UPDATES

വിദേശം

നേപ്പാള്‍ ഇനിയൊരു കാല്പനിക സ്വപ്നമല്ല; ശാക്തികചേരികളുടെ കളിസ്ഥലം

Avatar

ടീം അഴിമുഖം

ഈ അപരിമേയമായ പ്രകൃതി സൗന്ദര്യവും അവസാനിക്കാത്ത ശാപങ്ങളും ലോകത്തിലെ എത്ര രാജ്യങ്ങള്‍ക്ക് അവകാശപ്പെടാനാവും? അവര്‍ണനീയ സൗന്ദര്യമാര്‍ന്ന ഇത്രയധികം കൊടുമുടികള്‍ ഏതൊരു സാഹസികനേയും മത്തുപിടിപ്പിക്കുകയും അതേ സമയം സമാധാനപരമായ നിലനില്‍പ്പിനെ കുറിച്ചുള്ള എല്ലാ കാല്‍പനിക സ്വപ്‌നങ്ങളെയും തകര്‍ത്തുകളയുകയും ചെയ്യുന്ന തരത്തിലുള്ള ഭൂപ്രകൃതി ലോകത്തിലെ ഏത് രാജ്യത്തിന് അവകാശപ്പെടാനാവും?

അനുഗ്രഹങ്ങളുടെയും ശാപങ്ങളുടെയും കാര്യത്തില്‍ നേപ്പാള്‍ അനന്യമാണ്. ഈ ഹിമാലയന്‍ രാജ്യത്തെ ഗ്രസിച്ച ഭീതിയുടെ അളവിന്റെ കുടുതല്‍ ചിത്രങ്ങള്‍ പുറത്ത് വരുമ്പോള്‍, തെക്കന്‍ ഏഷ്യയുടെ ജീവിക്കുന്ന ഓര്‍മ്മകളിലെ ഏറ്റവും കടുത്ത പ്രകൃതി ദുരന്തങ്ങളില്‍ ഒന്നായിരുന്നു കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ ഭൂകമ്പമെന്ന് വ്യക്തമാകുന്നു. വിദൂര പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ നിന്നും കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍, തകര്‍ന്ന അവശിഷ്ടങ്ങളില്‍ നിന്നും കൂടുതല്‍ ശവശരീരങ്ങള്‍ പുറത്തെടുക്കപ്പെടുമ്പോള്‍, ദുരിതാശ്വാസ പ്രവര്‍ത്തകര്‍ കൂടുതല്‍ സ്ഥലങ്ങളില്‍ എത്തപ്പെടുമ്പോള്‍ ഒക്കെ മരണ സംഖ്യ ഭീതിതമാം വിധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ നിരവധി ദശാബ്ദങ്ങളായുള്ള ഈ മനോഹര രാജ്യത്തിന്റെ പീഢിത നിലനില്‍പ്പിനിടയിലെ ഏറ്റവും ഒടുവിലത്തെ ദുരന്ത വാര്‍ത്തയാണ് ശനിയാഴ്ച ഉണ്ടായ ഭൂകമ്പം. ഇത്ര മനോഹരമായ ഒരു ഭൂപ്രകൃതി നേരിടുന്ന എത്ര കൊടിയ പീഢനമാണത്! വന്യപ്രകൃതി സൗന്ദര്യം നെഞ്ചിലേറ്റുന്ന പ്രദേശങ്ങളൊക്കെ ദൈനംദിന പീഢകള്‍ കൊണ്ട് ശപിക്കപ്പെട്ടിരിക്കുന്നു എന്ന് ചിലരെങ്കിലും പറയുന്നതില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ട് എന്ന് തോന്നിപ്പോകുന്നു. കാശ്മീരിനെയും നേപ്പാളിനെയും കുറിച്ച് ആലോചിക്കുക. എന്നാല്‍ യൂറോപ്പിലേക്ക് നോക്കുകയും സ്വിറ്റ്‌സര്‍ലന്റിനെ കുറിച്ച് ആലോചിക്കുകയും ചെയ്യുമ്പോള്‍ ഇപ്പറഞ്ഞതിന് ഒരു യുക്തിയുമില്ലെന്ന തോന്നല്‍ ഉടലെടുക്കുകയും ചെയ്യും.

പക്ഷെ ഒന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഈ ദുരന്തത്തില്‍ നിന്നും മറ്റൊരു നല്ല നാളേക്കായി നേപ്പാളിന് അത്ര പെട്ടെന്നൊന്നും ഉണര്‍ന്നെണീക്കാന്‍ സാധിക്കില്ല എന്ന യാഥാര്‍ത്ഥ്യമാണത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭൗമതന്ത്ര മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ കുഞ്ഞുരാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു അര്‍ദ്ധവിരാമം മാത്രമാണ് ഇപ്പോഴത്തെ ദുരന്തം. യുഎസിന് പിന്നിലെ രണ്ടാമത്തെ ലോക മഹാശക്തിയായി ചൈന ഉയര്‍ന്ന് വരുന്നത് ഇന്ത്യയും മറ്റ് ലോക ശക്തികളും ആശങ്കയോടെ നോക്കിക്കാണുന്ന സാഹചര്യത്തില്‍, 21-ാം നൂറ്റാണ്ടിലെ വന്‍കളികളുടെ മടിത്തട്ടായി നേപ്പാള്‍ മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യ ഉള്‍പ്പെടെയുള്ള വന്‍ശക്തികളാണ് അതിനെ ചവിട്ടി മെതിയ്ക്കാന്‍ തയ്യാറെടുക്കുന്നത്.

ഗള്‍ഫ്, യൂറോപ്പ്, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ കുടിയേറിയവര്‍ ഏറെക്കുറെ കാര്‍ഷിക വ്യവസ്ഥിതി നിലനില്‍ക്കുന്ന സ്വന്തം നാട്ടിലേക്ക് അയക്കുന്ന പണത്തെ ആശ്രയിക്കുന്ന ഒരു മണിയോര്‍ഡര്‍ സമ്പദ് വ്യവസ്ഥയായി നേപ്പാള്‍ മാറിയിട്ട് കുറച്ച് വര്‍ഷങ്ങളായി. ഇവര്‍ അയയ്ക്കുന്ന തുക നേപ്പാളിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 25 മുതല്‍ 30 ശതമാനം വരെ വരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കേരളീയരെയോ ഫിലിപ്പീനികളെയോ മെക്‌സിക്കോക്കാരെയോ പോലെയുള്ള സാധാരണ കുടിയേറ്റക്കാരല്ല നേപ്പാളികള്‍. തങ്ങളുടെ സൈന്യങ്ങളില്‍ യുദ്ധം ചെയ്യുന്നതിനായി ഇന്ത്യയും യുകെയും വാടകയ്‌ക്കെടുത്ത കൂലിപ്പടയാളികളാണ് അവരില്‍ അധികവും. അവരുടെ യുദ്ധവൈദഗ്ധ്യം ഐതിഹാസികമാണെന്ന് മാത്രമല്ല, ഗൂര്‍ഖ പട്ടാളക്കാരുടെ ശൗര്യം പ്രകടമാവാത്ത ഒരു പ്രധാനപ്പെട്ട യുദ്ധഭൂമിയും ലോകത്തില്‍ ഉണ്ടാവുകയുമില്ല. ഇന്ന്, ഇന്ത്യന്‍ കരസേനയില്‍ ഏകദേശം 25,000 നേപ്പാളികളാണുള്ളത്.

അന്താരാഷ്ട്ര എന്‍ജിഒകള്‍ ഉള്‍പ്പെടെയുള്ള ആഗോള ദാതാക്കളില്‍ നിന്നും ഇന്ത്യ, യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങള്‍ വഴിയും നേപ്പാളിലേക്ക് വിദേശ ഫണ്ടുകളുടെ ശക്തമായ ഒഴുക്കുമുണ്ട്.

ഇതൊക്കെയുണ്ടെങ്കിലും, സായുധ മാവോയിസ്റ്റ് കലാപം ആരംഭിച്ച 1996 മുതലെങ്കിലും നേപ്പാളിനെ ദുരിതങ്ങള്‍ പൊതിഞ്ഞിരിക്കുകയാണ്. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാവോയിസ്റ്റ്) നടത്തിയ സായുധ കലാപം 12,000 പേരുടെ ജീവനാണ് അപഹരിച്ചത്. കലാപം ഏകദേശം അവസാനിച്ചു വന്ന നാളുകളില്‍ ഒന്നില്‍, അതായത് 2001 ജൂണ്‍ ഒന്നിന് കീരീടാവകാശിയായ ദീപേന്ദ്ര രാജകുമാരന്‍ സ്വന്തം കുടുംബത്തില്‍ ഒരു കൂട്ടക്കൊല നടത്തി. ബീരേന്ദ്ര രാജാവിനെയും ഐശ്വര്യ റാണിയെയും ഉള്‍പ്പെടെ ഏഴ് കുടുംബാംഗങ്ങളെയാണ് ദീപേന്ദ്ര രാജകുമാരന്‍ വധിച്ചത്. ആ രാത്രിയില്‍ ദീപേന്ദ്ര ഫേമസ് ഗ്രൗസ് സ്‌കോച്ച് വിസ്‌കി കഴിച്ചിരുന്നതായി പലരും പറയുന്നു. കാരണമെന്ത് തന്നെയായാലും ദയാലുവായിരുന്ന ബീരേന്ദ്ര രാജാവിന്റെ മരണം കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് കാരണമാവുകയും നേപ്പാളില്‍ രാജാവാഴ്ചയുടെ അന്ത്യം ത്വരിതപ്പെടുത്തുകയും ചെയ്തു.

2006ല്‍ തന്റെ പരമാധികാരങ്ങള്‍ ഉപേക്ഷിക്കാന്‍ ഗ്യാനേന്ദ്ര രാജാവ് നിര്‍ബന്ധിതനായി. ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രം എന്ന പദവി ഉപേക്ഷിച്ചുകൊണ്ട് നേപ്പാള്‍ ഒരു മതനിരപേക്ഷ രാജ്യമായി മാറി.

ഇത്തരം പുരോഗമനപരമായ സംഭവങ്ങള്‍ക്കിടയിലും നേപ്പാള്‍ വര്‍ഷങ്ങളായി രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പിടിയിലാണ്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തെ ലക്ഷ്യം വയ്ക്കുന്ന പക്വതയുള്ള ഒരു രാഷ്ട്രീയത്തിലേക്ക് എത്താന്‍ അതിന് ഇനിയും കഴിഞ്ഞിട്ടില്ല. താഴ്ന്ന സാമ്പത്തിക വരുമാനമുള്ള ഒരു വികസ്വര രാഷ്ട്രമായി അത് തുടരുന്നു. 2014 ലെ മാനവ വികസന സൂചിക (എച്ച്ഡിഐ) സൂചിക പ്രകാരം 187 രാജ്യങ്ങള്‍ക്കിടയില്‍ നേപ്പാളിന് 145-ാം സ്ഥാനമാണ് ഉള്ളത്. കൊടിയ പട്ടിണിയും ദാരിദ്ര്യവും നേപ്പാളിനെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു.

ഇത്തരം അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഓരോ വര്‍ഷവും ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ നേപ്പാളിലേക്ക് ഒഴുകുന്നു. ആര്‍ക്കാണ് ഈ രാജ്യത്തിന്റെ പ്രകൃതി സൗന്ദര്യം നല്‍കുന്ന പ്രലോഭനങ്ങളെ അതിജീവിക്കാന്‍ സാധിക്കുക? എവറസ്റ്റ് ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള പത്ത് കൊടുമുടികളില്‍ എട്ടും സ്ഥിതി ചെയ്യുന്നത് നേപ്പാളിന്റെ വടക്കന്‍ പര്‍വത നിരകളിലാണ്. സമുദ്രനിരപ്പില്‍ നിന്നും 20,000 അടിയിലേറെ (6,096 മീറ്റര്‍) ഉയരമുള്ള 240 കൊടുമുടികള്‍ നേപ്പാളിലുണ്ട്. കാഠ്മണ്ഡു താഴ്വര ഒരു സ്വര്‍ഗ്ഗീയ അനുഭൂതിയാണ്. കാഠ്മണ്ഡു നഗരത്തിലെ താമല്‍ പോലുള്ള സ്ഥലങ്ങള്‍ അത്ര കണ്ട് കാല്‍പനികമായതിനാല്‍ അവിടുത്തെ പുസ്തകശാലകളില്‍ നിന്നും റസ്റ്റോറന്റുകളില്‍ നിന്നും പാതിരാത്രിയില്‍ പോലും മടങ്ങാന്‍ വിസമ്മതിക്കുന്ന വിനോദ സഞ്ചാരികളെ നിര്‍ബന്ധിച്ച് ഇറക്കി വിടേണ്ടി വരുന്നു.

ദീര്‍ഘകാലത്തില്‍ ആലോചിക്കുമ്പോള്‍ ഈ ഭൂകമ്പം നേപ്പാളിന്റെ ഏറ്റവും വലിയ ശാപമല്ല എന്ന് കാണാം. അതിന്റെ അവശിഷ്ടങ്ങളില്‍ നിന്നും അവിടുത്തെ ജനങ്ങള്‍ അസാധാരണമായ നിശ്ചയദാര്‍ഢ്യത്തോടെ ഉയര്‍ത്തെഴുന്നേറ്റു എന്ന് വരാം. എന്നാല്‍, തന്ത്രപ്രധാനമായി സ്ഥിതി ചെയ്യുന്ന നേപ്പാളിനെ സ്വാധീനിക്കാന്‍ ആഗോള ശക്തികള്‍ നടത്തുന്ന നീഗൂഢ നീക്കങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ക്കെങ്ങിനെയാണ് സാധിക്കുക?

ചൈന ഒരിക്കലും നേപ്പാളിനെ ഉപേക്ഷിക്കില്ല എന്ന് മാത്രമല്ല, അവര്‍ തങ്ങളുടെ പണവും സ്വാധീനവും അവിടേക്ക് ഒഴുക്കുകയും ചെയ്യും. യുഎസും യൂറോപ്പും പക്ഷെ സഖ്യ കക്ഷിയായ ഇന്ത്യയും അത് തന്നെ ചെയ്യും. പുതിയ ആഗോള അധികാര കളികളിലെ ഒരു ചവിട്ടുമെത്ത മാത്രമായി നേപ്പാള്‍ ഭാവിയില്‍ അധഃപതിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

19-ാം നൂറ്റാണ്ടിന്റെ ‘വന്‍കളിയില്‍ഠ റഷ്യന്‍ സാമ്രാജ്യവും ബ്രിട്ടീഷ് സാമ്രാജ്യവും കൊമ്പുകോര്‍ത്തപ്പോള്‍ ഇപ്പോള്‍ നേപ്പാളിന്റെ സ്ഥാനം വഹിച്ചത് അന്ന് അഫ്ഗാനിസ്ഥാനായിരുന്നു. ആ ദിനങ്ങളുടെ ശാപം ഇപ്പോഴും അഫ്ഗാനിസ്ഥാനെ വേട്ടയാടുന്നു. ഏറെക്കാലത്തിന് ശേഷം, പോളണ്ട് സമാനമായ ഒരു ഭാരം ദീര്‍ഘകാലം പേറിയിരുന്നു.

ആഗോള അധികാര പോരാട്ടം ഏഷ്യയിലേക്ക് പറിച്ചുനടപ്പെടുമ്പോള്‍ നേപ്പാളിന് അധികം രക്തം ചൊരിയേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുക മാത്രമാണ് നമുക്കിപ്പോള്‍ കരണീയമായിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍