UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാന റാങ്കിംഗ്; സ്ഥിതിവിവര കണക്കുകള്‍ക്കൊണ്ട് ചില രാഷ്ട്രീയ കളികള്‍

എഡിറ്റോറിയല്‍/ടീം അഴിമുഖം

നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയിലെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിംഗ് പ്രഖ്യാപിച്ചതിനു തൊട്ടു പിറകെ ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റേതായി മുന്‍നിര ദേശീയ മാധ്യമങ്ങളിലെല്ലാം ഒരു മുഴുവന്‍ പേജ് പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനം നേടിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ക്ഷണിച്ചു കൊണ്ടായിരുന്നു ആ പരസ്യം. കെട്ടുപാടുകളോ നൂലാമാലകളോ ഇല്ലാത്ത തൊഴില്‍ അന്തരീക്ഷമാണ് (നിയമ നിയന്ത്രങ്ങളില്ലാത്ത ഏറ്റവും കുറഞ്ഞ കൂലി എന്നു മനസ്സിലാക്കുക) സംസ്ഥാനത്തുള്ളതെന്നും പരസ്യം അവകാശപ്പെടുന്നു.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കിടയിലെ ഏകോപിത പ്രവര്‍ത്തനത്തിന്റേയും സമഗ്രമായ ശ്രമങ്ങളുടേയും ഫലമാണ് ഈ നേട്ടമെന്ന് ആവേശഭരിതനായ മുഖ്യമന്ത്രി രഘുബിര്‍ ദാസ് പറയുന്നു. വൈകാതെ, റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ആന്ധ്ര പ്രദേശിനെ അടുത്ത തവണ ഒന്നാം സ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യമെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവും രംഗത്തെത്തി.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനമുന്നയിക്കാനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഈ അവസരം ഉപയോഗപ്പെടുത്തിയത്. വികസന ചര്‍ച്ചകളുടെ സമയം അവസാനിച്ചുവെന്നും വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്ത് ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ ബിഹാര്‍ 21-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു പോയത് തെളിയിക്കുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനു വേണ്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ നിതീഷും ആര്‍ജെഡി നേതാവ് ലാലു പ്രസാദും റാം മനോഹര്‍ ലോഹ്യയുടെ പാരമ്പര്യത്തെ തകര്‍ത്തുവെന്നും 25 വര്‍ഷം സംസ്ഥാനം ഭരിച്ച ഇവര്‍ വികസന കാര്യത്തില്‍ പരാജയമാണെന്നും ജെയ്റ്റ്‌ലി ആരോപിച്ചു. ‘നിതീഷ് പറയുന്നത് വികസനം നമുക്കു ചര്‍ച്ച ചെയ്യാമെന്നാണ്. ചര്‍ച്ച അവസാനിച്ചിരിക്കുന്നു. ഗുജറാത്ത് ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ ബിഹാര്‍ 21-ാം സ്ഥാനത്താണ്. സമ്പദ് വ്യവസ്ഥ സംസാരിക്കുന്നത് സ്ഥിതിവിവര കണക്കുകളിലൂടേയാണ് ചര്‍ച്ചകളിലൂടെയല്ല,’ ജെയ്റ്റ്‌ലി പറഞ്ഞു.

ഇനി ഈ റാങ്കിംഗ് എങ്ങനെയാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്നു പരിശോധിക്കാം. വാണിജ്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ നയ, പ്രചാരണ വകുപ്പാണ് വിവിധ മാനദണ്ഡങ്ങളിലൂടെ സംസ്ഥാനങ്ങളെ മൂല്യനിര്‍ണ്ണയം നടത്തി വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടിക തയാറാക്കിയത്. ഒരു വ്യവസായം സ്ഥാപിക്കുക, ഭൂമി ലഭ്യതയും നിര്‍മ്മാണ അനുമതിയും, പാരിസ്ഥിതികാനുമതി നടപടിക്രമങ്ങള്‍, തൊഴില്‍ നിയന്ത്രണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, നികുതി നടപടിക്രമങ്ങളിലെ വഴക്കം, പരിശോധനകള്‍, കരാര്‍ നടത്തിപ്പ് തുടങ്ങി എട്ടു മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും സംസ്ഥാനങ്ങള്‍ക്ക് റാങ്ക് നല്‍കിയിരിക്കുന്നത്. ലോക ബാങ്കിന്റെ ജോലി ഈ റാങ്കിംഗ് പുനപ്പരിശോധന നടത്തുക എന്നതു മാത്രമാണ്. സംസ്ഥാനങ്ങളുടെ ഈ റാങ്കിംഗ് മൊത്തത്തില്‍ ഇന്ത്യയുടെ റാങ്കിംഗ് മെച്ചപ്പെടുത്താന്‍ സഹായകമാകുമെന്നാണ് ലോക ബാങ്കിന്റെ അഭിപ്രായം.

നേരത്തെ യുപിഎ സര്‍ക്കാര്‍ നടത്തിയ സമാനമായ റാങ്കിംഗ് വിവാദമാകുകയും അത് വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മയ്ക്ക് നാണക്കേടാകുകയും ചെയ്തിരുന്നു. അന്ന് നരേന്ദ്ര മോദി ഭരിച്ചിരുന്ന ഗുജറാത്ത് മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം നേടിയതിനെ ചൊല്ലിയായിരുന്നു അത്. എന്നാല്‍ ഇത്തവണ ശര്‍മ്മയുടെ പിന്‍ഗാമി നിര്‍മ്മല സീതാരാമന്‍ പിഴവുകളൊന്നും വരുത്താതെ ശ്രദ്ധിച്ചിരിക്കുന്നു. ആദ്യ 15 റാങ്കുകളില്‍ ഒമ്പത് സംസ്ഥാനങ്ങളും എന്‍ ഡി എ ഭരിക്കുന്നവയാണ്.

ഈ റാങ്കിംഗ് പുറത്തു വിട്ടതിനു തൊട്ടുപിറകെ വന്ന പ്രസ്താവനകള്‍, ജെയ്റ്റ്‌ലിയുടേത് ഉള്‍പ്പെടെ, കാണിക്കുന്നത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഈ സര്‍വേ ഫലങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ബിജെപി എത്രത്തോളം ശ്രദ്ധാലുക്കളാണ് എന്നതാണ്. പ്രഥമമായി ഈ സര്‍വേ നടത്തിയത് ബിജെപി സര്‍ക്കാരാണ്. എന്നിട്ട് ഈ ഫലം തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെന്ന ലളിതമായ കാരണത്താല്‍ മാത്രം മറ്റു സംസ്ഥാനങ്ങള്‍ക്കെതിരെ അവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

ഇതു കാണിക്കുന്നത് ബിജെപി ക്യാമ്പിലെ ആശയരൂപീകരണത്തിന്റെ അഭാവമാണ്. സ്വന്തമായി ഒരു റാങ്കിംഗ് ഉണ്ടാക്കുകയും എന്നിട്ട് ഉയര്‍ന്ന റാങ്കുകളില്‍ സ്വന്തം സംസ്ഥാനങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതിലുപരിയായി ബിജെപി സര്‍ക്കാര്‍ ചെയ്യേണ്ടത് തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നൂതന സംവിധാനങ്ങള്‍ കൊണ്ടുവരികയാണ്. ലോക ബാങ്കിന്റെ 189 വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ വളരെ താഴെ 142-ാം സ്ഥാനത്താണ് ഇന്ത്യയുള്ളതെന്ന വസ്തുതയും മോദിയെ ആശങ്കപ്പെടുത്തേണ്ടതുണ്ട്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍