന്നത് എന്താണെന്ന് ശ്രദ്ധിക്കാം. ‘ദേശീയ പതാക ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുന്ന ചടങ്ങിലോ അല്ലെങ്കില്‍  ഒരു പരേഡില്‍ പങ്കെടുക്കുമ്പോഴോ സന്നിഹിതരായിരിക്കുന്ന എല്ലാവരും പതാകയ്ക്ക് അഭിമുഖമായി നിശ്ചലരായി നില്‍ക്കണം. യൂണിഫോമിലുള്ളവര്‍ മാത്രം അനുയോജ്യമായ രീതിയില്‍ പതാകയ്ക്ക് സല്യൂട്ട് നല്‍കണം.’

അതായത് ആ ചടങ്ങില്‍ പങ്കെടുക്കുന്നവരില്‍ രാഷ്ട്രപതിയല്ലാതെ ആരും സല്യൂട്ട് നല്‍കേണ്ടതില്ലെന്ന് സാരം. എന്നാല്‍ ഉപരാഷ്ട്രപതിക്കെതിരെ വാളെടുത്ത ആരും തന്നെ ഗൂഗിള്‍ സെര്‍ച്ചില്‍ വളരെ എളുപ്പം ലഭ്യമാകുന്ന ദേശീയപതാക നിയമാവലി വായിക്കാന്‍ മിനക്കെട്ടില്ല. യാഥാര്‍ത്ഥ്യങ്ങള്‍ അന്തമായ ദേശാഭിമാനത്തിന്റെ വഴിയില്‍ വരരുതെന്ന് അവരില്‍ പലരും വിചാരിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട ഉദാഹരണമല്ല. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.

നേപ്പാളിലെ ഭൂകമ്പവാര്‍ത്തകള്‍ ഇന്ത്യന്‍  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി ഇക്കാര്യത്തില്‍ നല്ല ഉദാഹരണമാണ്. അനവസരത്തിലുള്ള യുദ്ധതല്‍പരയുടെ ലക്ഷണങ്ങള്‍ ധാരാളം കാണാന്‍ സാധിക്കും. ‘പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുള്ള ഹിന്ദുരാഷ്ട്രമായ നേപ്പാളില്‍’ പാകിസ്ഥാന്‍  ബീഫ് മസാല വിതരണം ചെയ്യുന്നതിനെ കുറിച്ച് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ഡല്‍ഹി സ്വദേശിയായ ഒരു ഡോക്ടറെ ഉദ്ധരിച്ചുകൊണ്ട് ഒരു പത്രം കവര്‍ സ്റ്റോറി അടിച്ചിരിക്കുന്നു. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം ആലോചനപൂര്‍ണമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്താവുന്ന നയതന്ത്ര പ്രശ്‌നങ്ങളെ കുറിച്ചും പത്രം വാചാലമാകുന്നു. തങ്ങളുടെ മരണം മുന്നില്‍ കാണുകയും തങ്ങള്‍ക്ക് ലഭിക്കുന്ന ഒരു കഷണം ഭക്ഷണത്തെ കുറിച്ചുപോലും ജനങ്ങള്‍ ആകുലരാകുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ബീഫ് മസാലയെ കുറിച്ചുള്ള ഈ വ്യാഖ്യാനം സെന്‍സേഷണലിസത്തിന്റെ സര്‍വസീമകളെയും ലംഘിക്കുന്നതാണെന്ന് പറയാതെ തരമില്ല.

എന്നാല്‍ ഇന്ത്യ സര്‍ക്കാരിന്റെ നേപ്പാളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ഇതേ സെന്‍സേഷണലിസം പ്രകീര്‍ത്തനംവതങ്ങള്‍ കീഴടക്കുന്ന അവസ്ഥയിലേക്ക് വഴിമാറുന്നു. ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്രുതഗതിയില്‍ പ്രതികരിച്ചു എന്ന കാര്യത്തില്‍ സംശയത്തിന് അവകാശമില്ല. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത കാര്യമാണ് നേപ്പാളില്‍ ഇന്ത്യയിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ കുറഞ്ഞപക്ഷം അജ്ഞതയുടെയും യുദ്ധതല്‍പരതയുടെയും പ്രതിഫലനമാണ്. ഇന്ത്യ ഇത്തരം സഹായങ്ങള്‍ മുമ്പും വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 2004ല്‍ ഈ പ്രദേശത്ത് മുഴുവന്‍ ആഞ്ഞടിച്ച സുനാമിയുടെ കാലത്തും ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു. മറ്റുള്ളവരോടൊപ്പം ഒരു സുഹൃത്തോ അയല്‍ക്കാരനോ ചെയ്യുന്ന കാര്യങ്ങള്‍, നമ്മള്‍ ദുരന്തത്തെ അതിജീവിച്ചതിന്റെ പേരില്‍ മാത്രം ഇങ്ങനെ കൊട്ടിഘോഷിക്കേണ്ട കാര്യവുമില്ല. അതില്‍ ഒരു യുക്തിയില്ലായ്മ പതിയിരിക്കുന്നുണ്ട്. പക്ഷെ ഇന്ത്യന്‍ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം യുദ്ധതല്‍പരതയാണ് പുതിയ ദേശീയതയും ദേശസ്‌നേഹവും എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുന്നത് പരിതാപകരം തന്നെയാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍